SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.08 PM IST

ദേശീയപാതയിലുണ്ടായ അപകടം; നിരവധി തവണ കേന്ദ്രസർക്കാരിന് കത്തയച്ചിട്ടും ശ്രദ്ധ നൽകിയില്ലെന്ന് വിമർശിച്ച് മന്ത്രി

Increase Font Size Decrease Font Size Print Page

muhammad-riyas

തിരുവനന്തപുരം: അങ്കമാലിക്കടുത്ത് അത്താണിയിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാതയിലെ പിഴവുകൾ നിയമസഭയിൽ അടക്കം ശ്രദ്ധയിൽപ്പെടുത്തിയതാണ്. അപകടം നടന്ന സ്ഥലം ഉൾപ്പടെ തൃശൂർ മുതൽ അങ്കമാലി വരെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് നിരവധി തവണ കത്തുകൾ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അവർ വേണ്ടത്ര ശ്രദ്ധനൽകിയില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

പിഴവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ ചിലർ അതിനെ പരിഹസിക്കുകയാണ് ചെയ്തത്. ഏത് സർക്കാരിന്റെ, വകുപ്പിന്റെ റോഡായാലും അവിടെ അപകടം ഉണ്ടാകാനോ കുഴികൾ ഉണ്ടാകാനോ പാടില്ലെന്ന് മന്ത്രി പറഞ്ഞു. ഇത് പരിഹരിക്കപ്പെടേണ്ട പ്രശ്നമാണ്. റോഡ് കേന്ദ്രസർക്കാരിന്റെയാണ് എന്ന് അധിക്ഷേപിച്ച് പോകാൻ ഉദ്ദേശിക്കുന്നില്ല. കേരളത്തിൽ ചില പ്രത്യേക സാഹചര്യങ്ങളുണ്ട്. അതിൽ കാലാവസ്ഥ ഒരു ഘടകമാണ്. തെറ്റായ ചില പ്രവണതകൾ ഉണ്ട്. ഇതൊക്കെ പരിഹരിക്കപ്പെടണം.

ജനങ്ങൾ പരാതിപ്പെടാൻ തരത്തിൽ റോഡ് നിർമിച്ച കരാറുകാരന്റെ വിവരങ്ങൾ ഉൾപ്പടെ അടങ്ങിയ ബോർഡുകൾ സ്ഥാപിച്ചു വരികയാണ്. ഇത്തരത്തിൽ മൂവായിരത്തിൽ അധികം ബോർഡുകളാണ് സ്ഥാപിച്ചത്. എന്നാലിതിനെ പലരും പരിഹസിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ച ഇടങ്ങളിൽ അറ്റകുറ്റപണികൾ വരുന്നത് കുറവാണ്. എന്നാൽ ദേശീയപാത അതോറ്റിറ്റി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നില്ല. അപകടം നടന്ന സ്ഥലം ദേശീയപാത അതോറിറ്റി കീഴിൽ വരുന്നതാണ്. അവിടെ ടോൾ ഉൾപ്പടെയുണ്ട്. അവിടെ ബന്ധപ്പെട്ട കരാറുകാർ എന്തുകൊണ്ട് നടപടികൾ സ്വീകരിച്ചില്ല. മന്ത്രി ശക്തമായി വിമർശിച്ചു.

ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചതാണ്. ഇത് സംബന്ധിച്ച് നിരവധി കത്തുകളും നൽകി. ദേശീയപാത അതോറിറ്റിക്ക് കീഴിൽ വരുന്ന റോഡുകളിലെ കുഴികൾ അടക്കുവാൻ പൊതുമരാമത്ത് വകുപ്പിന് സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

2025നകം തിരുവനന്തപുരം മുതൽ കാസർകോട് വരെ ദേശീയപാത പൂർത്തീകരിക്കുമെന്നുള്ള ലക്ഷ്യത്തിലാണ് ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. മുഴുവൻ പ്രവർത്തനങ്ങളും പരിശോധിച്ചുവരികയാണ്. ഓരോ ജില്ലകൾ തോറും എത്തി പരിശോധന നടത്തുന്നുണ്ട്. കഴക്കൂട്ടം ഫ്ളൈ ഓവർ കേരളപിറവി ദിനത്തിൽ സമ്മാനമായി ലഭിക്കും. ഒക്ടോബർ 31ഓടുകൂടി പ്രവർത്തനം പൂർത്തീകരിച്ച് നാടിന് സമർപ്പിക്കാനാകുമെന്നും നവംബർ ഒന്നിന് ഓപ്പൺ ചെയ്യാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു

ഈഞ്ചക്കൽ ഫ്ളൈ ഓവറിന്റെ പ്രവർത്തനങ്ങൾ അടുത്ത വർഷം മാർച്ചിൽ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സ്ഥലം നോക്കിവച്ചു. ഒന്നരവർഷത്തിനുള്ളിൽ ഫ്ളൈ ഓവറിന്റെ പ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. തിരുവല്ലയിൽ നിരവധി ബ്ളാക്ക് സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പ്രശ്നപരിഹാരത്തിനായുള്ള പദ്ധതി തയ്യാറാക്കുകയാണ്. കോവളത്തെ റോഡിന്റെ പ്രവർത്തനം പൂർത്തിയാക്കാനും നടപടി സ്വീകരിച്ചുകഴിഞ്ഞു. ഇത്തരത്തിൽ ദേശീയപാത വികസനം ഒരു ടീം വർക്കായി നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

TAGS: MUHAMMAD RIYAS, HIGHWAY, AUTHORITY, CENTRAL, GOVERNMENT, ANGAMALY, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY