SignIn
Kerala Kaumudi Online
Friday, 18 September 2026 7.01 AM IST

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം, പദ്ധതികൾ നടപ്പായില്ല. പുഞ്ചിരിക്കുമോ ആമ്പൽപൂഞ്ചിറ..?

വള്ളിക്കോട് : നയനമനോഹര വിരുന്നൊരുക്കി വിനോദസഞ്ചാരികളെ മാടിവിളിച്ചിരുന്ന വള്ളിക്കോട് ആമ്പൽപൂഞ്ചിറ ഇന്ന് മാലിന്യം നിറഞ്ഞ് അനാസ്ഥയുടെ കേന്ദ്രമായി. വള്ളിക്കോട് - ചന്ദനപ്പള്ളി റോഡിന് സമീപമാണ് ആമ്പൽപൂഞ്ചിറ. പ്രധാന റോഡിൽ നിന്നാൽ പ്രവേശന കവാടം കാണാം. ഇവിടെ നിന്ന് 100 മീറ്റർ ഉള്ളിലേക്ക് ചെന്നാൽ 25സെന്റിലായി വ്യാപിച്ചു കിടക്കുന്ന ആമ്പൽപൂഞ്ചിറയായി. പ്രകൃതിരമണീയവും ശാന്തസുന്ദരമായ സ്ഥലമാണ്. ഇരുവശവും നിറഞ്ഞ് നിൽക്കുന്ന പച്ചപ്പിന്റെ അകമ്പടിയോടെയാണ് ഇവിടേക്കുള്ള യാത്ര. ചിറയ്ക്ക് ചുറ്റുമായി വിശാലമായ ഇരിപ്പിടങ്ങളും കുട്ടികൾക്കായി മിനി പാർക്കുമുണ്ട്. സമീപത്തെ പാടങ്ങളും കൈത്തോടുകളും ചിറയുടെ മാറ്റുകൂട്ടുന്നു. പ്രാദേശിക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പെഡൽബോട്ട് സർവീസ് ഉൾപ്പടെ ഇവിടെ വിഭാവനം ചെയ്തിരുന്നെങ്കിലും ഒന്നും നടപ്പായില്ലെന്ന് മാത്രമല്ല ചിറ നാശത്തിന്റെ വക്കിലുമാണ്. ആമ്പൽപൂക്കൾ നിറഞ്ഞുകിടന്നിരുന്ന പൂഞ്ചിറയിൽ ഇപ്പോൾ പായലും പോളയും നിറഞ്ഞിട്ടുണ്ട്. ആമ്പൽച്ചെടി ഒന്നുപോലും ഇപ്പോൾ ചിറയിൽ ഇല്ല. സഞ്ചാരികൾ എത്താതായതോടെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. അടുത്തിടെ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി പൂഞ്ചിറയ്ക്ക് സമീപം നിർമ്മിച്ച വിശ്രമ കേന്ദ്രവും മിനി ഹൈമാസ്റ്റ് ലൈറ്റുകളും പഞ്ചായത്ത് നാടിന് സമർപ്പിച്ചെങ്കിലും പൂഞ്ചിറ നാടിന് മാനക്കേടായി തന്നെ തുടരുകയാണ്. സമീപ ജില്ലകളിൽ നിന്ന് വിനോദ സഞ്ചാരികൾ ഇവിടെ എത്തിയിരുന്നു. ഷോർട്ട് ഫിലിമുകളുടെയും വിവാഹ ആൽബങ്ങളുടെയുമൊക്കെ ഇഷ്ട ലൊക്കേഷനായിരുന്നു ഒരുകാലത്ത് ഇവിടം.

നീന്തൽ പരിശീലനത്തിന് ആമ്പൽ നീക്കി

കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പൂഞ്ചിറയിലെ ആമ്പൽ നീക്കം ചെയ്തത്. എന്നാൽ ചിറയുടെ അടിഭാഗത്ത് ചെളി ചിറഞ്ഞ് കിടക്കുന്നതിനാൽ പരിശീലനത്തിന് അനിയോജ്യമല്ലെന്നും അപകട സാദ്ധ്യത കൂടുതലാണെന്നും കണ്ടെത്തി. ഇതോടെ നീന്തൽ പരിശീലനം മറ്റൊരിടത്തേക്ക് മാറ്റി.

ആമ്പൽ പൂഞ്ചിറയെ പഴയ പ്രതാപത്തോടെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. ഇതിന്റെ ഭാഗമായി വിശ്രമ കേന്ദ്രം തുറക്കുകയും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ആർ.മോഹനൻ നായർ

(വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL