
ശിവഗിരി തീർത്ഥാടന മഹാമഹം അറിവിന്റെ തീർത്ഥാടനമായാണ് അറിയപ്പെടുന്നത്. ഈ അറിവിന്റെ വൈജ്ഞാനിക ഖനി തുറന്നു വച്ചതോടുകൂടി മഹാനായ വിദ്യാഭ്യാസ വിചക്ഷണനായും രാഷ്ട്രമീമാംസകനായും ഗുരു വിലയിരുത്തപ്പെടുന്നു. ഒരു രാജ്യത്തിന്റെ സമഗ്രപുരോഗതിക്ക് ആവശ്യമായതെല്ലാം വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, സംഘടന, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക- ശാസ്ത്രപരിശീലനം എന്നീ എട്ട് വിഷയങ്ങളിലൂടെ ഗുരു ലോകത്തിനു നൽകിയിട്ടുണ്ട്.
ശിവഗിരി തീർത്ഥാടന മഹാമഹത്തിലെ ഏറ്റവും പ്രധാന പരിപാടി തീർത്ഥാടന ഘോഷയാത്രയാണ്. ഡിസംബർ 31-നു രാവിലെ അഞ്ചിന് മഹാസമാധി സന്നിധിയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര, ശ്രീനാരായണ ഗുരുവിന്റെ തിരു എഴുന്നളളത്ത് എന്നാണ് വിശ്വാസം. ഗുരുദേവൻ സർവ വ്യാപിയെങ്കിലും മഹാസമാധി സന്നിധാനത്തിൽ അധിവസിക്കുന്നു എന്നാണ് ഭക്തജനവിശ്വാസം. നാമോച്ചാരണത്തോടും ജപത്തോടും കൂടി നടക്കുന്ന ഘോഷയാത്രയിൽ ആ ഭഗവാൻ ദിവ്യസാന്നിദ്ധ്യമറിയിച്ചുകൊണ്ട് എഴുന്നള്ളുന്നു. ഗുരുദേവൻ സഞ്ചരിച്ച റിക്ഷയിൽ ഗുരുദേവ സ്വരൂപം വച്ച് സന്യാസികളും ബ്രഹ്മചാരികളും ചേർന്ന് റിക്ഷയെ നയിക്കുന്നു. പീതാംബരധാരികളായ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ അനുധാവനം ചെയ്യുന്നു.
തീർത്ഥാടനത്തിനെത്തുന്ന അതിഥികളെ സന്യാസിമാരും വിശിഷ്ടാതിഥികളും ഭക്തജനങ്ങളും ചേർന്ന് വർക്കല റെയിൽവെ സ്റ്റേഷനിൽ സ്വീകരിച്ച് ശിവഗിരിയിലേക്ക് ആനയിക്കുന്ന രൂപത്തിലായിരുന്നു തീർത്ഥാടന ഘോഷയാത്രയുടെ ആരംഭം. പിന്നീട്, ഇങ്ങനെ സ്വീകരിക്കാൻ പോകുന്നത് ഒരു സംഘമായി. സംഘത്തിലെ ഭക്തരുടെ എണ്ണം വർദ്ധിച്ചു. കുറേക്കൂടി കഴിഞ്ഞാണ് ഗുരുദേവന്റെ തിരുവെഴുന്നള്ളത്ത് എന്ന സങ്കല്പത്തോടെ അതൊരു ഘോഷയാത്രാ സമ്പ്രദായമായി മാറിയത്. ഘോഷയാത്രയുടെ സമയമദ്ധ്യേ ശിവഗിരിയിൽ എത്തുന്ന പതിനായിരങ്ങൾക്ക് ഗുരുസാന്നിദ്ധ്യം അനുഭവവേദ്യമാണ്.
'ഇതാ ഗുരുദേവൻ എഴുന്നള്ളുന്നു"വെന്ന് നിർവൃത്തരായി ഭക്തർ ആനന്ദത്തിൽ ലയിക്കുന്ന ഭക്തരുടെ ദു:ഖവും കഷ്ടപ്പാടും മാറുന്നുവെന്നാണ് വിശ്വാസം. ലോകമെമ്പാടും നിന്ന് ഭക്തജനങ്ങൾ തീർത്ഥാടന ഘോഷയാത്രയിൽ പങ്കെടുക്കാൻ എത്തിച്ചേരാറുണ്ട്. കേരളത്തിന്റെ നാനാഭാഗത്തു നിന്നായി നൂറുകണക്കിന് പദയാത്രികർ 30-ന് ശിവഗിരിയിലെത്തി, 31-നു രാവിലെ അഞ്ചു മണിക്ക് നടക്കുന്ന തീർത്ഥാടന ഘോഷയാത്രയിൽ പങ്കെടുക്കുവാൻ മഹാസമാധി സന്നിധിയിൽ അണിചേരുന്നു.
തീർത്ഥാടനത്തിന് നാഗമ്പടത്തു നിന്ന് ഗുരുദേവനോട് അനുവാദം വാങ്ങുമ്പോൾ ഭക്തർ തൃപ്പാദങ്ങളിൽ നിവേദനം സമർപ്പിച്ചു: 'ഞങ്ങൾ ശിവഗിരിയിൽ വരുമ്പോൾ ഗുരുദേവൻ അവിടെയുണ്ടാകണം." അപ്പോൾ ഗുരുദേവൻ ചോദിച്ചു: 'എന്നും?" ഭക്തർ, അതേയെന്ന് പറഞ്ഞപ്പോൾ ഗുരു എടുത്തുചോദിച്ചു: 'എന്നുമോ?" (അതായത്, മഹാസമാധി സംഭവിക്കില്ലേ എന്ന അർത്ഥത്തിൽ) അതെ എന്ന് ഭക്തർ ആവർത്തിച്ചപ്പോൾ ഗുരുദേവന് വലിയ സന്തോഷമായി. മന്ദഹസിച്ചുകൊണ്ട് ഭഗവാൻ അടുത്തു നിന്ന നരസിംഹ സ്വാമിയെ നോക്കി പറഞ്ഞു: 'കൊള്ളാം... കൊള്ളാം; ഇങ്ങനെയെല്ലാം ഉത്സാഹിക്കണം." എന്നിട്ട്, ഗുരു തുടർന്നു: 'പീതാംബരധാരികളായിരിക്കുവാൻ ഏവരും പ്രത്യേകം ശ്രദ്ധിക്കണം. മത്സ്യവും മാംസവും മദ്യവുമൊക്കെ ഉപേക്ഷിച്ച് പഞ്ചശുദ്ധിയും പഞ്ചകർമ്മവും വ്രതമായി സ്വീകരിച്ച് എത്തുന്നതിൽ ശ്രദ്ധാലുക്കളാകണം."
എവിടെ ധർമ്മമുണ്ടോ അവിടെ ജയവുമുണ്ട്. ശ്രീനാരായണ ധർമ്മപരിപാലനയോഗം, ശ്രീനാരായണ ധർമ്മസംഘം, ഗുരുധർമ്മ പ്രചാരണസഭ ഇവയുടെയെല്ലാം നടുനായകത്വം വഹിക്കുന്നത് ധർമ്മമാണ്. ആ ധർമ്മം ജനങ്ങളുടെ ഭൗതികവും ആത്മീയവുമായ പുരോഗതിയാണ്. ആ ധർമ്മം ജീവിതത്തിൽ പ്രകാശിക്കണമെങ്കിൽ ഗുരുക്കന്മാർ ഉപദേശിച്ചിട്ടുളള ആചാരങ്ങൾ അനുഷ്ഠിക്കണം. നമുക്കൊരു ഗുരുവുണ്ട്- ശ്രീനാരായണ ഗുരുദേവൻ. കേരളീയ ജനതയുടെ മഹാഭാഗ്യം, ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ നമുക്കിടയിൽ വന്ന് അവതരിച്ചു എന്നുള്ളതാണ്. ആ മഹാഗുരുവിന്റെ കല്പന അനുഷ്ഠിച്ച് ആചാരാനുഷ്ഠാനങ്ങളിൽ ശ്രദ്ധാലുക്കളാകണം.
ഗുരുദേവന്റെ പേരിൽ ആദ്യം സ്ഥാപിതമായ പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി യോഗം. അതുപോലെ, ജീവിതത്തിന്റെ സായാഹ്നവേളയിൽ ഗുരു സ്ഥാപിച്ചതാണ് ശ്രീനാരായണ ധർമ്മസംഘം എന്ന സന്യാശ്രമം. ആ സന്യാസി സമൂഹത്തിന്റെ പോഷകഘടകമായി ധർമ്മസഭകൾ സ്ഥാപിക്കണമെന്നും ഗുരുദേവൻ വ്യവസ്ഥ ചെയ്തിരുന്നു. തീർത്ഥാടന ഘോഷയാത്രയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെയും ഗുരുധർമ്മ പ്രചാരണ സഭയുടെയും ഗുരുദേവൻ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ, സംഘടനകൾ, പ്രസ്ഥാനങ്ങൾ എന്നിവയുടെ പ്രതിനിധികളും പരമാവധി പങ്കെടുക്കണെന്ന് ശിവഗിരിമഠം അറിയിക്കുന്നു. എല്ലാവരെയും ശ്രീനാരായണ ഗുരുദേവൻ അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |