SignIn
Kerala Kaumudi Online
Saturday, 30 May 2026 4.07 AM IST

കുട്ടികളുടെ വളർച്ചയ്ക്ക് ഭക്ഷണം മാത്രം മതിയോ? 

a

അടുത്തിടെ ചെറുപ്രായത്തിലുള്ള ഒരു പെൺകുട്ടിയെ എന്റെ ക്ലിനിക്കിൽ കൊണ്ടുവരികയുണ്ടായി. സംസാരിക്കാൻ വൈകുകയും മറ്റുള്ളവരോട് ഇടപഴകുന്നതിൽ വിമുഖത കാണിക്കുകയും ചെയ്യുന്ന അവൾ ആ പ്രായത്തിലെ കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ വളർച്ചയുടെ വഴികളിൽ പിന്നിലാണെന്ന് തോന്നി. കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രത്യേകിച്ചൊരു രോഗനിർണയത്തിലേക്കും വിരൽ ചൂണ്ടാനുമുണ്ടായിരുന്നില്ല.

എന്നാൽ,​ കൊവിഡിന്റെ രണ്ട് വർഷങ്ങളെക്കുറിച്ച് സംസാരിച്ചതോടെ ചിത്രം കൂടുതൽ വ്യക്തമായി. ലോക്ക്ഡൗൺ കാരണം ദീർഘകാലം സ്‌കൂളുകൾ അടച്ചിട്ടതോടെ കുട്ടിക്ക് കൂടുതലും വീടിനകത്തുതന്നെ സമയം ചെലവഴിക്കേണ്ടി വന്നു. കളിക്കൂട്ടുകാർക്ക് പകരം മൊബൈലിന്റേയും ടെലിവിഷന്റെയും സ്‌ക്രീനുകൾ കൂട്ടിനെത്തി. ആഹാരരീതിയാകട്ടെ വൈവിദ്ധ്യങ്ങളില്ലാത്തതും ലളിതവുമായി മാറി.

നിശബ്ദമായ ആ വർഷങ്ങളിൽ തലച്ചോറിന്റെ വളർച്ചയ്ക്കാവശ്യമായതൊന്നും വേണ്ടരീതിയിൽ അവൾക്ക് ലഭിച്ചില്ല. ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ പ്രകാരം തലച്ചോറിന്റെ വികാസം 90 ശതമാനവും നടക്കുന്നത് അഞ്ച് വയസിന് മുൻപാണ്. അതിനാൽ കുട്ടിയുടെ ബുദ്ധിപരവും വൈകാരികവും സാമൂഹ്യവുമായ ഭാവി രൂപപ്പെടുത്തുന്നതിന് ഏറ്റവും വലിയ അവസരം ഈ ആദ്യകാല വർഷങ്ങളാണ്. ഇക്കാലയളവിൽ തലച്ചോറിൽ രൂപപ്പെടുന്ന നാഡീവ്യൂഹങ്ങളാണ് ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന പഠനശേഷിയും ഭാഷാ പരിജ്ഞാനവും ഓർമ്മശക്തിയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശേഷിയുമെല്ലാം ശക്തിപ്പെടുത്തുന്നത്.

ഈ പ്രായത്തിൽ ശരിയായ പോഷകാഹാരം ഉറപ്പാക്കുകയെന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച നിക്ഷേപങ്ങളിലൊന്ന്. തലച്ചോറിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും പ്രവർത്തനത്തിനും അനിവാര്യമായ ഇരുമ്പും സിങ്കും സെലീനിയവുമുൾപ്പെടെ സൂക്ഷ്മപോഷകങ്ങളെ പലപ്പോഴും 'ന്യൂറോ ന്യൂട്രിയന്റുകൾ' എന്ന് വിശേഷിപ്പിക്കാറുണ്ട്. രാജ്യത്ത് അഞ്ച് വയസിൽ താഴെ ഏകദേശം 50% കുട്ടികളെയും ശരീരത്തിലെ ഇരുമ്പിന്റെ അപര്യാപ്തത ബാധിക്കുന്നുണ്ടെന്ന് അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

12 മുതൽ 59 മാസംവരെ പ്രായക്കാരായ കുട്ടികളിൽ ദേശീയതലത്തിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് 60 ശതമാനത്തിലേറെ കുട്ടികളിലും വിളർച്ചയോടു കൂടിയോ അല്ലാതെയോ സൂക്ഷ്മപോഷകങ്ങളുടെ കുറവുണ്ടെന്നാണ്. ഒമേഗ3 ഫാറ്റി ആസിഡ് വിഭാഗത്തിലെ ഡോകോസഹെക്‌സെനോയിക് ആസിഡ് തലച്ചോറിന്റെ ഘടനയെയും ഓർമ്മശക്തിയെയും കാഴ്ചശക്തിയുടെ വികാസത്തെയും സഹായിക്കുന്നു. മറ്റൊരു പ്രധാന പോഷകമായ കോളിൻ തലച്ചോറിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഇപ്പോൾ കണക്കാക്കുന്നുണ്ട്.

ഗർഭകാലത്ത് അമ്മമാർ കോളിൻ അടങ്ങിയ ആഹാരം കഴിക്കുന്നത് കുട്ടികളിലെ ആരോഗ്യകരമായ ജീൻ പ്രവർത്തനങ്ങളെയും കോശഘടനയെയും സഹായിക്കുന്നതിനൊപ്പം ഓർമ്മശക്തിക്കും ചിന്താശേഷിക്കും ആധാരമായ തലച്ചോറിലെ പ്രധാന ഭാഗങ്ങളുടെ വളർച്ചയ്ക്കും വഴിയൊരുക്കുന്നു. ഈ പോഷകങ്ങൾ കുട്ടിയുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട അധിക ഘടകങ്ങളല്ല, മറിച്ച് അവരുടെ ഭാവി സാദ്ധ്യതകളുടെ ആധാരശിലയാണ്.

തലച്ചോറിന്റെ വികാസം

ഒരു കുട്ടിയുടെ ജീവിതത്തിൽ പോഷകാഹാരവുമായി ബന്ധപ്പെട്ട സുപ്രധാന ഇടപെടലിന് തുടക്കം കുറിക്കുന്നത് ജനനത്തിന് മുൻപാണ്. തലച്ചോറിന്റെ വികാസം തുടങ്ങുന്നത് ഗർഭകാലത്തുതന്നെയാണ്. അമ്മയുടെ പോഷകാഹാര നിലവാരം കുഞ്ഞിന്റെ നാഡീവ്യൂഹത്തിന്റെ വളർച്ചയെ നേരിട്ട് സ്വാധീനിക്കുന്നു. ഗർഭപാത്രത്തിനകത്ത് നാഡീവ്യൂഹങ്ങളുടെ വികാസത്തിന് ഡോകോസഹെക്‌സെനോയിക് ആസിഡ് സഹായിക്കുന്നു. ഗർഭകാലത്ത് ഇരുമ്പും ഫോളിക് ആസിഡും ശരീരത്തിലെത്തുന്നത് ജനനസമയത്തെ കുറഞ്ഞ തൂക്കം, വളർച്ചാവൈകല്യങ്ങൾ എന്നിവയുടെ സാദ്ധ്യത കുറയ്ക്കുന്നു.

മികച്ച പോഷകാഹാരം ലഭിക്കുന്ന ഒരു പെൺകുട്ടി ആരോഗ്യവതിയായ അമ്മയായി മാറുകയും ആരോഗ്യവതിയായ അമ്മ കുഞ്ഞിന് ഏറ്റവും മികച്ച കുട്ടിക്കാലം ഉറപ്പാക്കുകയും ചെയ്യുന്നു. എന്നാൽ,​ ഇന്ത്യയിൽ കൗമാരക്കാരായ പെൺകുട്ടികളിൽ 59 ശതമാനം പേർ വിളർച്ച ബാധിതരാണെന്ന് ദേശീയ കുടുംബാരോഗ്യ സർവേ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ സ്‌കൂളുകൾ വഴിയും സാമൂഹ്യതല പരിപാടികൾ സംഘടിപ്പിച്ചും കൃത്യമായ പോഷക ലഭ്യത ഉറപ്പാക്കിയും ഈ വിഭാഗത്തിന് മുൻഗണന നൽകുന്നത് ആരോഗ്യപരിരക്ഷാ രംഗത്തെ ഫലപ്രദമായ ഇടപെടലുകളിലൊന്നാണ്.

പോഷകാഹാരം പോലെ തലച്ചോറിന്റെ വികാസത്തിന് പ്രധാനമായും ആവശ്യമായ മറ്റ് രണ്ട് ഘടകങ്ങളാണ് പോഷകസമൃദ്ധമായ ആഹാരവും വൈകാരികസാമൂഹ്യ ഉത്തേജനവും.

മനുഷ്യസഹജമായ ബന്ധങ്ങൾക്ക് പകരം മൊബൈൽ, ടെലിവിഷൻ സ്‌ക്രീനുകൾ വന്നതോടെ ഭാഷാ വളർച്ചയെയും ചലനശേഷിയെയും സാമൂഹ്യ വികാസത്തെയും അത് ദോഷകരമായി ബാധിച്ചു. ആവശ്യാനുസരണമായ പരിചരണം, സംസാരത്തിലൂന്നിയ ആശയവിനിമയം, സ്പർശനപരമായ ഇടപെടൽ, വളർച്ചാ ഉത്തേജനം ഉറപ്പാക്കുന്ന സാഹചര്യം എന്നിവ നാഡീവികാസത്തിൽ നിർണായകമാണ്. തലച്ചോറിന്റെ ആരോഗ്യകരമായ ഘടനയ്ക്ക് ഇവ അത്യന്താപേക്ഷിതവുമാണ്.

അനുയോജ്യ പദ്ധതികൾ

ഇന്ത്യയിലെ നിലവിലെ പദ്ധതികളുടെ ഘടന ഇത്തരം പ്രവർത്തനങ്ങൾക്ക് തികച്ചും അനുയോജ്യമാണ്. പോഷൺ അഭിയാൻ, പി.എം പോഷൺ തുടങ്ങിയ പദ്ധതികൾ ഇതിനകം രാജ്യത്തെ ദശലക്ഷക്കണക്കിന് അമ്മമാരിലേക്കും കുട്ടികളിലേക്കും എത്തിച്ചേരുന്നുണ്ട്. പോഷൺ പക്ഷാചരണം പോലുള്ള സംരംഭങ്ങൾ പോഷകാഹാരവുമായി ബന്ധപ്പെട്ട് സമൂഹത്തെ എങ്ങനെ അണിനിരത്താമെന്നതിന് മികച്ച ഉദാഹരണമാണ്. അങ്കണവാടി ശൃംഖലകളും മുൻനിര പ്രവർത്തകരും ഉൾപ്പെടുന്ന രാജ്യത്തെ വിതരണ സംവിധാനം സുശക്തമാണ്. അതുവഴി നൽകുന്ന സേവനങ്ങളെ കൂടുതൽ ആഴത്തിലാക്കുകയാണ് ഇപ്പോൾ നമുക്ക് മുന്നിലെ അവസരം.

ശരിയായ പരിശീലനവും പിന്തുണയും നൽകാൻ സാധിച്ചാൽ കുട്ടികളുടെ ശാരീരിക വളർച്ച നിരീക്ഷിക്കുന്നതിനൊപ്പം ആദ്യകാല ഉത്തേജനം, ക്രിയാത്മക പരിരക്ഷണം, കുട്ടികളുടെ വളർച്ചാവികാസത്തിന്റെ പ്രായോഗിക രീതികൾ എന്നിവയിൽ മാതാപിതാക്കൾക്ക് വഴികാട്ടാൻ സാധിക്കും. വികസിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ തലച്ചോറിന് ആവശ്യമായ സൂക്ഷ്മപോഷകങ്ങളും ശരിയായ പരിചരണവും ആവശ്യമായ ഉത്തേജനവും ലഭിക്കുമ്പോൾ അതിന്റെ ഗുണഫലങ്ങൾ ആജീവനാന്തം നിലനിൽക്കുന്നു.

ഇതിലൂടെ മികച്ച പഠനശേഷിയുള്ള കുട്ടികളെയും ഉത്പാദന ക്ഷമതയാർന്ന തൊഴിലാളികളെയും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയാർജിച്ച സമൂഹത്തെയും വാർത്തെടുക്കാനാവും. രാജ്യത്തെ കുട്ടികളുടെ പോഷകാഹാരം കേവലം ക്ഷേമപദ്ധതിയായി മാത്രം കാണാതെ ഭാവി പടുത്തുയർത്തുന്ന ആധാരശിലയായി തിരിച്ചറിഞ്ഞ് ഒത്തൊരുമയോടെ പ്രവർത്തിക്കാനാണ് കാലം നമ്മോട് ആവശ്യപ്പെടുന്നത്.

(ന്യൂഡൽഹി മധുകർ റെയിൻബോ കുട്ടികളുടെ ആശുപത്രിയിലെ ശിശുരോഗ, ഉദരരോഗ വിഭാഗം സീനിയർ കൺസൾട്ടന്റും ന്യൂട്രീഷൻ സൊസൈറ്റി ഒഫ് ഇന്ത്യയുടെ പ്രസിഡന്റുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY