SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.37 AM IST

അതിവേഗ റെയിൽ പരിഗണിക്കപ്പെടണം

READ ENGLISH VERSION
a

കേരളത്തിന് ഒരു അതിവേഗ റെയിൽ പദ്ധതിയാണ് ഇനി അതിവേഗം വേണ്ടത്. സിൽവർ ലൈൻ പദ്ധതിക്കുള്ള പ്രധാന എതിർപ്പ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. മാത്രമല്ല ജനങ്ങളെ വേണ്ട രീതിയിൽ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താതെ അവരുടെ പുരയിടങ്ങളിലും അടുക്കളയിലുമൊക്കെ മഞ്ഞക്കുറ്റി ഇട്ടത് എടുത്തുചാടിയുള്ള നടപടി ആയിരുന്നു. അതാണ് തിരിച്ചടിയായത്. എത്ര ഭൂമി എടുക്കുമെന്നോ എത്ര രൂപ നഷ്ടപരിഹാരം കിട്ടുമെന്നോ ആർക്കും ഒരു പിടിയുമില്ലായിരുന്നു. അതാണ് മുഴുവൻ ജനങ്ങളുടെയും എതിർപ്പിനിടയാക്കിയത്. ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയോടുകൂടി വേണം ഏതൊരു വലിയ പദ്ധതിയും നടപ്പിലാക്കാൻ. അതേസമയം നൂറുശതമാനം ജനങ്ങളുടെയും സമ്മതപത്രം നേടി ഒരു പദ്ധതിയും നടപ്പാക്കാനുമാവില്ല.

സംസ്ഥാനത്തിന്റെ പൊതുതാത്‌പര്യത്തിനും ഭാവിക്കും ഉതകുന്നതാണെന്ന് കണ്ടാൽ എതിർപ്പുകളെ ഉല്ലംഘിച്ച് പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്. വിഴിഞ്ഞം തുറമുഖ പദ്ധതി അതിനൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. മെട്രോമാൻ ഇ.ശ്രീധരൻ മുന്നോട്ടുവച്ചിരിക്കുന്ന അതിവേഗ റെയിൽപദ്ധതിയുടെ ഏറ്റവും വലിയ സ്വീകാര്യത ആ പദ്ധതി നടപ്പാക്കുന്നതിന് അധികം ഭൂമി ഏറ്റെടുക്കേണ്ടി വരില്ല എന്നതാണ്. ഭൂഗർഭപാതയിലൂടെയും ഉയരപാതകളിലൂടെയുമാവും ഈ അതിവേഗ റെയിൽ കടന്നുപോകുക. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന്റെ നിർദ്ദേശപ്രകാരമാണ് ഈ അതിവേഗ റെയിൽ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കേന്ദ്രത്തിൽ നിന്ന് പൊതുവെ അനുഭാവപൂർണമായ സമീപനമാവും ഈ പദ്ധതിയോട് ഉണ്ടാവുക എന്ന് പ്രതീക്ഷിക്കാവുന്നതുമാണ്.

ഇ.ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് തിരുവനന്തപുരം- കണ്ണൂർ പാതയുടെ പദ്ധതിരേഖ കഴിഞ്ഞയാഴ്ച സമർപ്പിക്കുകയുണ്ടായി. സർക്കാർ ഈ പദ്ധതി നടപ്പാക്കുമെന്നോ ഇല്ലെന്നോ ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്ത് 15 ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നാണ് ശ്രീധരനെ മുഖ്യമന്ത്രി ധരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിക്ക് അനുമതി കിട്ടിയാൽ അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കാമെന്നാണ് ശ്രീധരൻ ഉറപ്പ് നൽകിയിരിക്കുന്നത്. അതായത് അധികം വൈകാതെ തന്നെ ഇതിന്റെ കാര്യങ്ങൾ ആരംഭിക്കാനായാൽ ഈ യു.ഡി.എഫ് സർക്കാരിന്റെ അഞ്ച് വർഷ കാലാവധി പൂർത്തിയാവുന്ന മുറയ്ക്ക് അതിവേഗ പാതയുടെ തൊണ്ണൂറ് ശതമാനമെങ്കിലും പൂർത്തിയാക്കാനാവുമെന്ന് കരുതാം. ഗ്യാസ് പൈപ്പ് ലൈൻ ഇടുന്നതിനും ദേശീയപാത വികസിപ്പിക്കുന്നതിനും തടസം നിന്നിരുന്നത് യു.ഡി.എഫ് സർക്കാർ ആയിരുന്നെന്ന ഒരു ആരോപണം ഇടതുമുന്നണിയുടെ നേതാക്കന്മാർ ഉയർത്തിയിട്ടുള്ളതാണ്. അതിൽ യാഥാർത്ഥ്യമില്ലെന്ന് പറയാനാകില്ല. അതുകൊണ്ട് കൂടിയാണ് പത്തുവർഷം അധികാരമില്ലാതെ ഐക്യജനാധിപത്യ മുന്നണിക്ക് പുറത്തു നിൽക്കേണ്ടിവന്നതും.

ആധുനിക യാത്രാമാർഗങ്ങളുടെ അവസരങ്ങൾ ഇല്ലാതാക്കുന്നവരെ പുതിയ തലമുറ സ്വീകരിക്കുകയില്ല. അതിനാൽ കേരളത്തിന്റെ വികസനത്തിലും യാത്രാക്ളേശം പരിഹരിക്കുന്നതിലും സ്വപ്നതുല്യമായ കുതിച്ചുചാട്ടത്തിന് ഇടയാക്കുന്ന ഈ അതിവേഗ റെയിൽ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ തയ്യാറാകേണ്ടതാണ്. ദേശീയപാതാ വികസനത്തിന്റെ പേരിൽ കേട്ട പേരുദോഷം ഒഴിവാക്കാനും അതിടയാക്കും. മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് 180 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനാവുന്ന പദ്ധതിയാണിത്. 465 കിലോമീറ്റർ ദൂരം 3.20 മണിക്കൂറിൽ എത്താനാവുമെന്നത് ചെറിയ കാര്യമല്ല. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്കും കോഴിക്കോട്ട് നിന്ന് കൽപ്പറ്റയിലേക്കും പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്കും തൃശൂരിൽ നിന്ന് ഗുരുവായൂരിലേക്കും നീട്ടാനാവുന്ന പദ്ധതിയാണിത്. അതിവേഗ പാതയുടെ തീരുമാനം അതിവേഗത്തിൽ തന്നെ സംസ്ഥാന സർക്കാരിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY