SignIn
Kerala Kaumudi Online
Friday, 23 October 2026 3.16 AM IST

കാടിറങ്ങുന്ന വന്യമൃഗങ്ങൾ; ജീവനും കൈയ്യിൽപിടിച്ച് മനുഷ്യർ

as

പതിറ്റാണ്ടുകളായി കേരളം ആഴത്തിൽ ചർച്ചചെയ്യുകയും നാളിതുവരെ ശാശ്വതമായൊരു പരിഹാരം കണ്ടെത്താൻ കഴിയാത്തതുമായൊരു വിഷയമാണ് 'മനുഷ്യ-വന്യജീവി സംഘർഷം'. കണ്ണൂർ ആറളത്ത് കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ അടുത്തിടെ മരിച്ചതാണ് സംസ്ഥാനത്തെ വന്യജീവി ആക്രമണങ്ങളിൽ ഒടുവിലത്ത സംഭവം. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും വന്യജീവികൾ മനുഷ്യജീവിതത്തിലും തിരിച്ചും അപകടകരമാംവിധം ഇടപെടുന്നുവെന്നത് കയ്പ്പേറിയ ഒരു യാഥാർത്ഥ്യമാണ്. വനാന്തരങ്ങളിൽ സ്വൈര വിഹാരം നടത്തിയിരുന്ന പുള്ളിപ്പുലികൾ ഇന്ന് ജനവാസ കേന്ദ്രങ്ങളിൽ വിലസുകയാണ്. കാട്ടാനകളുടെ ശല്യം വനമേഖലയിൽ താമസിക്കുന്നവരുടെ ഉറക്കം കെടുത്തുന്നു.

ജോലിക്ക് പോകുമ്പോൾ, പണി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കത്തിനിടയിൽ, തൊഴിൽ സ്ഥലത്ത്, വാഹനമോടിക്കുമ്പോൾ, യാത്രചെയ്യുമ്പോൾ, നടന്നുപോകുമ്പോൾ, പ്രഭാത സവാരിക്കിടയിൽ, കിടന്നുറങ്ങുമ്പോൾ തുടങ്ങി മലയോര മേഖലയിലെ മനുഷ്യന്റെ ജീവിത യാത്രക്കിടയിൽ എപ്പോൾ വേണമെങ്കിലും ഒരു വന്യമൃഗത്തിന്റെ രൂപത്തിൽ മരണമെത്താം എന്നതാണ് വർത്തമാനകാല കേരളത്തിന്റെ അവസ്ഥ. സുരക്ഷിതമായി വീട്ടിലിരിക്കാനും കഴിയാത്ത സ്ഥിതിയാണ്.

2017 ഏപ്രിൽ മുതൽ 2024 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 809 പേർക്കാണ് വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടമായത്. 514 പേർക്ക് പാമ്പു കടിയേറ്റും 171 പേർ കാട്ടാനയുടെ ആക്രമണത്തിലുമാണ് ജീവൻ നഷ്ടമായത്. കാട്ടുപന്നി കാരണം 50 പേർക്കും, കടന്നൽ കുത്തേറ്റ് 42 പേരും മരിച്ചു. കടുവയുടെ ആക്രമണത്തിൽ എട്ട് മനുഷ്യ ജീവനാണ് ഇല്ലാതായത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒൻപത് പേർക്കും ജീവൻ നഷ്ടമായി. വയനാട് തുടർച്ചയായ രണ്ടുദിവസത്തിൽ രണ്ട് മനുഷ്യജീവനാണ് പൊലിഞ്ഞത്.

മരണം മാത്രമല്ല മനുഷ്യന്റെ ജീവിതം തകർക്കുന്ന നഷ്ടങ്ങൾ പിന്നെയുമുണ്ട്. 2016 മുതൽ 2024 വരെ 7646 പേർക്കാണ് വന്യജീവി ആക്രമണത്തിൽ പരിക്കേറ്റത്. 3968 പശുക്കൾ ചത്തു. 54,266 കർഷകരുടെ കൃഷി നശിച്ചു. പലരുടെയും ഉപജീവനമാർഗമാണ് ഇല്ലാതായത്. വന്യജീവി ആക്രമണങ്ങൾ ഒഴിവാക്കാൻ വനംവകുപ്പ് നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും, കർഷകർക്ക് പരാതികൾ ഏറെയുണ്ട്. ശാശ്വത പരിഹാരമാണ് വേണ്ടത്. വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഭീഷണിയുള്ള സ്ഥലങ്ങളിലെല്ലാം വൈദ്യുതവേലികൾ വേണം. കൂടുതൽ ആർ.ആർ.ടികളും ജീവനക്കാരും ആവശ്യമാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി, പല പദ്ധതികളുടെയും വേഗം കുറയ്ക്കുന്നുണ്ടെങ്കിലും, വന്യജീവി ആക്രമണങ്ങളെ തടയാനുള്ള പദ്ധതികളെ ബാധിക്കരുത് എന്നാണ് കർഷകർ പറയുന്നത്. കാരണം, അതിന് ജീവന്റെ വിലയുണ്ട്. ഇതോടെ കേരളത്തിൽ മനുഷ്യ - വന്യമൃഗ സംഘർഷം സംബന്ധിച്ചുള്ള ചർച്ച വീണ്ടും ചൂടുപിടിക്കുകയാണ്.

സംഘർഷങ്ങൾ കാരണമെന്ത്?

മനുഷ്യ വന്യജീവി സംഘർഷത്തിന് ഹേതുവായി പലവിധകാരണങ്ങളാണ് പറയുന്നത്. വന്യജീവികളുടെ എണ്ണത്തിലുണ്ടായ വർദ്ധന, സ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള പ്രയാണം തുടങ്ങിയവ ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. കാടും നാടും തമ്മിൽ വേർതിരിക്കുക, ശല്യക്കാരാകുന്ന വന്യജീവികളെ പിടിച്ചുമാറ്റുകയോ കൊന്നൊടുക്കുകയോ ചെയ്യുക, അവയുടെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയ പരിഹാരമാർഗങ്ങൾ ഈ വാദക്കാർ മുന്നോട്ടും വെക്കുന്നു. എന്നാൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഇടപെടലുകൾ എല്ലാകാലത്തും നിലനിന്നിരുന്നു. വന്യജീവികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായിട്ടില്ലെന്നും മനുഷ്യവന്യജീവി സംഘർഷത്തിന്റെ മൂലകാരണം നാംതന്നെയാണെന്നും വാദിക്കുന്ന മറുവിഭാഗവുമുണ്ട്. അശാസ്ത്രീയവും അനിയന്ത്രിതവുമായ വികസനപ്രവർത്തനങ്ങളും കൈയേറ്റവുംമൂലം ആവാസവ്യവസ്ഥകളുടെ വിസ്തീർണവും ആരോഗ്യവും നഷ്ടപ്പെട്ടതിനാലാണ് മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം കൂടുതലായി അനുഭവപ്പെടാൻ തുടങ്ങിയതെന്ന് ഇവർ വാദിക്കുന്നു.

വനംവകുപ്പിന്റെ അനാസ്ഥ

വനം വകുപ്പിന്റെ അനാസ്ഥയാണ് പ്രശ്നങ്ങൾ സങ്കീർണമാക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ല. പരിശീലനമോ, തൊഴിൽ നൈപുണ്യമോ ഇല്ലാത്ത വനംവകുപ്പ് പ്രശ്നബാധിത മേഖലകളിൽ നോക്കുകുത്തിയാകുകയാണ്. സാങ്കേതിക രംഗത്ത് ഇത്രയധികം മുന്നേറ്റമുണ്ടായിട്ടും ഏതൊക്കെ സാങ്കേതികവിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാം എന്ന കാര്യത്തിൽ വനംവകുപ്പ് തീർത്തും അജ്ഞരാണ് എന്നതാണ് വസ്തുത. വനത്തെക്കുറിച്ചോ, ആവാസവ്യവസ്ഥയെക്കുറിച്ചോ ഭൂരിഭാഗം പേർക്കും ശാസ്ത്രീയമായ അറിവുപോലുമില്ല. ദുരന്തങ്ങൾക്കുശേഷം ആചാരപരമായ അനുശോചനങ്ങൾക്കപ്പുറം സത്വരവും, സുസ്ഥിരവുമായ നടപടികൾ സ്വീകരിക്കുന്നതിൽ വനംവകുപ്പിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും അമാന്തം പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. കാടിനോട് ചേർന്ന് ഉപജീവനം നടത്തുന്ന ആദിവാസി സമൂഹവും മറ്റു ജനവിഭാഗങ്ങളും കടുത്ത ഭീഷണിയിലാണ്. നഗരങ്ങളിൽ താമസിക്കുന്ന പരിസ്ഥിതിവാദികൾ ഇനിയെങ്കിലും കാര്യഗൗരവം മനസിലാക്കണം. പരിസരവാസികളുടെ ജീവനും ജീവനോപാധികളുമാണ് നഷപ്പെടുന്നത്.

മനുഷ്യൻ വന്യമൃഗ സംഘർഷം ഒഴിവാക്കാൻ സുസ്ഥിര നടപടിക്രമങ്ങൾ ആവശ്യമാണ്. ഇത് മൾട്ടി ഡിസിപ്ലിനറി തലത്തിൽ നടപ്പാക്കണം. പ്രാദേശികതലത്തിൽ പദ്ധതി ആവിഷ്‌കരിക്കണം. ഓരോ ആവാസവ്യവസ്ഥയിലെയും പ്രശ്നങ്ങൾ നിരവധിയാണ്. പ്രശ്നാധിഷ്ഠിത ഗവേഷണം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണം. സാങ്കേതിക വിദ്യ ഫലപ്രദമായി അവലംബിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ, സെൻസർ അടിസ്ഥാനത്തിലുള്ള ട്രാക്കിംഗ്, മുന്നറിയിപ്പ് സംവിധാനം എന്നിവ നടപ്പിലാക്കണം. ആവാസ വ്യവസ്ഥയിലേക്ക് മനുഷ്യരുടെ കടന്നു കയറ്റം ഒഴിവാക്കണം.

വിനോദ സഞ്ചാര

മേഖലയെ സുരക്ഷിതമാക്കണം

വയനാട്, മൂന്നാർ, നെല്ലിയാമ്പതി, അട്ടപ്പാടി തുടങ്ങി കേരളത്തിലെ മലയോര റൂടിസ്റ്റ് കേന്ദ്രങ്ങളിൽ വന്യജീവി ആക്രമണ സാദ്ധ്യതകൾ പരിഗണിച്ച് പ്രദേശത്ത് മുന്നറിയിപ്പു രീതികൾ നടപ്പിലാക്കണം. ടൂറിസം മേഖലയെ വ്യക്തമായി വേർതിരിക്കണം. ഇത് മനസിലാക്കാതെയുള്ള ടൂറിസ്റ്റുകളുടെ യാത്ര ആക്രമണം വിളിച്ചു വരുത്തും. വാഹനങ്ങൾക്കും സ്ഥിതി വിലയിരുത്തി പ്രത്യേക സീസണിൽ, സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തണം. വന്യമൃഗങ്ങളുടെ വരവ് നേരത്തെ അറിയുവാനുള്ള അലാറം, മൊബൈൽ അധിഷ്ഠിത സന്ദേശം എന്നിവ പ്രദേശവാസികൾക്ക് ലഭ്യമാക്കണം. റിസ്‌ക് വിലയിരുത്തിയുള്ള പ്രോട്ടോക്കോളുകൾ പ്രസിദ്ധീകരിക്കണം. യുവാക്കൾക്കും പരിസരവാസികൾക്കും ബോധവത്ക്കരണ, സ്‌കിൽവികസന പദ്ധതികൾ നടപ്പിലാക്കണം. ഇവർക്ക് ഇൻഷ്വറൻസ്, ചികിത്സ, പരിരക്ഷ എന്നിവ ഉറപ്പുവരുത്തണം. കാലാവസ്ഥാമാറ്റം ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ പഠന വിധേയമാക്കണം. സംഘർഷം വർദ്ധിച്ചു വരുമ്പോൾ ഇനിയെങ്കിലും പരിഹാരം ഉറപ്പു വരുത്താൻ മടിക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION