SignIn
Kerala Kaumudi Online
Monday, 31 August 2026 6.38 AM IST

ടാൻസാനിയൻ കുപ്പായത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി രണ്ട് മലയാളികൾ

akhil-amal
അഖി​ലും അമലും

തിരുവനന്തപുരം : കേരളത്തിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വീണ്ടുമെത്തുമ്പോൾ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മലയാളി താരങ്ങളായ അഖിൽ അനിലും അമൽ രാജീവനും. കഴിഞ്ഞയാഴ്ച സമാപിച്ച ആഫ്രിക്ക കപ്പിലായിരുന്നു ഇരുവരുടെയും അരങ്ങേറ്റം.ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച അഖിലിനെയും അമലിനെയും ആഫ്രിക്ക ഇലവൻ ടീമിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.

തിരുവല്ല കവിയൂർ സ്വദേശിയാണ് ആൾറൗണ്ടറായ അഖിൽ അനിൽ. വലംകയ്യൻ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ അമൽ മൂവാറ്റുപുഴ സ്വദേശിയാണ്. 25 വയസാണ് ഇരുവർക്കും. തേവര സ്കൂളിലും കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരുവരും കേരള ക്രിക്കറ്റ് അസോസിയേഷന്റെ അക്കാഡമിയിലാണ് പയറ്റിത്തെളിഞ്ഞത്. അക്കാഡമിയിലെ പരിശീലകരായ ബിജുമോൻ,ഉമേഷ് എന്നിവരുടെ ശിക്ഷണത്തിലൂടെ കേരള അണ്ടർ-19,23,25 ടീമുകൾക്ക് വേണ്ടി കളിക്കാൻ കഴിഞ്ഞു. വിസി ട്രോഫി ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റിലും കളിച്ചു.

പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായ ഡോക്ടർ നൃപിന്റെ പിന്തുണയാണ് തങ്ങളുടെ കരിയറിൽ മുന്നോട്ടുള്ള വഴിതുറന്നതെന്ന് അഖിലും അമലും പറയുന്നു.ആയൂർവേദ ഡോക്ടറായ നൃപിൻ ഫിറ്റ്നെസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വഴികാട്ടിയായി. അണ്ടർ 25 ക്യാമ്പിൽ മികച്ച പ്രകടനം നടത്തിവരവേയാണ് ടാൻസാനിയയിലേക്കുള്ള ക്ഷണം എത്തുന്നത്. ടാൻസാനിയയിലെ ദാറുൽസലാം കാരവൻസ് ക്രിക്കറ്റ് ക്ളബിലേക്കാണ് ഇരുവരും ആദ്യമെത്തുന്നത്. ക്ളബിനായി കളിച്ചുവരവേ അഖിലിന് പെട്രോഫ്യുവൽ എന്ന കമ്പനിയിൽ ജോലിയും ലഭിച്ചു. കാരവൻസിനായി നടത്തിയ പ്രകടനമാണ് ടാൻസാനിയൻ ദേശീയ ടീമിലേക്ക് വഴിതുറന്നത്.

ഇടംകയ്യൻ ബാറ്റ്സ്മാനും ഓഫ്ബ്രേക്ക് ബൗളറുമായ അഖിൽ ഈമാസം 17ന് ബനോണിയിൽ നടന്ന ആഫ്രിക്ക കപ്പ് മത്സരത്തിൽ കാമറൂണിനെതിരെയാണ് അന്താരാഷ്ട്ര ട്വന്റി-20 അരങ്ങേറ്റം കറിച്ചത്. ആദ്യമത്സരത്തിൽ അഖലിന് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല. എന്നാൽ രണ്ടാം മത്സരത്തിൽ കെനിയയ്ക്ക് എതിരെ 27 പന്തിൽ നാലുവീതം ഫോറും സിക്സുമടക്കം പുറത്താകാതെ 52 റൺസടിച്ച് ടീമിനെ വിജയത്തിലെത്തിച്ചു. ആകെ അഞ്ചുമത്സരങ്ങളിലാണ് അഖിൽ കളിച്ചത്. 52.50 ശരാശരിയിൽ 105 റൺസും രണ്ട് വിക്കറ്റുകളുമാണ് ടൂർണമെന്റിൽ അഖിലിന്റെ സമ്പാദ്യം.

കാമറൂണിനെതിരെതന്നെ അരങ്ങേറ്റം കുറിച്ച അമൽ രാജീവൻ മലാവിക്ക് എതിരെ നടന്ന മൂന്നാം മത്സരത്തിൽ 51 പന്തിൽ 10 ബൗണ്ടറികളുടെ അകമ്പടിയോടെ 70 റൺസ് നേടി ടോപ്സ്കോററായിരുന്നു. നാല് ഇന്നിംഗ്സുകളിൽ നിന്ന് 116 റൺസാണ് അമലിന്റെ ഇതുവരെയുള്ള സമ്പാദ്യം.

മികച്ച പ്രകടനം നടത്തിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ അവസരങ്ങളാണ് ആഫ്രിക്ക തുറക്കുന്നതെന്ന് അഖിലും അമലും പറയുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിലേക്ക് ടാൻസാനിയയ്ക്ക് പ്രവേശനം നേടിക്കൊടുക്കുകയാണ് ഇരുവർക്കും മുന്നിലുള്ള ലക്ഷ്യം. ഭാവിയിൽ ലോകകപ്പിൽ കളിക്കാമെന്ന പ്രതീക്ഷയ്ക്കൊപ്പം ഇന്ത്യൻ ജഴ്സി അണിയണമെന്നുള്ള മോഹവും കൈവിടുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, MALAYALI CRICKETERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360