
സംസ്ഥാനത്തേക്ക് ലഹരിമരുന്നുകൾ ഒഴുകുമ്പോഴും പൊലീസും എക്സൈസും ശരിയായി ഇടപെടുന്നില്ലെന്ന ചർച്ചകൾ നാട്ടിൻപുറങ്ങളിലെ ചായക്കടയിൽ തുടങ്ങി സാമൂഹിക മാദ്ധ്യമങ്ങളിൽ വരെ കൊഴുക്കുന്നുണ്ട്. എന്നാൽ പൊലീസിന്റെയും എക്സൈസിന്റെയും പ്രവർത്തനങ്ങളെ വിലകുറച്ചു കാണരുത്. സേനകൾ ഇത്രയും ജാഗ്രതയോടെ നിലകൊള്ളുന്നതു കൊണ്ടാണ് കേരളം പഞ്ചാബിനെപ്പോലെ ലഹരി മാഫിയയുടെ കൈപ്പിടയിലൊതുങ്ങാത്തത്. ഓരോ ദിവസവും പിടിക്കപ്പെടുന്ന കേസുകളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്.
2016-ൽ സംസ്ഥാനത്ത് ആകെ 5,924 ലഹരിമരുന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഭൂരിഭാഗം കേസുകളിലും പ്രതികൾ അറസ്റ്റിലായി. പിറ്റേ വർഷം കേസുകളുടെ എണ്ണം 9,244 ആയി ഉയർന്നു. 2018ൽ - 8724, 2019-ൽ 9245, 2020-ൽ 4968, 2021-ൽ 5695, 2022-ൽ 26,619 എന്നിങ്ങനെയാണ് കേസുകളുടെ സ്ഥിയിയെങ്കിൽ 2023-ൽ ഇത് 30,697-ലേക്ക് ഉയർന്നു. കഴിഞ്ഞ വർഷം 27,530 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ജനുവരിയിൽ മാത്രം 1,999 കേസുകളെടുത്തു.
2021-ൽ എക്സൈസ് കേസുകളിൽ 2023 പേർ ശിക്ഷിക്കപ്പെട്ടു. പിറ്റേവർഷം ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വർദ്ധിച്ചു- 3,638. ലഹരിക്കേസിൽ 2023-ൽ അറസ്റ്റിലായ 4998 പേർ ശിക്ഷിക്കപ്പെട്ടു. മുൻ വർഷം ശിക്ഷിക്കപ്പെട്ടത് 4474 പേരാണ്. കേസുകളിൽ കുറ്റവിമുക്തരാകുന്നവരുടെ എണ്ണം പത്തു ശതമാനത്തിൽ താഴെയാണ്. 2021ൽ 52, 2022ൽ 91, 2023ൽ 100, 2024ൽ 161 എന്നിങ്ങനെയാണ് കുറ്റവിമുക്തമാക്കപ്പെട്ടവരുടെ എണ്ണം. ലഹരിവ്യാപനം പിടിച്ചുകെട്ടാൻ പൊലീസിന് 'ഡാൻസാഫ്" പോലെ എക്സൈസിന് മൂന്നു സ്ക്വാഡുകളാണ് ഉള്ളത്- എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്, നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അടിമാലി എന്നിവയാണ് അവ.
പ്രശ്നക്കാരെ 'പിറ്റ്"
പിടികൂടും
ജാമ്യത്തിലിറങ്ങി ലഹരിക്കച്ചവടം തുടർന്നാൽ കിട്ടുക കരുതൽ തടങ്കലാണ്. മാരക ലഹരിവസ്തുക്കളുടെ വില്പനക്കേസുകളിൽ പിടിയിലാകുന്നവരിൽ കുറ്റം ആവർത്തിക്കുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതോടെ 'പിറ്റ്" എൻ.ഡി.പി.എസ് ആക്ട് (പ്രിവൻഷൻ ഒഫ് ഇല്ലിസിറ്റ് ട്രാഫിക്ക് ഇൻ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റാൻസസ് ആക്ട്) ശക്തമാക്കിയിരിക്കുകയാണ് എക്സൈസും പൊലീസും. 72 പേരുടെ പട്ടിക തയ്യാറാക്കി സമർപ്പിച്ച ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. കാപ്പ മാതൃകയിലുള്ള നിയമമനുസരിച്ച് സ്ഥിരമായി മയക്കുമരുന്ന് കേസുകളിൽ പ്രതിയാകുന്നവരെ ഒരുവർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാനാകും.
ലഹരിക്കേസുകളിൽ പതിവായി പിടിയിലാകുന്നവരുടെ വിവരങ്ങൾ എക്സൈസ് ശേഖരിച്ചുവരികയാണ്. 2024 നവംബർ വരെയുള്ള എക്സൈസ് ഡാറ്റാ ഷീറ്റിൽ 2199 പേരാണ് കുറ്റം ആവർത്തിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ എക്സൈസിന് സ്ഥിരം തലവേദന സൃഷ്ടിക്കുന്ന 72 പേരുടെ വിവരങ്ങളാണ് ശുപാർശയ്ക്കൊപ്പം നൽകിയത്. ഇതിൽ മഹാഭൂരിഭാഗം യുവാക്കളാണ്. പതിവായി ലഹരിക്കേസുകളിൽ കുടുങ്ങുന്നവരുടെ പട്ടിക ജില്ലാതലത്തിൽ ശേഖരിക്കും. ശേഷം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പരിശോധിച്ച് ജോയിന്റ് എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറും. ഇവിടെയും പരിശോധിക്കും. പിന്നീട് എക്സൈസ് കമ്മിഷണറുടെ കൈയിലെത്തും. ആഭ്യന്തര സെക്രട്ടറി അടങ്ങുന്ന കമ്മിറ്രിയാണ് പ്രതിക്കെതിരെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് ചുമത്താൻ അന്തിമാനുമതി നൽകുന്നത്.
(അവസാനിച്ചു )
കേസുകളുടെ
എണ്ണം (2024)
ജില്ല- എൻ.ഡി.പി.എസ്
• തിരുവനന്തപുരം - 40
• കൊല്ലം - 56
• പത്തനംതിട്ട - 120
• ആലപ്പുഴ- 83
• കോട്ടയം - 134
• ഇടുക്കി - 73
• എറണാകുളം - 82
• തൃശൂർ - 59
• പാലക്കാട് - 78
• മലപ്പുറം - 56
• കോഴിക്കോട് - 36
• വയനാട് - 55
• കണ്ണൂർ - 92
• കാസർകോട് -28
(എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്)
ജില്ല - എൻ.ഡി.പി.എസ്
• തിരുവനന്തപുരം - 13
• പാലക്കാട് - 3
• വയനാട് - 85
• കാസർകോട് - 0
(കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്)
ജില്ല - എൻ.ഡി.പി.എസ്
• ഇടുക്കി - 105
(നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അടിമാലി)
മാക്രോ, മൈക്രോ പ്രതിരോധം
പി.കെ. ഹോർമിസ് തരകൻ
റാ മുൻ മേധാവി, മുൻ ഡി.ജി.പി
ലഹരിമരുന്ന് പ്രശ്നം പുതിയതല്ലെങ്കിലും രണ്ടു പതിറ്റായി അതിന്റെ പ്രകടനങ്ങളിൽ പലതരം മ്യൂട്ടേഷനുകൾ വന്നിട്ടുണ്ട്. അതിന്റെ വ്യാപ്തി ക്രമാതീതമായി വളർന്നു. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സാമാന്യബുദ്ധിയുള്ള ഒരു സമീപനം, ഈ തിന്മ അതിവേഗം പടരുന്നതിന്റെ കാരണങ്ങൾ ആഴത്തിൽ പഠിക്കുക എന്നതാണ്. ഇവ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, ഉത്പാദന- വിതരണ- പ്രചാരണ തലങ്ങളിൽ ഈ ഭീഷണി ചെറുക്കുന്നതിനുള്ള മാർഗങ്ങൾ വികസിപ്പിക്കാനാവും.
പ്രശ്നം മാക്രോ, മൈക്രോ തലങ്ങളിൽ കൈകാര്യം ചെയ്യണം. മാക്രോ തലത്തിൽ, അന്താരാഷ്ട്ര മയക്കുമരുന്ന് കാർട്ടലുകളെ കൈകാര്യം ചെയ്യണം. സർക്കാരുകളുടെയും ഔദ്യോഗിക ഏജൻസികളുടെയും ഇന്റലിജൻസ് സംവിധാനത്തിന്റെ പ്രവർത്തന തലത്തിലുള്ള സഹകരണത്തോടെയുള്ള ഒരു സർക്കാർതല പ്രവർത്തനമായിരിക്കും ഇത്.
സൂക്ഷ്മതലത്തിൽ, ഗ്രാമങ്ങളിലും പട്ടണങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ പോരാട്ടം നടത്തേണ്ടത്. കാരണം, മയക്കുമരുന്ന് വിൽപ്പനക്കാർ നമ്മുടെ യുവാക്കളെ ലക്ഷ്യംവയ്ക്കുന്നത് സമീപ വർഷങ്ങളിലെ ഏറ്റവും ആശങ്കാജനകമായ പ്രതിഭാസമാണ്. മാതാപിതാക്കൾ, അദ്ധ്യാപകർ, സാമൂഹിക പ്രവർത്തകർ, സംസ്ഥാന, ജില്ലാ, തദ്ദേശ സ്ഥാപന തലങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ഏകോപിച്ചു പ്രവർത്തിക്കേണ്ട ഒരു പോരാട്ടമാണിത്. എക്സൈസ്, പോലീസ് വകുപ്പുകൾ നേതൃത്വം നൽകണം. അവർക്ക് സാമ്പത്തികവും സാങ്കേതികവുമായ വിഭവങ്ങൾ നൽകി അവരുടെ കൈകൾ ശക്തിപ്പെടുത്തുകയും വേണം.
വരും, സംയുക്ത ഓപ്പറേഷൻ
മനോജ് എബ്രഹാം
എ.ഡി.ജി.പി
കേരളത്തിലേക്ക് ലഹരിയെത്തുന്ന ശൃംഖല തകർക്കാതെ ഈ വിപത്തിനെ നേരിടാനാവില്ല. റോഡ്, റെയിൽ മാർഗം ലഹരി എത്തിക്കുന്ന ശൃംഖല ഇല്ലാതാക്കും. ഇതിനാണ് തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളുമായും ലക്ഷദ്വീപ്, ആൻഡമാൻ തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളുമായും കേരളാ പൊലീസ് കൈകോർത്തത്. ഇവിടങ്ങളിലാണ് ലഹരിയുടെ നിർമ്മാണ, സംഭരണ, വിതരണ കേന്ദ്രങ്ങളേറെയും. അവിടങ്ങളിലെ പൊലീസുകളുമായി ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലൂടെയാവും പ്രവർത്തനം.
ഓപ്പറേഷൻ തുടങ്ങി ഒരാഴ്ചയ്ക്കിടെ 12 പേരെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പിടികൂടാനായത് വിജയമാണ്. രഹസ്യാന്വേഷണത്തിലൂടെ അടക്കം ശേഖരിക്കുന്ന വിവരങ്ങൾ ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൈമാറും. വിവരം ലഭിച്ചാൽ അവർ അതിവേഗം പ്രതികരിക്കുന്നുണ്ട്. റെയിൽ മാർഗമുള്ള ലഹരിക്കടത്ത് തടയാൻ റെയിൽവേ പൊലീസിനോടും ആർ.പി.എഫിനോടും നിർദ്ദേശിച്ചിട്ടുണ്ട്. എക്സൈസുമായും മറ്റു വകുപ്പുകളുമായും ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കുന്നുണ്ട്.
വിവിധ വകുപ്പുകളുടെ ആക്ഷൻ പ്ലാൻ ചർച്ച ചെയ്താവും അന്തിമരൂപമാക്കുക. ഇതിനായി 15-ന് ശേഷം യോഗം ചേരും. സ്കൂളുകളിൽ ലഹരി എത്തുന്നത് തടയാൻ കർശന നിരീക്ഷണമുണ്ടാവും. അടുത്ത അദ്ധ്യയന വർഷത്തിൽ പൊലീസിന്റെ ആക്ഷൻ പ്ലാൻ നടപ്പാക്കും. കുട്ടികൾക്ക് ലഹരിയെത്തിക്കുന്നവരുടെ ഡേറ്റാ ബേസുണ്ടാക്കും. സ്ഥിരമായി ലഹരിവ്യാപാരം നടത്തുന്നവരെ അകത്താക്കും. സംസ്ഥാനത്തെ ലഹരി വിതരണ, വില്പന ശൃംഖലയെ പൂട്ടാൻ തന്നെയാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |