SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

മാതാപിതാക്കളുടെ വിവാഹമോചനം, ഒറ്റപ്പെടലിന്റെ ചുഴിയിൽ ഈ കുരുന്നുകൾ

as

കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമയായ പതിനഞ്ചുകാരിയെ മുത്തച്ഛനും മുത്തശ്ശിയും ചേർന്നാണ് സൈക്യാട്രിസ്റ്റിന്റെ അടുത്തെത്തിച്ചത്. മാതാപിതാക്കൾ വിവാഹമോചിതരാണെന്ന് ഡോക്ടറോട് പറയരുതെന്നും കുടുബത്തിന് മാനക്കേടാണെന്നും ചട്ടംകെട്ടിയാണ് അവർ പേരക്കുട്ടിയെ കൊണ്ടുവന്നത്. കുട്ടി ഡോക്ടറോട് കാര്യങ്ങൾ വിവരിച്ചു. അച്ഛൻ അമ്മയെ നിരന്തരം മർദ്ദിക്കുന്നതിന് സാക്ഷിയായിരുന്ന കുട്ടിക്ക് വഴക്ക് തുടങ്ങുമ്പോഴേ തലവേദന വരുമായിരുന്നു. വൈകാതെ ബോധരഹിതയാകുന്ന താൻ ഏറെ നേരത്തിനു ശേഷമാണ് ഉണരുകയെന്നും കുട്ടി പറഞ്ഞതോടെ 'സൊമറ്റോഫോം ഡിസോർഡർ" അഥവാ മനോജന്യ ശാരീരിക പ്രശ്നമാണ് കുട്ടിക്കെന്ന് ഡോക്ടർ കണ്ടെത്തി.

മാതാപിതാക്കൾ ഐ.ടി മേഖലയിൽ,​ പ്രതിമാസം ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന എൻജിനിയർമാർ. അമ്മയ്ക്ക് സ്ഥാനക്കയറ്റവും ശമ്പളവർദ്ധനയും ലഭിച്ചതോടെ അച്ഛൻ മദ്യപനായി. ഭാര്യയ്ക്ക് പുരുഷ സഹപ്രവർത്തകരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അയാൾ വീട് യുദ്ധക്കളമാക്കി. നാലുവർഷം പിരിഞ്ഞു താമസിച്ച ദമ്പതികൾ നിയമപരമായി വേർപിരിഞ്ഞപ്പോൾ മകൾ ഭാര്യയുടെ മാതാപിതാക്കൾക്കൊപ്പമായി.

കൂട്ടുകാർ മാതാപിതാക്കൾ വേർപിരിഞ്ഞ കഥയറിഞ്ഞതോടെ പരിഹാസമായി. 'തന്തയും തള്ളയും തമ്മിൽ എന്നും തല്ലും വഴക്കുമല്ലേ; പിന്നെങ്ങനെ കുട്ടി നന്നാവു"മെന്ന ടീച്ചറുടെ പ്രസ്താവന കൂടിയായപ്പോൾ കുട്ടി ആകെ തകർന്നു. കലഹം നിറഞ്ഞ നാളുകളുടെ ഓർമ്മകൾ പോലും അവളെ അസ്വസ്ഥയാക്കാൻ തുടങ്ങി. കഠിനമായ തലവേദനയിൽ കുട്ടി വശംകെട്ടു. ചികിത്സ കുട്ടിയുടെ നില മെച്ചപ്പെടുത്തി. ഇപ്പോൾ പ്ളസ് വണിന് പഠിക്കുന്നു.

ആത്മഹത്യയിൽ

അഭയം

പതിനേഴുകാരൻ ആത്മഹത്യയ്ക്കു ശ്രമിച്ചത് മാതാപിതാക്കളുടെ വിവാഹമോചനത്തിനു ശേഷമാണ്. വേർപിരിഞ്ഞ ഇരുവരും മറ്റു ബന്ധങ്ങളിലേക്കു പോയി. ഇത് കൂട്ടുകാർക്കിടയിൽ തന്നെ പരിഹാസപാത്രമാക്കിയപ്പോഴാണ് അവൻ ആത്മഹത്യയ്ക്കൊരുങ്ങിയത്. വളർന്നുവരുന്ന തലമുറയെ അശാന്തിയിലേക്ക് തള്ളിവിടുന്നതിൽ വിവാഹ മോചനങ്ങൾക്ക് പ്രധാന പങ്കുണ്ടെന്നു വ്യക്തമാക്കുന്നതാണ് സംസ്ഥാന ബാലാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം സർക്കാരിനു സമർപ്പിച്ച റിപ്പോർട്ട്.

ആറ് മുതൽ 18 വരെ പ്രായക്കാരായ 120 കുട്ടികളിലായിരുന്നു പഠനം. 52 ആൺകുട്ടികളും 68 പെൺകുട്ടികളും.

കുട്ടികൾക്ക് പ്രയാസങ്ങൾ തുറന്നുപറയാനും മാനസിക പിന്തുണ നൽകാനും കുടുംബ കോടതികളിൽ ചൈൽഡ് സൈക്കോളജിസ്റ്റുകൾ വേണമെന്ന് കമ്മിഷൻ നിർദ്ദേശിക്കുന്നു. ഇരുകക്ഷികളിൽനിന്നും നിശ്ചിതതുക ഈടാക്കി കുട്ടികൾക്ക് പ്രത്യേക ക്ഷേമനിധിയും പുനരധിവാസ പദ്ധതികളും വേണമെന്നും കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

കുട്ടികൾ

പറഞ്ഞത്

 മാതാപിതാക്കളോടൊപ്പം ജീവിക്കണം - 120-ൽ 43 പേർ

 കൗൺസലിംഗ് വേണം - 18

 തുടർന്നു പഠിക്കണം - 20

 മറ്റാരോടെങ്കിലും സംസാരിക്കണം - 12

 സഹോദരങ്ങൾക്കൊപ്പം ജീവിക്കണം - 07

 വിഷമം അമ്മയോട് പങ്കുവയ്ക്കാനിഷ്ടം - 20 പേർ

പഠനത്തിൽ

കണ്ടെത്തിയത്

മാനസിക പ്രശ്നങ്ങൾ: ദുഃഖം,കോപം, ഉത്‌കണ്‌ഠ, ഭയം, വിഷാദം, സമ്മർദ്ദം, ഒറ്റപ്പെടലും മാനസിക സംഘർഷവും

പെരുമാറ്റ വൈകല്യം: അനുസരണയില്ലായ്‌മ, അക്രമവാസന

വിശ്വാസ രാഹിത്യം: മാതാപിതാക്കളിൽ വിശ്വാസമില്ലാതെയാകുന്നു. ഇതിലൂടെ ആശയക്കുഴപ്പം,​

അപകർഷതാബോധം: പഠനത്തെയും ആത്മാഭിമാനത്തെയും ബാധിക്കുന്നു

ശാരീരിക പ്രശ്നങ്ങൾ: വിശപ്പില്ലായ്മ,​ ദുർബലമായ പ്രതിരോധശേഷി,​ ഉറക്കമില്ലായ്‌മ,​വളർച്ച മുരടിക്കൽ

സാമൂഹിക പ്രശ്നങ്ങൾ: ഒറ്റപ്പെടൽ,​ സമപ്രായക്കാരിൽ നിന്ന് അകൽച്ച,​ മറ്റുള്ളവരിൽനിന്ന് മോശം പ്രതികരണങ്ങൾ

കടമകൾ

മറക്കരുത്

കുട്ടികളെ ശരിയായ ദിശയിൽ വളർത്തേണ്ടവരാണ് മാതാപിതാക്കൾ. മാതാപിതാക്കളുടെ സ്നേഹവും സാമീപ്യവും അവരുടെ വളർച്ചയ്ക്കും മാനസികാരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. അഭിപ്രായവ്യത്യാസമുണ്ടാകുമ്പോൾ പിരിഞ്ഞുപോകേണ്ടതാണെന്ന സന്ദേശമാണ് വിവാഹമോചനം കുട്ടികൾക്ക് നൽകുന്നത്. മാതാപിതാക്കൾ തമ്മിലുള്ള അക്രമങ്ങൾ കുട്ടികളെയും അക്രമകാരികളാക്കും. മാനസികാരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് മാതാപിതാക്കൾ തിരിച്ചറിയണം.

കെ.വി. മനോജ് കുമാർ

ചെയർപേഴ്സൺ

ബാലാവകാശ കമ്മിഷൻ

..................................

വിവാഹബന്ധത്തിന്റെ തുടക്കത്തിൽത്തന്നെ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെട്ടാൽ കുട്ടികൾ എന്ന ചിന്ത മാറ്റിവയ്ക്കുക. ബന്ധം ആരോഗ്യകരമാണെങ്കിൽ മാത്രം കുട്ടി. അല്ലാതെ കുഞ്ഞാകുമ്പോൾ ബന്ധം ശരിയാകുമെന്ന ധാരണയിൽ കുഞ്ഞിന് ജന്മം നൽകരുത്. കുട്ടികൾ ആയ ശേഷമാണ് പ്രശ്നമുണ്ടായതെങ്കിൽ പ്രശ്നങ്ങളിലേക്ക് കുട്ടിയെ വലിച്ചിഴയ്ക്കാതിരിക്കുക. അവരെ വച്ച് വിലപേശരുത്. ബന്ധം വേർപിരിഞ്ഞശേഷവും കുട്ടികളുടെ കാര്യത്തിൽ സൗഹാർദ്ദത്തോടെ പെരുമാറുക. ഒരുമിച്ച് യാത്ര ചെയ്യുക. കുട്ടികളുടെ പിറന്നാൾ ഒരുമിച്ച് ആഘോഷിക്കുക. ഇതൊക്കെ ഒറ്റപ്പെടൽ ഒഴിവാക്കി അവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

ഡോ.വാണി ദേവി

സൈക്കോളജിസ്റ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIVORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION