
ന്യൂയോർക്ക്: വർഷങ്ങൾക്ക് മുൻപ് അടച്ചുപൂട്ടിയ ബോർഡിംഗ് സ്‌കൂളിൽ വിദ്യാർത്ഥികൾ നേരിട്ടത് കൊടും ക്രൂരതകളെന്ന് വെളിപ്പെടുത്തൽ. അമേരിക്കയിലെ ന്യൂയോർക്കിലാണ് സംഭവം. ന്യൂയോർക്കിലെ ഹാൻകോക്കിൽ പ്രവർത്തിച്ചിരുന്ന ഫാമിലി ഫൗണ്ടേഷൻ സ്‌കൂളിലെ മുൻ വിദ്യാർത്ഥിയാണ് ഞെട്ടിക്കുന്ന ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
വിദ്യാർത്ഥികളെ നഗ്നരാക്കി പരിശോധിക്കുക, സ്വന്തമായി കല്ലറ തോണ്ടിക്കുക, സ്വന്തം ഛർദ്ദി നിർബന്ധിച്ച് കഴിപ്പിക്കുക തുടങ്ങിയ അതിക്രൂരമായ പീഡനങ്ങളാണ് സ്‌കൂളിൽ നടന്നിരുന്നതെന്ന് മുൻ വിദ്യാർത്ഥി കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. ഒരു വർഷത്തേക്ക് 80,000 ഡോളർ (ഏകദേശം 75.50 ലക്ഷം രൂപ) വരെ ഫീസ് ഈടാക്കിയിരുന്ന സ്‌കൂൾ വിവാദങ്ങളെത്തുടർന്ന് 2014ലാണ് പൂട്ടിയത്. സ്‌കൂൾ അധികൃതർക്കെതിരെ 10 മില്യൺ ഡോളറിന്റെ (ഏകദേശം 83 കോടിയിലധികം രൂപ) നഷ്ടപരിഹാരക്കേസാണ് മുൻ വിദ്യാർത്ഥി ഫയൽ ചെയ്തിരിക്കുന്നത്. സ്‌കൂളിൽ താൻ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായും ഹർജിയിൽ പറയുന്നു.

അനുസരണക്കേട് കാട്ടുന്ന കുട്ടികളെ പരവതാനികളിൽ ജീവനോടെ മുറുക്കെ ചുരുട്ടിയ ശേഷം ചുറ്റും ഡക്ടേപ്പ് ഒട്ടിച്ച് അനങ്ങാനാവാത്ത രീതിയിൽ കിടത്തും. പുതുതായി എത്തുന്ന കുട്ടികളെ അദ്ധ്യാപകരുടെ സാന്നിദ്ധ്യത്തിൽ നഗ്നരാക്കി പരിശോധനയ്ക്ക് വിധേയരാക്കും. സ്‌കൂളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന കുട്ടികളെ കണ്ടെത്താൻ വേട്ടനായ്ക്കളെയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇവയായിരുന്നു സ്‌കൂളിൽ നടന്നിരുന്ന പ്രധാന പീഡനമുറകൾ. 2000 മുതൽ 2003 വരെയുള്ള കാലയളവിലാണ് ഹർജിക്കാരൻ ഈ സ്‌കൂളിൽ പഠിച്ചിരുന്നത്. അവിടുത്തെ മ്യൂസിക് അദ്ധ്യാപകൻ കാനഡയിലെ ടൊറന്റോയിലേക്ക് കൊണ്ടുപോയ സമയത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വിദ്യാർത്ഥി പറയുന്നു.
ഇതേക്കുറിച്ച് സ്‌കൂൾ പ്രിൻസിപ്പലിനോട് പരാതിപ്പെട്ടെങ്കിലും അദ്ദേഹം അത് അവഗണിക്കുകയായിരുന്നു. പകരം പരാതി നൽകിയ വിദ്യാർത്ഥിക്ക് സ്‌കൂളിലെ ഭാരിച്ച ജോലികൾ ചെയ്യാനുള്ള 'വർക്ക് സാങ്ഷൻ' ശിക്ഷയായി നൽകി. എന്നാൽ വർഷങ്ങൾക്ക് ശേഷം 2024ൽ നടന്ന വിചാരണയിൽ ഈ വിദ്യാർത്ഥി അദ്ധ്യാപകനെതിരെ സാക്ഷി പറയുകയും, കുറ്റക്കാരനെന്ന് കണ്ടെത്തിയ അദ്ധ്യാപകനെ കോടതി 27 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. സ്‌കൂളിൽ കുട്ടികളെ ശമ്പളമില്ലാത്ത തൊഴിലാളികളെപ്പോലെയാണ് പണിയെടുപ്പിച്ചിരുന്നതെന്നും സ്‌കൂളിലെ ജീവനക്കാരുടെ വീട്ടിൽ ആഹാരം പാകം ചെയ്യാനും വീട് വൃത്തിയാക്കാനും കുട്ടികളെ നിർബന്ധിച്ചിരുന്നു.
രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് സ്‌കൂളിൽ കുട്ടികളെ ചേർത്തിരുന്നതെന്നും ചില മാതാപിതാക്കളിൽ നിന്ന് കുട്ടികളുടെ രക്ഷാകർതൃത്വം വരെ സ്‌കൂൾ ഉടമകൾ ഒപ്പിട്ടു വാങ്ങിയിരുന്നതായും കോടതി രേഖകൾ വ്യക്തമാക്കുന്നു. പ്രൊഫഷണൽ യോഗ്യതയോ കൗൺസിലിംഗ് പരിചയമോ ഇല്ലാത്തവരായിരുന്നു സ്‌കൂൾ നടത്തിപ്പുകാർ. മുൻപ് മദ്യപാനത്തിന് അടിമകളായവരും ലൈംഗിക വൈകൃതമുള്ളവരുമായ ആളുകളാണ് യാതൊരുവിധ ലൈസൻസോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലാതെ സ്ഥാപനം നടത്തിയിരുന്നതെന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. അതേസമയം, സ്കൂളിൽ ഇങ്ങനെയുള്ള പീഡനങ്ങൾ നടന്നതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് സ്‌കൂൾ ഉടമ മൈക്ക് അർഗിരോസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അവകാശപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |