SignIn
Kerala Kaumudi Online
Thursday, 22 October 2026 7.49 PM IST

ബി.ജെ.പി ഭിന്നതയിൽ ഇടതിന് ഭരണനഷ്ടം

tdpha

ഇടുക്കി ജില്ലയിലെ ബി.ജെ.പിയിൽ ഏറെ നാളായി ഇരുവിഭാഗങ്ങൾ തമ്മിൽ തുടരുന്ന ഭിന്നത തൊടുപുഴ നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്‌തതോടെ എൽ.ഡി.എഫിന് ഭരണം തന്നെ നഷ്ടമായി. യു.ഡി.എഫിന്റെ 14 അംഗങ്ങൾക്കൊപ്പം എട്ട് ബി.ജെ.പി കൗൺസിലർമാരിൽ നാലുപേർ പാർട്ടി വിപ്പ് ലംഘിച്ചു വോട്ട് ചെയ്‌തോടെയാണ് നാലര വർഷമായി തുടരുന്ന എൽ.ഡി.എഫ് ഭരണത്തിന് താത്കാലിക വിരാമമായത്. ഇനി ഏപ്രിൽ അഞ്ചിന് നടക്കുന്ന ചെയമാൻ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തെ പോലെ പടലപ്പിണക്കമൊന്നുമുണ്ടായില്ലെങ്കിൽ യു.ഡി.എഫിന് ഭരണം പിടിക്കാം. ഒമ്പത് മാസത്തിൽ താഴെ കാലാവധി മാത്രമാണ് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നാടകീയ രംഗങ്ങൾക്കാണ് തൊടുപുഴ നഗരസഭ സാക്ഷ്യം വഹിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ട്രീസ ജോസിന്റെ അദ്ധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ 35 അംഗ കൗൺസിലിൽ അയോഗ്യനായ ഒരാളൊഴിച്ച് 34 അംഗങ്ങളും ഹാജരായിരുന്നു. 18 അംഗങ്ങളുടെ വോട്ടാണ് അവിശ്വാസം പാസാക്കാൻ വേണ്ടിയിരുന്നത്. യു.ഡി.എഫിന് 14 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്. ബി.ജെ.പി അംഗങ്ങൾ പിന്തുണയ്ക്കുമോ എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. അവിശ്വാസത്തിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം. ഇതനുസരിച്ച് എട്ട് പേർക്കും പാർട്ടി ജില്ലാ അദ്ധ്യക്ഷൻ വിപ്പ് നൽകിയിരുന്നു. എന്നാൽ ചില കൗൺസിലർമാർക്ക് എതിർ അഭിപ്രായമുണ്ടായിരുന്നു. ഇവരത് സംസ്ഥാന നേതൃത്വത്തെ അറിയിച്ചെങ്കിലും അംഗീകരിച്ചിരുന്നില്ല. തുടർന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.എസ്. രാജനും കവിതാ വേണുവും വിപ്പ് സ്വീകരിച്ചില്ല. തുടർന്ന് ഇവരുടെ വീട്ടിൽ വിപ്പ് പതിപ്പിച്ചതായി ബി.ജെ.പി നേതാക്കൾ പറഞ്ഞിരുന്നു. ഇതറിഞ്ഞതോടെ യു.ഡി.എഫിൽ പ്രതീക്ഷ വർദ്ധിച്ചു. യു.ഡി.എഫ് നൽകിയ അവിശ്വാസ പ്രമേയത്തിൽ രണ്ട് മണിക്കൂറിലേറെ വിവിധ കക്ഷി നേതാക്കൾ സംസാരിച്ചു. ഇതിനിടെ ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി ടി.എസ്. രാജൻ ചെയർപേഴ്സന്റെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിക്കുകയും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് യു.ഡി.എഫ് ക്യാമ്പിന് ഉണർവായി. ഇതോടെ തങ്ങളുടെ പാർട്ടി നിർദ്ദേശവും വിപ്പും അനുസരിച്ച് വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ് മുതിർന്ന ബി.ജെ.പി കൗൺസിലർമാരിലൊരാളായ പി.ജി. രാജശേഖരന്റെ നേതൃത്വത്തിൽ മൂന്നംഗങ്ങൾ പുറത്തേക്കിറങ്ങി. പി.ജി. രാജശേഖരന് പിന്നാലെ ശ്രീലക്ഷ്മി സുദീപ്, ജയ ലക്ഷ്മി ഗോപൻ എന്നിവരാണ് വിട്ടു നിന്നത്. ബാക്കിയുള്ള അഞ്ച് പേരിൽ നാല് പേർ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തു. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.എസ്. രാജൻ, ജിഷ ബിനു, ജിതേഷ് ഇഞ്ചക്കാട്ട്, കവിത വേണു എന്നിവരാണ് പാർട്ടി വിപ്പ് ലംഘിച്ച് യു.ഡി.എഫ് അവിശ്വാസത്തെ പിന്തുണച്ചത്. കൗൺസിലർ ബിന്ദു പത്മകുമാർ കൗൺസിൽ ഹാളിൽ തുടർന്നെങ്കിലും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എൽ.ഡി.എഫിലെ 12 അംഗങ്ങൾ അവിശ്വാസത്തെ എതിർത്തും യു.ഡി.എഫിലെ 14 അംഗങ്ങൾ പിന്തുണച്ചും വോട്ട് ചെയ്തു. ഇതോടെ 12 നെതിരെ 18 വോട്ടുകൾക്ക് അവിശ്വാസം പാസായി. യു.ഡി.എഫ് ക്യാമ്പിൽ ആഹ്ലാദം.

അവസാനിച്ചത്

നാലര വർഷത്തെ ഭരണം

2020ലെ തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത 35 അംഗ കൗൺസിലിൽ എൽ.ഡി.എഫ്- 13, യു.ഡി.എഫ്- 14, ബി.ജെ.പി- 8 എന്നിങ്ങനെയായിരുന്നു കക്ഷിനില. അന്ന് കോൺഗ്രസ് വിമതനെ ചെയർപേഴ്സണും ലീഗിൽ നിന്ന് കൂറുമാറിയെത്തിയ വനിതാ അംഗത്തെ വൈസ് ചെയർപേഴ്സനുമാക്കി എൽ.ഡി.എഫ് നഗരസഭാ ഭരണം പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ നഗരസഭാ അദ്ധ്യക്ഷനായ സനീഷ് ജോർജ്ജ് കൈക്കൂലിക്കേസിൽ പ്രതിയായതോടെ രാജിവച്ചു. പിന്നീട് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ പടലപ്പിണക്കം കാരണം ലീഗ് എൽ.ഡി.എഫിന് വോട്ട് ചെയ്തതോടെയാണ് ഏഴ് മാസം മുമ്പ് സി.പി.എമ്മിലെ സബീന ബിഞ്ചു ചെയർപേഴ്സനാകുന്നത്. തൊടുപുഴ നഗരസഭയിൽ ബി.ജെ.പിയുടെ വിപ്പ് ലംഘിച്ച് യു.ഡി.എഫ് അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്ത കൗൺസിലർമാരായ ടി.എസ്. രാജൻ, സി. ജിതേഷ്, ജിഷ ബിനു, കവിത വേണു എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.

ആദ്യമല്ല കോലീബി

ഇത് ആദ്യമായല്ല തൊടുപുഴ നഗരസഭയിൽ ബി.ജെ.പി യു.ഡി.എഫിനൊപ്പം ചേർന്ന് സി.പി.എമ്മിനെതിരെ നിലപാടെടുക്കുന്നത്. 2020ൽ എൽ.ഡി.എഫ് ഭരണം പിടിച്ച ശേഷം സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പിലായിരുന്നു ഈ 'അപൂർവ" കൂട്ടുകൂടൽ മുമ്പ് അരങ്ങേറിയത്. കോൺഗ്രസ് അഞ്ച്, ലീഗ് അഞ്ച്, ജോസഫ് വിഭാഗം രണ്ട് എന്നിങ്ങനെയായിരുന്നു അന്ന് യു.ഡി.എഫിന്റെ കക്ഷിനില. ഇതിൽ ലീഗിലെ ഒരംഗം ഒഴികെ ബാക്കി എല്ലാ കൗൺസിലർമാരും ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തു. ലീഗിന്റെ അബ്ദുൽ കരീമാണ് വോട്ടുചെയ്യാത്ത അംഗം. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്ക് മത്സരിച്ച അബ്ദുൽ കരീമിന് ബി.ജെ.പിയുടെ വോട്ടും ലഭിച്ചില്ല. ബാക്കി എല്ലാ ലീഗ് അംഗങ്ങൾക്കും ബി.ജെ.പി വോട്ടുചെയ്തു. ഇതോടെ മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ യു.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും ഭൂരിപക്ഷം നേടി. എൽ.ഡി.എഫിന് ഒരിടത്ത് പോലും ഭൂരിപക്ഷം നേടാനായില്ല. മത്സരിച്ച എല്ലാ സീറ്റുകളിലേക്കും യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ ജയിച്ചു. വികസനം, ക്ഷേമകാര്യം, ആരോഗ്യം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളിലാണ് യു.ഡി.എഫ് ഭൂരിപക്ഷം നേടിയത്. ആറംഗ കമ്മിറ്റികളിൽ യു.ഡി.എഫിന്റെ നാലംഗങ്ങൾ വീതമുണ്ട്. അഞ്ചംഗ കമ്മിറ്റികളായ പൊതുമരാമത്തും വിദ്യാഭ്യാസവുമാണ് ബി.ജെ.പി സ്വന്തമാക്കിയത്. മൂന്നംഗങ്ങൾ വീതം ഇരുകമ്മിറ്റികളിലേക്കും വിജയിച്ചു. കൂടാതെ ധനകാര്യ സ്റ്റാൻഡിംഗിന് കമ്മിറ്റിയിലെ വനിതാ സംവരണ സീറ്റിലേക്കും ബി.ജെ.പി. കൗൺസിലറാണ് ജയിച്ചത്.


വീണ്ടും യു.ഡി.എഫിൽ

അടിയാകുമോ

ഇനി വരുന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി നിൽക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കൈക്കൂലിക്കേസിൽപ്പെട്ട് സനീഷ് ജോർജ്ജ് രാജിവച്ച ഒഴിവിൽ 2024 ആഗസ്റ്റ് 12ന് നടന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ ഘടകകക്ഷികളായ കോൺഗ്രസും മുസ്ലീംലീഗും ഓരോ സ്ഥാനാർത്ഥികളെ വീതം നിറുത്തിയതോടെ കേവല ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് ഭരണം നഷ്ടമായിരുന്നു. മൂന്ന് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിൽ അവസാനഘട്ടത്തിൽ എല്ലാവരെയും ഞെട്ടിച്ച് മുസ്ലീംലീഗ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്‌തോടെയാണ് ഇടതുപക്ഷത്തിന് വീണ്ടും ഭരണം ലഭിച്ചത്. തുടർന്ന് ദിവസങ്ങളോളം ഇരുപാർട്ടികളുടെയും നേതാക്കൾ പരസ്പരം വാക്‌പോര് തുടർന്നു. പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്ത് പരിഹരിച്ചെന്നും ഇപ്പോൾ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നുമാണ് നേതാക്കൾ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LDF, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION