
രണ്ടാം പാദത്തിലും പ്രകടനം മെച്ചപ്പെടുത്തി
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലും രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കുകൾ മികച്ച ലാഭ വളർച്ച തുടരുന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയവയെല്ലാം അറ്റാദായത്തിലും ബിസിനസിലും നിക്ഷേപത്തിലും വായ്പാ വിതരണത്തിലും മികച്ച വളർച്ച കൈവരിച്ചു. ഇതോടൊപ്പം കിട്ടാക്കടം കുറച്ച് ആസ്തിമേന്മ വർദ്ധിപ്പിക്കാനും ബാങ്കുകൾക്ക് കഴിഞ്ഞു. പലിശ വരുമാനത്തിലെ വളർച്ചയും അറ്റ പലിശ വരുമാനത്തിലെ വർദ്ധനയുമാണ് ബാങ്കുകൾക്ക് കരുത്തായത്. എന്നാൽ അറ്റ പലിശ മാർജിനിൽ സമ്മർദ്ദം ശക്തമാണ്. വിദേശ കറൻസി നിക്ഷേപം ഉൾപ്പെടെയുള്ള ഉയർന്ന ചെലവുള്ള നിക്ഷേപങ്ങളിലെ വർദ്ധനയാണ് മാർജിനെ ബാധിക്കുന്നത്.
ഐ.സി,ഐ.സി.ഐ ബാങ്ക്
രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം 20.1 ശതമാനം വർദ്ധനയോടെ 14,843 കോടി രൂപയായി. അറ്റ പലിശ വരുമാനം 17.7 ശതമാനം ഉയർന്ന് 25,339 കോടി രൂപയിലെത്തി. അറ്റ പലിശ മാർജിൻ മുൻപാദത്തിലെ 4.36 ശതമാനത്തിൽ നിന്ന് 4.18 ശതമാനത്തിലേക്ക് താഴ്ന്നു. മൊത്തം നിഷ്ക്രിയ ആസ്തി 1.2 ശതമാനത്തിലേക്ക് താഴ്ന്നു. ഇക്കാലയളവിൽ നിക്ഷേപം 27.1 ശതമാനവും വായ്പ 30 ശതമാനവും ഉയർന്നു.
എച്ച്.ഡി.എഫ്.സി ബാങ്ക്
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റാദായം 4.7 ശതമാനം വളർച്ചയോടെ 19,510 കോടി രൂപയായി. അറ്റ പലിശ വരുമാനം 9.7 ശതമാനം വർദ്ധിച്ച് 34,620 കോടി രൂപയിലെത്തി. പലിശ ഇതര വരുമാനം 3.6 ശതമാനം കുറഞ്ഞ് 13,830 കോടി രൂപയായി. അറ്റ പലിശ മാർജിൻ ഇക്കാലയളവിൽ 3.16 ശതമാനത്തിലേക്ക് താഴ്ന്നു. വായ്പകൾ 16.3 ശതമാനം വളർച്ചയോടെ 32.2 ലക്ഷം കോടി രൂപയിലും നിക്ഷേപം 18.8 ശതമാനം വർദ്ധനയോടെ 33.27 ലക്ഷം കോടി രൂപയിലും എത്തി.
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 38 ശതമാനം വർദ്ധിച്ച് 7,003 കോടി രൂപയായി. അറ്റ പലിശ വരുമാനം 12 ശതമാനം ഉയർന്ന് 15,371 കോടി രൂപയിലെത്തി. അറ്റ പലിശ മാർജിൻ 3.36 ശതമാനത്തിലേക്ക് താഴ്ന്നു. പലിശ ഇതര വരുമാനം 6,531 കോടി രൂപയായി കുറഞ്ഞു. മൊത്തം എൻ.പി.എ 1.16 ശതമാനത്തിലേക്ക് താഴ്ന്നു. വായ്പകൾ 23 ശതമാനം വളർച്ചയോടെ 13.74 ലക്ഷം കോടി രൂപയിലും നിക്ഷേപം 21 ശതമാനം ഉയർന്ന് 14.52 ലക്ഷം കോടി രൂപയിലുമെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |