SignIn
Kerala Kaumudi Online
Sunday, 05 July 2026 6.44 PM IST

റിപ്പർ എത്തിയത് മറ്റൊരു വീട് ലക്ഷ്യമിട്ട്; അരുംകൊല ഒളിച്ചിരുന്ന വീട്ടിൽ

ripper

കൊച്ചി: റിപ്പർ ജയാനന്ദൻ പോണേക്കര കോശേരി ലെയിനിലെ 'സമ്പൂർണ'യിലെത്തിയത് യാദൃച്ഛികമായി. കരിക്കു കച്ചവടക്കാരനായി കറങ്ങി നടന്ന് കണ്ടുവച്ചത് സമീപത്തെ മറ്റൊരു വീടായിരുന്നു. കവർച്ചാ ശ്രമത്തിനിടെ അവിടെ ലൈറ്റ് തെളിഞ്ഞതോടെ പേടിച്ച് നാണിക്കുട്ടിഅമ്മാളിന്റെ (73) വീട്ടിൽ ഒളിക്കുകയായിരുന്നു. വീടിന്റെ പിന്നിൽ പ്രകാശിച്ചിരുന്ന ബൾബ് ഊരിമാറ്റി. ഈ സമയം നാണിക്കുട്ടിഅമ്മാളുടെ സഹോദരീ പുത്രൻ ടി.വി. നാരായണ അയ്യർ (63) മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ തക്കത്തിന് വീടിനകത്തേക്ക് കയറി. തിരിച്ചെത്തിയ നാരായണ അയ്യരെ ആദ്യം വകവരുത്തി. ശബ്ദം കേട്ടെത്തിയ നാണിക്കുട്ടിഅമ്മാളെയും തലയ്ക്കടിച്ച് വീഴ്ത്തി. ഇരുവരും മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം എഴുപത്തിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. 44 പവൻ സ്വർണാഭരണവും 15 ഗ്രാം വെള്ളി നാണയങ്ങളും അലമാരയിൽ നിന്ന് കൈക്കലാക്കി കടന്നുകളയുകയായിരുന്നു.

ഇരട്ടക്കൊല നടന്ന വീട്ടിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് ജയാനന്ദനെ എത്തിച്ച് തെളിവെടുത്തത്.

കുടുക്കിയത് ജയിൽപ്പുള്ളി ജഡ്‌ജിക്ക് എഴുതിയ കത്ത്

റിപ്പർ ജയാനന്ദൻ 17 കൊല്ലം മുമ്പ് പോണേക്കരയിൽ നടത്തിയ അരുംകൊല പുറംലോകം അറിഞ്ഞത് സഹതടവുകാരന്റെ ഉള്ളുലച്ച കുറ്റബോധത്തെ തുടർന്ന്. വിമുക്തഭടനായ സഹതടവുകാരൻ ഒരു വർഷം മുമ്പ് ജില്ലാ ജഡ്‌ജിക്ക് എഴുതിയ കത്താണ് ഇരട്ടക്കൊലയുടെ ചുരുളഴിച്ചത്. കത്ത് പരിഗണിച്ച ജഡ്‌ജി അന്വേഷണത്തിന് നിർദ്ദേശം നൽകുകയായിരുന്നു.

തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ജയാനന്ദനെ ക്രൈംബ്രാഞ്ച് സൂക്ഷ്മമായി നിരീക്ഷിച്ച് കുരുക്കൊരുക്കുകയായിരുന്നു.

തുടർന്ന് മുൻപട്ടാളക്കാരനായ തടവുകാരനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചാരനാക്കി. ശബ്ദരേഖയടക്കം രഹസ്യമായി ശേഖരിച്ചു. മജിസ്‌ട്രേട്ടിന് മുന്നിൽ സഹതടവുകാരന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. തെളിവുകൾ നിരത്തിയതോടെ ജയാനന്ദന് കുറ്റം സമ്മതിക്കേണ്ടി വന്നു.

പുത്തൻവേലിക്കര ബേബി വധക്കേസിൽ തന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിന്റെ സന്തോഷ പ്രകടനത്തിനിടെയാണ് ഒരു വർഷം മുമ്പ് ജയാനന്ദൻ പോണേക്കരയിലെ ഇരട്ടക്കൊലപാതകവും ലൈംഗിക വൈകൃതങ്ങളും തിരുവനന്തപുരം സ്വദേശിയായ സഹതടവുകാരനോട് വീരകഥയായി വിളമ്പിയത്. ഇതുകേട്ട് അസ്വസ്ഥനായ സഹതടവുകാരൻ പരോളിൽ പുറത്തിറങ്ങിയപ്പോഴാണ് ജഡ്ജിക്ക് കത്തയച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIPPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA