
ആറുമാസത്തിനുള്ളിൽ 2,500 വായനാ വീടുകൾ, 15,000 പുസ്തക ചർച്ചകൾ.... വായനയെ നെഞ്ചോടു ചേർക്കുകയാണ് ഒരു നാട് ഒന്നടങ്കം. കണ്ണൂരിലെ സാംസ്കാരിക കേന്ദ്രമായ പയ്യന്നൂരിലാണ് ഈ
'വിപ്ലവം". പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ആസൂത്രണം ചെയ്ത വീട്ടുമുറ്റ പുസ്തക ചർച്ച 'വായനായനം" ആണ് ഒരു നാട്ടിലാകാകെ വായനാ വസന്തം തീർക്കുന്നത്. സെപ്തംബർ ആദ്യ വാരം തുടങ്ങിയ പദ്ധതിയിൽ ഏറെ ആവേശത്തോടെയാണ് എല്ലാവരും പങ്കെടുക്കുന്നത്. പുസ്തകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോട്ടുബുക്കിൽ കുറിച്ചും പരസ്പരം അഭിപ്രായങ്ങൾ പങ്കിട്ടും അന്യം നിന്നുപോകുന്ന വായനയെ ഒരു ദേശമൊന്നാകെ തിരിച്ചുപിടിക്കുകയാണ്. സാംസ്കാരിക, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, കുടുംബശ്രീ, വനിത, യുവജന, വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ തുടങ്ങിയവരെ പങ്കാളികളാക്കിയാണ് പ്രവർത്തനം. താലൂക്കുതല സംഘാടക സമിതിയെ സഹായിക്കാൻ പഞ്ചായത്ത് തലത്തിലും വായനശാലാ തലത്തിലും സംഘാടക സമിതികളും നേതൃസമിതി തലത്തിൽ മോണിറ്ററി കമ്മിറ്റിയും പ്രവൃത്തിക്കുന്നുണ്ട്. പുസ്തക ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ, തെരുവോര വായന തുടങ്ങിയ പരിപാടികളും അനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്. 25 വിശ്വസാഹിത്യങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ഈ രംഗത്തേക്ക് കടന്നുവന്നത്. ഒരു വായനശാലയ്ക്ക് സമീപത്തെ പത്തു വീടുകൾ കേന്ദ്രീകരിച്ച് വായനാവീടുകൾ രൂപീകരിക്കും. ഒരുമാസം ഒരു വീട്ടിൽ ഒരു പുസ്തകമെങ്കിലും ചർച്ചയ്ക്കെടുക്കും. അങ്ങനെ ആറുമാസം കൊണ്ട് ഒരു വായനശാല 60 പുസ്തകങ്ങൾ ചർച്ച ചെയ്യും. നിലവിൽ മൂന്നുമാസം കൊണ്ട് 75 ലേറെ പുസ്തകങ്ങൾ ചർച്ച ചെയ്ത വായനശാലകളുമുണ്ട്. ആകെ 15,000 പുസ്തകങ്ങളാണ് ആറുമാസം കൊണ്ട് ചർച്ചയ്ക്കെടുക്കുന്നത്. ഒരു വായനാവീട്ടിൽ 30 മുതൽ 50 ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കും.
മാതൃകയാക്കാം
പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനായനം പദ്ധതി കേരളത്തിന് മാതൃകയാക്കാം. സമൂഹത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും ചേർത്തു പിടിച്ച് വായനയുടെ വ്യാപനവും വൈപുല്യവും ലക്ഷ്യം വെച്ച് കൊണ്ടാണ് പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ഈ പദ്ധതി നടപ്പാക്കി വരുന്നത്. സംസ്ഥാനത്ത് ലൈബ്രറികളിൽ പുസ്തകങ്ങൾ വാങ്ങുന്നതിനായി ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. വാങ്ങിയ പുസ്തകങ്ങളിൽ ചെറിയ ഒരു ശതമാനം പുസ്തകങ്ങൾ മാത്രമേ വായിക്കപ്പെടുന്നുള്ളൂ. ഈ അവസ്ഥക്ക് ചെറുതായെങ്കിലും ഒരു മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയത്.
വായനയിലേക്ക്
നടന്നടുക്കുന്നു പുതുതലമുറ
വായന മരിക്കുന്നുവെന്ന കാലങ്ങളായുള്ള പരിദേവനങ്ങൾക്കിടയിലേക്ക് യുവാക്കൾക്കിടയിൽ വായനാശീലമേറുന്നതായി കണക്കുകൾ. ജില്ലയിലെ പ്രധാന പുസ്തകശാലകളിൽ നിന്നും ലഭിക്കുന്ന കണക്കുകൾ പ്രകാരം എഴുപത് ശതമാനം പേരും യുവാക്കളാണ്. നാൽപത് പിന്നിട്ടവർ പൊതുവെ പുസ്തകശാലകളിൽ എത്തുന്നത് കുറവാണെന്നും ഇവിടുത്തെ ജീവനക്കാർ പറയുന്നു. മുൻ കാലങ്ങളിലെല്ലാം യുവതലമുറ പുസ്തകശാലകളിൽ എത്തുന്നില്ലെന്നതായിരുന്നു വെല്ലുവിളി. എന്നാൽ വളരെ ഗൗരവത്തോടെ ലോകം ചർച്ച ചെയ്യുന്ന പുസ്തകങ്ങളിലേക്ക് ചെറുപ്പക്കാർ താത്പര്യത്തോടെ എത്തുന്നുവെന്നും പുസ്തകശാല ജീവനക്കാർ പറയുന്നു.
അച്ചടി വായന അന്യം നിന്ന് പോകുന്ന ഈ സാഹചര്യത്തിൽ ഇങ്ങനെയൊരു പ്രവണത പ്രതീക്ഷ നൽകുന്നതാണെന്ന് പ്രസാധകരും പറയുന്നു. ഇന്ത്യൻ വായനക്കാരുടെയും ലോകോത്തര വായനക്കാരുടെയും 40 ശതമാനം യുവാക്കളാണ്. അതിൽ തന്നെ 25 ശതമാനം യുവാക്കൾ സ്ഥിര വായനക്കാരാണെന്നും കണക്കുകൾ പറയുന്നു.
ഇ ബുക്ക് വായനയിലും മികച്ച മുന്നേറ്റം ഉണ്ടായെന്നാണ് കണക്കുകൾ. പോയ വർഷം രാജ്യത്ത് 236.40 മില്യൺ യു.എസ് ഡോളറിന്റെ ഇ ബുക്ക് വിൽപ്പന രാജ്യത്തുണ്ടായെന്നാണ് കണക്ക്.
വായനയിലേക്ക് യുവാക്കൾ മികച്ച രീതിയിൽ കടന്നുവന്നിട്ടുണ്ടെങ്കിലും ചില ആശങ്കകളും ഇതോടൊപ്പമുണ്ട്. ഫിക്ഷനുകളോടുള്ള താത്പര്യമാണ് ഇതിൽ ഒന്ന്. യാഥാർത്ഥ്യത്തിൽ ഊന്നിയുള്ള വായന കുറയുന്നുവെന്നാണ് ഇതിന്റെ അർത്ഥം. സിനിമ, പാട്ട്, അഭിരുചികൾ എന്നിവയിൽ ആസ്വാദനത്തിന് വന്ന മാറ്റങ്ങൾ പുസ്തകവായനയിലും പ്രതിഫലിക്കുന്നുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത് പ്രണയം, അപസർപ്പകം തുടങ്ങിയ തരത്തിലുള്ള പുസ്തകങ്ങൾക്കാണ് വായനക്കാർ കൂടുതൽ. യുവാക്കളെ വായന ലോകത്തേക്ക് എത്തിക്കാൻ ഒരിക്കൽ, റാം കെയർ ഓഫ് ആനന്ദി, ഏറ്റവും പ്രിയപ്പെട്ട എന്നോട് തുടങ്ങിയ പുസ്തകങ്ങളും പങ്ക് വഹിച്ചിട്ടുണ്ട്. ഈ പുസ്തകങ്ങൾക്കും ഇതിന്റെ എഴുത്തുകാരുടെ മറ്റ് പുസ്തകങ്ങൾക്കും ജില്ലയിലെ പുസ്തക കമ്പോളത്തിൽ മാത്രം വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.
വായനാ
രീതി മാറുന്നു
വായനയുടെ രീതി ശാസ്ത്രം മാറി മറിയുകയാണ്. പുതിയ എഴുത്തുകാർ ഏറെയും കഥപറച്ചിലിന്റെ കൗതുകങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. അടുത്ത കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഖിൽ പി. ധർമജന്റെ റാം കെയർ ഓഫ് ആനന്ദി രണ്ടുകാര്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്. ഒന്ന് കഥപറച്ചിലിന്റെ രസത്തിലും സംഭവങ്ങളുടെ സിനിമാറ്റിക് തലത്തിലും. അതിനർത്ഥം പഴയ രീതിയുള്ള സാഹിത്യത്തിന്റെ മാനദണ്ഡങ്ങളല്ല പുതിയ എഴുത്തുകാരെയും വായനക്കാരെയും സ്വാധീനിക്കുന്നത് എന്നതാണ്. സ്റ്റോറി എന്നത് എഴുത്തിൽ മാത്രമുള്ളതല്ല, ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാട്സ്ആപ്പ് സ്റ്റാറ്റസിലും ഒക്കെയുള്ള ചെറു ആഖ്യാനങ്ങളും സ്റ്റോറികളായി മാറി. വായനക്കാർ ഇപ്പോൾ വായിക്കുക മാത്രമല്ല ചെയ്യുന്നത്, അവർ വായിച്ച കൃതികളുടെ വായനാനുഭവത്തെ സ്റ്റോറികളാക്കി സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നു. വെൽനെസ്, മോട്ടിവേഷൻ, ഹാപ്പിനെസ് എന്നിവ പ്രമേയമാകുന്ന കൃതികളും ആഖ്യാനങ്ങളുമാണ് കൂടുതൽ സ്വീകരിക്കപ്പെടുന്നത്. അവ അച്ചടിച്ചവ തന്നെയാകണമെന്നില്ല. സ്റ്റോറിടെൽ, ഓഡിബിൾ പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് നോവലുകളും കഥകളും മറ്റു സാഹിത്യരൂപങ്ങളും വായിക്കുന്നുണ്ട്. വായന കേൾവികൂടിയായി മാറിയിട്ടുണ്ട്. എ.ഐയുടെ വരവോടെ, വായനക്കാർക്ക് തന്നെ വേണമെങ്കിൽ കഥകളുണ്ടാക്കാനുള്ള തരത്തിലുള്ള പ്ലാറ്റ്ഫോമുകളും ഇപ്പോഴുണ്ട്.
''അഞ്ചുലക്ഷം മുതൽ ആറുലക്ഷം വരെ ആളുകളെ വായനയിലേക്ക് കൊണ്ടു വരികയെന്നതാണ് ലക്ഷ്യം. താലൂക്കിലെ 250 വായനശാലകൾ കേന്ദ്രീകരിച്ചാണ് ഈ ദൗത്യം''
ശിവകുമാർ,
പയ്യന്നൂർ താലൂക്ക്
ലൈബ്രറി കൗൺസിൽ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |