SignIn
Kerala Kaumudi Online
Thursday, 22 October 2026 5.26 PM IST

ഒരു രാജ്യം,​ ഒരു തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പുകളുടെ കുരുക്കഴിക്കാം

election

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ പാർലമെന്റിന്റെ ഈ സമ്മേളനത്തിൽത്തന്നെ അവതരിപ്പിക്കപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും അത് ഇന്നലെയും ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

അഞ്ചു വർഷത്തിനകം നടപ്പാക്കാനിരിക്കുന്ന ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വെറുമൊരു രാഷ്ട്രീയ വിഷയമല്ല; രാഷ്ട്രത്തിന്റെ ഇക്കാലത്തെ ആവശ്യമാണ്. ഉദ്യോഗസ്ഥകാര്യം, പൊതു പരാതിപരിഹാരം, നിയമം, നീതി എന്നിവയുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 2015-ലെ റിപ്പോർട്ടിലും ഇക്കാര്യത്തിന് ഊന്നൽ നൽകിയിട്ടുണ്ട്. നിതി ആയോഗ്, നിയമ കമ്മിഷൻ, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയും ഒരേസമയം തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ ചർച്ച നടത്തി.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷതയിലുള്ള എട്ടംഗ ഉന്നതതല സമിതി തയ്യാറാക്കിയ റിപ്പോർട്ടിലെ ശുപാർശയാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചത്. ഈ നിർദേശങ്ങൾക്ക് വിത്തു പാകിയത് 1983-ലെ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷനായിരുന്നു. പക്ഷേ, അന്നത്തെ സർക്കാർ അതു തള്ളിക്കളഞ്ഞു. നിയമ കമ്മിഷൻ 1999-ൽ ഈ ആശയം അവതരിപ്പിക്കുകയും,​ 2002-ൽ ബി.ജെ.പി ഗവൺമെന്റ് രൂപംനൽകിയ വെങ്കടാചലയ്യ കമ്മിഷൻ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. 2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ വിഷയം വീണ്ടും ഉയർന്നുവന്നു. ഒടുവിൽ അത് രാംനാഥ് കോവിന്ദ് സമിതിയുടെ നിർദ്ദേശങ്ങളിലും, തുടർന്ന് കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുന്നതിലും കലാശിക്കുകയായിരുന്നു.

എന്ത്,​ എന്തിന്,​

എങ്ങനെ?​

ഏതൊരു ചലനാത്മക ജനാധിപത്യത്തിന്റെയും അവിഭാജ്യഘടകമാണ് തിരഞ്ഞെടുപ്പ്. ഇന്ത്യയെപ്പോലുള്ള വലിയ രാജ്യത്ത് തടസമില്ലാതെ തിരഞ്ഞെടുപ്പുകൾ നടത്തുകയെന്നത് എല്ലായ്പ്പോഴും വെല്ലുവിളിയാണ്. ലോക്‌സഭ,​ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് കൃത്യമായ സമയപരിധിയില്ല. ഇത് ഗവൺമെന്റിന്റെ ഇച്ഛയെയോ എം.പിമാരുടെയും എം.എൽ.എമാരുടെയും വിശ്വാസ വോട്ടെടുപ്പിനെയോ ആശ്രയിച്ചിരിക്കുന്നു. പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ കൂടി കണക്കിലെടുത്താൽ,​ രാജ്യം തിരഞ്ഞെടുപ്പുകളുടെ 'ദൂഷിത വലയത്തിൽ" അകപ്പെട്ടിരിക്കുകയാണോ എന്നു പോലും തോന്നിപ്പോകും! ഇത്,​ ഭരണപരവും നയപരവുമായ തീരുമാനങ്ങളെ ബാധിക്കുക മാത്രമല്ല, ദേശീയ സ്വത്തും നികുതിദായകരുടെ പണവും നഷ്ടപ്പെടുന്നതിനും ഇടയാക്കുന്നു.

അതുകൊണ്ട്,​ ലോക്‌സഭ, സംസ്ഥാന നിയമസഭകൾ,​ പഞ്ചായത്തുകൾ,​ മറ്റ് തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതാണ് ഉചിതമെന്ന് നയആസൂത്രകർ കരുതുന്നു. ഇതാണ് 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്" എന്ന ചർച്ചയിലേക്കു നയിച്ചത്. രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ ഉന്നതതല സമിതി ശുപാർശ ചെയ്തത് രണ്ടുഘട്ടങ്ങളിലായി ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ്. ലോക്‌സഭ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ആദ്യഘട്ടത്തിൽ. അടുത്ത നൂറു ദിവസത്തിനുള്ളിൽ രണ്ടാം ഘട്ടമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പുകൾ നടത്തണം. ഇതിന് ചില സംസ്ഥാന നിയമസഭകളുടെ കാലാവധി നീട്ടുകയും ചിലവയുടേത് വെട്ടിക്കുറയ്ക്കുകയും വേണ്ടിവരും. 57 രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്തിയാണ് കോവിന്ദ് സമിതി ഈ ശുപാർശകളിലെത്തിയത്. കോൺഗ്രസും ഇടതുപക്ഷവും ഉൾപ്പെടെ 15 പാർട്ടികൾ ഇതിനെ എതിർത്തപ്പോൾ 32 പാർട്ടികൾ പിന്തുണച്ചു. എന്നാൽ എന്തുകൊണ്ടാണ് ഈ ആശയം ഇത്ര പ്രാധാന്യമർഹിക്കുന്നത് എന്ന ചോദ്യം ശേഷിക്കുന്നു.

മാറ്റത്തിന്റെ

അനിവാര്യത

ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകൾക്ക്, ഓരോ തിരഞ്ഞെടുപ്പിനും മാതൃകാ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തേണ്ടതുണ്ട്. ഇത് ഗവണ്മെന്റിന്റെ നയരൂപീകരണ തീരുമാനങ്ങൾക്ക് വിഘാതമാകുന്നു. വിവിധ പദ്ധതികളുടെയും പരിപാടികളുടെയും നടത്തിപ്പിനെ തടസപ്പെടുത്തുകയും ചെയ്യുന്നു. തിരഞ്ഞെടുപ്പുകളിൽ തുല്യത ഉറപ്പാക്കുന്നതിന്, പുതിയ പദ്ധതികളുടെ പ്രഖ്യാപനം, നയപരമായ ബഡ്ജറ്റ് വിഹിതം, ഭരണകക്ഷിയുടെയോ മന്ത്രിമാരുടെയോ പൊതു അധികാരികളുടെയോ നിയമനങ്ങൾ എന്നിവ മാതൃകാ പെരുമാറ്റച്ചട്ടം തടയുന്നു. നമ്മുടെ രാജ്യത്ത് പതിവായി തിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ, വിവിധ പദ്ധതികൾക്കും പരിപാടികൾക്കും കീഴിൽ ആസൂത്രണം ചെയ്ത വികസന പ്രവർത്തനങ്ങളെ ഇത് തടസപ്പെടുത്തുന്നു.

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്തിയാൽ, മാതൃകാ പെരുമാറ്റച്ചട്ടം മൂന്നു മാസത്തേക്കു മാത്രമേ പ്രാബല്യത്തിലുണ്ടാകൂ. തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന്റെ ശേഷിക്കുന്ന കാലാവധി വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഫലപ്രദമായി ഉപയോഗിക്കാനാകും. ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് അനുകൂലമായ മറ്റൊരു പ്രധാന വാദം, ഇടയ്ക്കിടെ തിരഞ്ഞെടുപ്പുകൾ നടത്തുമ്പോൾ വേണ്ടിവരുന്ന ഭീമമായ ചെലവ് ഗണ്യമായി കുറയ്ക്കുമെന്നതാണ്. വർഷങ്ങളായി തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള ചെലവിലെ തുടർച്ചയായ വർദ്ധന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

10 കോടി എത്തിയത്

ലക്ഷം കോടിയിൽ

1952-ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവ് വെറും 10 കോടി രൂപയായിരുന്നെങ്കിൽ, 2009-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള ചെലവ് 1100 കോടി രൂപയായി. ഇത് 2014-ൽ 4000 കോടിയായി വ‌ർദ്ധിച്ചു. മാദ്ധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് 2019-ലെ പൊതുതിരഞ്ഞെടുപ്പിന് 55,000 കോടി മുതൽ 60,000 കോടി രൂപ വരെയും,​ 2024-ലെ തിരഞ്ഞെടുപ്പിന് ഏകദേശം 1.35 ലക്ഷം കോടി രൂപയും ചെലവഴിച്ചു! ലോകത്ത് ഏതെങ്കിലുമൊരു രാജ്യം തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കായി ചെലവിടുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്! ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് കള്ളപ്പണത്തിന്റെയും അഴിമതിയുടെയും ഭീഷണി നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

ഒറ്റ തിരഞ്ഞെടുപ്പ് എന്നത് പുതിയ ആശയമോ,​ ആദ്യപരീക്ഷണമോ അല്ല എന്നതു കൂടി ഓർക്കേണ്ടതുണ്ട്.

രാജ്യത്തെ ആദ്യത്തെ നാല് പൊതുതിരഞ്ഞെടുപ്പുകൾക്ക് ഈ പ്രക്രിയ വിജയകരമായി സ്വീകരിച്ചിട്ടുണ്ട്, ഇതിനെ എതിർക്കുന്നവർ 1952, 1957, 1962, 1967 വർഷങ്ങളിലെ പൊതുതിരഞ്ഞെടുപ്പുകൾ പരിശോധിക്കണം. അന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം,​ നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്നു. ഒഡിഷ, ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താൻ കഴിയുമെങ്കിൽ, മറ്റ് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾ എന്തുകൊണ്ട് നടത്തിക്കൂടാ?

കുരുക്കഴിക്കാൻ

ഒരുങ്ങുക

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ തിരഞ്ഞെടുപ്പുകളുടെ കുരുക്കിൽ അകപ്പെട്ടിരിക്കുന്നു എന്നതിൽ സംശയമില്ല. ഈ കുരുക്കിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിന് കരുത്തുറ്റ തിരഞ്ഞെടുപ്പ് പരിഷ്കരണ പ്രചാരണ പരിപാടികൾ അടിയന്തിരമായി ആവശ്യമാണ്. ഇതിനായി,​ പൊതുജന പ്രാതിനിദ്ധ്യ പ്രവാഹം കൂടുതൽ കാലികമാക്കുക, കള്ളപ്പണം തടയുക, രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിന് എതിരെ കർശന നിയമങ്ങൾ നിർമ്മിക്കുക, ക്രിയാത്മക അവിശ്വാസത്തിന്റെയും ക്രിയാത്മക എതിർപ്പിന്റെയും രീതി പ്രോത്സാഹിപ്പിക്കുക, ജനങ്ങളിൽ രാഷ്ട്രീയ അവബോധം വികസിപ്പിക്കുക തുടങ്ങിയ സുപ്രധാന നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചു വരികയാണ്.

രാഷ്ട്രീയക്കാർ നീതിയുടെ പാത ഉപേക്ഷിച്ച് അധികാര സിംഹാസനം തേടുമ്പോഴെല്ലാം, ഇടയ്ക്കിടെയുള്ള തിരഞ്ഞെടുപ്പുകൾ എന്ന ദുഷിച്ച ചക്രം രാജ്യത്തിന്റെ ദൗർഭാഗ്യമായി മാറുന്നു. 'ഒരു രാഷ്ട്രം,​ ഒരു നികുതി" എന്നത് ഫലപ്രദമായി നടപ്പാക്കാൻ കഴിയുമെങ്കിൽ 'ഒരു രാഷ്ട്രം,​ ഒരു തിരഞ്ഞെടുപ്പ്" എന്ന ആശയം പരീക്ഷിക്കുന്നതിൽ എന്താണ് ദോഷം?​ ഈ രീതി സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമല്ല ഇന്ത്യ. ബെൽജിയം, സ്വീഡൻ, ദക്ഷിണാഫ്രിക്ക എന്നിവ പതിവായി ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്തുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ തുറന്ന മനസോടെ മുന്നോട്ടു പോകണം. രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ രാഷ്ട്രീയ സംവിധാനം പരിഷ്കരിച്ചില്ലെങ്കിൽ അത് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്ന് മറക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION