SignIn
Kerala Kaumudi Online
Sunday, 31 May 2026 8.17 AM IST

സ്കൂൾ പാചകപ്പുരയിൽ കണ്ണീർ വീഴുന്നു

a

നമ്മുടെ ആരോഗ്യമേഖലയെ സംരക്ഷിച്ചു നിറുത്തുന്ന ആശപ്രവർത്തകരുടെ സമരം രണ്ടാഴ്ച പിന്നിട്ടിട്ടും അധികൃതർ കണ്ണുതുറക്കാതെ സമരക്കാരെ അവഹേളിക്കുകയാണ്. എന്നിട്ടും കരുത്തോടെ സമരരംഗത്ത് ഉറച്ചു നിൽക്കുകയാണ് അവർ. ആശമാരെപ്പോലെ ചെയ്യുന്ന ജോലിക്ക് വേതനം കിട്ടാതെ വലയുന്ന വലിയൊരു വിഭാഗമാണ് സ്കൂൾ പാചകത്തൊഴിലാളികൾ. സംസ്ഥാനത്താകെ പതിനെണ്ണായിരത്തോളം വരുന്ന ഇവരുടെ ശമ്പളം മുടങ്ങിയിട്ട് മൂന്നുമാസമായി. തുച്ഛമായ ശമ്പളം സർക്കാർ പല കാരണങ്ങൾ പറഞ്ഞ് നൽകാതിരിക്കുകയാണ്. ആശമാരെപ്പോലെ പാചക തൊഴിലാളികളും സമരരംഗത്തേക്കു കടന്നാൽ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങും. കുഞ്ഞുങ്ങളെ പട്ടിണിക്കിടേണ്ട എന്നു കരുതിയാണ് പാചകത്തൊഴിലാളികൾ സമരത്തിന് പുറപ്പെടാത്തത്. കുട്ടികളോടുള്ള ഈ കരുതൽ സർക്കാർ മുതലെടുക്കുകയാണ്.

ഡിസംബർ മുതലുള്ള ശമ്പളമാണ് പാചകത്തൊഴിലാളികൾക്ക് കിട്ടാനുള്ളത്. അതിന് മുൻപുള്ള മൂന്നു മാസത്തെ ശമ്പളത്തിൽ നിന്ന് ആയിരം രൂപ വീതം പിടിച്ചുവയ്ക്കുകയും ചെയ്തു. കേന്ദ്ര വിഹിതം കുറഞ്ഞുപോയെന്ന ന്യായമാണ് ഇതിനു പറയുന്നത്. ഇതെല്ലാം എന്നു നൽകുമെന്ന് ഒരുറപ്പുമില്ല.

കേന്ദ്രസർക്കാരിൽ നിന്ന് അനുവദിച്ചത് മുഴുവൻ കിട്ടിയില്ല എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, സംസ്ഥാനത്തിന്റെ വിഹിതം കഴിഞ്ഞ മൂന്നു മാസത്തെ കൊടുക്കുന്നുമില്ല. എല്ലാ മാസവും പത്താംതീയതിക്ക് മുൻപാണ് വേതനം ലഭിച്ചു കൊണ്ടിരുന്നത്. സംസ്ഥാനത്തെ സ്‌കൂൾ പാചകത്തൊഴിലാളികളിൽ തൊണ്ണൂറ്റിയഞ്ച് ശതമാനവും സ്ത്രീകളാണ്. അതിൽ തന്നെ അൻപത് വയസിന് മുകളിലാണ് എല്ലാവരും. സ്‌കൂളുകളിലെ അടുപ്പ് പുകഞ്ഞാൽ മാത്രമാണ് ഇവരുടെ വീടുകളിലും തീ പുകയുന്നത്. അഞ്ഞൂറ് കുട്ടികളുള്ള സ്‌കൂളിന് ഒരു പാചകത്തൊഴിലാളി എന്നതാണ് സർക്കാർ മാനദണ്ഡം. ഇത്രയും കുട്ടികൾക്ക് ഒരാൾ ഭക്ഷണമൊരുക്കുക എന്നത് ചെറിയ പണിയല്ലെന്ന് അധികൃതർക്ക് അറിയാം. എന്നിട്ടും പാചകത്തൊഴിലാളികളോട് കടുത്ത അനീതി കാട്ടുകയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

കൈനീട്ടി എത്രനാൾ

ഭർത്താക്കൻമാർ ഇല്ലാത്തവരും രോഗങ്ങൾ അലട്ടുന്ന ബന്ധുക്കളുമുള്ള വീട്ടമ്മമാരാണ് പാചകത്തൊഴിലാളികൾ. ജീവിക്കാൻ മറ്റു മാർഗമില്ലാതെ, അറിയാവുന്ന പാചകം ചെയ്തു ജീവിതം തള്ളിനീക്കുന്ന ഇവരാണ് വീടുകളുടെ അത്താണി, ദൈനംദിന ചെലവുകൾക്കൊപ്പം മക്കളുടെ വിദ്യാഭ്യാസ ചെലവും ഇവർക്കു കിട്ടുന്ന കുറഞ്ഞ വരുമാനത്തിൽ നിന്നു വേണം കണ്ടെത്തേണ്ടത്. പത്തനംതിട്ട പറക്കോട് ഒരു സ്കൂളിലെ പാചകത്തൊഴിലാളിയാണ് ലീലാമ്മ.
ഇവരുടെ ഭർത്താവ് രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് തളർന്ന് ജോലിക്ക് പോകാൻ കഴിയാതെ വിശ്രമത്തിലാണ്. ലീലാമ്മയുടെ ജോലിയിൽ നിന്നാണ് ഏക വരുമാനം. അതു മുടങ്ങിയതിനാൽ ഭർത്താവിന്റെ ചികിത്സയ്ക്ക് പണമില്ലാതെ പ്രയാസപ്പെടുന്നു. അദ്ധ്യാപകരും മറ്റും അത്യാവശ്യത്തിന് സഹായിക്കുന്നു. ഇങ്ങനെ കൈനീട്ടി എത്രനാൾ എന്നാണ് ലീലാമ്മ ചോദിക്കുന്നത്. ലീലാമ്മയെപ്പോലെ പാചക വരുമാനത്തെ ആശ്രയിച്ചു കഴിയുന്നവർ സ്‌കൂൾ പാചകപ്പുരയിൽ കണ്ണീർ വാർക്കുകയാണ്. ഒരു പാചകത്തൊഴിലാളിക്ക് ഒരു ദിവസത്തെ വേതനം അറുന്നൂറ് രൂപയാണ്. ഇതിൽ കേന്ദ്രവിഹിതം അറുപത് ശതമാനവും സംസ്ഥാന വിഹിതം നാൽപ്പതു ശതമാനവുമാണ്. കേന്ദ്രത്തിൽ നിന്ന് വിഹിതം ലഭിക്കാത്തതുകൊണ്ടാണ് തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ കഴിയാത്തതെന്ന് സംസ്ഥാന സർക്കാർ വാദിക്കുന്നു. ആശ വർക്കർമാരുടെ സമരത്തിലും സർക്കാർ നിലപാട് ഇങ്ങനെയാണ്. എന്നാൽ, മറ്റു സംസ്ഥാനങ്ങൾ ഇതേപോലെ കേന്ദ്ര വിഹിതത്തിനായി കലഹിക്കുന്നത് കേൾക്കുന്നില്ല. ഇതിൽ നിന്ന് മനസിലാക്കേണ്ടത് കേന്ദ്രത്തിൽ നിന്ന് ചോദിച്ചുവാങ്ങാനുള്ള സംസ്ഥാനത്തിന് ത്രാണിയില്ല, അല്ലെങ്കിൽ കേന്ദ്രത്തിൽ നിന്ന് കിട്ടിയത് വകമാറ്റി ചെലവഴിച്ചുവെന്നാണ്.

സംസ്ഥാനം ഭരിക്കുന്നത് തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്നവരുടെ സർക്കാരാണ്. താഴേത്തട്ടിലുള്ള തൊഴിലാളികളെ കൈപിടിച്ചുയർത്തി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ബാദ്ധ്യതയുളളവരാണ് ഇടതുപക്ഷ സർക്കാർ. പക്ഷെ, കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത സമീപനപമാണ് പാചകത്തൊഴിലാളികളോടും ആശാ പ്രവർത്തകരോടും കാണിക്കുന്നത്.

തൊഴിലാളികളുടെ

സർക്കാർ ഇങ്ങനെ ചെയ്യാമോ

സർക്കാർ അവഗണന കാരണം പാചകതൊഴിലാളികളും ആശാവർക്കർക്കമാരും മറ്റുള്ളവരും ദാരിദ്ര്യത്തിന്റെ കാണാക്കയത്തിലേക്ക് തള്ളപ്പെട്ട ദിവസങ്ങളിൽ തന്നെയാണ് രാഷ്ട്രീയ അടിസ്ഥാനത്തിൽ നിയമനം ലഭിച്ച പബ്ളിക് സർവീസ് കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ ഉയർത്തിയത്. കാര്യമായ ജോലിയൊന്നുമില്ലാതെ ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തുന്ന ഇവർക്ക് എന്തിനാണ് പ്രതിമാസം മൂന്ന് ലക്ഷത്തിനു മുകളിൽ ശമ്പളവും സർക്കാരിന്റെ യാത്രാപ്പടിയും.

പട്ടിണി സഹിച്ച് സ്കൂൾ കുട്ടികളെ അന്നമൂട്ടുകയാണ് പാചക തൊഴിലാളികൾ. മിക്കപ്പോഴും സ്കൂൾ അദ്ധ്യാപകരുടെ കാരുണ്യം കൊണ്ടാണ് തൊഴിലാളികൾ പിടിച്ചുനിൽക്കുന്നത്. എന്നെങ്കിലും ഉള്ള ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലാണ് അവർ ദിവസവും ജോലിക്കു വരുന്നത്. ലഭിക്കുന്ന ശമ്പളം കടം വീട്ടാനാണ് ഉപയോഗിക്കുന്നത്. കൃത്യസമയത്തു കിട്ടേണ്ട വരുമാനം രണ്ടും മൂന്നും മാസം താമസിക്കുമ്പോൾ തൊഴിലാളികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല. ജീവിതത്തിന്റെ താളം തെറ്റുമ്പോൾ പലരോടും കടം പറയേണ്ടി വരും. ഇതാവർത്തിക്കുമ്പോൾ അത്യാവശ്യത്തിന് സഹായിച്ചവരും മുഖം കറുത്ത് സംസാരിക്കും. സർക്കാർ കാണിക്കുന്ന അനാസ്ഥയ്ക്ക് തൊഴിലാളികൾ വലിയ വില നൽകേണ്ടിവരുന്നു.

സ്കൂളുകളിൽ വാർഷിക പരീക്ഷ അടുക്കുകയാണ്. അദ്ധ്യയന വർഷം തീർന്നാലും പാചകതൊഴിലാളികളുടെ വേതനം ലഭിക്കുമോ എന്നു സംശയമാണ്. ആശ പ്രവർത്തകരെപ്പോലെ പാചകത്തൊഴിലാളികളെയും പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ ജാഗ്രതയോടെ ഇടപെടേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION