പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള അനാവശ്യ വിവാദം ആർക്കാണ് ഗുണം ചെയ്യുന്നതെന്ന് സി.പി.ഐ നേതൃത്വം ചിന്തിക്കണം. നിലവിലെ സംസ്ഥാന, ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരമൊരു ചർച്ച അഭിലഷണീയമല്ല.
വിജയത്തിൽ മാത്രമല്ല പരാജയത്തിലും ഇടതുമുന്നണിയിലെ കക്ഷികൾക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്നപ്പോഴൊക്കെ ഉപനേതൃ പദവി സി.പി.എമ്മാണ് വഹിച്ചത്. പ്രതിപക്ഷ നേതാവ് സഭയിൽ ഇല്ലെങ്കിൽ പകരം മുന്നണിയെ പ്രതിനിധീകരിക്കേണ്ടത് സി.പി.എം തന്നെയാണ്. സി.പി.ഐ അല്ല. പ്രതിപക്ഷ ഉപനേതൃപദവി സി.പി.ഐയ്ക്ക് അവകാശപ്പെട്ടതല്ല. സി.എൻ. മോഹനൻ കേരളകൗമുദിയോട് സംസാരിക്കുന്നു:
? തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ഘട്ടത്തിൽ ഉയരുന്ന അസ്വാരസ്യങ്ങൾ ഇടതുമുന്നണിയെ വീണ്ടും ദുർബലപ്പെടുത്താനല്ലേ വഴിയൊരുക്കുക
വിജയത്തിൽ മാത്രമല്ല കൂട്ടുത്തരവാദിത്വം പരാജയത്തിലുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ ഇടതു മുന്നണിക്ക് ദൗർബല്യമുണ്ടായ സന്ദർഭമാണ് ഇപ്പോൾ. സ്വാഭാവികമായും മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിനും അത് ക്ഷീണമാണ്. ഈ ഘട്ടത്തിൽ തന്നെ ഉപനേതാവ് പദവിക്ക് വേണ്ടി സി.പി.ഐ അവകാശമുന്നയിച്ചാൽ അംഗീകരിച്ചു കിട്ടുമെന്ന് കരുതിയിട്ടുണ്ടാകാം.
? പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് ഇത്രയേറെ പ്രാധാന്യമുണ്ടോ
ഇടതുമുന്നണി പ്രതിപക്ഷത്തിരുന്നപ്പോഴൊക്കെ ഈ പദവി സി.പി.എമ്മാണ് വഹിച്ചത്. പ്രതിപക്ഷ നേതാവ് സഭയിൽ ഇല്ലെങ്കിൽ പകരം മുന്നണിയെ പ്രതിനിധീകരിക്കേണ്ടത് സി.പി.എം തന്നെയാണ്. സി.പി.ഐ അല്ല. ഈ ആവശ്യത്തിന് ഒരു ന്യായവുമില്ല. നിലവിൽ ഇല്ലാത്ത സ്ഥാനമാണ് ചോദിക്കുന്നത്. സി.പി.ഐ നേതൃത്വത്തിന് ഇക്കാര്യം മനസിലാകുമെന്നാണ് കരുതുന്നത്. നാല് മന്ത്രി പദവി രണ്ടായി കുറച്ചെന്നു പറഞ്ഞാൽ ആവശ്യം ന്യായമാണ്. ഇവിടെ അങ്ങനെ ഒരു പ്രശ്നമില്ല.
? എങ്ങനെ ഈ തർക്കം പരിഹരിക്കും. ചർച്ചകൾ വേണ്ടേ.
വിഷയം വിവാദമാക്കിയവർ തന്നെയാണ് അത് പരിഹരിക്കേണ്ടത്. 1980ലാണ് ഇപ്പോഴത്തെ രൂപത്തിലുള്ള ഇടതു മുന്നണി അധികാരമേറ്റത്. അതിനു ശേഷം നിയമസഭകളിൽ ഇ. ചന്ദ്രശേഖരൻ നായർ, പി.എസ്. ശ്രീനിവാസൻ തുടങ്ങിയ സമുന്നതരായ സി.പി.ഐ നേതാക്കളുണ്ടായിരുന്നു. അവരുടെ കാലത്തു പോലും ഇത്തരമൊരു ആവശ്യം ഉയർന്നിട്ടില്ല. ഇടതു മുന്നണിയുടെ നാലര പതിറ്റാണ്ടത്തെ ചരിത്രത്തിൽ ആദ്യമാണ് ഇപ്പോൾ ഈ ആവശ്യം. പുതുതായി ഈ ആവശ്യത്തിന് പിന്നിലെ ന്യായമെന്താണ്. മാറ്റത്തിന് കാരണമെന്താണെന്നും ആ പാർട്ടി വ്യക്തമാക്കണം. ഈ ആവശ്യം ഉന്നയിക്കപ്പെട്ടത് ഇടതുമുന്നണിയിലും അല്ല. പുറത്താണ്. അത് മുന്നണി മര്യാദയല്ല. പ്രതിപക്ഷ ഉപനേതൃപദവി സി.പി.ഐയ്ക്ക് അവകാശപ്പെട്ടതല്ല.
? സി.പി.എം നേതൃത്വം ഇതിനെ എങ്ങനെയാണ് കാണുന്നത്
ഒന്നിച്ചു പോകണമെന്നു തന്നെയാണ് സി.പി.എമ്മിന്റെയും പാർട്ടി നേതാക്കളുടെയും നിലപാട്. സി.പി.ഐ ഇല്ലാത്ത ഒരു ഇടതുമുന്നണിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ആശയഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കണം.
? ഇടതുമുന്നണിയിലെ തർക്കം യു.ഡി.എഫിനെ നേരിടുന്നതിലും
സർക്കാരിന്റെ വീഴ്ചകൾക്കെതിരായ നീക്കങ്ങളെയും ദുർബലപ്പെടുത്തുകയല്ലേ
ഈ അനാവശ്യ വിവാദം ആർക്കാണ് ഗുണം ചെയ്യുന്നതെന്ന് സി.പി.ഐ നേതൃത്വം ചിന്തിക്കണം. നിലവിലെ സംസ്ഥാന, ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരമൊരു ചർച്ച അഭിലഷണീയമല്ല. പ്രത്യേകിച്ച് സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ ഒന്നൊന്നായി പുറത്തു വരുന്ന ഈ സമയത്ത്. ഇടതു മുന്നണി ഒന്നിച്ചു നിന്ന് പ്രവർത്തിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതും.
(തയ്യാറാക്കിയത് ടി.കെ. സുനിൽ കുമാർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |