SignIn
Kerala Kaumudi Online
Monday, 22 June 2026 6.30 PM IST

സ്വർണ വ്യാപാരിയുടെ വീട്ടിൽനിന്ന് 3.75 കിലോ സ്വർണം കവർന്നു

theft-photo

 രണ്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു, സംഭവം ഗുരുവായൂരിൽ

ഗുരുവായൂർ: ഗൾഫിൽ ജൂവലറി നടത്തുന്ന ഗുരുവായൂർ ദേവസ്വം ആനത്താവളത്തിന് സമീപം തമ്പുരാൻപടി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്ന് 3.75 കിലോഗ്രാം സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്നു. ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ ബാലനും കുടുംബവും പുഴയ്ക്കൽ ശോഭാ സിറ്റിയിൽ സിനിമ കാണാൻ പോയിരുന്നു. രാത്രി ഒൻപതോടെ മടങ്ങിയെത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ജോലിക്കാരൻ വൈകിട്ട് അഞ്ചോടെ ഗേറ്റ് പൂട്ടി വീട്ടിൽ പോയിരുന്നു.

രാത്രി ഏഴരയോടെയാണ് മോഷ്ടാവ് വീട്ടിനുള്ളിൽ പ്രവേശിച്ചതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. എന്നാൽ, ദൃശ്യങ്ങളിൽ ഇയാളുടെ മുഖം വ്യക്തമല്ല. 8.20നാണ് മടങ്ങിയത്. പിൻഭാഗത്തെ മതിൽ ചാടിക്കടന്ന് മുകളിലെ നിലയിൽ കയറി ടെറസിലേക്കുള്ള വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. താഴത്തെ നിലയിൽ കിടപ്പു മുറിയിലെ അലമാര കുത്തിപ്പൊളിച്ചായിരുന്നു കവർച്ച. മതിലിൽ മോഷ്ടാവിന്റേതെന്ന് കരുതുന്ന കാൽപ്പാടുകളുണ്ട്.

ഒരു കിലോ തൂക്കംവരുന്ന രണ്ട് സ്വർണ ബാറുകൾ, 120 ഗ്രാം തൂക്കമുള്ള മൂന്നെണ്ണം, 100 ഗ്രാം തൂക്കമുള്ള മൂന്നെണ്ണം 40 പവൻ ആഭരണങ്ങൾ ഉൾപ്പെടെയാണ് കവർന്നത്. പലപ്പോഴായി സ്വരൂപിച്ചു സൂക്ഷിച്ച സ്വർണം കൃത്യമായി എത്രയെന്ന് അറിയില്ലെന്ന് ബാലൻ പൊലീസിനോട് പറഞ്ഞു. കൂടുതൽ സ്വർണം നഷ്ടപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം.

40 വർഷമായി യു.എ.ഇയിലെ അജ്മാനിൽ ജൂവലറി നടത്തുന്ന ബാലൻ അഞ്ചുമാസമായി നാട്ടിലുണ്ട്. സ്വർണം ഇരിക്കുന്ന സ്ഥലം കൃത്യമായി അറിയാവുന്ന ആളാകാം മോഷണം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. 20 ദിവസം മുൻപ് വരെ ബാലന്റെ വീട്ടിൽ നിരവധി ജോലിക്കാർ ഉണ്ടായിരുന്നു. അവരിൽ ആരെങ്കിലും ആണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സമീപത്തെ വീടുകളിലെ ഉൾപ്പെടെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിക്കും.

ഗുരുവായൂർ എ.സി.പി കെ.ജി.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫോറൻസിക് വിദഗ്ദ്ധരും വിരലയാള വിദഗ്ദ്ധരും പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY