SignIn
Kerala Kaumudi Online
Friday, 23 October 2026 5.24 AM IST

അതിവേഗം വ്യാപിക്കുന്ന രാസലഹരികൾ

a

പൊലീസും എക്സെെസും കിണഞ്ഞ് പരിശ്രമിച്ചിട്ടും മാരകമായ രാസലഹരി പദാർത്ഥമായ എം.ഡി.എം.എയുടെ വ്യാപനം തടയാനാവുന്നില്ലെന്നാണ് സമീപകാലത്തെ മയക്കുമരുന്ന് കേസുകൾ തെളിയിക്കുന്നത്. എം.ഡി.എം.എ രാജ്യത്തെ നശിപ്പിക്കാൻ പോന്ന മാരക ലഹരിയാണെന്ന് അറിയാത്തവരില്ല. നന്നേ ചെറിയ അളവിൽ പോലും ഉപയാേഗിച്ചാൽ മാരകമായ രോഗങ്ങൾക്ക് വഴിയൊരുക്കും. ഇതെല്ലാം അറിഞ്ഞിട്ടും കൗമാരക്കാരായ പെൺകുട്ടികളടക്കം ലഹരി വലയിൽ കുടുങ്ങുന്നു. എം.ഡി.എം.എ കേരളത്തിലെത്തിക്കുന്നതിൽ പ്രധാനം നൈജീരിയൻ സംഘങ്ങളാണ്. അവർ നടത്തുന്ന കുറുക്കുവഴികൾ നിരവധിയുണ്ട്. എം.ഡി.എം.എ ഇന്ത്യയിലേക്ക് കടത്താനുളള സൂത്രവഴികളെല്ലാം അവർ പരീക്ഷിക്കുന്നുണ്ട്.

കേരളം അടക്കമുളള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെയാണ് രാജ്യാന്തര മയക്കുമരുന്ന് സംഘങ്ങളുടെ കണ്ണ് ഉറപ്പിക്കുന്നത്. ബംഗളൂരുവാണ് എം.ഡി.എം.എയുടെ കേന്ദ്രം. വിദേശങ്ങളിൽ നിന്നെത്തുന്ന മയക്കുമരുന്നുകൾ ദക്ഷിണേന്ത്യയുടെ പലഭാഗങ്ങളിലേക്ക് കടത്തുന്നതും ബംഗളൂരു വഴിയാണ്. കഴിഞ്ഞ ദിവസം തൃശൂരിൽ 48 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തപ്പോഴാണ് നൈജീരിയൻ സംഘത്തിന്റെ പുതിയ തന്ത്രം തിരിച്ചറിഞ്ഞത്.
ആളൊഴിഞ്ഞ ഒരിടത്ത് എം.ഡി.എം.എ വച്ച ശേഷം അതിന്റെ ഫോട്ടോയെടുത്ത് ലൊക്കേഷൻ ഷെയർ ചെയ്താണ് നൈജീരിയൻ സംഘം മലയാളി യുവാവിന് എം.ഡി.എം.എ കൈമാറിയത്. പെട്ടെന്ന് ആരും തിരിച്ചറിയാതിരിക്കാനാണ് ഈ തന്ത്രം. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോൾ മാത്രമാണ് പുതിയ തന്ത്രം തിരിച്ചറിഞ്ഞത്. പ്രതി പണം അയച്ചിരുന്നത് ഗജേന്ദ്ര എന്ന പേരിലുളള ഒരാൾക്കാണ്. അന്വേഷണത്തിൽ അങ്ങനെയൊരു വ്യക്തിയും വിലാസവും ഇല്ലെന്ന് തെളിഞ്ഞു. വ്യാജവിലാസത്തിലായിരുന്നു അക്കൗണ്ട് എടുത്തത്. കേരളത്തിൽ പലയിടത്തും എം.ഡി.എം.എ പിടികൂടിയ കേസുകളിൽ ഇതുപോലെ നൈജീരിയൻ സംഘത്തിന്റെ ഇടപെടൽ കേസന്വേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

റിസോർട്ടുകളിലേക്കും

സിനിമക്കാർക്കും
പുത്തൻപള്ളി പരിസരത്തെ വിവിധ സ്ഥാപനങ്ങളുടെ പാർക്കിംഗ് സ്ഥലത്തെ കാറിൽ നിന്ന് ലക്ഷങ്ങൾ വില വരുന്ന 10.28 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായിരുന്നു. നഗരത്തിലെ വിവിധ റിസോർട്ടുകളിലേക്ക് പാർട്ടികൾക്കും അവിടെ താമസിക്കാൻ വരുന്നവർക്കും സിനിമ മേഖലയിൽ ജോലി ചെയ്യുന്നവർക്കും മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന മനക്കൊടി സ്വദേശിയായ യുവാവായിരുന്നു അത്. ഈ കേസിൽ ആർക്കൊക്കെ മയക്കുമരുന്ന് വിൽപ്പന നടത്തിയിട്ടുണ്ടെന്നും മയക്കുമരുന്ന് എത്തിച്ചുകൊടുത്ത ആളുകളെക്കുറിച്ചും സാമ്പത്തിക സഹായം നൽകിയവരെ സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.


കഞ്ചാവ്

കൊറിയർ വഴി
കൊറിയർ വഴി മുംബയിൽ നിന്നും കഞ്ചാവ് വൻതോതിൽ കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെ സിറ്റി പൊലീസ് കഴിഞ്ഞ ദിവസം തൃശൂരിൽ പിടികൂടിയിരുന്നു. മുംബയ് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയായ കൊറിയർ ദാദ എന്ന യോഗേഷ് ഗണപത് റാങ്കഡെ (31) ആണ് പിടിയിലായത്. മുംബയിലെ താനെയിലെത്തിയാണ് തൃശൂരിലെ പൊലീസ് സംഘം ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഒക്ടോബർ 18ന് കൊക്കാലെയിലുള്ള കൊറിയർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പാഴ്‌സലിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച നാലര കിലോഗ്രാം കഞ്ചാവും കണ്ടെത്തിയിരുന്നു. ഈ കേസിൽ, പടിഞ്ഞാറെകോട്ടയിലെ ജിംനേഷ്യം സെന്ററിൽ പ്രോട്ടീൻ ഉത്പന്നങ്ങൾ വിൽക്കുന്നതിന്റെ മറവിൽ കഞ്ചാവ് വിറ്റിരുന്ന നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ നെടുപുഴ സ്വദേശി വിഷ്ണു അറസ്റ്റിലായിരുന്നു. വിഷ്ണു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുംബയ് കേന്ദ്രീകരിച്ച് കൊറിയറിൽ കഞ്ചാവ് കടത്തുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്.

യോഗേഷും സംഘവും സമൂഹ മാദ്ധ്യമങ്ങളിലൂടെ വിവിധ സംസ്ഥാനങ്ങളിലുള്ളവരുമായി പരിചയപ്പെടുകയും അവർ നൽകുന്ന വ്യാജ മേൽവിലാസങ്ങളിൽ പാഴ്‌സലുകളിൽ ഒളിപ്പിച്ച് കഞ്ചാവ് കൊറിയറിൽ അയച്ചുനൽകുകയാണ് രീതി. കൊറിയർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സംശയം തോന്നാത്ത രീതിയിലായിരുന്നു കടത്തൽ. കേരളം, കർണാടക, ഗുജറാത്ത്, ഉത്തർപ്രദേശ്, പഞ്ചാബ് അടക്കമുളള സംസ്ഥാനങ്ങളിലേക്ക് യോഗേഷ് കൊറിയറിൽ കഞ്ചാവ് കടത്തിയിട്ടുണ്ട്. മുംബയിലെ ഐ.ടി പാർക്കുകൾ കേന്ദ്രീകരിച്ചും കഞ്ചാവ് വിറ്റു. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് ലഭിച്ച സൂചനകൾ പ്രകാരം പൊലീസ് അന്വേഷിച്ചുവരികയാണ്. ഇവർക്ക് ലഹരി എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ചും ലഹരിവസ്തുക്കൾ വാങ്ങി വിൽക്കുന്നവരെക്കുറിച്ചും ബന്ധപ്പെട്ടവരുടെ സാമ്പത്തിക വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.

കഞ്ചാവും

തപാലിൽ

മേഘാലയയിലെ ഷില്ലോംഗിൽ നിന്ന് തപാൽ മാർഗമെത്തിച്ച 4.70 കിലോ കഞ്ചാവ് പോസ്റ്റ് ഓഫീസിൽ നിന്ന് ഒപ്പിട്ടു കൈപ്പറ്റുന്നതിനിടെ ജിംനേഷ്യം പരിശീലകൻ തൃശൂരിൽ അറസ്റ്റിലായിരുന്നു. 7 മാസം മുൻപാണ് 5 കിലോ കഞ്ചാവുമായി ഇതേ ജിംനേഷ്യത്തിന്റെ ഉടമ അറസ്റ്റിലായത്. ഷില്ലോംഗിലെ വൻ കഞ്ചാവു റാക്കറ്റ് തപാലിലൂടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കു കഞ്ചാവും ഹഷീഷും ഹെറോയിനും കടത്തുന്നതായി കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ജിം ഉടമ ഗുവാഹത്തിയിൽ നിന്ന് തപാൽ മാർഗമെത്തിച്ച കഞ്ചാവുമായി പിടിക്കപ്പെട്ടതിനു പിന്നാലെ കസ്റ്റംസ് നിരീക്ഷണം സജീവമാക്കിയിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ കഞ്ചാവ് കടത്തു വീണ്ടും തുടങ്ങിയെന്നും ജിമ്മിലെ ട്രെയിനർമാരിൽ ചിലരെ ഉപയോഗിച്ചാണ് ഇടപാടുകളെന്നും കണ്ടെത്തി. ചില അഭിനേതാക്കളടക്കം ഇവരുടെ ഉപഭോക്താക്കളാണെന്നും വ്യക്തമായി. ഷില്ലോങ്ങിലെ വില്ലാ ഹൗസ് എന്ന സ്ഥാപനം തുകൽ ഉത്പന്നങ്ങളെന്ന പേരിലാണ് കഞ്ചാവ് കയറ്റിവിടുന്നതെന്ന് വ്യക്തമായിരുന്നു.

പാഴ്സൽ ആര്,

എങ്ങനെ പരിശോധിക്കും?
പാഴ്സലുകൾ സ്കാൻ ചെയ്യാൻ തപാൽ വകുപ്പിന് സംവിധാനമില്ല. ഇത് മുതലാക്കി രാജ്യത്താകമാനം തപാലിലൂടെ ലഹരിവസ്തുക്കൾ കയറ്റിയയ്ക്കുന്ന മാഫിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സജീവമാണ്.

ഫോണിലൂടെ ഓർഡർ സ്വീകരിക്കും. ഓൺലൈൻ പേയ്മെന്റ് ആപ്പുകളിലൂടെ പ്രതിഫലം സ്വീകരിക്കും. തുടർന്ന് ഉണങ്ങിയ കഞ്ചാവ് പാഴ്സലായി അയയ്ക്കുന്നതാണ് ഇവരുടെ രീതി. അസം, മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലാണ് ഇവരുടെ ശൃംഖല കൂടുതൽ സജീവം. വ്യാജ വിലാസങ്ങളിൽ നിന്നാണ് ഇവ കയറ്റിവിടുക. പാഴ്സൽ ഏറ്റുവാങ്ങേണ്ട വ്യക്തിയും ഏതെങ്കിലും സ്ഥാപനത്തിന്റെ പേരിൽ വ്യാജവിലാസം ചമച്ചാണ് പാഴ്സൽ ഒപ്പിട്ടു വാങ്ങുന്നത്.

ഇതിനിടെ, ഒന്നര വയസുകാരനെ മറയാക്കി ട്രെയിനിൽ കടത്തിയ പത്തു കിലോഗ്രാം കഞ്ചാവും എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയിരുന്നു. ദമ്പതിമാർ ചമഞ്ഞ് ബംഗാളിൽ നിന്നാണ് കഞ്ചാവ് തൃശൂരിൽ എത്തിച്ചത്. ബംഗാളിലെ മുർഷിദാബാദ് സ്വദേശികളാണ് അറസ്റ്റിലായത്.

കുട്ടികൾ കൂടെയുണ്ടെങ്കിൽ പരിശോധന നടത്തില്ലെന്ന ധാരണയിലാണ് കുഞ്ഞിനെയും ഒപ്പം കൂട്ടിയത്. എന്തായാലും കഞ്ചാവും എം.ഡി.എം.എയും പിടിവിട്ട് പറക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRUGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION