SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.55 PM IST

അയ്യായിരം കുമിളകളിൽ അക്രലിക് പെയിന്റിൽ കാൻവാസ് ചിത്രം ഒരുങ്ങുന്നു

Increase Font Size Decrease Font Size Print Page
kovalam

കോവളം: ഗുരുദേവ ജയന്തി നാളിൽ തലസ്ഥാനത്ത് പ്രദർശിപ്പിക്കാൻ ചരിത്ര പ്രസിദ്ധമായ അരുവിപ്പുറം ശിവ പ്രതിഷ്ഠയുടെയും ഗുരുദേവന്റെ ജീവിതകാല ചക്രത്തിന്റെയും ചിത്രാവിഷ്കാരം കോവളത്ത് തയ്യാറാകുന്നു. ചിത്രകാരനും അരുവിപ്പുറം സ്വദേശിയുമായ കോവളം എൻ.കെ. സുനുവാണ് അയ്യായിരം കുമിളകളിൽ അക്രലിക് പെയിന്റിൽ കാൻവാസ് ചിത്രം വരയ്ക്കുന്നത്.
2000ൽ അരുവിപ്പുറത്ത് നടന്ന ചിത്രകലാ ക്യാമ്പിലാണ് സുനുവിന്റെ മനസിൽ ഇങ്ങനെയൊരു ആശയം ആദ്യമായി ഉദിച്ചത്. തുടർന്ന് ഈ ആശയം കുന്നുംപാറ ക്ഷേത്രം സെക്രട്ടറി സ്വാമി ബോധിതീർത്ഥയുമായി പങ്കുവച്ചു. കൊവിഡ് കാലത്താണ് ചിത്രം വരയ്ക്കാൻ തുടങ്ങിയത്. പലപ്പോഴും ജോലിത്തിരക്കുകൾ കാരണം ചിത്രം വര നടന്നില്ല. എന്നാൽ ഇക്കൊല്ലത്തെ ചതയം നാളിന് മുൻപ് ചിത്രം പൂർത്തിയാക്കി പ്രദർശിപ്പിക്കണമെന്നാണ് സുനുവിന്റെ ആഗ്രഹം. അക്രലിക് തീർത്ത കുമിളകൾ കാണുമ്പോൾ സാധാരണക്കാരായ ആളുകൾക്ക് മറ്റു പ്രത്യേകതകൾ ഒന്നും തോന്നില്ല. നീല കളർ പാറ്റേണിൽ മഴ, വെയിൽ, പ്രകാശം എന്നിവയും വരച്ചിട്ടുണ്ട്. അരുവിപ്പുറം പ്രതിഷ്ഠയെ സങ്കല്പിച്ചു കൊണ്ട് ഓം, ശിവന്റെ ലിംഗ രൂപം എന്നിവയുമുണ്ട്. ജീവനിൽ നിന്ന് തുടങ്ങി പല ഘട്ടങ്ങൾ താണ്ടി ഓംമിലേക്ക് അവസാനിക്കുന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മഞ്ഞ, നീല, ഓറഞ്ച്, പച്ച, ഇളം ചുമപ്പ് എന്നീ കളറുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിൽ മഞ്ഞയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

അരുവിപ്പുറത്തെ പ്രതിഷ്ഠയ്ക്ക് മുൻപ് ശിവലിംഗവും മടിയിൽ വച്ച് പ്രാർത്ഥനാനിരതനായിരിക്കുന്ന ഗുരുദേവന്റെ ചിത്രം 6 വർഷം മുൻപ് സുനു വരച്ചത് ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ 30 വർഷത്തിനിടെ ചിത്രകലയിൽ വ്യക്തിമുദ്ര പതിപ്പിച്ച സുനു നിരവധി റിയലിസ്റ്റിക് ചിത്രങ്ങളുടെ രചയിതാവാണ്. ജില്ലയിലെ പ്രധാന ആരാധനാലയങ്ങളിൽ ഇന്ന് കാണുന്ന ചിത്രവും, പുനരാധിവാസ കേന്ദ്രങ്ങളിൻ പ്രദർശിപ്പിച്ചിട്ടുള്ള മദർ തെരേസയുടെ ചിത്രവും പുരാണസംബന്ധിയായ നിരവധി ചിത്രങ്ങളും മാസ്റ്റർ പീസുകളായുണ്ട്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY