SignIn
Kerala Kaumudi Online
Saturday, 30 May 2026 4.07 AM IST

പുകയിലയോട് പറയാം ഗുഡ് ബൈ; ജീവിതത്തോട് വെൽക്കം

s

എല്ലാ വർഷവും മെയ് 31ന് ലോക പുകയില വിരുദ്ധ ദിനമായാണ് ആചരിക്കുന്നത്. പുകയില ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ-സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളിലേക്ക് ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുക എന്നിവ ലക്ഷ്യമിട്ട് 1987ൽ ലോകാരോഗ്യ സംഘടനയാണ് ആദ്യമായി ഈ ദിനം പ്രഖ്യാപിച്ചത്. ലോകമെമ്പാടും എട്ട് ദശലക്ഷം ആളുകളാണ് പുകയിലയുടെ ഉപയോഗം മൂലം മരണപ്പെടുന്നത്. ഇതിൽ 12 ലക്ഷത്തോളം പേർ നിഷ്‌ക്രിയ പുകവലി മൂലമാണ് മരണപ്പെടുന്നത്. ഇതോടൊപ്പം ഹൃദ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അർബുദം, പ്രമേഹം, പക്ഷാഘാതം, വായ, തൊണ്ട, ശ്വാസകോശം, പാൻക്രിയാസ്, മൂത്രസഞ്ചി, വൃക്കകൾ, കരൾ, ആമാശയം തുടങ്ങിയ ഒന്നിലധികം അവയവങ്ങളെ ബാധിക്കുന്ന വിവിധ അർബുദങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകാറുണ്ട്. മൈക്രോ ബാക്ടീരിയത്തിന് കാരണമാകുന്ന ക്ഷയ രോഗത്തിനെതിരെ പോരാടാനുള്ള പ്രതിരോധ ശേഷിയെ ഇല്ലാതാക്കാനും പുകയില ഉത്പന്നങ്ങൾക്ക് കഴിയാറുണ്ട്. ആഗോള ക്ഷയ രോഗബാധയുടെ 20 ശതമാനത്തിലധികം പുകവലി മൂലമാണ്. പുകവലിക്കുന്നവരെ മാത്രമല്ല,​ പുകവലിക്കുന്നവരുമായി സമ്പർക്കത്തിൽ വരുന്ന പുകവലിക്കാത്തവരെയും ഈ രോഗം വേട്ടയാടും. സ്ഥിരമായി പുകവലിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാദ്ധ്യത കൂടുതലാണ്. പുകവലിക്കാത്തവരേക്കാൾ 30 മുതൽ 40% വരെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാദ്ധ്യത പുകവലിക്കാരിൽ കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, പുകവലിക്കാത്തവർക്കും പുകയില മാരകമാണ്. സെക്കൻഡ് ഹാൻഡ് പുക സമ്പർക്കം വളരെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത് പ്രതിവർഷം 1.2 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നു. പുകയിലെ മലിനമായ വായുവാണ് ലോകത്തിലെ പകുതിയോളം കുട്ടികളും ശ്വസിക്കുന്നത്. 65,000 കുട്ടികളാണ് സെക്കൻഡ് ഹാൻഡ് പുകവലി മൂലം ഓരോ വർഷവും മരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് ഇടയാക്കും.

ലോക വികസനത്തിന് തന്നെ തടസമായി നിൽക്കുന്ന വസ്തുവായാണ് പുകയിലയെ ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഒരു സിഗരറ്റ് ഒരാളുടെ ജീവിതത്തിലെ 11 മിനിറ്റോളമാണ് അപഹരിക്കുന്നത്. ഒരു പാക്കറ്റ് സിഗരറ്റിന് നിങ്ങളുടെ ജീവിതത്തിലെ മൂന്ന് മണിക്കൂർ നഷ്ടപ്പെടുത്താൻ സാധിക്കും. ഒരു സിഗരറ്റ് വലിക്കുമ്പോൾ ആയുസ്സിന്റെ ഏകദേശം 11 മിനിറ്റ് കുറയുക ആണെന്നാണ് പഠനങ്ങൾ പറയുന്നത്. പുകവലിക്കുന്ന ഒരാൾക്ക് പുകവലിക്കാത്ത ആളേക്കാൾ ഏകദേശം 10 വർഷം ആയുസ്സ് കുറവായിരിക്കും. പുകയില സൗന്ദര്യത്തിന് കോട്ടം ഉണ്ടാക്കാം. ത്വക്കിൽ വ്യതിയാനങ്ങൾ, നിറം മാറ്റം, പല്ലിൽ കറ, മോശം മണം എന്നിവ ചില ഉദാഹരണങ്ങൾ മാത്രമാണ്. പുകയിലയിലെ പ്രധാന ഘടകം നിക്കോട്ടിൻ ആണ്. പുകയിലയുടെ അമിത ഉപയോഗത്തിന് കാരണം ഇതാണ്. ഉത്തേജനത്തോടൊപ്പം നിക്കോട്ടിൻ ആസക്തിയും ഉണ്ടാക്കുന്നു. നിക്കോട്ടിൻ എന്ന ഈ വില്ലൻ ഉപയോഗിച്ച് 10 സെക്കന്റ് കൊണ്ട് തലച്ചോറിൽ എത്തും. മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തി ദോഷഫലങ്ങൾ ഉണ്ടാക്കും. മുലപ്പാലിൽ പോലും നിക്കോട്ടിൻ എത്തും. പുകവലി നിർത്തിയാൽ രക്തത്തിൽ നിക്കോട്ടിൻ കുറയുമ്പോൾ നിരവധി മാനസിക പ്രശ്നങ്ങൾ ഉണ്ടാകും. ഈ സമയത്ത് ച്യൂയിംഗം ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് അതിനെ നേരിടണം. അല്ലാത്തപക്ഷം വീണ്ടും പുകവലിയിലേക്ക് മടങ്ങാനുള്ള സാദ്ധ്യത കൂടുതലാണ്. പുകവലി നിർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ, കഠിനാദ്ധ്വാനം ചെയ്താൽ ഈ ദുശ്ശീലത്തെ ഇല്ലാതാക്കാൻ സാധിക്കും. പുകവലി നിർത്തണമെന്ന് ഉറച്ച പ്രതിജ്ഞ എടുക്കുക. തുടർച്ചയായി പുകവലിക്കുന്നവരിൽ പലർക്കും പുകവലി ഉപേക്ഷിക്കണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ അത് എങ്ങനെ നിർത്തുമെന്ന് അറിയാത്തതിനാലോ തനിക്ക് നിർത്താൻ സാധിക്കില്ലെന്ന് മനസുകൊണ്ട് തോന്നുന്നതോ കൊണ്ടെല്ലാമാണ് പുകവലിയോട് ഗുഡ് ബൈ പറയാൻ പലർക്കും സാധിക്കാത്തത്. ഒരുപക്ഷേ പലർക്കും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ് പുകവലി എങ്ങനെ ഉപേക്ഷിക്കുമെന്നത്. പുകവലിക്കാൻ തോന്നുമ്പോൾ മറ്റെന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക. ചോക്ലേറ്റോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലുമോ കഴിക്കാൻ ശ്രമിച്ചാൽ പുകവലിയിൽ നിന്ന് ശ്രദ്ധ മാറ്റാൻ സാധിക്കും.

മാനസിക സമ്മർദ്ദം കാരണം പുകവലിക്കുന്നവരാണ് ഭൂരിഭാഗം പേരും. സമ്മർദ്ദം കുറയ്ക്കാൻ യോഗ, മെഡിറ്റേഷൻ പോലെയുള്ളവ ചെയ്യാൻ ശ്രമിക്കുക. പുകവലി ഒരു തരത്തിലും നിർത്താൻ സാധിക്കുന്നില്ലെങ്കിൽ വൈദ്യസഹായം തേടുക. വെറുതെ ഇരിക്കുന്ന സമയത്താണ് പലർക്കും പുകവലിക്കാനുള്ള പ്രേരണയുണ്ടാവുക. ദിവസേന വർക്ക്ഔട്ട് ചെയ്യുന്നത് ശീലമാക്കുക. സമ്മർദ്ദങ്ങൾ കുറയ്ക്കാനുള്ള വ്യായാമ മുറകൾ ശീലമാക്കുക. നമ്മൾ സ്വയം ഉറച്ച തീരുമാനമെടുത്താൽ ഉപേക്ഷിക്കാൻ കഴിയുന്നതേയുള്ളൂ പുകയിലയോടുള്ള ആസക്തി. പെട്ടെന്ന് പുകവലി നിർത്താൻ ഒരുപക്ഷേ സാധിച്ചെന്ന് വരില്ല. അതിനാൽ സിഗരറ്റിന്റെ എണ്ണം കുറച്ച് കൊണ്ടു വരാൻ ശ്രമിക്കുക. അതിന് സാദ്ധ്യമാകാത്തവർ ഡോക്ടറോട് സംസാരിച്ച് നിക്കോട്ടിൻ തെറാപ്പി, മരുന്നുകൾ എന്നീ മാർഗങ്ങൾ കൈക്കൊള്ളുക. ആരോഗ്യപരമായ ജവിതശൈലി ശീലമാക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY