
കൊച്ചി: ഏഴുവയസുകാരനെ മർദ്ദിക്കുകയും ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ദിവസങ്ങളോളം നീണ്ട കൗൺസിലിംഗിന് ഒടുവിലാണ്, പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളലേൽപ്പിച്ച വിവരം കുട്ടി തുറന്നുപറഞ്ഞത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിൽ അഭയകേന്ദ്രത്തിലുള്ള കുട്ടി ആദ്യം പിതാവിന്റെ ക്രൂരത വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല.
ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ജൂൺ ഒന്നിന് വൈകിട്ടാണ് എറണാകുളം മെഡിക്കഷ കോളേജ് ആശുപത്രിയിൽ ഏഴുവയസുകാരനെ പ്രവേശിപ്പിച്ചത്. ഇൻഡക്ഷൻ കുക്കർ ദേഹത്ത് വീണ് പരിക്കേറ്റെന്നായിരുന്നു കുട്ടി ആദ്യം പറഞ്ഞത്. എട്ടുദിവസത്തെ ചികിത്സയ്ക്ക് ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി സിറ്ങറിംഗിൽ ഹാജരാക്കിയപ്പോൾ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അഭയകേന്ദ്രത്തിലെ പരിചരണത്തിന് ഒടുവിലാണ് കാര്യങ്ങൾ വെളിപ്പെടുത്താൻ കുട്ടി തയ്യാറായത്.
മാതാവ് ബന്ധം വേർപെടുത്തിയതിനാൽ പിതാവിനും അമ്മൂമ്മയ്ക്കും രണ്ട് സഹോദരങ്ങൾക്കും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. മതപഠന കേന്ദ്രത്തിലാക്കിയിട്ടും തിരിച്ചെത്തിയത് പിതാവിനെ പ്രകോപിപ്പിച്ചിരുന്നു. സംഭവ ദിവസം മതഗ്രന്ഥം വലിച്ചെറിഞ്ഞതും മൂത്രമൊഴിച്ചതുമാണ് പൊള്ളലേൽപ്പിക്കാൻ കാരണം. മേയ് 31ന് വൈകിട്ട് വീട്ടിൽ നിന്ന് കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടതായി അയൽവാസികളും പൊലീസിൽ അറിയിച്ചിരുന്നു. അതേസമയം കുട്ടിയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |