SignIn
Kerala Kaumudi Online
Friday, 30 October 2026 12.41 PM IST

ചേരാനല്ലൂർ അപകടം; ജഡ്ജി  വിളിച്ചിട്ടില്ല, കേസും  സ്ഥലംമാറ്റവുമായി  ബന്ധമില്ലെന്ന് കാളിരാജ് മഹേഷ്  കുമാർ

kaliraj-mahesh-kumar
കാളിരാജ് മഹേഷ് കുമാർ

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയ കാളിരാജ് മഹേഷ് കുമാർ. മറ്റൊരു വേദി കിട്ടാത്തത് കൊണ്ടാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥലം മാറ്റത്തിൽ സങ്കടമില്ലെന്നും സർക്കാർ ജീവനക്കാരനായത് കൊണ്ട് എല്ലാം അനുസരിക്കേണ്ടിവരുമെന്നും കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.

'ജഡ്ജി തന്നെ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. പ്രതികളുമായി ബന്ധമുള്ള ആരും വിളിച്ച് സംസാരിച്ചിട്ടില്ല. ഇനി ഒരു അവസരം ലഭിക്കാത്തതുകൊണ്ടാണ് തുറന്നുപറഞ്ഞത്. കേസ് തുടക്കം മുതൽ മുന്നോട്ട് പോയത് നല്ല രീതിയിലാണ്. കേസും സ്ഥലംമാറ്റവുമായി ബന്ധമില്ല. സ്ഥലം മാറ്റം ജോലിയുടെ ഭാഗം മാത്രമാണ്. പോകുന്നതിൽ സങ്കടമില്ല'- കാളിരാജ് മഹേഷ് കുമാർ പറഞ്ഞു.

ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് പൊലീസ് തലത്തിൽ ഗുരുതര വീഴ്‌ചകളുണ്ടായതായി എഡിജിപി പി വിജയൻ നേരിട്ടെത്തി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചേരാനല്ലൂർ സ്റ്റേഷനിലെ എസ്‌ഐയും സിഐയും ഉൾപ്പെടെയുള്ള നാല് ഉദ്യോഗസ്ഥർക്കെതിരെ നേരത്തേ നടപടി സ്വീകരിച്ചിരുന്നെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാത്തതിൽ പൊലീസുകാർക്കിടയിൽ എതിർപ്പും അസ്വാരസ്യങ്ങളും നിലനിന്നിരുന്നു. ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചകൾ ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടും പ്രതിസന്ധിയും സൃഷ്‌ടിച്ചിരുന്നു. തുടർന്നാണ് സിറ്റി പൊലീസ് കമ്മീഷണറെ ഉൾപ്പെടെ മാറ്റിക്കൊണ്ട് അഴിച്ചുപണി നടത്താൻ തീരുമാനിച്ചത്.


കഴിഞ്ഞ ഞായറാഴ്‌ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ജഡ്‌ജിയുടെ മകനായ 17 വയസുകാരൻ ഓടിച്ച ബെൻസ് കാറിടിച്ചാണ് സ്‌കൂട്ടർ യാത്രികനായ ജയബാലകൃഷ്‌ണൻ മരിച്ചത്. സംഭവത്തിൽ പ്രതിക്കെതിരെ നടപടിയെടുക്കാൻ വൈകിയതിൽ ജയബാലകൃഷ്‌ണന്റെ കുടുംബം വലിയ പ്രതിഷേധം നടത്തിയിരുന്നു. തുടർന്നാണ് വാഹനത്തിന്റെ ആർ സി ഉടമ കൂടിയായ അഡീഷണൽ സെഷൻസ് ജഡ്‌ജിക്കെതിരെ കേസെടുത്തത്.

English Summary

Former Kochi City Police Commissioner Kaliraj Mahesh Kumar has stated that the Additional District Judge, whose 17-year-old son was involved in the Cheranalloor fatal accident, never contacted him. He clarified that his transfer from the post of Kochi City Police Commissioner had no connection with the accident case.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERANALLOOR ACCIDENT CASE, KALIRAJ MAHESH KUMAR, KOCHI POLICE COMMISSIONER TRANSFER, KERALA JUDGE SON CAR ACCIDENT, CHERANALLOOR 17 YEAR OLD DRIVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA