SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.39 AM IST

അനധികൃത പാറമടകൾ: കോടതി വിധിച്ചിട്ടും അനങ്ങാതെ സർക്കാർ

para

കോട്ടയം: മുപ്പതു വർഷത്തിനുള്ളിൽ ചെറുതും വലുതുമായ നാനൂറോളം ഉരുൾപൊട്ടലുകൾക്ക് സാക്ഷ്യം വഹിച്ച കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ അനധികൃത പാറമടകൾ പെരുകുന്നു.

ഉന്നത സ്വാധീനമുള്ളതിനാൽ നിയന്ത്രണം കൊണ്ടുവരാൻ ആർക്കും കഴിയുന്നില്ല. സർക്കാർ കൊണ്ടു വന്ന നിയമ ഭേദഗതിയും പാറമട ലോബിക്ക് അനുകൂലമാണ്. പാറമടയ്ക്ക് ലൈസൻസ് കൊടുക്കാനോ തടയാനോ ഉള്ള അധികാരം പഞ്ചായത്തിൽ നിന്ന് എടുത്തു കളയുകയും ചെയ്തു.

ഈരാറ്റുപേട്ട മുതൽ വാഗമൺ വരെയും മീനച്ചിൽ താലൂക്കിലും പൂഞ്ഞാർ കൂട്ടിക്കൽ , പൂഞ്ഞാർ തെക്കേക്കര , തിടനാട് പഞ്ചായത്തുകളിലുമായി ചെറുതും വലുതുമായ നൂറോളം പാറമടകളാണുള്ളത്. ഭൂരിപക്ഷവും അനധികൃതം. ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോർട്ടുകളിൽ അതീവ പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയ സ്ഥലങ്ങളിൽ അഞ്ച് പാറമടകളുണ്ട്. നാലു പാറമടകൾ പുതിയ ലൈസൻസും നേടി .

ഉന്നത സ്വാധീനമുള്ള പാറമട ഉടമകൾ നാട്ടുകാരുടെ എതിർപ്പ് വക വയ്ക്കാറില്ല. എതിർപ്പ് ശക്തമായാൽ സമീപവാസികളുടെ ഭൂമി കൂടിയ വില നൽകി വാങ്ങും അതല്ലെങ്കിൽ പാറമടയിൽ ജോലി നൽകി പ്രതിഷേധക്കാരെ അനുയായികളാക്കും . കോടതിയും വിവിധ സർക്കാർ ഓഫീസുകളും പൊലീസ് സ്റ്റേഷനും കയറിയിറങ്ങി മടുത്തിട്ടും ഒരു വിഭാഗം ചെറുത്തു നിൽപ്പ് തുടരുകയാണെങ്കിലും വലിയ സ്വാധീന ശക്തിയോടെ അതുക്കും മേലേ പടർന്നു നിൽക്കുന്ന പാറമട ലോബിയെ തൊടാൻ കഴിയുന്നില്ല.

പാറമടലോബിക്കെതിരെ ജനങ്ങളെ ബോധവത്ക്കരിക്കാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മജു പുത്തൻകണ്ടം പാലായിൽ മത്സരിച്ചിരുന്നു. സമൂഹ മാദ്ധ്യമങ്ങളുടെ പിന്തുണയോടെ ശക്തമായ പ്രചാരണം നടന്നതോടെ മുന്നണി സ്ഥാനാർത്ഥികൾ തങ്ങൾ ജയിച്ചാൽ പാറമടകൾ പൂട്ടിക്കുമെന്ന തരത്തിൽ പ്രചാരണം മാറ്റി . ഇതോടെ 1000 വോട്ടിൽ കൂടുതൽ നേടാനാവാതെ മജു പരാജയപ്പെട്ടു.

പാറമട ആരംഭിക്കണമെങ്കിൽ

 പരിസ്ഥിതി പ്രത്യാഘാത അനുമതി

 മൈനിംഗ്,‌ ജിയോളജി വകുപ്പ് അനുമതി

 എക്ല് പ്ലോസീവ് ലൈസൻസ്

 പൊല്യൂഷൻ കൺട്രോൾ ലൈസൻസ്

 സ്ഥലത്തിന് റവന്യൂ വകുപ്പ് അനുവാദം

ഇതുവരെ ഉരുൾ പൊട്ടൽ

400

കിഴക്കൻ മേഖലയിൽ

100 പാറമടകൾ

'കൂട്ടിക്കലിലെ അനധികൃത പാറമടകളെക്കുറിച്ച് മന്ത്രിമാരോ മറ്റു ജനപ്രതിനിധികളോ മിണ്ടുന്നില്ല. പരിസ്ഥിതി ലോല പ്രദേശത്തെ പാറമടകൾ പൂട്ടണമെന്ന് ഹൈക്കോടതി വർഷങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടിട്ടും സർക്കാർ നടപടി എടുത്തില്ല. ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ അനുമതി ഇനിയെങ്കിലും പിൻവലിക്കാൻ സർക്കാർ തയ്യാറാവണം.'

- കുമ്മനം രാജശേഖരൻ , ബി.ജെ.പി നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL