
കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി. തെരുവുനായ്ക്കളെ നിയന്ത്രിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വമാണ്. വീഴ്ചവരുത്തിയാൽ അധികൃതർ മറുപടി പറയേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. 2007ൽ റോഡിൽ തെരുവുനായ കടിച്ച 70കാരന് 10,000രൂപ നഷ്ടപരിഹാരം വിധിച്ച കോടതി ഉത്തരവുകൾക്കെതിരെ കണ്ണൂർ എരുവേശി ഗ്രാമപഞ്ചായത്ത് സമർപ്പിച്ച അപ്പീൽ തള്ളിയാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർണായകവിധി.
തെരുവുനായ്ക്കളെ പിടികൂടാനും വന്ധ്യംകരിക്കാനും സൗകര്യങ്ങൾ ഒരുക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കണമെന്നും നായകളുടെ കണക്കെടുപ്പ് നടത്തണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഫണ്ടില്ലെന്ന കാരണംപറഞ്ഞ് ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാൻ അധികൃതർക്ക് കഴിയില്ല. പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ ഓരോപൗരനും അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നായ്ക്കളുടെ ആക്രമണമുണ്ടായാൽ ആറ് മാസത്തിനുള്ളിൽ കേസ് നൽകണമെന്ന പഞ്ചായത്ത്‌രാജ് നിയമത്തിലെ നിബന്ധന ബാധകമല്ല. അധികൃതരുടെ അനാസ്ഥകാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് നഷ്ടപരിഹാരത്തിനായി മൂന്നുവർഷത്തിനുള്ളിൽ കോടതിയെ സമീപിക്കാമെന്നാണ് ലിമിറ്റേഷൻ ആക്ടിൽ പറയുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ബാദ്ധ്യതയില്ലെന്ന് 2007ൽ കോഴിക്കോട് കോർപ്പറേഷൻ കേസിലെ സിംഗിൾബെഞ്ച് നിരീക്ഷണങ്ങളോട് കോടതി വിയോജിക്കുകയും ചെയ്തു.
പൊതുനിരത്തിൽ
ഉത്തരവാദിത്വമുണ്ട്
പൊതുനിരത്തുകൾ ഏതു വകുപ്പിന്റെ നിയന്ത്രണത്തിലാണോ അവർക്ക് അത് ഉപയോഗിക്കുന്നവരോട് ഉത്തരവാദിത്വമുണ്ട്.
വളർത്തുനായ്ക്കൾക്ക് ലൈസൻസ് നൽകുന്നതിനും തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനും തദ്ദേശ സ്ഥാപനത്തിന് നിർബന്ധിത ചുമതലയുണ്ട്. ഇത് ബർത്ത് കൺട്രോൾ ചട്ടങ്ങൾക്കനുസൃതമായേ നിർവഹിക്കാവൂ.
ഡോഗ് റൂൾസ് 6(2) പ്രകാരം തെരുവുനായ്ക്കളെ പിടികൂടുന്നതിനും നശിപ്പിക്കുന്നതിനും പരിശീലനം ലഭിച്ചവരെ നിയോഗിക്കാം. വളർത്തുനായ്ക്കൾക്ക് ലൈസൻസുണ്ടെന്നും ഉറപ്പാക്കണം.
തെരുവുനായ്ക്കളുടെ എണ്ണപ്പെരുപ്പമുണ്ടായാൽ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പും അനിവാര്യമാണ്. പരാതികൾ ഇല്ലെങ്കിലും നടപടികൾക്ക് ബാദ്ധ്യസ്ഥമാണ്. മറ്റ് വകുപ്പുകൾകൂടി പങ്കെടുക്കേണ്ടതുണ്ടെന്ന കാരണത്താൽ ഒഴിഞ്ഞുമാറാനാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |