
ലഹരി മാഫിയയുടെ വേരറുക്കാൻ വിട്ടുവീഴ്ചയില്ലാത്ത, ശക്തമായ ഒരു നാർക്കോ വേട്ടയ്ക്ക് നമ്മൾ വീണ്ടും തുടക്കം കുറിക്കുകയാണ്. കേരളത്തിലെ ക്യാമ്പസുകളെ ലക്ഷ്യമിട്ട് ലഹരി മാഫിയ നടത്തുന്ന അധിനിവേശം കേവലം ഒരു ക്രമസമാധാന പ്രശ്നം മാത്രമല്ല; വരുംതലമുറയെ ആകെ തകർക്കുന്ന വലിയൊരു സാമൂഹിക വിപത്തുമാണ്. 2014ൽ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് 'ക്ലീൻ ക്യാമ്പസ്, സേഫ് ക്യാമ്പസ്' എന്ന പദ്ധതിക്ക് രൂപം നൽകിയത് ഈ തിരിച്ചറിവിലാണ്.
മദ്ധ്യകേരളത്തിലെ ഒരു കോളേജിൽ പഠിച്ചിരുന്ന മിടുക്കിയായ ഒരു പെൺകുട്ടി ലഹരിക്ക് ഇരയാവുകയും, പിന്നീട് ഹോസ്റ്റൽ മുറി ലഹരി വിതരണ കേന്ദ്രമാക്കാൻ മാഫിയ അവളെ പ്രേരിപ്പിക്കുകയും ചെയ്ത ഞെട്ടിക്കുന്ന യാഥാർത്ഥ്യം അന്നു നമ്മൾ കണ്ടതാണ്. ഇരയെയും വേട്ടക്കാരനെയും ഒരുപോലെ ഒളിപ്പിക്കുന്ന വിചിത്രമായ മുഖമാണ് ലഹരിക്കടത്തിനുള്ളത്.
ഇന്ന് സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളുടെയും അതിക്രമങ്ങളുടെയും സ്വഭാവം പരിശോധിച്ചാൽ ലഹരിയുടെ വേരോട്ടം എത്രത്തോളമുണ്ടെന്ന് വ്യക്തമാകും. അന്ന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ വിട്ടുവീഴ്ചയില്ലാത്ത റെയ്ഡുകളിലൂടെ നമ്മൾ ലഹരി ശൃംഖലകളെ തളച്ചിരുന്നു. പ്രിയപ്പെട്ട മമ്മൂട്ടിയെ ബ്രാൻഡ് അംബാസഡറാക്കി നടത്തിയ ബോധവത്കരണം ശക്തമായ സുരക്ഷാ കോട്ട തീർത്തു.
എന്നാൽ, പിന്നീട് വന്ന ഭരണകൂടം ഈ പദ്ധതിയുടെ തുടർച്ച നിലനിറുത്തുന്നതിൽ പരാജയപ്പെട്ടു. തുടർച്ചയായ പരിശോധനകൾ ഇല്ലാതായതോടെ ഉണ്ടായ ആ വലിയ വിടവിലാണ്, കഞ്ചാവിൽ നിന്നും മാരകമായ എം.ഡി.എം.എ പോലെയുള്ള സിന്തറ്റിക് ഡ്രഗ്സുകളിലേക്ക് മാറ്റി മാഫിയ ശക്തമായി തിരിച്ചു വന്നത്.
ഈ പുതിയ ദൗത്യത്തിന് രൂപം നൽകുന്നതിന് മുൻപ്, കേരളത്തിലെ 14 ജില്ലകളിലൂടെയും ഞാൻ നടത്തിയ 'പ്രൗഡ് കേരള' വാക്കത്തോൺ വലിയൊരു അനുഭവമായിരുന്നു. ഔദ്യോഗിക കണക്കുകൾക്കപ്പുറം, ലഹരിയുടെ വേരുകൾ എത്രത്തോളം ആഴത്തിലാണ് നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും പടർന്നിരിക്കുന്നത് എന്ന് കൂടുതൽ വ്യക്തമായി എനിക്ക് ബോദ്ധ്യപ്പെട്ടത് ആ യാത്രയിലാണ്.
ക്യാമ്പസുകൾ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യമായിരുന്നു മുൻപുണ്ടായിരുന്നത് എങ്കിലും, ലഹരി വ്യാപനത്തിന്റെ സ്വഭാവം വച്ചുനോക്കുമ്പോൾ ഇപ്പോൾ ലഹരി വേട്ടയുടെ കൊടുങ്കാറ്റ് കേരളമൊട്ടാകെ വ്യാപിക്കേണ്ടതുണ്ട്. ഇന്ന് കേരളത്തിലേക്ക് ഒഴുകുന്ന സിന്തറ്റിക് മരുന്നുകളുടെ ഉറവിടം ബംഗളൂരു, ഗോവ, ചെന്നൈ തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളാണ്.
അതുകൊണ്ടുതന്നെ അയൽ സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളുമായും കേന്ദ്ര ഏജൻസികളുമായും സംയുക്ത ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നതിനുള്ള വിപുലമായ അന്തർ സംസ്ഥാന സഖ്യം രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഈ വലിയ പോരാട്ടത്തിനായി രൂപീകരിച്ച 'ഓപ്പറേഷൻ തൂഫാൻ' എന്ന ദൗത്യവുമായി അയൽസംസ്ഥാനങ്ങളും സഹകരിക്കും.
യഥാർത്ഥ ഉറവിടം
തകർക്കുക ലക്ഷ്യം
മുൻപ് നമ്മൾ വിതരണക്കാരെ മാത്രമാണ് ലക്ഷ്യമിട്ടതെങ്കിൽ, ഇനി അതിർത്തി കടന്ന് മയക്കുമരുന്ന് കേരളത്തിലെത്തുന്നതിന് മുൻപ് തന്നെ അതിന്റെ യഥാർത്ഥ ഉറവിടം തകർക്കുകയാണ് ലക്ഷ്യം. ലഹരി വിപണനത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കലും കർശനമായ സൈബർ നിരീക്ഷണവും ഇതിലുൾപ്പെടുന്നു.
വിട്ടുവീഴ്ചയില്ലാത്ത ഈ പോരാട്ടത്തിൽ പൊലീസിനൊപ്പം വിദ്യാഭ്യാസ വകുപ്പും എക്‌സൈസ് വകുപ്പും അദ്ധ്യാപകരും, രക്ഷിതാക്കളും, പൊതുസമൂഹവും എല്ലാം ഒരൊറ്റ മനസോടെ അണിനിരക്കണം. നമ്മുടെ മക്കളുടെ പുഞ്ചിരി തകർക്കാൻ ലഹരി മാഫിയയ്ക്ക് നമ്മൾ അനുവാദം നൽകരുത്. ലഹരി മാഫിയയുടെ കോട്ടകൾ തകർത്തെറിയാൻ, വരുംതലമുറയുടെ സുരക്ഷയ്ക്കായി സമാനതകളില്ലാത്ത പ്രതിരോധമുയർത്തി, എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു നടപ്പിലാക്കുന്ന ലഹരി വേട്ടയായിരിക്കും ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്'.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |