SignIn
Kerala Kaumudi Online
Thursday, 22 October 2026 5.43 PM IST

അധികാരി ഗവർണർ

uni

സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനങ്ങളിൽ സർക്കാരിന്റെ അവകാശവാദങ്ങളെല്ലാം പൊളിച്ച്, ചാൻസലറായ ഗവർണർക്ക് പൂർണ അധികാരം നൽകി യു.ജി.സി.യുടെ കരട് ഭേദഗതി. വി.സിയാവാൻ യോഗ്യരെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാനും വി.സി നിയമനം നടത്താനും ഗവർണർക്കാണ് പരമാധികാരം. യൂണിവേഴ്സിറ്റികളുമായോ കോളേജുകളുമായോ ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റിയിൽ പാടില്ല. വൈസ്ചാൻസലറെ നിയമിക്കാനാണ് ഗവർണർക്ക് അധികാരമെന്നും അപേക്ഷയും പാനലുമെല്ലാം സർക്കാരിന്റെ ചുമതലയാണെന്നുമായിരുന്നു സർക്കാരിന്റെ ഇതുവരെയുള്ള വാദം. സർക്കാർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ ആവശ്യപ്പെടുക പോലുമുണ്ടായിട്ടുണ്ട്. സെർച്ച് കമ്മിറ്റി രൂപീകരണം ഭരണഘടനയുടെ 162-ാം അനുച്ഛേദപ്രകാരം സർക്കാരിന്റെ അധികാരപരിധിയിലാണെന്ന് വ്യാഖ്യാനിച്ചായിരുന്നു സർക്കാർ നടപടികൾ. യു.ജി.സി ഭേദഗതി വന്നതോടെ വി.സി നിയമനത്തിൽ സർക്കാരിന് റോളില്ലാതായി. കേരളത്തിലടക്കം വി.സി നിയമനത്തർക്കം പരിഹരിക്കാനാണ് 2018ലെ റഗുലേഷൻ ഭേദഗതി ചെയ്യുന്നത്.

വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയെ നിശ്ചയിക്കുക ചാൻസലർ ആയിരിക്കുമെന്നു കരടിൽ പറയുന്നു. കേരളത്തിലെ പ്രധാന സർവകലാശാലകളിലെല്ലാം ചാൻസലർ ഗവർണറായതിനാൽ വി.സി നിയമനങ്ങളിൽ ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ ലഭിക്കും. 2018 ലെ യു.ജി.സി റഗുലേഷനിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ആരാണെന്നോ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്രയാണെന്നോ വ്യക്തമായി രേഖപ്പെടുത്തിയിരുന്നില്ല. സെർച്ച് കമ്മിറ്റിയിൽ നിർബന്ധമായും യു.ജി.സി പ്രതിനിധി ഉണ്ടായിരിക്കണം എന്നുമാത്രമാണ് ഉണ്ടായിരുന്നത്. വി.സി നിയമനത്തിന് അഖിലേന്ത്യാതലത്തിൽ പത്രങ്ങളിൽ പരസ്യം നൽകണം. പൊതുവിജ്ഞാപനവുമുണ്ടാവണം. ചാൻസലർ തന്നെയായിരിക്കണം സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത്. ഇതിൽ മൂന്ന് അംഗങ്ങളുണ്ടാവണം. വൈസ്ചാൻസലർമാർ, മുൻഡയറക്ടർമാരോ വി.സിമാരോ തുടങ്ങിയ അക്കാഡമിക് വിദഗ്ദ്ധനായിരിക്കണം ഒരാൾ. യൂണിവേഴ്സിറ്റിയുമായോ കോളേജുകളുമായോ ഒരുതരത്തിലുമുള്ള ബന്ധമുണ്ടാവരുത്. ചാൻസലറുടെ പ്രതിനിധിയായിരിക്കണം സെർച്ച്കമ്മിറ്റി അദ്ധ്യക്ഷൻ. യു.ജി.സി ചെയർമാന്റെ പ്രതിനിധി, സർവകലാശാലാ സിൻഡിക്കേറ്റിന്റെയോ സെനറ്റിന്റെയോ പ്രതിനിധി എന്നിവരും അംഗങ്ങളായിരിക്കണം.

സെർച്ച്കമ്മിറ്റി അപേക്ഷകരുടെ ചുരുക്കപ്പട്ടികയുണ്ടാക്കണം. അഭിമുഖം നടത്തി മൂന്നുമുതൽ അഞ്ചുവരെ പേരുകൾ ഗവർണർക്ക് കൈമാറണം. ഇതിൽനിന്ന് ചാൻസലർ തന്നെയായിരിക്കണം വി.സി നിയമനം നടത്തേണ്ടത്. 5വർഷമാണ് വി.സിയുടെ കാലാവധി അല്ലെങ്കിൽ 60വയസ്. ഒരു തവണ പുനർനിയമനത്തിന് അർഹതയുണ്ട്. യു.ജി.സി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ നിയമനം അസാധുവാക്കും. മാത്രമല്ല സർവകലാശാലയെ യു.ജി.സി സ്കീമുകളിൽ ഉൾപ്പെടുത്തില്ല. ബിരുദകോഴ്സുകൾക്ക് അംഗീകാരം നൽകില്ല. ഓൺലൈൻ,വിദൂര കോഴ്സുകൾ അനുവദിക്കില്ല. യു.ജി.സി സാമ്പത്തികസഹായം നൽകില്ല. ചാൻസലറുടെയും സർക്കാരിന്റെയും യുജിസിയുടെയും പ്രതിനിധികളായി മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് കേരള, എം.ജി, കാലിക്കറ്റ് സർവകലാശാലകളിലുണ്ടായിരുന്നത്. ഇതിൽ ചാൻസലർക്കു മേൽക്കയ്യുണ്ടെന്ന വിലയിരുത്തലിൽ അഞ്ചംഗം സമിതിക്കായി നിയമസഭ നിയമം പാസാക്കിയിരുന്നു. ഇതിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടില്ല. സർക്കാർ കൊണ്ടുവന്ന ബിൽ പ്രകാരമുള്ള സെർച്ച് കമ്മിറ്റിയിൽ യു.ജി.സി, ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാദ്ധ്യക്ഷൻ, സിൻഡിക്കേറ്റ് എന്നിവരുടെ ഓരോ പ്രതിനിധികളും സർക്കാരിന്റെ രണ്ട് പ്രതിനിധികളുമാണ് ഉണ്ടായിരുന്നത്. സർക്കാർ പ്രതിനിധികളുടെ ഭൂരിപക്ഷത്തിൽ വേണ്ടപ്പെട്ടവരെ വി.സിയാക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. എന്നാൽ യൂണിവേഴ്സിറ്രിയുമായി ബന്ധമുള്ള ആരും സെർച്ച് കമ്മിറ്റിയിലുണ്ടാവരുതെന്ന് യു.ജി.സി ചട്ടത്തിലുള്ളത് സർക്കാരിന് തിരിച്ചടിയാണ്. സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണംകൂട്ടാനുള്ള സർക്കാരിന്റെ നിയമഭേദഗതിയും നിലനിൽക്കില്ല.

നിലനിൽക്കുക

യു.ജി.സി ചട്ടം

കേന്ദ്രആക്ടിന് തുല്യമായ യു.ജി.സി ചട്ടം സംസ്ഥാനത്ത് നടപ്പാക്കിയേ പറ്റൂ. ഇതുപ്രകാരം യൂണിവേഴ്സിറ്റി നിയമവും ചട്ടവും ഭേദഗതി ചെയ്യണം. വി.സിമാരെയും അദ്ധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള ചട്ടങ്ങൾ ഉൾപ്പെടുന്ന വകുപ്പായിരിക്കണം ഭേദഗതി ചെയ്യേണ്ടിവരിക. ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെ ഏകോപനം, നിലവാരം നിശ്ചയിക്കൽ എന്നിവ കേന്ദ്രത്തിന് നിയമനിർമ്മാണം നടത്താനധികാരമുള്ള യൂണിയൻ ലിസ്റ്റിലാണ്. കേന്ദ്രആക്ടിന് തുല്യമാണ് യു.ജി.സി റഗുലേഷൻ. ആറുമാസത്തിനകം രാജ്യത്താകെ ഇവ ഓട്ടോമാറ്റിക്കായി പ്രാബല്യത്തിലാവും. ഇതിന് എതിരായ സർവകലാശാലാ നിയമങ്ങൾ അസാധുവായി മാറും.

ചാൻസലറെ

ഒഴിവാക്കാനാവില്ല

വൈസ്ചാൻസലർ നിയമനത്തിൽ ഗവർണറെ ഒഴിവാക്കാൻ കൊണ്ടുവന്ന ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നൽകിയിരുന്നില്ല. സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനും വൈസ്ചാൻസലർ നിയമനങ്ങൾ കൈപ്പിടിയിലാക്കാനും സെർച്ച്കമ്മിറ്റി വിപുലീകരിക്കാനുമടക്കം കൊണ്ടുവന്ന മൂന്ന് ബില്ലുകൾക്കാണ് രാഷ്ട്രപതി അനുമതി നൽകാത്തത്. നിലവിലെ മൂന്നംഗ സെർച്ച് കമ്മിറ്റിക്ക് പകരം രണ്ട് സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ അഞ്ചംഗ കമ്മിറ്റിയാക്കാൻ കൊണ്ടുവന്ന ബില്ല് കാലഹരണപ്പെട്ടെങ്കിലും അതിലെ വ്യവസ്ഥകൾ പ്രകാരം സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിന് സർക്കാർ സ്വന്തംനിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. യു.ജി.സി നിയമഭേദഗതി വരുന്നതോടെ ഇതെല്ലാം അസാധുവാകും.

യു.ജി.സി ചട്ടങ്ങൾ

പാലിച്ചേ പറ്റൂ

ഉന്നതവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനങ്ങൾക്ക് യു.ജി.സി ചട്ടങ്ങൾ മറികടക്കാനാവില്ലെന്ന് യു.പി മദ്രസാക്കേസിലെ സുപ്രീംകോടതി ഉത്തരവുണ്ട്. സർവകലാശാലകളിലെ നിലവാരവും ഏകോപനവും ഉറപ്പാക്കാനുള്ള യു.ജി.സി നിയമത്തിനാണ് ഉന്നതവിദ്യാഭ്യാസ കാര്യങ്ങളിൽ പ്രാബല്യം. യു.ജി.സിക്ക് വിരുദ്ധമായുള്ള നിയമനിർമ്മാണത്തിന് സംസ്ഥാനങ്ങൾക്ക് അധികാരമില്ല, അത് ഭരണഘടനാവിരുദ്ധമാണ്- മദ്രസാക്കേസിൽ സുപ്രീംകോടതി ഉത്തരവ് ഇങ്ങനെയാണ്. യു.ജി.സിയെ വകവയ്ക്കാതെ നടത്തിയ സാങ്കേതിക, കണ്ണൂർ, ഫിഷറീസ്, സംസ്കൃത യൂണിവേഴ്സിറ്റികളിലെ വി.സി നിയമനങ്ങൾ കോടതികൾ റദ്ദാക്കിയിരുന്നു. നിയമനം യു.ജി.സി എതിർത്തതോടെ ഓപ്പൺ വി.സി രാജിവച്ചൊഴിഞ്ഞു. ഗവ.കോളേജുകളിൽ പ്രിൻസിപ്പൽ, പ്രൊഫസർ നിയമനവും പ്രൊമോഷനുകളും യു.ജി.സി ചട്ടപ്രകാരമല്ല നടത്തുന്നത്. യു.ജി.സിക്ക് വിരുദ്ധമായി 35പേരെ പ്രിൻസിപ്പലാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. യു.ജി.സി ചട്ടത്തിന് വിരുദ്ധമായി പ്രിൻസിപ്പൽ നിയമനത്തിനുണ്ടാക്കിയ സ്പെഷ്യൽറൂൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UGC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION