SignIn
Kerala Kaumudi Online
Sunday, 31 May 2026 2.24 AM IST

പൂക്കി വാക്കിൻ പൂക്കാലം

d

“അമ്മേ… ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ഭയങ്കര 'ഡ്രിപ്പ് ' ആയിരുന്നു.

മകൻ പറഞ്ഞത് കേട്ട് അമ്മ തലപുകച്ചു, എന്താണ് 'ഡ്രിപ്പ്'?

അച്ഛൻ ഫാമിലി ഗ്രൂപ്പിൽ പതിവ് പോലെ പ്രാവ് പൂവ് കടിച്ച ഫോട്ടോയിലൊരു ഗുഡ് മോർ‌ണിംഗ് അയച്ചു.

അരികിലെത്തിയ മകൻ അച്ഛനൊപ്പം സെൽഫിയെടുത്ത് ഇൻസ്റ്റഗ്രാമിൽ ക്യാപ്ഷനിട്ടു, വിത്ത് മെെ 'പൂക്കി'ഡാഡ്! അർത്ഥമറിയാതെ അച്ഛനും കുഴങ്ങി.

വലിയ ബാഗി ജീൻസും ക്രോപ് ടോപ്പും കഴുത്തിലൊരു ചോക്കറും കൈയിൽ നിറയെ കൊറിയൻ സ്റ്റൈൽ ബ്രേസ്ലെറ്റുകളുമായി പുറത്തിറങ്ങിയ കൊച്ചുമകളെ കണ്ട അമ്മൂമ്മ ചോദിച്ചു.

“ഇതൊക്കെ എന്ത് ഫാഷനാ മോളെ''? ഉടൻ വന്നു മറുപടി ''ഇതാണമ്മമ്മേ ജെൻസി വെെബ്''..!

ജെൻസി-ആൽഫ പിള്ളേരെ മനസിലാക്കാൻ സാധാരണ അറിവ് മാത്രം പോരാ. കുറച്ച് സോഷ്യൽ മീഡിയ വിജ്ഞാനം കൂടി വേണം. ബ്രേക്ക് ഫാസ്റ്റ് ഭയങ്കര 'ഡ്രിപ്പ്' ആയെന്നാൽ ട്രെൻഡി അഥവാ സ്‌റ്റൈലിഷായിട്ടുണ്ടെന്നാണ്. 'പൂക്കി 'യെന്നാൽ ഏറെ സൗന്ദര്യമുള്ളതെന്നും. അങ്ങനെ നിരവധി പ്രയോഗങ്ങളും പുത്തൻ വാക്കുകളുമായി ജെൻസികളുടെ ന്യൂജൻ നിഘണ്ടു പൂത്തുതളിർക്കുകയാണ്.

വസ്ത്രങ്ങളിൽ, ഇമോജികളിൽ, റീലുകളിൽ, സ്റ്റാറ്റസുകളിൽ, ആംഗ്യങ്ങളിൽ, പ്രണയരീതികളിൽ അങ്ങനെ എല്ലായിടത്തും അവർക്ക് സ്വന്തമായൊരു 'ന്യൂജൻ എക്സ്പ്രഷൻ' ഉണ്ട്.

1997നും 2012നും ഇടയിലുള്ള ജെൻ സെഡുകാരുടേയും 2010നും 2024നും ഇടയിലുള്ള ആൽഫ ജനറേഷനുമിടയിൽ പുതിയ വാക്കുകളുടേയും രീതികളുടേയും നീണ്ട നിരയാണുള്ളത്. മില്ലേനിയേഴ്സ് അഥവാ 1996ന് മുൻപ് ജനിച്ചവർക്കാണെങ്കിൽ ഇതൊന്നും മനസിലാകാത്ത സ്ഥിതിയും. അഞ്ച് മിനിറ്റ് അവരുടെ കൂടെയാന്നിരുന്നാൽ വേറൊരു ലോകത്തെന്ന് തോന്നും. മറ്റുള്ളവരോട് ഇടപഴകാനും ആശയങ്ങൾ അവതരിപ്പിക്കാനും ചുരുങ്ങിയ വാക്യങ്ങളും പുതുസൃഷ്ടികളുമാണ് ആധാരം. സമൂഹമാദ്ധ്യമങ്ങളിൽ ഉപയോഗിച്ചു തുടങ്ങിയ ശെെലി പിന്നീട് ജീവിതത്തിന്റെ ഭാഗമായി. ഇപ്പോൾ സംസാരങ്ങളെല്ലാം ലളിതവും ചുരുങ്ങിയതുമായ ജെൻ സെഡ് വൈബിൽ!

വികാരങ്ങൾ പ്രകടിപ്പിക്കാനാവട്ടെ ഇമോട്ടിക്കോണുകളും(ചിഹ്നഭാഷ) ഇമോജികളുമുണ്ട്. കാലം മാറുന്നതിനനുസരിച്ച് പുതിയ പദങ്ങൾ വരുകയും പഴയത് ഔട്ടാകുകയും ചെയ്യും.

'വെെബ്' എന്ന വാക്ക്കുറച്ചു പഴയതായത് പോലെ. ഔട്ടായ പഴയ വാക്കുകൾ ഇപ്പോഴും ഉപയോഗിക്കുന്നത് ജെൻസികൾക്കിടയിൽ സ്വീകാര്യത കുറയ്ക്കും. അപ്ഡേറ്റ‌ഡല്ല എന്ന തോന്നലുണ്ടാക്കും. എന്നാൽ 1996ന് മുൻപുള്ള മില്ലേനിയൻസ് ഈ വാക്കുകളെല്ലാം പഠിച്ചു വരുന്നേയുള്ളൂ. നയന്റി കിഡ്സിന് ഇപ്പോഴും അടിപൊളി കഴിഞ്ഞൊരു വാക്കില്ല. ജെൻസികൾക്കിടയിൽ പിടിച്ചു നിൽക്കാൻ പെടാപ്പാടുപെടുന്ന അവസ്ഥയിലാണ് മില്ലേനിയൻസ്. ഈ വാക്കുകൾക്ക് പ്രത്യേക ഉറവിടം ഇല്ല. പോപ്പുലർ സംഗീതം, നവമാദ്ധ്യങ്ങൾ, അന്യഭാഷാ ചിത്രങ്ങൾ, ഗെയിമുകൾ എന്നിങ്ങനെയുള്ള ഏതിടങ്ങളും പുത്തൻവാക്കുകളുടെ ശ്രോതസാണ്. ചിലപ്പോൾ സ്വന്തമായി സൃഷ്ടിച്ചെടുക്കുന്ന വാക്കുകൾ പോലും വളരെ വേഗത്തിൽ ക്ലിക്കാകും.

 എന്തും തൂക്കും

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൂക്കി എക്സ്‌പ്രഷൻ ട്രെൻഡായത് നിമിഷം കൊണ്ടാണ്. സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റോ, ട്രോളോ, റീലോ വളരെ അനായാസം ഗംഭീരമാക്കുക അല്ലെങ്കിൽ എടുത്തു കാണിക്കുക എന്ന അർത്ഥത്തിലാണ് 'തൂക്കി' യുടെ പ്രയോഗം 'തൂക്കി എറിഞ്ഞു' എന്ന അർത്ഥത്തിലും ഇത് ഉപയോഗിക്കുന്നുണ്ട്. കണ്ടന്റ് ക്രിയേറ്ററായ പ്രയാഗ് മിശ്ര സോഷ്യൽ മീഡിയയിൽ ഉപയോഗിച്ച 'ബിഗ് പൂക്കി' എന്ന പ്രയോഗത്തിൽ നിന്നാണ് ഈ വാക്ക് ജെൻസിയിലേക്കെത്തുന്നത്. മുഖ്യമന്ത്രിക്കൊപ്പം തന്നെ'ഓറ'യുമായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനും സോഷ്യൽ മീഡിയയിൽ തിളങ്ങുന്നുണ്ട്. ഒരാളുടെ വ്യക്തിത്വത്തെയും അവർ പുറപ്പെടുവിക്കുന്ന ഊർജ്ജത്തെയുമാണ് 'ഓറ' എന്ന് പറയാറുള്ളത്. പൊസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ഓറ എന്നും പറയാറുണ്ട്.

 കബഡിയല്ല, സ്കിബിഡി

സാഹചര്യത്തിനനുസരിച്ച് എന്ത് അർത്ഥം വേണമെങ്കിലും നൽകാവുന്ന മറ്റൊരു ജെൻസി വാക്കാണ് 'സ്കിബിഡി'. പ്രത്യേകമായി ഒരർത്ഥമില്ല. തമാശയായും മോശം വാക്കായും സ്കിബിഡിയെ ഉപയോഗിക്കുന്നുണ്ട്. അലക്‌സി ജെറാസിമോവ് എന്ന വ്യക്തി 2023ൽ യുട്യൂബിൽ പുറത്തിറക്കിയ 'സ്‌കിബിഡി ടോയ്ലറ്റ്' എന്ന അനിമേഷൻ സീരിസിലൂടെയാണ് സ്കിബിഡിയുടെ വരവ്. 'ക്രിഞ്ച്' ഇന്ന് വളരെയേറെ പോപ്പുലറാണ്. മോശം സാഹചര്യം, അമിത അഭിനയം, നിർബന്ധിത പ്രണയം അങ്ങനെ എന്തെങ്കിലും ഇഷ്ടപ്പെടാതിരുന്നാൽ അപ്പോൾ വരും, ''ബ്രോ അത് ഫുൾ ക്രിഞ്ചാണേ...'' വന്ന് വന്ന് ക്രിഞ്ച് ജെൻസി കോടതിയിലെ ഏറ്റവും വലിയ അപമാനവാക്കായി. 2023 ഓക്‌സോഫോർഡിന്റെ വേർഡ് ഒഫ് ദി ഇയർ അവാർഡ് നേടിയൊരു ജെൻസി വാക്കുണ്ട് 'റിസ്സ്'. കാല്പനികത എന്നാണർത്ഥം. വ്യക്തി പ്രഭാവത്തെ സൂചിപ്പിക്കുന്ന വാക്കാണിത്. പലപ്പോഴും ജെൻ, ആൽഫയുടെ നിഘണ്ടുവിൽ റിസ്സ് കറങ്ങി കളിക്കാറുണ്ട്.

നിവിൻ പോളിയുടെ സർവം മായയിലാണ് 'ഡെലുലു' തരംഗമയതെങ്കിൽ അതിനും മുന്നേ ജെൻസികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. യഥാർഥമോ സത്യമോ ആയ കാര്യം വിശ്വസിക്കുക എന്ന അർത്ഥത്തിലാണിതിൻ പ്രയോഗം. സ്വന്തം ഫാന്റസി ലോകത്തിൽ ജീവിക്കുന്നവരെ തമാശയായി വിളിക്കാൻഉപയോഗിക്കുകയും ചെയ്യും. സ്റ്റെലിഷായി വസ്ത്രം ധരിച്ചാലോ, നടന്നാലോ ജെൻസി പറയും 'സ്ളെ' ആയിട്ടുണ്ടെന്ന്. നന്നായി, സ്റ്റെലിഷായി എന്നൊക്കൊണ് അർത്ഥം. അതേസമയം ജെൻസികൾ തള്ളിയ എന്നാലിന്നും ഉപയോഗത്തിലുള്ള 'വെെബ്'ന് മില്ലേനിയൻസിനിടയിൽ പ്രചാരം കൂടുതലാണ്. ഒരു സ്ഥലം ഇഷ്ടപ്പെട്ടാലും, ആളെ ഇഷ്ടപ്പെട്ടാലും, ഒരു മഴ, ഒരു പാട്ട്, ഒരു ചായ, ഒരു രാത്രി എല്ലാത്തിലും 'വെെബ്' ഉണ്ട്.

 പൂക്കി പോസിൽ നിറയും ഹൃദയം

വാക്കുകൾ മാത്രമല്ല ജെൻസി-ആൽഫ നിഘണ്ടുവിലുള്ളത്. കുറച്ചധികം ആംഗ്യങ്ങളും ഇമോജികളുമുണ്ട്.

തള്ളവിരലും ചൂണ്ടു വിരലും കുറുകെ പിടിച്ച് ചെറിയൊരു ഹാർട്ട് ചിഹ്നം ഉണ്ടാക്കി ഫോട്ടോയ്ക്കും അല്ലാതെയും പോസ് ചെയ്യും. സ്നേഹം പ്രകടിപ്പിക്കലാണ് ഇതിന്റെ അർത്ഥം. പൂക്കി ഫോട്ടാകൾ, പൂക്കി പോസ് എന്നെല്ലാം ഇതറിയപ്പെടും. കൊറിയയിൽ നിന്നാണ് ഈ ആംഗ്യത്തിന്റെ വരവ്. കൊറിയൻ പോപ്പ് ഗായകർ 90കളിൽ അവരുടെ ആരാധകരോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ചിഹ്നമാണിത്. ഇതോടൊപ്പം വെെബ് പറയാൻ തള്ളവിരലും ചെറുവിരലും മാത്രം ഉർത്തി മറ്റ് വിരലുകൾ മടക്കി ചെറിയൊരു എൽ ഷെയിപ്പ് ഉണ്ടാക്കുന്നതും കൂടുതലാണ്. ചൂണ്ട് വിരലും നടുവിരലും ഉയർത്തി രണ്ടെന്ന പോസ് കാണിക്കുന്നത് ഞങ്ങൾ ട്രെൻഡിംഗ് പിള്ളാരാണ്, യോയോ ടീമാണ് എന്നെല്ലാം പറയാനാണ്. ഫോട്ടോ എടുക്കുമ്പോഴാണ് ഇത്തരത്തിലുള്ള ആംഗ്യങ്ങളുടെ പേമാരി.

പൊളിയാണ് ഫാഷനും

ഇറുകിപ്പിടിച്ചുകിടക്കുന്ന വസ്ത്രങ്ങളോട് എന്നേ ബെ ബെ പറഞ്ഞവരാണ് ജെൻസികൾ. കംഫർട്ടാണ് മുഖ്യം. സ്വതന്ത്രമായി നടക്കാൻ ഏതു വസ്ത്രമാണോ ആത്മവിശ്വാസം നൽകുന്നത്, അതാണ് ഫാഷൻ. താൻ ആരാണ് എന്ന് പറയാനുള്ള സെൽഫ് എക്സ്പ്രഷൻ വേദി കൂടിയായി അവർ ഫാഷനെ കാണുന്നു. 'ബാഗി ജീൻസും ക്രോപ് ടോപ്പുമെല്ലാം സ്റ്റെൽ സ്റ്റേറ്റ്മെന്റുകളാണ്. 90കളിലും 2000ത്തിന്റെ തുടക്കത്തിലും ഹിറ്റായിരുന്ന പഴയതും പുതിയതും ചേർന്ന മിശ്ര സ്റ്റൈലുകൾ പിൻതുടരുമ്പോഴും ലളിതവും ആകർഷകവുമായ കൊറിയൻ സ്റ്റൈലുകളിലും ജെൻസികൾക്ക് വെെബാണ്. അധികം ടൈറ്റ് അല്ലാത്ത അയഞ്ഞ വസ്ത്രങ്ങൾ, ലെയറിംഗ് , ഓവർസൈസ്ഡ് ജാക്കറ്റുകൾ, ഹൈ-വെയ്സ്റ് പാന്റുകൾ എന്നീ കൊറിയൻ വസ്ത്രങ്ങളോടാണ് ജെൻസിയ്ക്ക് താത്പര്യം.

ലോ റൈസ് പാന്റ്സ്, കാർഗോ പാന്റ്സ് എല്ലാം റീ-എൻട്രി നേടി. ലൂസ് ഫിറ്റ് ടോപ്പുകൾ, ഫ്ലോറൽ, സ്റ്റ്രൈപ്പ്ഡ് ഡിസൈൻസ് ടോപ്, ഫുൾ സ്ലീവ്, സ്ലീവ് ലെസ് ടോപ് എന്നിവയാണു കോംബോ. ഗേൾസിനിടയിൽ കളറടിച്ചതും ക്രോപ് ചെയ്ത ഹെയർസ്റ്റൈലുമാണു താരം.

കൊറിയക്കാരുടെ ഗ്ലാസ് സ്കിന്നാണ്' (തിളക്കമുള്ളതും മൃദുവായതുമായ ചർമ്മം)ജെൻസിയ്ക്കിന്ന് വേണ്ടത്. കൊറിയൻ ഷീറ്റ് മാസ്കുകൾ, ഹൈഡ്രേറ്റിംഗ് സെറം, ലിപ് ടിന്റുകൾ, ഫൗണ്ടേഷൻ, ലിപ് സ്റ്റിക്കുകളെല്ലാം ജെൻസിക്കാരുടെ പൗച്ചിലുണ്ടാകും. മാത്രമല്ല കൊറിയൻ പരമ്പരകളും ബി.ടി.എസ് അടക്കമുള്ള സംഗീത ബാൻഡുകളുടെ പാട്ടുകളും ഹിറ്റാണ്. ഇവരിലധികവും കൊറിയൻ താരങ്ങളുടെ ആരാധകരും.

പ്രണത്തിലുമുണ്ട് നിഘണ്ടു

സാമൂഹിക മാദ്ധ്യമങ്ങളുടെ ലോകത്ത് പ്രണയബന്ധങ്ങളും ഡേറ്റിംഗുമെല്ലാം ജെൻസി തലമുറ പുതിയ വാക്കുകളിലൂടെയും ശൈലികളിലൂടെയും പൊളിച്ചെഴുതുകയാണ്. പ്രണയം ബ്രേക്കപ്പ് ആയാലും

സോഷ്യൽ മീഡിയയിൽ പരസ്പരം പോസ്റ്റുകൾ ലൈക്ക് ചെയ്യുക, സ്റ്റോറികൾ കാണുക, കമന്റുകൾ ഇടുക എന്നത് 'ഓർബിറ്റിംഗ്' ആണ്. ഇനിയിപ്പോൾ ബന്ധത്തിന്റെ തുടക്കത്തിൽ അമിത സ്നേഹവും ശ്രദ്ധയും നൽകി പിന്നീട് വൈകാരികമായി ചൂഷണം ചെയ്താൽ 'ലവ് ബോംബിംഗ്'. പ്രണയം ഔദ്യോഗികമായി പ്രഖ്യാപിക്കാതെ ചെറിയ ക്യൂ മാത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാൽ അത് ' സോഫ്റ്റ് ലോംഞ്ചിംഗും'. ഒടുവിൽ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ 'ഹാർഡ് ലോഞ്ചുമായി'. പങ്കാളിയുടെ കമ്മിറ്റ്മെന്റ് പരിശോധിക്കാൻ ഫേക്ക് ബ്രേക്കപ്പ് നടത്തിയാലോ അത് 'ഫേക്കപ്പ്സ്'. സൗഹൃദത്തിനും പ്രണയത്തിനും ഇടയിലെ കൺഫ്യൂസിംഗ് സ്റ്റേജ് 'സിറ്റുവേഷൻഷിപ്പ്'. മാറുന്ന കാലത്തിൽ ജെൻസിക്കൊപ്പം ഉയരാതെ മാറിയിരുന്നാൽ ഉടനെത്തും തരംഗമായ വാക്ക്, ''അയ്യേ,​ തന്ത-തള്ള വെെബെന്ന്''. സംഭരിച്ച കോൺഫിഡൻസെല്ലാം അതോടെ ചോർന്ന് പോകും. ജെൻസിയുടെ പുത്തൻ ഭാഷയും ആംഗ്യങ്ങളും തിരിച്ചറിഞ്ഞില്ലെങ്കിൽ പുതുതലമുറയോടുള്ള സംഭാഷണം കടുകട്ടിയാകുമെന്ന് മാത്രമല്ല നമ്മൾ വസന്തങ്ങളുമാവും!

 ഇതാ ചില ജെൻസി വാക്കുകൾ (ബോക്സിൽ )

സസ് -സംശയാസ്പദമായത്
ഗുച്ചി-നല്ലത്
ലിറ്റ്- ശ്രേഷ്ടമായത്
കാപ്-സത്യമല്ലാത്തൽ
ടി- ഗോസിപ്പ്
കുക്ക്- നന്നായി ചെയ്യു
ബസ്സിൻ- നല്ലത്
ബെറ്റ്- ഒക്കെ അഥവാ സമ്മതം
ബോപ്- ആകർഷകമായ ഗാനം അല്ലെങ്കിൽ സംഗീതം
ഗോട്ട്-എക്കാലത്തെയും മികച്ചത്
ബിഗ് യൈക്സ്- അസ്വസ്ഥത, കയ്പ് അല്ലെങ്കിൽ അലോസരം
സിഗ്മ-നല്ലത് അഥവാ സ്വതന്ത്രൻ
സ്റ്റാൻ- ആത്മാർഥതയുള്ള ആരാധകൻ
ബൗജി- ആഡംബരം
ഗ്ലോ അപ്പ്- പോസിറ്റിവ്

ബ്രെയിൻ റോട്ട് - ചിന്താശേഷി നശിക്കുന്ന അവസ്ഥ

നോ ക്യാപ് - സത്യം, അതിശയോക്തി അല്ല, ശുദ്ധമായ സത്യസന്ധത!

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION