
സ്വകാര്യ സർവകലാശാലകൾ സംസ്ഥാനത്ത് സ്ഥാപിക്കുന്നതു സംബന്ധിച്ചും പിന്നാക്ക വിഭാഗ പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നതിനുള്ള സംവരണം ഏർപ്പെടുത്തുന്നതു സംബന്ധിച്ചും നിയമസഭയിലും പുറത്തും വലിയ ചർച്ചകൾ നടക്കുകയാണ്. സംവരണം ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ഭരണകക്ഷികളും പ്രഖ്യാപിക്കുന്നുമുണ്ട്. അതേസമയം, സംസ്ഥാന സർക്കാർ ഖജനാവിൽ നിന്ന് ശമ്പളവും മെയിന്റനൻസ് ഗ്രാന്റും അടക്കം വലിയ സാമ്പത്തിക സഹായം കൈപ്പറ്റുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി പ്രവേശനത്തിൽ സംവരണം പാലിക്കുന്നില്ല. സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിന്നാക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിക്കു നൽകിയ നിവേദനത്തിൽ ഇക്കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ല എന്നാണ് മറുപടി നൽകിയത്.
നിലവിൽ വിവിധ കോഴ്സുകൾക്ക് 20, 27, 28, 30 ശതമാനം നിരക്കുകളിൽ സംവരണം അനുവദിക്കുന്നത് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതും സർക്കാരിന്റെ പരിഗണനയിലില്ല എന്നാണ് മറുപടി നൽകിയത്. പിന്നാക്ക സമുദായങ്ങളുടെ ക്ഷേമത്തിനുവേണ്ടി രൂപീകരിച്ച, പിന്നാക്ക സമുദായക്കാരായ എം.എൽ.എമാരുടെ ആ സമിതിക്ക് ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് എന്താണ് എന്നു വ്യക്തമാക്കാൻ പോലും കഴിഞ്ഞില്ല! തികച്ചും ന്യായമായ ആവശ്യം സർക്കാർ അംഗീകരിക്കേണ്ടതാണ് എന്ന് ഒരു ശുപാർശയെങ്കിലും നൽകാൻ കഴിയാത്ത ഈ എം.എൽ.എ മാർ എന്തിനാണ് ജില്ലകൾ തോറും സിറ്റിംഗ് നടത്തി പിന്നാക്ക സമുദായ ക്ഷേമ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായങ്ങളും നിവേദനങ്ങളും സ്വീകരിക്കുന്നത് എന്നും, പിന്നാക്ക വിഭാഗ ക്ഷേമത്തിനു വേണ്ടിയുള്ള സഭാ സമിതിയിൽ അംഗങ്ങളായിരിക്കുന്നത് എന്നും വ്യക്തമാക്കേണ്ടതുണ്ട്. പ്രതികരണശേഷി ഇനിയും നഷ്ടമാകാത്ത പിന്നാക്ക സമുദായ സംഘടനാനേതാക്കളും രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |