SignIn
Kerala Kaumudi Online
Saturday, 30 May 2026 4.07 AM IST

അറിവിനായി പൊരുതിയ അക്ഷരമോഹി

d

കേരളത്തിന്റെ ഭാഷാ സാഹിത്യ ചരിത്രത്തിൽ എന്നും നിലനിൽക്കുന്ന നാമമാണ് പദ്മശ്രീ ഡോ. വെള്ളായണി അർജുനന്റേത്. 2026 മേയ് 31, അദ്ദേഹത്തിന്റെ മൂന്നാം ചരമവാർഷിക ദിനമാണ്. 1933 ഫെബ്രുവരി 10-ാം തീയതി തിരുവനന്തപുരം ജില്ലയിലെ വെള്ളായണി എന്ന ഒരു കൊച്ചുഗ്രാമത്തിലാണ് അർജുനൻ ജനിച്ചത്. പിതാവ് പി.ശങ്കരപ്പണിക്കർ. മാതാവ് നാരായണി അമ്മ. ഒരു സാധാരണ കുടുംബം. അവരുടെ ഏകപുത്രനാണ് അർജുനൻ.

താഴ്ന്ന ക്ലാസിൽ പഠിക്കുമ്പോൾതന്നെ കവിതാരചനയിൽ അർജുനന് നൈസർഗികമായ അഭിരുചി ഉണ്ടായിരുന്നു. സാഹിതി, സത്യവാദി, ചെങ്കൊടി തുടങ്ങിയ മാസികകളിൽ അർജുനന്റെ പല കവിതകളും അക്കാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ന് കെ. ബാലകൃഷ്ണൻ പത്രാധിപരായുള്ള 'കൗമുദി' വാരിക ജ്വലിച്ചു നിൽക്കുന്ന സമയം. അതിൽ ഒരു കവിത പ്രസിദ്ധീകരിച്ചു കിട്ടാൻ അർജുനന് എന്തെന്നില്ലാത്ത ആഗ്രഹം. എഴുതിയതിൽ വച്ച് ഏറ്റവും നല്ലതെന്നു തോന്നിയ ഒരു കവിതയുമായി കൗമുദി ബാലകൃഷ്ണനെ സമീപിച്ചു.

എഡിറ്റോറിയൽ എഴുതി തീർക്കുന്ന തിരക്കിലായിരുന്നിട്ടും കൈകൂപ്പി നിൽക്കുന്ന അർജുനനെ കണ്ടയുടൻ അദ്ദേഹത്തിന്റെ ചോദ്യം, 'എന്താ വിശേഷം'? സർ,​ ഞാൻ അർജുനൻ. തിരുവനന്തപുരത്ത് ചാല സ്കൂളിൽ ഇ.എസ്.എൽ.സിക്ക് പഠിക്കുന്നു. ഞാനാണ് സ്കൂളിലെ മാഗസിൻ എഡിറ്ററും സാഹിത്യസമാജം സെക്രട്ടറിയും. ഞാനെഴുതിയ കവിതകളിൽ ചിലത് മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കവിത അദ്ദേഹത്തിനു നേരെ നീട്ടിയിട്ട് ഞാനെഴുതിയ ഈ കവിത കൗമുദിയിൽ പ്രസിദ്ധീകരിച്ചു കാണുവാൻ വലിയ ആഗ്രഹമാണ് എന്നു പറഞ്ഞു.

കവിത വായിച്ചിട്ട് അദ്ദേഹം പറഞ്ഞു. അർജുനന് നല്ല കവിതാ വാസനയുണ്ട്. ഇതിനേക്കാളും മെച്ചപ്പെട്ട ഒരു കവിതയുമായി വരണം. അത് പ്രസിദ്ധീകരിക്കാം. ഒരു മാസം കഴിഞ്ഞ് മറ്റൊരു കവിതയുമായി ബാലകൃഷ്ണനെ കണ്ടു. ആ കവിത കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചു.

ഒരു സാധാരണ കുടുംബത്തിൽ നിന്നും ഭാരതത്തിന്റെ പരമോന്നത ബൗദ്ധിക വേദികളിലേക്കുയർന്ന അദ്ദേഹത്തിന്റെ ജീവിതം അറിവ് സമ്പാദനത്തിനായി പൊരുതിയ ഒരു അക്ഷരമോഹിയുടെ ജീവിത കഥയാണ്.

മൂന്ന് ഡിലിറ്റ് ബിരുദങ്ങൾ നേടിയ ആദ്യ പണ്ഡിതൻ എന്ന അപൂർവ ബഹുമതിയും നേടി. പിഎച്ച്.ഡി, നാലുഭാഷകളിലായി നാല് എം.എ, മൂന്നു ഭാഷകളിൽ ബിരുദാനന്തര ഡിപ്ലോമകൾ ഇതെല്ലാം അദ്ദേഹത്തിന് സ്വന്തം. പദ്മശ്രീയുടെ വലിയ സംഭാവന സർവ വിജ്ഞാന കോശത്തിന്റെ പരമോന്നത ഉന്നതിക്കും വിശ്വസാഹിത്യ വിജ്ഞാന കോശത്തിന്റെ നിർമ്മിതിക്കും വേണ്ടി നടത്തിയിട്ടുള്ള കഠിന പ്രയത്നങ്ങളാണ്. എത്ര ഉയരങ്ങളിൽ എത്തിയിട്ടും എളിമ കൈവിടാതിരുന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.

നിരവധി സാംസ്കാരിക സംഘടനകളുടെ പ്രസിഡന്റായും മുപ്പത്തിയഞ്ചു വർഷം തുടർച്ചയായി ശ്രീനാരായണ അക്കാഡമിയുടെ പ്രസിഡന്റായും പ്രവർത്തിക്കുന്ന വേളയിലാണ് അർജുനൻ ജീവിതത്തോട് വിട പറയുന്നത്. മുപ്പത്തി അഞ്ചുവർഷം അദ്ദേഹത്തോടൊപ്പം ഈ അക്കാഡമിയിൽ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നതിനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. സാഹിത്യ, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ വെള്ളായണി അർജുനൻ നൽകി​യ മഹനീയ സംഭാവനകൾ യുവതലമുറയ്ക്ക് എന്നും മാതൃകയാണ്.

(തിരുവനന്തപുരം ശ്രീനാരായണ അക്കാഡമി വൈസ് പ്രസിഡന്റും റിട്ട. ജുഡിഷ്യൽ ഓഫീസർ & നിയമ ഉപദേഷ്ടാവുമാണ് (പൊലീസ് ‌ഡിപ്പാർട്ട്മെന്റ്)​ ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY