
വർഷങ്ങളായി ഗതാഗതകുരുക്കിൽ ഞെരിയുന്ന കണ്ണൂർ നഗരം കഴിഞ്ഞ ക്രിസ്മസ് -ന്യൂയർ ദിനങ്ങൾ പിന്നിട്ടത് പതിവിലും കൂടുതൽ ഇഴഞ്ഞുകൊണ്ടായിരുന്നു. അതിരൂക്ഷമായ വാഹനത്തിരക്കിലാണ് കഴിഞ്ഞ കുറേ ആഴ്ചകൾ നഗരത്തിൽ അനുഭവപ്പെട്ടത്. വാഹന സാന്ദ്രതയുടെ കാര്യത്തിൽ കണ്ണൂർ രാജ്യത്തുതന്നെ മുൻ നിരയിലുള്ള നഗരമെന്നാണ് നാറ്റ്പാക് നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നത്. എന്നിട്ടും കാലങ്ങൾ പഴക്കമുള്ള വാഹന കുരുക്ക് അഴിക്കേണ്ട ക്രമീകരണങ്ങൾ കൃത്യമായി നടത്താൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല. വാഹനങ്ങൾ അനുദിനം വർദ്ധിക്കുമ്പോഴും റോഡ് വികസനത്തിനോ നഗരാസൂത്രണത്തിനോ വേണ്ട പ്രധാന്യം നൽകാൻ കഴിയാത്തതാണ് ജനങ്ങളുടെ വിലപ്പെട്ട മണിക്കൂറുകൾ റോഡിൽ പാഴാകാനുള്ള പ്രധാന കാരണം. നഗരത്തിൽ പാർക്കിംഗിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാതെ കോർപ്പറേഷൻ ഉൾപ്പെടുന്ന അധികാരികൾ ജനജീവിതം ദുസഹമാക്കുന്നത് വർഷങ്ങളായി തുടരുകയാണ്. വളപട്ടണം, പുതിയതെരു, പൊടിക്കുണ്ട്, പള്ളിക്കുന്ന്,കാൽടെക്സ്, പടന്നപ്പാലം,താഴെച്ചൊവ്വ,മേലേച്ചൊവ്വ എന്നിവിടങ്ങളിൽ ദിവസവും കാത്തിരിക്കുന്നത് മണിക്കൂറുകൾ പാഴാക്കുന്ന ഗതാഗതകുരുക്കാണ്.
കുരുക്കിന്
കാരണങ്ങൾ പലത്
നഗരത്തിലേക്കുള്ള പ്രവേശന കവാടമായ വളപട്ടണം മുതൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. പഴയങ്ങാടി കെ.എസ്.ടി.പി റോഡിലൂടെയും പയ്യന്നൂർ-തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹന യാത്രക്കാർ വളപട്ടണത്തേക്ക് എത്തിപ്പെടുമ്പോൾ നഷ്ടമാകുന്നത് ഒന്നും രണ്ടും മണിക്കൂറുകളാണ്. മിക്ക ദിവസങ്ങളിലും വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിക്കാത്തതും സ്ഥിതി വഷളാക്കും. പലപ്പോഴും നാട്ടുകാരാണ് വാഹനങ്ങളെ നിയന്ത്രിക്കുന്നത്. വളപട്ടണം പിന്നിട്ടാൽ കുരുക്ക് കാത്തിരിക്കുന്നത് പുതിയ തെരുവിലാണ്. ദേശീയപാതയാണെങ്കിലും വീതി കുറഞ്ഞ റോഡായതിനാൽ രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ചുമാത്രമേ കടന്നു പോകാനാവു. മാത്രമല്ല ഇരുവശത്തും ഓട്ടോ സ്റ്റാൻഡുകളും യാതൊരു വ്യവസ്ഥയുമില്ലാതെ തലങ്ങളും വിലങ്ങും നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ എന്നിങ്ങനെ ഗതാഗതകുരുക്കിലേക്ക് നയിക്കുന്ന കാരണങ്ങൾ നിരവധിയാണ്.
കൊറ്റാളി റോഡ് ജംഗ്ഷനിലെ അനധികൃത ബസ് സ്റ്റോപ്പാണ് പൊടിക്കുണ്ടിൽ കുരുക്കിടുന്നത്. നാലു റോഡുകൾ ചേരുന്ന ഇവിടെ ബസുകൾ നിറുത്തരുതെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും നിർദ്ദേശമുണ്ടെങ്കിലും നടപ്പിലാവുന്നില്ല. ചാലാട് മുതൽ എസ്.എൻ പാർക്ക് വരെയുള്ള ഭാഗത്ത് മണിക്കൂറുകളാണ് വാഹനങ്ങൾ കുരുക്കിൽപ്പെടുന്നത്. പടന്നപ്പാലത്തെ തിയേറ്റർ കോംപ്ലക്സിലേക്ക് എത്തുന്നതും തിരിച്ച് പോകുന്നതുമായ വാഹനങ്ങൾ റോഡിലേക്ക് കയറുമ്പോൾ രൂപപ്പെടുന്ന കുരുക്കാണ് പലപ്പോഴും തിരക്കേറിയ സമയങ്ങളിൽ ഗതാഗതം സ്തംഭിപ്പിക്കുന്നത്. റോഡ് കൈയ്യേറിയും നടപ്പാതകൾ കൈയ്യേറിയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ വാഹനയാത്രക്കാരും കൽനടയാത്രക്കാരും ഒരു പോലെ പ്രയാസമാണ്. മാത്രമല്ല ബസുകൾ സ്റ്റോപ്പിൽ നിറുത്താത്തതും ഓട്ടോറിക്ഷകൾക്ക് സൗകര്യപ്രദമായ സ്റ്റാൻഡുകൾ അനുവദിക്കാത്തതും സ്ഥിതി കൂടുതൽ വഷളാക്കി.
മേൽപ്പാലവുമില്ല
അടിപ്പാതയുമില്ല
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ 2016 ലെ വാഗ്ദാനമായിരുന്നു മേലെച്ചൊവ്വയിലെ ഗതാഗതകുരുക്ക് ഒഴിവാക്കുമെന്നത്. വിമാനത്താവളം റോഡിലേക്കുള്ള പ്രവേശന കവാടമെന്ന പരിഗണനയിൽ അടിപ്പാത പദ്ധതി പ്രഖ്യാപിച്ച് രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. തുടർന്ന് കിഫ്ബിയിൽ നിന്നും 27.59 കോടി രൂപ അനുവദിച്ച് ഭൂമി ഏറ്റെടുത്തിരുന്നു. എന്നാൽ സമീപത്തു തന്നെയുള്ള ജല അതോറിറ്റിയുടെ ടാങ്കിലേക്ക് പൈപ്പിലൂടെ വെള്ളമെത്തുന്നത് ഇതിലൂടെയായതിനാൽ അടിപ്പാതക്കു പകരം മേൽപ്പാലമാണ് പരിഹാരമെന്ന് തീരുമാനത്തിലെത്തി. കഴിഞ്ഞ ഒക്ടോബർ രണ്ടിന് മന്ത്രി മുഹമ്മദ് റിയാസ് തറക്കല്ലിട്ടെങ്കിലും തുടർനടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല.
മീറ്ററുകളുടെ ഇടവേളയിൽ ബസുകൾ നിറുത്തുന്നതാണ് പള്ളിക്കുന്ന് മുതൽ കാൽടെക്സ് വരെയുള്ള ഭാഗത്തെ ഗതാഗത കുരുക്കിന് കാരണമാകുന്നത്. കൃഷ്ണമേനോൻ കോളേജ്, ശ്രീപുരം സ്കൂൾ, കൊയിലി ആശുപത്രി, എ.കെ.ജി ആശുപത്രി എന്നിവിടങ്ങളിലെല്ലാം വാഹനങ്ങൾ കയറുമ്പോഴും ഇറങ്ങുമ്പോഴും റോഡ് സ്തംഭിക്കും. മുൻപ് പ്രഖ്യാപിച്ചരുന്ന മേൽപ്പാലം പദ്ധതി നടപ്പിലാക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം. കൃഷ്ണ മേനോൻ കോളേജ് ഭാഗത്ത് നിന്നും തുടങ്ങി മേലേച്ചൊവ്വയിലെ നിർദിഷ്ട മേൽപ്പാലത്തിലേക്ക് എത്തുന്ന വിധത്തിൽ ആകാശപാത സാദ്ധ്യമാകുമോയെന്ന് അധികൃതർ പരിശോധിക്കുന്നതും ഗുണം ചെയ്യും.
തളർന്ന് യാത്രക്കാർ
പലയിടത്തും വെയിലും ചൂടും പൊടിയും അടിച്ച് ആളുകൾ വാഹനങ്ങളിൽ മണിക്കൂറുകൾ തള്ളിനീക്കേണ്ട ഗതികേടിലാണ്. ബസ് യാത്രികരാണ് പലപ്പോഴും വലിയ രീതിയിൽ വെട്ടിലാകുന്നത്. ദേശീയപാത നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ബസുകളിലേക്ക് പൊടി അടിച്ച് കയറുന്നത് രൂക്ഷമാണ്. ഇതിന് പുറമെ അസഹനീയമായ വെയിലും ചൂടും ഏറ്റ് മണിക്കൂറുകൾ തള്ളിനീക്കേണ്ട ഗതികേടിലാണ്. രാവിലെ ജോലിക്ക് പോകുന്നവർക്കും വിദ്യാർത്ഥികൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി പോകുന്നവർക്കുമെല്ലാം സമയത്തിന് എത്തിപ്പെടാൻ കഴിയാത്ത സ്ഥിതിയാണ്. വൈകിട്ടുള്ള മടക്കയാത്രയിലും മണിക്കൂറുകൾ നിരത്തിൽ പാഴാക്കണം. ഒപ്പം റോഡിലെ കുഴികളും യാത്ര ദുഷ്കരമാക്കുകയാണ്.
പ്രവർത്തനക്ഷമമാകാതെ
മൾട്ടി ലെവൽ കാർപാർക്കിംഗ്
നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പ്രതിവിധി കാണാനായി കേന്ദ്രസർക്കാറിന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ പരിധിയിൽ നിർമ്മിച്ച മൾട്ടിലെവൽ കാർ പാർക്കിംഗിന്റെ പ്രവർത്തനവും നീളുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ മേയർ ടി.ഒ മോഹനൻ ട്രയൽ റൺ ഉദ്ഘാടനം നിർവഹിച്ച മൾട്ടിലെവൽ കാർ പാർക്കിംഗിന്റെ സേവനമാണ് ഇതുവരെ ജനങ്ങൾക്ക് ലഭ്യമാകാത്തത്. 2020 ജനുവരിയിലാണ് നിർമ്മാണം ആരംഭിച്ചത്. ആറുമാസം കൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ നാല് വർഷമായിട്ടും പദ്ധതി പൂർത്തിയാകാത്തതിൽ പ്രതിഷേധമുയരുകയാണ്.പുണെ ആസ്ഥാനമായ അഡിസോഫ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കായിരുന്നു നിർമാണച്ചുമതല.പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ജവഹർ സ്റ്റേഡിയം സ്വാതന്ത്ര്യസമര സ്തൂപത്തിന് സമീപവും എസ്.എൻ പാർക്ക് റോഡിൽ പഴയ പീതാംബര പാർക്കിന് സമീപവുമായി രണ്ട് പാർക്കിംഗ് കേന്ദ്രങ്ങളാണ് നഗരത്തിൽ ഒരുങ്ങുന്നത്. ജവഹർ സ്റ്റേഡിയത്തിന് സമീപം അഞ്ച് നിലകളിലും എസ്.എൻ പാർക്ക് റോഡിൽ മൂന്ന് നിലകളിലുമായാണ് നിർമ്മാണം നടത്തിയത്. ട്രയൽ റൺ നടത്തിയെങ്കിലും കരാറുകാർ പണി പൂർത്തീകരിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിവിധ ഘട്ടത്തിൽ 2020 ജൂലായ്, ഡിസംബർ, 2023 ജനുവരി എന്നീ സമയങ്ങളിൽ ഉദ്ഘാടനം നടക്കുമെന്ന് മേയർ ഉൾപ്പെടെയുള്ളവർ ഉറപ്പ് പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. നിശ്ചിത ഫീസ് ഈടാക്കി വാഹനങ്ങൾക്ക് മൾട്ടിലെവൽ പാർക്കിംഗ് യൂണിറ്റുകളിൽ വണ്ടികൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് കോർപറേഷൻ ഒരുക്കുന്നത്. ഒരേസമയം 155 കാറുകൾ പാർക്ക് ചെയ്യാൻ പറ്റുന്ന സൗകര്യത്തോടെയാണ് അത്യാധുനിക പാർക്കിംഗ് സംവിധാനം നിർമ്മിച്ചിരിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 11.27 കോടി രൂപ ചെലവിട്ടാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |