SignIn
Kerala Kaumudi Online
Friday, 23 October 2026 1.30 PM IST

കരുവന്നൂർ മോഡൽ കണ്ണൂരിലും  സമ്മേളനകാലത്ത് കുലുങ്ങുന്ന പാർട്ടി കോട്ട

kolithattu-bank

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് സമാനമായി കണ്ണൂർ ജില്ലയിലെ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് തട്ടിപ്പും സമ്മേളനകാലത്ത് സി.പി.എമ്മിന് തലവേദനയാകുകയാണ്. പാർട്ടിയുടെ ശക്തി കേന്ദ്രത്തിലാണ് തട്ടിപ്പും തിരിമറിയും നടന്നിരിക്കുന്നത് എന്നത് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ലോക്കൽ സമ്മേളനങ്ങളിലേക്ക് കടക്കുന്ന പാർട്ടി നിലവിൽ തന്നെ കണ്ണൂരിൽ ഒട്ടേറെ രാഷ്ട്രീയ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അതിനു പുറമേയാണ് സാമ്പത്തിക തിരിമറിക്കേസും. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഗത്യന്തരമില്ലാതെ നടപടികളിലേക്ക് കടന്നിരിക്കുകയാണ് സി.പി.എം. മലയോരത്ത് മൂന്ന് ബ്രാഞ്ചുകളുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിലാണ് കോടികളുടെ വായ്പ തിരിമറിയും നിക്ഷേപത്തട്ടിപ്പും നടന്നതായി സഹകരണസംഘം ഓഡിറ്റിലാണ് കണ്ടെത്തിയത്. കാലാവധിയെത്തിയിട്ടും നിക്ഷേപത്തുക തിരിച്ചു നൽകാത്തതും മരിച്ചയാളുടെ പേരിൽ വ്യാജ സാക്ഷി ഒപ്പിട്ട് വായ്പ്പയെടുത്തതും പരിശോധനയിൽ തെളിഞ്ഞു . ഇടപാടുകാർ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണം മറ്റൊരു ബാങ്കിൽ പണയപ്പെടുത്തി ലക്ഷങ്ങൾ കൈക്കലാക്കിയതായും കണ്ടെത്തി. എന്നാൽ കോടികളുടെ വെട്ടിപ്പ് കണ്ടെത്തിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടി നേതൃത്വം സ്വീകരിച്ച എന്ന വിമർശനവും പാർട്ടിക്കുള്ളിൽ ശക്തമായി. ഇതിനെ തുടർന്നാണ് നടപടിയെടുക്കാൻ നേതൃത്വം നിർബന്ധിതരായത്.

കണ്ണീരോടെ നിക്ഷേപകർ

പണം നഷ്ടപ്പെട്ടതിന് പിന്നാലെ ബാങ്കിലെ നിക്ഷേപകർ സമരത്തിലാണ്. പണം നഷ്ടപ്പെട്ട നിക്ഷേപകരിൽ ഒരാളായ ചപ്പങ്കേരി സ്വദേശി സുരേഷ് കുമാറിന്റെ ജീവിതം വളരെ പ്രതിസന്ധിയിലാണ്. കരൾ സംബന്ധമായ അസുഖത്തെ തുടർന്നു വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് അദ്ധ്യാപകനായ സുരേഷ് കുമാർ. ഭാര്യ സിന്ധു സുരേഷും 13 വർഷത്തെ മാലിദ്വീപിൽ നിന്നു 2019 ൽ ആണ് നാട്ടിലേക്ക് എത്തിയത്. വരും കാലങ്ങളിലേക്ക് ജീവിക്കാനാവശ്യമായ പണം സാമ്പാദിച്ചു നാട്ടിലെത്തിയ ഇവർ കോൺഗ്രസ് ഭരിക്കുന്ന ഉളിക്കൽ സർവീസ് സഹകരണ ബാങ്കിൽ 34 ലക്ഷം ഡെപ്പോസിറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കോളിത്തട്ട് സർവീസ് ബാങ്കിന്റെ അറബി ശാഖയിലെ ഉദ്യോഗസ്ഥരുടെ നിരന്തരമായ ഇടപെടലിലൂടെ അക്കൗണ്ട് അവിടേക്ക് മാറ്റുകയായിരുന്നു. പിന്നീട് ചികിത്സയ്ക്ക് വേണ്ടി പലതവണ കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിന്റെ പടികൾ ചവിട്ടിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് സുരേഷ് പറയുന്നു. ബാങ്കുകാർ കൈ മലർത്തുകയാണെന്നും അദ്ധ്വാനിച്ചുണ്ടാക്കിയ തുക കിട്ടാൻ ഇനി എത്ര വാതിലുകൾ മുട്ടണമെന്ന് അറിയില്ലെന്നും സിന്ധു പറഞ്ഞു. ഏക മകൻ ബാംഗ്ലൂരിൽ ചാർട്ടെഡ് അക്കൗണ്ടന്റ് ആയി പ്രവർത്തിക്കുകയാണ്.

തയ്യൽ തൊഴിലാളി ടി.ജി രാമചന്ദ്രന് കിട്ടാനുള്ളത് 19 ലക്ഷമാണ്. ഉളിക്കലിലെ തയ്യൽ തൊഴിലാളിയായ രാമചന്ദ്രൻ തന്റെ ഉടമസ്ഥതയിലുള്ള ഉളിക്കൽ കതുവാപ്പറമ്പിലെ 1.70 ഏക്കർ വിറ്റ വകയിൽ കിട്ടിയ 12 ലക്ഷത്തോളം രൂപയാണ് ആറ് ഘട്ടങ്ങളിലായി ഭാര്യയുടെയും വിദ്യാർത്ഥികളായ രണ്ട് മക്കളുടേയും പേരിൽ 2015ൽ ബാങ്കിൽ നിക്ഷേപിച്ചത്. കേന്ദ്ര സർക്കാർ ജീവനക്കാരനായിരുന്ന ഭാര്യാ പിതാവ് ടി.എൻ. ഗംഗാധരന് വിരമിക്കൽ സമയത്ത് ലഭിച്ച തുകയും കോളിത്തട്ട് ബാങ്കിൽ നിക്ഷേപിച്ചതുകൊണ്ടാണ് അവിടെ നിക്ഷേപിച്ചതെന്ന് രാമചന്ദ്രൻ പറഞ്ഞു. എല്ലാ വർഷവും പലിശ പുതുക്കി ബുക്കിൽ രേഖപ്പെടുത്തിത്തരും. ബുക്കിൽ രേഖപ്പെടുത്തിയ കണക്ക് പ്രകാരം രാമചന്ദ്രന് 19,74,490 രൂപ നൽകാനുണ്ട്. ബി.എഡിന് പഠിക്കുന്ന മകളുടെ വിദ്യാഭ്യാസത്തിനും വീട് അറ്റകുറ്റപ്പണിക്കുമായി പണം ആവശ്യപ്പെട്ട് മൂന്ന് മാസത്തിനിടയിൽ പതിനഞ്ച് തവണയെങ്കിലും ബാങ്കിൽ കയറിയിറങ്ങി. എല്ലാ തവണയും നിരാശനായി മടങ്ങുകയാണെന്നും രാമചന്ദ്രൻ പറഞ്ഞു.

പത്തുകോടിയുടെ തിരിമറി

ബാങ്കിൽ പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് സഹകരണ സംഘം ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ബാങ്കിലെ ചില ഭരണസമിതി അംഗങ്ങളുടെയും മുൻ സെക്രട്ടറിയടേയും ഉൾപ്പെടെയുള്ള ചില ജീവനക്കാരുടെ ഒത്താശയോടെയാണ് കോടികളുടെ വെട്ടിപ്പ് നടന്നിരിക്കുന്നത്. നിക്ഷേപകർക്ക് തുക തിരിച്ചു നൽകണമെന്നും അഴിമതിക്കാരായ ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും സ്വത്ത് കണ്ടു കെട്ടണമെന്നും ക്ഷേമപെൻഷൻ തുകയും കുടുംബശ്രീ നിക്ഷേപങ്ങളും തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് കർമ്മസമിതിയുടെ നേതൃത്വത്തിൽ നിക്ഷേപകർ ബാങ്കിന് മുന്നിൽ ധർണ നടത്തി. കാലാവധി എത്തിയിട്ടും നിക്ഷേപത്തുക തിരിച്ചു നൽകാത്തതും മരിച്ചയാളുടെ പേരിൽ വ്യാജസാക്ഷി ഒപ്പിട്ട് വായ്പ വെട്ടിപ്പ് നടന്നതായും ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാർ ബാങ്കിൽ പണപ്പെടുത്തിയ സ്വർണം എടുത്ത് മറ്റൊരു ബാങ്കിൽ പണയപ്പെടുത്തി ലക്ഷങ്ങൾ കൈത്തലാക്കിയതായും കണ്ടെത്തി. 5000 മുതൽ 30 ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയവർക്ക് കാലാവധി പൂർത്തിയായിട്ടും ഇതുവരെയും നിക്ഷേപം തിരിച്ചു നൽകിയിട്ടില്ല. ബാങ്കിന് പത്തു കോടിയിലധികം രൂപയുടെ ബാദ്ധ്യതയുണ്ടെന്നും ഒന്നരക്കോടിയോളം രൂപ കാർഷിക കടാശ്വാസ കമ്മീഷനിൽ നിന്നും കിട്ടാനുണ്ടെന്നും 11 കോടിയോളം രൂപ വായ്പ ഉണ്ടെന്നും ആണ് അധികൃതർ പറയുന്നത്. മരിച്ചയാളുടെ പേരിലും മറ്റുമുള്ള വ്യാജവായ്പകളാണ് ഏറെയും. നാട്ടിലെ മേൽവിലാസത്തിൽ ബാങ്കിന്റെ പരിധിക്ക് പുറത്തുള്ളവർക്കും നൽകിയിട്ടുണ്ടെന്നും കർമ്മസമിതി അംഗങ്ങൾ ആരോപിക്കുന്നു. ബാങ്കിനു മുന്നിൽ നിക്ഷേപകർ നടത്തുന്ന പ്രതിഷേധം കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്.


തരം താഴ്ത്തലിൽ

നടപടി അവസാനിക്കുമേ?
സി.പി.എം ഏരിയ കമ്മിറ്റി അംഗമടക്കം അഞ്ചുപേരെ തരംതാഴ്ത്തിയാണ് പാർട്ടി മുഖം രക്ഷിക്കാൻ ശ്രമമാരംഭിച്ചത്. ആരോപണവിധേയരായ ഏരിയ കമ്മിറ്റി അംഗത്തിനും നാല് ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കുമെതിരെയാണ് അച്ചടക്ക നടപടി. ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. ലോക്കൽ സെക്രട്ടറിയുടെ ചുമതല പാർട്ടി ഏരിയ കമ്മിറ്റി അംഗത്തിന് കൈമാറി. ആരോപണ വിധേയനായ ഇരിട്ടി ഏരിയ കമ്മിറ്റി അംഗത്തെ ലോക്കലിലേക്ക് തരംതാഴ്ത്തി. മുൻ ബാങ്ക് സെക്രട്ടറിയും പേരട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ കെ.ജി. നന്തനൻകുട്ടി, ബാങ്ക് പ്രസിഡന്റും ലോക്കൽ കമ്മിറ്റി അംഗവുമായ ഇ.ടി. ജോസ്, ലോക്കൽ കമ്മിറ്റി അംഗം പി. ഷിനോജ്, ബാങ്ക് ജീവനക്കാരനും മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ ശിവദാസൻ, ഏരിയ കമ്മിറ്റി അംഗവും തൊഴിലാളി സംഘടന നേതാവുമായ ഇ.എസ്. സത്യൻ എന്നിവർക്കെതിരെയാണ് നടപടി. പാർട്ടി ഇരിട്ടി ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവും ഉൾപ്പെട്ട യോഗത്തിലാണ് അച്ചടക്ക നടപടിയുണ്ടായിരിക്കുന്നത്.
ഇവരെ പാർട്ടി സ്ഥാനങ്ങളിൽനിന്ന് തരംതാഴ്ത്തിയതുകൊണ്ട് തീരുന്ന പ്രശ്നമല്ല ഇതെന്നാണ് പാർട്ടിയിലെ സാധാരണ അനുഭാവികളും നിക്ഷേപകരും പറയുന്നത്.


ജാഗ്രതയോടെ നേതൃത്വം

പ്രാദേശിക വിഷയങ്ങൾ പ്രക്ഷുബ്ധമാക്കിയ ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് ലോക്കൽ സമ്മേളനങ്ങളിലേക്കു കടക്കുമ്പോൾ ജില്ലയിൽ സി.പി.എം നേതൃത്വം ജാഗ്രതയിലാണ്. ജില്ലയിലെ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്. ലോക്കൽ സമ്മേളനങ്ങൾ അടുത്ത ആഴ്ച ആരംഭിക്കും. അതിനിടെ സാമ്പത്തിക തിരിമറിയും നേതാക്കളുടെ ധനസമ്പാദനവും ചർച്ചയാകുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നു. ചില നേതാക്കൾ വലിയതോതിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് താഴെത്തട്ടിലുള്ള പ്രവർത്തകരിൽനിന്ന് ഉയരുന്ന ആരോപണം. ഇതിൽ ഒരു മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർജിച്ച സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. പയ്യന്നൂർ മേഖലയിൽ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട് നേതാക്കൾ വൻതോതിൽ ധനസമ്പാദനം നടത്തിയെന്ന പരാതിയുയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION