SignIn
Kerala Kaumudi Online
Tuesday, 29 September 2026 8.36 PM IST

കോട്ടൺഹില്ലിൽ ടൈംടേബിൾ റെഡി,​ എൽ.പി.എസിൽ ഉച്ചഭക്ഷണം

d

തിരുവനന്തപുരം: നവംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികൾക്ക് ടൈം ടേബിൾ ക്രമീകരിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ പെൺപള്ളിക്കൂടമായ കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ. എൽ.പി.എസ്, ഹയർസെക്കൻഡറി വിഭാഗങ്ങളുടെ ടൈം ടേബിളുകളാണ് ബയോ ബബിൾ അടിസ്ഥാനത്തിൽ ക്രമീകരിച്ചത്. യു.പി, ഹൈസ്‌കൂൾ ക്ലാസുകളുടെ സമയ ക്രമീകരണം ഉടൻ പൂർത്തിയാകും.

ക്ലാസുകൾ മൂന്ന്

സമയങ്ങളിൽ

ഹയർസെക്കൻഡറിയിലെ വിവിധ ബാച്ചുകൾക്ക് മൂന്ന് സമയങ്ങളിലായാണ് ക്ലാസുകൾ

നിശ്ചയിച്ചിരിക്കുന്നത്. ആദ്യത്തെ ക്ലാസ് രാവിലെ 9.30ന് ആരംഭിക്കും.

9.30 മുതൽ 12.30 വരെ

9.40 മുതൽ 12.40 വരെ

10 മുതൽ 1 വരെ

9.30ന് തുടങ്ങുന്ന ക്ലാസുകൾക്ക് 11നാണ് ഇടവേള. 9.40ന് ആരംഭിക്കുന്ന ക്ലാസുകൾക്ക് 11.10നും 10ന് തുടങ്ങുന്ന ക്ലാസുകൾക്ക് 11.30നുമാണ് ഇടവേള. രണ്ടാംഭാഷയുടെ ക്ലാസുകൾ കൂടി വിദ്യാർത്ഥികൾക്കുള്ളതിനാൽ ടൈംടേബിൾ ക്രമീകരിക്കുന്നത് ബുദ്ധിമുട്ടേറിയ പ്രക്രിയയാണെന്ന് അദ്ധ്യാപകർ പറയുന്നു. ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ സമയക്രമീകരണത്തിൽ തീരുമാനമായ ശേഷമേ ഔദ്യോഗികമായി വിദ്യാർത്ഥികൾക്ക് ടൈംടേബിൾ കൈമാറുകയുളളൂ.

എൽ.പി.എസിൽ

രണ്ടേ രണ്ട് ബെൽ

കോട്ടൺഹില്ലിലെ എൽ.പി ക്ലാസുകൾ രാവിലെ 9.20ന് തുടങ്ങി 12.20ന് അവസാനിക്കും. 9.20ന് ആദ്യ ബെല്ല് മുഴങ്ങിയാൽ പിന്നീട് 12.20ന് ലാസ്റ്റ് ബെൽ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ഹെഡ്‌മാസ്റ്റർ കെ. ബുഹാരി കേരളകൗമുദിയോട് പറഞ്ഞു. 10.30ന് ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ടോയ്‌ലെറ്റിലേക്ക് പോകുന്നതിനുളള ക്രമീകരണം ഒരുക്കും. യഥാക്രമം 10 മിനിറ്റ് ഇടവിട്ടായിരിക്കും മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ടോയ്‌ലെറ്റിൽ പോകാനുളള അവസരം. പുറത്തിറങ്ങി കളിക്കാൻ അനുവദിക്കില്ല. ക്ലാസിന് ശേഷം ചോറും മൂന്ന് തരം കറിയുമടക്കം ഉച്ചയൂണ് ഉണ്ടാകും. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് രാവിലെ 11.50നും നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് 12.40നും ഉച്ചയൂണ് നൽകി വീട്ടിലേക്ക് വിടുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.

എന്താണ് ബയോ ബബിൾ ?

സ്‌കൂൾ വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി വിഭജിക്കുന്ന രീതിയാണിത്. വിദ്യാർത്ഥികൾക്ക് സ്വന്തം ബബിൾ അഥവാ ഗ്രൂപ്പിലുള്ള വിദ്യാർത്ഥികളുമായി മാത്രമേ ഇടപെടാൻ സാധിക്കുകയുള്ളൂ. ഈ ബബിളുകൾ ക്ലാസിന്റെ വലിപ്പം, അദ്ധ്യയനവർഷം അല്ലെങ്കിൽ വിദ്യാർത്ഥികൾ താമസിക്കുന്ന പ്രദേശങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL