
സമസ്ത മേഖലയിലും രാജ്യത്ത് മുന്നിലുണ്ട് കേരളം. ഈ വളർച്ചയ്‌ക്കെല്ലാം കരിനിഴലായി ഒന്നുകൂടി വളർന്നു. മയക്കുമരുന്ന് മാഫിയ! വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കഞ്ചാവ് വരവിന് ഇപ്പോഴും കുറവില്ല. പക്ഷേ പഴയ പ്രിയമില്ല. കൗമാരം പായുന്നത് എം.ഡി.എം.എ പോലുള്ള മാരക രാസലഹരികൾക്കു പിന്നാലെ. പൊലീസും എക്‌സൈസും തലങ്ങും വിലങ്ങും പായുമ്പോഴും സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ലഹരിയിൽ മതിമറിയുന്നു. ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് സിന്തറ്റിക്ക് ഡ്രഗുകളുടെ വരവ്. പഞ്ചാബിനെ പോലെ കൊച്ചിയും ലഹരി ഹബ്ബായി. പ്രതിദിനം നടക്കുന്നത് കോടികളുടെ മയക്കുമരുന്ന് കച്ചവടം.
ലഹരി വില്പന കേസുകളിൽ അറസ്റ്റുകളും കൂടുകയാണ്. അകത്താവുന്നതെല്ലാം ഇടനിലക്കാർ. അതും യുവതീയുവാക്കൾ ! എൽ.എസ്.ഡി സ്റ്റാമ്പ്, എം.ഡി.എം.എ, നൈട്രാസെപാം, ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടുന്നവയിൽ തൊണ്ണൂറ് ശതമാനവും. പോയവർഷം അവസാനം ഓപ്പറേഷൻ ക്ലീൻ സിറ്റി എന്ന പേരിൽ കൊച്ചി സിറ്റി പൊലീസ് ഒരു ഓപ്പറേഷൻ നടത്തി. ഒരുമാസം മാത്രം രജിസ്റ്റർ ചെയ്തത് 137 കേസുകളായിരുന്നു. 153 പേരെ ഇരുമ്പഴിക്കുള്ളിലാക്കി. ലഹരി മാഫിയ ആഴത്തിൽ വേരിറങ്ങിയതിന്റെ നേർസാക്ഷ്യം. പ്രതികളിൽ നിന്ന് 52 കിലോ ഗ്രാം കഞ്ചാവും 83.89 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 'യോദ്ധാവ്" സ്‌ക്വാഡിനെ 'ഡാൻസാഫു"മായി ലയിപ്പിച്ചാണ് ഓപ്പറേഷന് പൊലീസ് ഇറങ്ങിയത്. ദിനംപ്രതി വർദ്ധിച്ചു വരുന്ന ലഹരി ഇടപാടുകളുടെ വേരറുക്കാൻ ശക്തമായ സംവിധാനം വേണമെന്ന ആവശ്യം പരിഗണിച്ചായിരുന്നു നടപടി. സംസ്ഥാനത്തെമ്പാടും ഈ മാതൃക പിന്തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം.
കൊല്ലാനും
മടിക്കാതെ
പിടിച്ചില്ലെങ്കിൽ നാട് നശിക്കും. പിടിക്കാൻ ചെന്നാലോ... സ്വന്തം ജീവൻ തന്നെ പോയേക്കും. മയക്കുമരുന്ന് കേസുകളിൽ പ്രതികളെ പിടികൂടാൻ ഇറങ്ങിത്തിരിക്കുന്ന പൊലീസ്- എക്സൈസ് ഉദ്യോഗസ്ഥരുടെ അവസ്ഥയാണിത്. ലഹരിയിൽ മുഴുകിയാകും പ്രതികളുടെ നിൽപ്പ്. ഈസമയം ഇവർ എന്താണ് ചെയ്യുകയെന്ന് ചിന്തിക്കാൻ പോലും പറ്റില്ല. എന്തും വരട്ടെയെന്ന് ഉറപ്പിച്ച് ഇറങ്ങും. ഇതു പറയുമ്പോൾ എക്സൈസ് ഉദ്യോഗസ്ഥന്റെ ശബ്ദംചെറുതായൊന്ന് താഴ്ന്നു. കഴിഞ്ഞവർഷം പ്രതിയുടെ ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥന് കൈവിരലുകൾക്ക് വെട്ടേറ്റിരുന്നു.
സംസ്ഥാനത്ത് അടുത്തിടെ നടന്ന പ്രധാന കുറ്റകൃത്യങ്ങൾക്കെല്ലാം പിന്നിൽ മയക്കുമരുന്നിന്റെ സ്വാധീനം വ്യക്തമാണ്. പുതുവത്സര തലേന്ന് തൃശൂരിൽ മുപ്പതുകാരനെ പതിമൂന്നും പതിനാറും വയസുകാർ ചേർന്ന് കൊലപ്പെടുത്തയ കേസ് ഇതിന് ഉദാഹരണം. സംസ്ഥാനത്തെ സാമൂഹിക ജീവിതത്തെ സ്വാധീനിക്കാൻ കഴിയുംവിധം മയക്കുമരുന്നുകൾ വ്യാപകമായതിന്റെ തെളിവ്. രണ്ടു മുതൽ പത്തിരട്ടി വരെ ലാഭം കിട്ടുമെന്നതാണ് യുവാക്കളെ മയക്കുമരുന്ന് കടത്തിലേക്കും വില്പനയിലേക്കം അടുപ്പിക്കുന്നത്. ആന്ധ്രയിലെ പഡേറുവിൽ നിന്നാണ് കഞ്ചാവ് എത്തുന്നത്. കിലോ 1000 രൂപയ്ക്കു വരെ ഇവിടെ ലഭ്യമാണ്. 100 കിലോയെങ്കിലും വാങ്ങണമെന്നു മാത്രം. ചെറുകിട കച്ചവടക്കാർ വരെ കിലോ കണക്കിന് കഞ്ചാവ് വാങ്ങി മറിച്ചുവിറ്റ് പോക്കറ്റ് വീർപ്പിക്കുകയാണ് ഇപ്പോൾ.
ഷായുടെ
വൃദ്ധന്മാർ
ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധ ലഹരി മാഫിയാ തലവനാണ് ഷാ. ഇയാളുടെ നാടേതെന്നോ യഥാർത്ഥ പേരെന്തെന്നോ പൊലീസിനോ എക്‌സൈസിനോ അറിയില്ല. 'ബിഗ് ബോസ്" എന്ന് വിളിപ്പേരുള്ള ഷാ, കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ കടത്താൻ ഇടനിലക്കാരായി ഉപയോഗിക്കുന്നത് വൃദ്ധന്മാരെയാണ്! ലഹരി മരുന്നുകളുമായി പിടിയിലായാലും കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരാൻ കഠിന മർദ്ദന മുറകൾ കസ്റ്റഡി മരണം പേടിച്ച് പൊലീസോ എക്‌സൈസോ പ്രയോഗിക്കില്ല. അതുകൊണ്ടാണ് ഷായുടെ സംഘം വൃദ്ധരെക്കൊണ്ട് നിറഞ്ഞിരിക്കുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഏതാനും വർഷം മുമ്പ് ഷായുടെ കടത്തുകാരൻ കൊച്ചിയിൽ പൊലീസ് പിടിയിലായിട്ടുണ്ട്. അറുപതു പിന്നിട്ടയാളാണ് ഇന്ന് പിടിക്കപ്പെട്ടത്. ശ്രീലങ്കയിൽ നിന്ന് ലഹരി കടത്തി ചെന്നൈയിൽ എത്തിക്കും. കേരളമാണ് ഷായുടെ പ്രധാന വിപണന കേന്ദ്രം.
ജോലി ഉപേക്ഷിച്ച്
ലഹരിക്കച്ചവടം
ലോകത്ത് ഏറ്റവും വിലപിടിപ്പുള്ളതും വിനാശകാരിയുമായ മാക്‌സ് 'ജെല്ലി എക്സ്റ്റസി" എന്നറിയപ്പെടുന്ന വിഭാഗത്തിലെ മെത്തലിൻ ഡയോക്‌സി മെറ്റാ ആംഫിറ്റമിനുമായി (എം.ഡി.എം.എ) പിടിയിലായ എറണാകുളം സ്വദേശിയെ ചോദ്യംചെയ്തപ്പോൾ എക്‌സൈസ് ഉദ്യോഗസ്ഥർ ഒന്നു ഞെട്ടി. ഗ്രാമിന് 15,000 രൂപയാണ് ഇതിന് കുറഞ്ഞ വില. ലഹരിക്കച്ചവടത്തിലൂടെ ലഭിക്കുന്ന ലാഭം തിരിച്ചറിഞ്ഞ് ദുബായിലെ ജോലി പോലും ഉപേക്ഷിച്ചാണ് ഇയാൾ ഇടപാട് തുടങ്ങിയത്. ലക്ഷങ്ങൾ സമ്പാദിച്ചതായും വെളിപ്പെടുത്തി.
ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് സ്‌പെഷ്യൽ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. നിശാപാർട്ടികൾ നടത്തുന്നവർക്ക് കൈമാറാനാണ് ലഹരി എത്തിച്ചത്. മെത്തലിൻ ഡയോക്‌സി മെറ്റാ ആംഫിറ്റമിൻ 10 ഗ്രാം കൈവശം വയ്ക്കുന്നത് 20 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന കുറ്റമാണ്. നൂറ് കിലോ കഞ്ചാവ് കൈവശം വയ്ക്കുന്നതിന് തുല്യമായ കുറ്റകൃത്യം! ഭൂമിയിലെ ഏറ്റവും വിഷമുള്ള, മാക്‌സ് ജെല്ലി ഫിഷിന്റെ പേരിൽ നിന്നാണ് മാക്‌സ് ജെല്ലി എക്സ്റ്റസി എന്ന ലഹരിപ്പേര്. ഉപയോഗക്രമം പാളിയാൽ 48 മണിക്കൂറിനുള്ളിൽ മരണവും സംഭവിക്കും.
ലഹരിവസ്തുക്കൾ:
വില്പന വില
(വില രൂപയിൽ))
• കഞ്ചാവ് (കി.ഗ്രാം): 10,000 - 20,000
• ഹെറോയിൻ (ഗ്രാം): 8,000 - 10,000
• എം.ഡി.എം.എ (ഗ്രാം): 2,000 - 3,000
• മെത്താംഫെറ്റമിൻ (ഗ്രാം): 1,500 - 2,000
• എക്സ്റ്റസി പിൽസ് (ഒന്ന്): 750 - 1,500
• എൽ.എസ്.ഡി (ഒന്ന് ): 500 - 750
നാളെ - പറക്കും 'നൈറ്റിംഗ് ഗേൾ'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |