
പിൻബെഞ്ചുകാർ എഴുതിത്തള്ളപ്പെട്ടവരും, ഉഴപ്പന്മാരുമാകുന്നത് ഒഴിവാക്കാൻ പിൻ ബെഞ്ചുകൾ തന്നെ ഇല്ലാതാക്കുകയാണ് പല സ്കൂളുകളും. ക്ലാസ് റൂമിൽ എല്ലാ കുട്ടികളെയും റൗണ്ടായി ഇരുത്തും. എല്ലാവരും മുൻനിരയിൽ. മത്സര പരീക്ഷകളിലെ പിൻബെഞ്ചുകാരെ മുൻ ബെഞ്ചുകാരുടെ മുന്നിലെത്തിക്കാനായിരുന്നു കേരള പബ്ലിക് സർവീസ് കമ്മിഷന്റെ തീരുമാനം. അതിന് കണ്ടെത്തിയ ഉപായം അഭിമുഖ മാജിക്. എഴുത്തു പരീക്ഷയിൽ പിന്നിൽ പോയയാൾക്ക് അഭിമുഖം കഴിഞ്ഞപ്പോൾ ഒന്നാം റാങ്കും, കൈയോടെ ജോലിയും. എല്ലാ ചോദ്യത്തിനും ശരിയുത്തരം എഴുതി മുന്നിലെത്തിയവർ പിന്നാമ്പുറത്ത്.
ഒരു ഉപാധി മാത്രം. പരീക്ഷയെഴുതുന്നയാൾ സർക്കാരിന് വേണ്ടപ്പെട്ടവനാവണം. പ്രതിമാസം ഒന്നര ലക്ഷം രൂപവരെ ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഉന്നത തസ്തികയിൽ നിയമനത്തിന് പി.എസ്.സി പ്രയോഗിച്ച സൂത്രം 'അപാരം'. പരീക്ഷയിലെ ആറ് ചോദ്യത്തിന് സി.പി.എം യൂണിയൻ നേതാവായ പുള്ളിക്കാരൻ ഉത്തരമെഴുതിയില്ല. മറ്റ് നാല് ഉത്തരങ്ങൾ തെറ്റിച്ചെഴുതി. ആ പത്ത് ചോദ്യങ്ങളും എല്ലാവരുടെയും മൂല്യനിർണയത്തിൽ നിന്നൊഴിവാക്കി. അഭിമുഖം കഴിഞ്ഞപ്പോൾ യൂണിയൻ നേതാവിന് ഒന്നാം റാങ്ക്. എഴുത്ത് പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിയയാൾ നേതാവിനെക്കാൾ 58 മാർക്കിന് പിന്നിൽ!.
പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പറുകൾ വില്പനയ്ക്ക് വച്ച, മെഡിക്കൽ പ്രവേശനത്തിനുള്ള അഖിലേന്ത്യാ നീറ്റ് യു.ജി പരീക്ഷയുടെ പേരിൽ പാറ്റ പാർട്ടിയും പ്രതിപക്ഷവും രാജ്യമാകെ പ്രക്ഷോഭം നടത്തിയപ്പോൾ, കേരളത്തിൽ യുവമോർച്ചയുടെ സമരം പി.എസ്.സി പരീക്ഷാ തട്ടിപ്പിനെതിരെ. ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ പി.എസ്.സിയിലെ ഉന്നതർ കുടുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പാറ്റ പ്രക്ഷോഭ കൊടുങ്കാറ്റിൽപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ പണി തെറിച്ചു. ഡൽഹി ജന്തർ മന്ദറിലെ പാറ്റകളുടെ സമരവേദിയിലേക്ക് തിരിഞ്ഞു നോക്കാതിരുന്ന രാഹുൽ ഗാന്ധിയുടെയും കോൺഗ്രസുകാരുടെയും സമരം പാർലമെന്റിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്കു മുന്നിലും.
പാറ്റകൾക്ക് അനുഭാവവുമായി എസ്.എഫ്.ഐയും രംഗത്തെത്തി. ഒടുവിൽ പാറ്റ സമരം വിജയിച്ചപ്പോൾ, 'ഞാനും മുതലയമ്മാച്ചനും കൂടി' എന്നായി മേനിപറച്ചിൽ. മഴ തീർന്നിട്ടും മരം പെയ്ത് തീർന്നില്ല.സമരം നടത്തിയ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് സി.ആർ.പി.എഫിന്റെ പെല്ലറ്റ് ആക്രമണത്തിൽ കാഴ്ച ശക്തി നഷ്ടപ്പെട്ടു. മർദ്ദനത്തിൽ നട്ടെല്ലും തലയും പൊട്ടി. അതിന് ഉത്തരം തേടിയായിരുന്നു പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ തുടർ പ്രക്ഷോഭം.
പക്ഷേ,ഉത്തരം നൽകേണ്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അതിനുശേഷം പാർലമെന്റിലെത്തിയിട്ടില്ല.പ്രതിപക്ഷം രാജി ആവശ്യപ്പെട്ടതോടെ പേടിച്ച് അമിത് ഷാ 'മുങ്ങി' നടക്കുകയാണത്രെ. കേന്ദ്ര പ്രവേശന പരീക്ഷാ ഏജൻസിക്ക് പുറമെ,കേരള പി.എസ്.സിയുടെയും മാനം കപ്പൽ കയറി. ജയിച്ചത് പ്രതിമാസം മൂന്നര ലക്ഷം രൂപ ശമ്പളം
കൈപ്പറ്റുന്ന ചെയർമാനും അംഗങ്ങളും. തോൽവി ഏറ്റുവാങ്ങാൻ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ജീവിതം ബാക്കി.
ആശയ നിലപാട് ഒടുവിൽ 'ആമാശയ' നിലപാടായി. ദീപസ്തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം പണം! സ്കൂളുകളുടെ നവീകരണത്തിനുള്ള കേന്ദ്ര പദ്ധതിയായ പി.എംശ്രീ ധാരണാ പത്രത്തിൽ പിണറായി സർക്കാർ രഹസ്യമായി ഒപ്പിട്ടതിന്റെ പേരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേട്ട പഴിക്ക് കണക്കില്ല. അതിന്റെ പേരിൽ കേന്ദ്രത്തിന്റെ എസ്.എസ്.കെ ഫണ്ടിൽ നിന്ന് കുറെ പണം കിട്ടി. സി.പി.ഐ ഉടക്കിട്ടതോടെ പദ്ധതി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും
ഫലമുണ്ടായില്ല.
സംഘപരിവാർ അജൻഡയിൽ തയ്യാറാക്കിയ കേന്ദ്ര വിദ്യാഭ്യാസ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള സി.പി.എം- ബി.ജെ.പി ഡീലായി കോൺഗ്രസും, മുസ്ലീംലീഗും അതിനെ പ്രചരിപ്പിച്ചതോടെ, സി.പി.എമ്മിന് കുറേയേറെ ന്യൂനപക്ഷ വോട്ടുകൾ പോയിക്കിട്ടി. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നതോടെ,'പാലം കടക്കുവോളം നാരായണ,പാലം കടന്നാൽ പിന്നെ കൂരായണ' എന്നായി കാര്യങ്ങൾ.
ആദർശം പറഞ്ഞിരുന്നാൽ വയർ വീർക്കുമോ?. കേന്ദ്രം തരുന്ന പണം വെറുതെ കളയുന്നതെങ്ങനെ? രണ്ടു ദിവസം മുമ്പ് ചേർന്ന യു.ഡി.എഫ് യോഗത്തിൽ 'രഹസ്യ' ധാരണ. പക്ഷേ, യു.ഡി.എഫ് കൺവീനർ വാർത്താസമ്മേളനത്തിൽ അത് പരസ്യമാക്കിയതോടെ, ദേ,കിടക്കുന്നു ചട്ടിയും കലവും. കൂടുതൽ വെട്ടിലായത്, ഭരണത്തിൽ
വന്നാൽ പി.എം ശ്രീ അറബിക്കടലിൽ വലിച്ചെറിയുമെന്ന് പറഞ്ഞിരുന്ന മുസ്ലീം ലീഗ്. യോഗത്തിൽ വിഷയമേ ചർച്ച ചെയ്തില്ലെന്നാണ് മന്ത്രി കുഞ്ഞാലിക്കുട്ടി പറയുന്നത്. യു.ഡി.എഫ് യോഗമേ ചേർന്നിട്ടില്ലെന്ന് പറയാത്തത് ഭാഗ്യം.
ധാരണാപത്രത്തിൽ പിണറായി സർക്കാർ ഒപ്പിട്ട സാഹചര്യത്തിൽ പി.എംശ്രീയിയിൽ നിന്ന് പിന്മാറാനാവില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. പക്ഷേ,പദ്ധതി നടപ്പാക്കാനുള്ള കരാറിൽ ഒപ്പിടാത്തതിനാൽ പിന്മാറാമെന്ന് രാജ്യസഭയിൽ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയതോടെ അതു പൊളിഞ്ഞു. സ്കൂൾ സിലബസിൽ നിന്ന് കേന്ദ്ര അജൻഡ ഒഴിവാക്കാൻ അനുവാദം കിട്ടിയാൽ പദ്ധതി നടപ്പാക്കാമെന്ന നിലപാടിലാണ് ഇപ്പോൾ സർക്കാർ. എന്നാൽ, അതിന്റെ പേരിൽ കേന്ദ്ര ഫണ്ട് തടഞ്ഞുവച്ചാലോ?. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ. ആകെ കൺഫ്യൂഷൻ!
'പാർട്ടി സെക്രട്ടറിയെ മാറ്റുമെന്ന നിങ്ങളുടെ സ്വപ്നം നടക്കാൻ പോകുന്നില്ല',സിപി.എം കേരള ഘടകത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം വാർത്താ സമ്മേളനത്തിൽ പറഞ്ഞ എം.വി.ഗോവിന്ദൻ സ്വയം മുൻകൂർ ജാമ്യമെടുത്തു.പിന്നെ, എന്ത് മാറ്റമാണ് പാർട്ടിയിൽ വരുത്താൻ പോകുന്നതെന്ന് ചോദിച്ചാൽ വിശാല സംസ്ഥാന സമിതി
തീരുമാനിക്കുമെന്ന് മറുപടി.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി തകർന്നടിഞ്ഞതിന് പ്രധാന കാരണം
ഭരണ വിരുദ്ധ വികാരമാണെന്ന് പാർട്ടി ലോക്കൽ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും കേന്ദ്ര കമ്മിറ്റിയും വരെ പറയുന്നു. പക്ഷേ,സംസ്ഥാന നേതൃത്വം സമ്മതിച്ചു തരില്ല.സമ്മതിച്ചാൽ മുഖ്യ പ്രതികൾ സർക്കാരിനും പാർട്ടിക്കും നേതൃത്വം കൊടുത്തവരാവും. തോൽവി ആരുടെയും വ്യക്തിപരമായ വീഴ്ചയല്ലെന്നും,പാർട്ടിക്ക് കൂട്ടായ
ഉത്തരവാദിത്വമുണ്ടെന്നും പറഞ്ഞൊഴിയാൻ എന്തെളുപ്പം. അക്രമ സംഭവങ്ങളിൽ പൊലീസ് കണ്ടാലറിയുന്നവരെ പ്രതികളാക്കുന്നത് പോലെ. അവർ ഒരിക്കലും പ്രതിസ്ഥാനത്ത് വരില്ല.
പാർട്ടിക്ക് സർക്കാരിനെ നിയന്ത്രിക്കാനായില്ല, ഭരണത്തിലും പൊലീസിലും മേലാളന്മാരുടെ സ്വേച്ഛാധിപത്യമായിരുന്നു, അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം,ആഡംബര ജീവിത ശൈലി എന്നീ മോശം പ്രവണതകളിൽപ്പെട്ട നേതാക്കൾ അണികളെ മാത്രമല്ല ജനങ്ങളെയും മറന്നു, ജയസാദ്ധ്യത മാത്രം നോക്കി 54 സീറ്റുകളിൽ സിറ്റിംഗ് എം.എൽ.എമാരെ മത്സരിപ്പിച്ചപ്പോൾ, മട്ടന്നൂരിൽ കഴിഞ്ഞ തവണ റെക്കാഡ് വിജയം നേടിയ കെ.കെ.ശൈലജയെ മാത്രം ജയസാദ്ധ്യത കുറഞ്ഞ പേരാവൂരിലേക്ക് മാറ്റിയതിനെ
ജനങ്ങൾക്ക് ഉൾക്കൊള്ളാനായില്ല. എന്നൊക്കെയായിരുന്നു കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്. പക്ഷേ,പൂച്ചയ്ക്ക് ആര് മണി കെട്ടും?.
വിദുരരുടെ ഫോൺ:
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |