SignIn
Kerala Kaumudi Online
Saturday, 30 May 2026 4.07 AM IST

ഇടുക്കി ശരിക്കും മിടുമിടുക്കി

a

പരിമിതികളുടെയും പ്രതിസന്ധികളെയും കുന്നിറക്കി ഇടുക്കി ജില്ല കൈവരിച്ചത് ഹയർ സെക്കൻഡറി പരീക്ഷാ ചരിത്രത്തിലെ ഏറ്റവും വലിയ തിളക്കമാർന്ന വിജയമാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന വിജയശതമാനം കുറിച്ച് ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷാ ഫലത്തിൽ ഇടുക്കി ജില്ല ഒന്നാം സ്ഥാനത്ത് എത്തി. വന്യമൃഗ ശല്യവും യാത്രാക്ലേശവും ഭൂപ്രകൃതിയുടെ വെല്ലുവിളികളും നിറഞ്ഞ മലയോര മേഖലയിൽ നിന്ന് കൈവരിച്ച ഈ നേട്ടത്തിന് പത്തരമാറ്റ് തിളക്കമുണ്ട്. ഇത്തവണ 84.64 ശതമാനം വിജയമാണ് ഇടുക്കി ജില്ല സ്വന്തമാക്കിയത്. ജില്ലയിലെ 80 സ്‌കൂളുകളിൽ നിന്നായി പരീക്ഷയ്ക്കായി 9444 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 9404 പേർ പരീക്ഷയെഴുതുകയും 7960 പേർ ഉപരിപഠനത്തിന് അർഹത നേടുകയും ചെയ്തു. 936 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ജില്ലയുടെ അഭിമാനമുയർത്തിയത്. വിജയശതമാനത്തിൽ എറണാകുളം (83.56%), തൃശ്ശൂർ (82.09%), കോട്ടയം (81.68%) എന്നീ ജില്ലകളാണ് ഇടുക്കിക്ക് തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞ വർഷം ജില്ല നേടിയത് 83 ശതമാനം വിജയമായിരുന്നു, അന്ന് സംസ്ഥാന അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്തെത്താൻ ജില്ലയ്ക്ക് സാധിച്ചിരുന്നു. അതിനു മുമ്പ് 2024ൽ 83.44 ശതമാനമായിരുന്നു വിജയശതമാനം. കഴിഞ്ഞ രണ്ട് അദ്ധ്യയന വർഷങ്ങളിലും തുടർച്ചയായി രണ്ടാം സ്ഥാനം നിലനിർത്തിയ ശേഷമാണ് ഇടുക്കി ഇപ്പോൾ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. ചിട്ടയായ പഠനവും അദ്ധ്യാപകരുടെ പിന്തുണയുമാണ് വിദ്യാർത്ഥികളെ ഈ വിജയ പടവുകൾ ചവിട്ടാൻ പ്രാപ്തരാക്കിയത്.

റെക്കാഡ് വിജയവും വിദ്യാലയങ്ങളുടെ മുന്നേറ്റവും

വിജയക്കുതിപ്പിൽ ജില്ലയിലെ സ്‌കൂളുകളുടെ പങ്കും ഇത്തവണ എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ തവണ ജില്ലയിൽ നാല് സ്‌കൂളുകൾ മാത്രമായിരുന്നു നൂറുമേനി വിജയം നേടിയിരുന്നതെങ്കിൽ ഇത്തവണ അത് ഏഴായി വർദ്ധിച്ചു. പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ്, മരിയാപുരം സെന്റ് മേരീസ് എച്ച്.എസ്.എസ്, പുറപ്പുഴ സെന്റ് സെബാസ്റ്റിയൻസ് എച്ച്.എസ്.എസ്, മേരികുളം സെന്റ് മേരീസ് എച്ച്.എസ്.എസ്, പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ്, തൊടുപുഴ ജയ്റാണി ഇ.എം.എച്ച്.എസ്.എസ്, അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ് എന്നിവടങ്ങളിലാണ് നൂറു ശതമാനം വിജയം കൈവരിച്ചത്. അതേസമയം, വാഗവരൈ ഗവ. എച്ച്.എസ്.എസിൽ 32 പേർ പരീക്ഷയെഴുതിയതിൽ 4 പേർ മാത്രമാണ് വിജയിച്ചത്. 12.5 ആണ് ഇവിടുത്തെ വിജയശതമാനം. മറ്റ് വിഭാഗങ്ങളിലും ജില്ല മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 74.92% വിജയമാണ് ജില്ല നേടിയത്. ഇവിടെ 905 കുട്ടികൾ പരീക്ഷ എഴുതിയതിൽ 678 പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 75.69% ആയിരുന്നു. ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 192 കുട്ടികൾ പരീക്ഷ എഴുതിയതിൽ 139 പേർ ഉപരിപഠനത്തിന് അർഹത നേടി, 72.4 ശതമാനമാണ് വിജയം. ഈ വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടാൻ ഇടുക്കിക്ക് കഴിഞ്ഞു. ഏഴു പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇവിടെ 69.93 ശതമാനമായിരുന്നു വിജയം. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 298 കുട്ടികൾ പരീക്ഷ എഴുതിയതിൽ 125 പേർ വിജയിച്ചു, 41.95 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ ഇത് 44.51 ശതമാനമായിരുന്നു. ഈ വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആരുമില്ല.

ഇരട്ടി അധ്വാനത്തിന് ഇരട്ടി മധുരം

'ഇവിടുത്തെ കാറ്റാണ് കാറ്റ്... ഇവിടുത്തെ വിജയമാണ് വിജയം...!" എന്ന് അഭിമാനത്തോടെ വിളിച്ചുപറയാൻ തക്കവണ്ണം പരിമിതികളെ കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും അതിജീവിച്ചാണ് മലയോരത്തിന്റെ മക്കൾ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. മറ്റു 13 ജില്ലകളിൽ നിന്നും വ്യത്യസ്തമായി ഭൂപ്രകൃതി കൊണ്ടും യാത്രാ സൗകര്യങ്ങളുടെ അസൗകര്യങ്ങൾ കൊണ്ടും സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾ കൊണ്ടും ഒരുപാട് ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടുമാണ് ഇവിടത്തെ കുട്ടികളും അദ്ധ്യാപകരും സ്‌കൂളിൽ എത്തുന്നത്. പുലർച്ചെ നാലിനും അഞ്ചിനും എഴുന്നേറ്റ് മണിക്കൂറുകൾ നടന്നോ, പിന്നീട് പല വാഹനങ്ങൾ മാറിയോ ഒക്കെയാണ് ഇവർ വിദ്യാലയങ്ങളിൽ എത്തിച്ചേരുന്നത്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഇരട്ടി അദ്ധ്വാനിക്കുന്ന കുട്ടികളും അദ്ധ്യാപകരുമാണ് ഇടുക്കിയിലുള്ളത്. ആ ഇരട്ടി അദ്ധ്വാനമാണ് ഇപ്പോൾ ഇരട്ടി മധുരമായി മാറിയിരിക്കുന്നത്. ഈ വിജയത്തിന്റെ നേരവകാശികൾ ഇവിടത്തെ വിദ്യാർത്ഥികളാകുമ്പോൾ, തികഞ്ഞ പ്രൊഫഷണലിസം മാതൃകയാക്കിയ അദ്ധ്യാപകരെയും മറന്നുകൂട. കുട്ടികൾക്ക് വേണ്ടി സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവെച്ച് ത്യാഗം ചെയ്തവരാണ് അവർ. ഒപ്പം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന രക്ഷിതാക്കളുടെ പ്രയത്നവും ഇതിനുപിന്നിലുണ്ട്. ഹയർ സെക്കൻഡറിയിൽ മികച്ച വിജയം നേടിയെടുക്കുമ്പോൾ എൽ.പി വിഭാഗം മുതൽ ഹൈസ്‌കൂൾ തലം വരെ കുട്ടികളെ പരിശീലിപ്പിച്ച അദ്ധ്യാപകർക്കും സ്‌കൂളുകൾക്കും ഈ വിജയത്തിൽ ഒരുപോലെ അഭിമാനിക്കാം. സ്‌കൂൾ എയ്ഡഡ് മാനേജ്‌മെന്റുകൾ, പ്രത്യേകിച്ചും ഹൈറേഞ്ചിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വർഷങ്ങളായി വഹിച്ചിട്ടുള്ള സുപ്രധാനമായ പങ്ക് നിസ്തുലമാണ്. കഠിനമായ പ്രയത്നത്തിന്റെ ഫലമാണിത്. നമ്മുടെ ഭാവി തലമുറ നേടിത്തന്ന ഈ മഹാവിജയത്തിൽ, ഈ മണ്ണിൽ കഠിനാധ്വാനം ചെയ്ത് രക്തവും വിയർപ്പുമൊഴുക്കി കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ പൂർവ്വികർ ഇന്നത്തെ തലമുറയെ ഓർത്ത് തീർച്ചയായും അഭിമാനിക്കുന്നുണ്ടാകും എന്ന് നിസ്സംശയം പറയാൻ കഴിയും. തങ്ങൾ ആഗ്രഹിച്ച നേട്ടം തങ്ങളുടെ പിൻതലമുറ തടസ്സങ്ങളെല്ലാം മറികടന്ന് സ്വന്തമാക്കിയിരിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY