SignIn
Kerala Kaumudi Online
Tuesday, 15 September 2026 6.32 AM IST

പി.വി. അൻവർ വീണ്ടും സഭയിൽ

pv-anwar

തിരുവനന്തപുരം: നിയമസഭയിലെ നീണ്ട അസാന്നിദ്ധ്യം ചർച്ചയായതോടെ, നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ഇന്നലെ സഭാസമ്മേളനത്തിനെത്തി. പതിനഞ്ചാം നിയമസഭ 29 ദിവസം ചേർന്നപ്പോൾ അൻവർ പങ്കെടുത്തത് ആദ്യ അഞ്ച് ദിവസം മാത്രമായിരുന്നു. നടപ്പു സമ്മേളനത്തിലും ഇതുവരെ ഹാജരായിരുന്നില്ല.

ആഫ്രിക്കയിൽ ഖനന ബിസിനസുമായി ബന്ധപ്പെട്ട് പോയെന്നായിരുന്നു അൻവറിന്റെ വിശദീകരണം. സഭയിൽ വരാത്ത അൻവറിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി. സതീശനുൾപ്പെടെ രംഗത്ത് വന്നതോടെ, അൻവർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. കഴിഞ്ഞാഴ്ച നാട്ടിലെത്തിയ അൻവർ, ഇന്നലെ സഭയിലെത്തുമെന്ന് അറിയിച്ചിരുന്നു. രാവിലെ 8.45ന് എത്തിയ അൻവർ ഭരണ - പ്രതിപക്ഷ അംഗങ്ങളെ കൈവീശി അഭിവാദ്യം ചെയ്തു. ടി. സിദ്ദിഖ് ഉൾപ്പെടെ പ്രതിപക്ഷത്തെ ചിലർ അൻവറിന്റെ അടുത്തെത്തി കൈ മുട്ടിച്ച് സൗഹൃദം പങ്കിട്ടു. പ്രകൃതിദുരന്തത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് സഭ പിരിഞ്ഞശേഷം ഭരണകക്ഷി അംഗങ്ങളും കൂട്ടത്തോടെ അൻവറുമായി കുശലം പങ്കിട്ടു. നിങ്ങളല്ലേ താരം എന്ന് ചിലരൊക്കെ ചിരിച്ചുകൊണ്ട് അൻവറിനോട് പറയുന്നുണ്ടായിരുന്നു. ട്രഷറി ബെഞ്ചിൽ പിന്നിൽ നിന്ന് രണ്ടാമത്തെ നിരയിലാണ് അൻവറിന്റെ സീറ്റ്.

തുടർച്ചയായി അറുപത് ദിവസം സഭാസമ്മേളനത്തിൽ അനധികൃതമായി ഹാജരാകാത്ത അംഗത്തിന്റെ സീറ്റ് ഒഴിവ് വന്നതായി കണക്കാക്കാമെന്നാണ് ഭരണഘടനയുടെ 190(4) അനുച്ഛേദം വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ സഭയുടെ അനുമതിയോടെ അംഗത്തിന് അവധിയെടുക്കാം. അൻവർ അവധിയെടുക്കാതെ വിട്ടുനിന്നതാണ് വിവാദമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PV ANWAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA