SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.10 PM IST

അദ്ധ്യാപകർക്ക് പെരുമാറ്റച്ചട്ടം

Increase Font Size Decrease Font Size Print Page
t

താഴ്‌‌ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രൊഫഷണൽ കോളേജുകളിലെ പഠനം സാമ്പത്തിക - സാമൂഹ്യ കാരണങ്ങളാൽ ഒരു വലിയ വെല്ലുവിളി തന്നെയാണ്. ഒന്നാമത്,​ ആദ്യ ശ്രമത്തിൽത്തന്നെ എല്ലാ പേപ്പറുകളും ജയിക്കാനുള്ള സമ്മർദ്ദം ഒരു വശത്തുണ്ടാകും. അല്ലെങ്കിൽ അതിന്റെ പേരിൽ വരുന്ന സാമ്പത്തികഭാരം കൂടി അവർക്ക് താങ്ങാൻ കഴിയില്ല. വീടും പറമ്പും പണയംവച്ച് വായ്‌പയെടുത്തായിരിക്കും ഈ വിഭാഗങ്ങളിൽ നിന്നുള്ളവർ പഠിക്കാനെത്തുന്നത്. പ്ളസ് ടു കഴിഞ്ഞയുടൻ പ്രൊഫഷണൽ പഠനത്തിന് എത്തുന്ന ഈ വിദ്യാർത്ഥികൾ മാനസികമായി പക്വത നേടിയവരാകണമെന്നില്ല. കുടുംബത്തിന്റെ ഭാവി പ്രതീക്ഷ മുഴുവൻ ഇവരിൽ അർപ്പിതമായിരിക്കും. അതിന്റെ സമ്മർദ്ദവും ചെറുതല്ല. സംവരണത്തിലൂടെയാണ് പ്രവേശനം നേടിയതെങ്കിൽ അതിന്റെ പേരിലുള്ള വേർതിരിവുകളും അവഹേളനങ്ങളും ചില അദ്ധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും പല തരത്തിൽ ഇവർക്ക് അനുഭവിക്കേണ്ടിവരും.

സ്വാശ്രയ കോളേജുകളിൽ ‌ഇത്തരം സമ്മർദ്ദങ്ങൾ കൂടുതലായിരിക്കും. സാമ്പത്തികമായി ഉന്നത നിലയിലുള്ളവരുടെ കുട്ടികളും അവിടെ പഠിക്കാനുണ്ടാവും. അവർ പണത്തിന്റെയും പ്രതാപത്തിന്റെയും ഹുങ്ക് കാണിക്കുക,​ പഠനമെന്ന ലക്ഷ്യം മാത്രമായി എത്തുന്ന,​ താരതമ്യേന വരുമാനം കുറഞ്ഞവരുടെ പുറത്തായിരിക്കും. മാനേജ്‌മെന്റിന്റെ ആനുകൂല്യവും അവർക്കായിരിക്കും ലഭിക്കുക. കോളേജ് ക്യാമ്പസുകളിലെ ഇത്തരം വേർതിരിവുകളെയും,​ നിറത്തിന്റെയും ജാതിയുടെയും മറ്റും പേരിലുള്ള അവഹേളനങ്ങളെയും തടയാൻ പഴയകാലത്ത് വിദ്യാർത്ഥി സംഘടനകൾക്ക് കരുത്തുണ്ടായിരുന്നു. ഇന്ന് അതൊക്കെ ശോഷിച്ചുപോയിരിക്കുന്നു എന്നതിന്റെ കൂടി തെളിവാണ് സിദ്ധാർത്ഥന്റെയും നിതിൻരാജിന്റെയും മറ്റും ജീവൻ നഷ്ടപ്പെടാൻ ഇടയായ സാഹചര്യങ്ങൾ. ഈ പശ്ചാത്തലത്തിൽ അദ്ധ്യാപകർക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ ആരോഗ്യ സർവകലാശാല തുനിയുന്നത് സ്വാഗതാർഹമാണ്.

റാഗിംഗും മറ്റും തടയാൻ ശക്തമായ നിയമം ഇപ്പോൾത്തന്നെ നിലവിലുണ്ട്. അതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയതുകൊണ്ടു മാത്രമായില്ല. അത്തരം സംവിധാനങ്ങൾ ക്യാമ്പസുകളിൽ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം. ഇക്കാര്യങ്ങളിൽ കോളേജ് മാനേജ്‌മെന്റ് പുലർത്തുന്ന നിസംഗതയും താത്‌പര്യമില്ലായ്മയുമാണ് കാലക്രമത്തിൽ റാഗിംഗ് വിരുദ്ധ പരാതി പരിഹാര സമിതി പോലുള്ള സംവിധാനങ്ങൾ നോക്കുകുത്തികളായി മാറാൻ ഇടയാക്കുന്നത്. പഠനത്തിനൊപ്പം വിദ്യാർത്ഥികളുടെ സ്വാഭാവ രൂപീകരണത്തിനും പഴയ കാലത്ത് കോളേജ് മാനേജ്‌മെന്റുകൾ വലിയ ശ്രദ്ധ ചെലുത്തിയിരുന്നു. ഇന്നിപ്പോൾ മുതൽമുടക്കാൻ പണമുണ്ടെങ്കിൽ വിദ്യാഭ്യാസ രംഗത്ത് യാതൊരു മുൻപരിചയവും ഇല്ലാത്തവർക്കു പോലും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാമെന്ന അവസ്ഥയാണ്. ഇതിന് ഒരു ക്രിയാത്‌മകമായ മാറ്റം വരേണ്ടതാണ്. വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധർ അതിനെക്കുറിച്ച് അഭിപ്രായങ്ങൾ ക്രോഡീകരിക്കുകയും അത് നടപ്പാക്കാനായി വാദിക്കുകയും ചെയ്യേണ്ടതാണ്.

വിദ്യാർത്ഥികളോട് മോശം പെരുമാറ്റം ഒഴിവാക്കാനും ശാരീരിക - മാനസിക ക്രൂരതകൾ ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് ആരോഗ്യ സർവകലാശാല അദ്ധ്യാപകർക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത്. ഇത് ലംഘിക്കുന്നവർക്കെതിരെ പുറത്താക്കൽ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നാണ് സർവകലാശാലാ വി.സി ഡോ. മോഹനൻ കുന്നുമ്മൽ 'കേരളകൗമുദി"യോട് വെളിപ്പെടുത്തിയത്. കോളേജിനു പുറത്ത്, സർക്കാരിന് നേരിട്ട് പരാതി നൽകാനുള്ള സംവിധാനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പും നടപടി സ്വീകരിക്കണം. ഇത്തരം വിദ്യാലയങ്ങളിൽ പഠിക്കുന്ന ദളിത് വിദ്യാർത്ഥികൾ എന്തെങ്കിലും തരത്തിലുള്ള വേർതിരിവുകൾ നേരിടുന്നുണ്ടോ എന്ന് പരാതികളുടെ അഭാവത്തിലും തിരക്കാൻ ദളിത് സംഘടനകളും ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. ഒരു സമൂഹം ഒന്നടങ്കം ഇത്തരം പ്രശ്നങ്ങൾ ഏറ്റെടുക്കുമെന്ന ബോദ്ധ്യമുണ്ടായാൽ കിരാതമായ ഇത്തരം കളികൾക്ക് വാലനക്കാൻ പലരും പേടിക്കും. അതുപോലെതന്നെ വിദ്യാർത്ഥികളെ നിലയ്ക്കു നിറുത്താനുള്ള ആയുധമായി ഇന്റേണൽ മാർക്കിനെ ഉപയോഗിക്കാൻ അനുവദിക്കരുത്. ഇതിന് കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനും അധികൃതർ ശ്രദ്ധിക്കേണ്ടതാണ്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.