SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.37 AM IST

ഗൾഫിലേക്ക് പുതിയ കവാടം തുറന്ന് ഇന്ത്യ

a

പുതിയ വിപണികൾ തുറന്നും തൊഴിലവസരങ്ങൾ ത്വരിതപ്പെടുത്തിയും ഇന്ത്യയിലെ വിദ്യാർത്ഥികൾക്കും കരകൗശല വിദഗ്ദ്ധർക്കും സ്ത്രീകൾക്കും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകർക്കും സമൃദ്ധിയുടെ ആഗോള പാതയൊരുക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൗത്യത്തിലെ നിർണായക നാഴികക്കല്ലാണ് കഴിഞ്ഞദിവസം പ്രാബല്യത്തിൽ വന്ന ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ. ഇരുരാജ്യങ്ങളും തമ്മിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സാമ്പത്തിക-തന്ത്രപ്രധാന ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഒമാനിലെ 99.38ശതമാനം കയറ്റുമതിയും ഉൾക്കൊള്ളുന്ന 98ശതമാനം തീരുവ നിരക്കുകളിലും ഉടനടി 100 ശതമാനം നികുതിരഹിത വിപണിപ്രവേശനം കരാർ നൽകുന്നു. ഇന്ത്യയിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു പരിവർത്തനത്തിന് ഈ കരാർവഴിയൊരുക്കിയേക്കാം. തൊഴിൽ സൃഷ്ടി: ഇന്ത്യയിൽ ജനങ്ങൾക്ക് വൻതോതിൽ തൊഴിൽ നൽകുന്ന തുണിത്തര- വസ്ത്ര നിർമ്മാണം, തുകലും പാദരക്ഷകളും, ഭക്ഷ്യസംസ്കരണം, കടൽ വിഭവങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, തിരഞ്ഞെടുത്ത എൻജിനിയറിംഗ് വിഭാഗങ്ങൾ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകൾക്ക് കരാർ ഗുണം ചെയ്യും. ഒമാനിലേക്ക് തുണിത്തരങ്ങളുടെ കയറ്റുമതി വർദ്ധിക്കുന്നത് ഉത്പാദനം കൂട്ടുന്നതിനൊപ്പം തിരുപ്പൂർ, സൂറത്ത്, ലുധിയാന, പാനിപ്പട്ട്, കോയമ്പത്തൂർ, കരൂർ, ഭദോഹി, മൊറാദാബാദ്, ജയ്‌പൂർ, അഹമ്മദാബാദ് തുടങ്ങിയ പ്രധാന ഉത്പാദന കേന്ദ്രങ്ങളിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കർഷകരും മത്സ്യത്തൊഴിലാളികളും: ആഭ്യന്തര കർഷകരെയും തന്ത്രപ്രധാന കാർഷിക താത്പര്യങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഗോതമ്പ്, അരി, ചോളം, ചെറുധാന്യങ്ങൾ, ക്ഷീരോത്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, ചായ, കാപ്പി, തേൻ തുടങ്ങിയ പ്രധാന ഉത്പന്നങ്ങൾക്ക് ഇന്ത്യ യാതൊരുവിധ നികുതി ഇളവുകളും നൽകിയിട്ടില്ല. വെണ്ണ, തേൻ, മധുര ബിസ്‌ക്കറ്റുകൾ, മുട്ടകൾ, ചില മിഠായി ഉത്പന്നങ്ങൾ എന്നിവയിൽ ഇന്ത്യയ്ക്ക് എതിരാളികളേക്കാൾ മത്സരനേട്ടം ലഭിക്കും. രാജ്യത്തെ കാർഷിക വിളകളുടെ ആവശ്യകത വർദ്ധിപ്പിക്കാൻ ഇത് വഴിയൊരുക്കുന്നതോടെ ഗ്രാമീണ വരുമാനം ഉയരും. ഇന്ത്യയുടെ നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (ജൈവോത്പന്നങ്ങൾക്കായുള്ള ദേശീയ പദ്ധതി) സർട്ടിഫിക്കേഷൻ സ്വീകരിക്കുന്നതിനും അംഗീകരിക്കുന്നതിനും കരാർ വ്യവസ്ഥ ചെയ്യുന്നു. വലിയൊരു ഭക്ഷ്യ ഇറക്കുമതി രാജ്യമായ ഒമാനിലേക്ക് ജൈവോത്പന്നങ്ങൾ വിൽക്കാൻ ഇന്ത്യൻ കർഷകർക്ക് ഇത് വിപുലമായ അവസരങ്ങൾ നൽകും.

ഔഷധമേഖലയും പരമ്പരാഗത വൈദ്യശാസ്ത്രവും: USFDA, EMA, UK MHRA, TGA തുടങ്ങിയ നിയന്ത്രണ ഏജൻസികൾ അംഗീകരിച്ച ഇന്ത്യൻ മരുന്നുകൾക്ക് ഒമാനിൽ 90 ദിവസത്തിനകം സ്വയമേവ വിപണനാനുമതി ലഭിക്കും. ഇത് ഇന്ത്യൻ ഔഷധ കയറ്റുമതിക്കാർക്ക് വലിയ നേട്ടമാണ്. ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങൾക്കും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ വിപുലമായ അവസരങ്ങളൊരുക്കുന്നുണ്ട്. സേവനങ്ങളും തൊഴിൽപരമായ യാത്രാസൗകര്യങ്ങളും: സേവനങ്ങളും തൊഴിൽപരമായ യാത്രാസൗകര്യങ്ങളുമാണ് കരാറിന്റെ മറ്റൊരു പ്രധാന വശം. അക്കൗണ്ടിംഗ്, എൻജിനിയറിംഗ്, ആരോഗ്യം, നിർമ്മാണം, വിദ്യാഭ്യാസം, ഉപദേശക സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക്, മെച്ചപ്പെട്ട വിപണി പ്രവേശനത്തിലൂടെ ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ പ്രൊഫഷണലുകൾക്കും തൊഴിലാളികൾക്കും തൊഴിൽപരമായി മെച്ചപ്പെട്ട യാത്രാസൗകര്യം (മൊബിലിറ്റി) ഉറപ്പാക്കുന്നത് സംബന്ധിച്ച് ഒമാൻ അംഗീകാരം നൽകിയത് വളരെ നിർണായകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY