SignIn
Kerala Kaumudi Online
Tuesday, 26 May 2026 12.47 AM IST

നേതാക്കൾക്ക് പാർട്ടിയെ കുറിച്ച് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട്, യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം; പാർട്ടിയെ ശക്തിപ്പെടുത്താൽ ചിന്തൻ ശിബിരിൽ നിർണായക തീരുമാനങ്ങളെടുത്ത് കോൺഗ്രസ്

congress

ന്യൂഡൽഹി: നേതാക്കൾക്ക് പാർട്ടിയെകുറിച്ച് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ കോൺഗ്രസ്. ഇന്ന് സമാപിച്ച ചിന്തൻ ശിബിരിലാണ് ഇതേകുറിച്ചുള്ള തീരുമാനം എടുത്തത്. കോൺഗ്രസ് എന്താണ്, പാർട്ടിയുടെ രീതികൾ എന്താണ് എന്നിവ കൂടാതെ കോൺഗ്രസ് ആശയങ്ങളും പാർട്ടിയിലെ നേതാക്കളെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കും. എല്ലാ കോൺഗ്രസ് നേതാക്കൾക്കും പാർട്ടിയെകുറിച്ച് അറിയാനുള്ള ഒരു വേദിയായി ഇൻസ്റ്റിറ്റ്യൂട്ട് മാറുമെന്ന് സോണിയാ ഗാന്ധി സൂചിപ്പിച്ചു.

ഇതിനുപുറമേ രാജ്യത്തെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കാശ്മീർ മുതൽ കന്യാകുമാരി വരെ ഭാരത് യാത്ര സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ജാഥ രാജ്യമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളുടെ വികാരം മനസിലാക്കാൻ ശ്രമിക്കുമെന്ന് സോണിയ ഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് സമിതികൾ രൂപവത്കരിക്കും. ഭാവിയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുക ഈ സമിതിയായിരിക്കും. ഇതിനോടൊപ്പം ദേശീയ അധ്യക്ഷനെ ഉപദേശിക്കുന്നതിന് വേണ്ടി ഒരു ഉപദേശക സമിതി, ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും രാഷ്ട്രീയകാര്യ സമിതി എന്നിവയും രൂപീകരിക്കും.

യുവജനങ്ങൾക്ക് പാ‌ർട്ടിയുടെ സമിതികളിൽ കൂടുതൽ പ്രാതിനിധ്യം നൽകാൻ തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി യുവാക്കൾക്ക് അമ്പത് ശതമാനം പങ്കാളിത്തം കോൺഗ്രസ് സമിതികളിൽ ഉറപ്പാക്കും. ഒറ്റപദവി കർശനമായി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. കുടുംബത്തിലെ ഒരംഗത്തിന് മാത്രമായിരിക്കും ഇനി മുതൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുക. എന്നാൽ കുടുംബത്തിലെ രണ്ടാമത്തെ അംഗത്തിന് അഞ്ച് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുണ്ടെങ്കിൽ ഇളവ് നൽകുന്ന കാര്യം പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI, CHINTHAN SHIVIR, CONGRESS, SONIA GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360