SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

നഴ്സുമാരുടെ പ്രതിഷേധം ആളുന്നു... വലഞ്ഞ് രോഗികൾ

s

നമുക്കറിയാം ആരോഗ്യരംഗത്തിന്റെ അടിത്തറയെന്ന് പറയാവുന്ന വിഭാഗമാണ് നഴ്സുമാർ. രോഗിയുടെ വേദനയിലും പ്രതിസന്ധിയിലും ആദ്യം സമീപിക്കുന്ന മുഖം പലപ്പോഴും ഡോക്ടറുടേതല്ല, അത് നഴ്സിന്റേതാണ്. രോഗിയെ പരിചരിക്കുക, മരുന്ന് നൽകുക, മാനസിക പിന്തുണ നൽകുക, അടിയന്തര സാഹചര്യങ്ങളിൽ ത്വരിതമായി പ്രവർത്തിക്കുക തുടങ്ങി അനവധി ഉത്തരവാദിത്തങ്ങൾ വഹിക്കുന്നതും അവർ തന്നെ.

എന്നാൽ ഈ നിർണായകമായ സേവനം നൽകുന്ന നഴ്സുമാരുടെ ജീവിതാവസ്ഥ പല സ്വകാര്യ ആശുപത്രികളിലും അത്ര സുഖകരമല്ല. കുറഞ്ഞ ശമ്പളവും നീണ്ട ജോലി സമയവും പലർക്കും നേരിടേണ്ടി വരുന്ന വലിയ പ്രശ്നങ്ങളാണ്. ചിലർക്ക് ദിവസവും മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യമുണ്ട്. ജോലി സമ്മർദ്ദവും മാനസിക പ്രയാസങ്ങളും കൂടുമ്പോൾ അവരുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചെയ്ത ജോലിക്ക് തക്കതായ ശമ്പളമാവശ്യപ്പെട്ട് അവർ സമര രംഗത്തെത്തിയത്. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന പണിമുടക്ക് പുരോഗമിക്കുമ്പോഴും അവർക്കനുകൂലമായ നടപടികൾ ഇനിയുമുണ്ടായിട്ടില്ല. ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.അതേ സമയം നഴ്സുമാരുടെ സമരത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് മാനേജ്മെന്റ് പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട് കളക്ടേറ്റിന് മുൻപിൽ സമരവുമായി നഴ്സുമാരുണ്ട്. തിങ്കളാഴ്ച രാവിലെ 10 മുതൽ കളക്ടറേറ്റിന് മുൻപിൽ നഴ്സുമാർ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി രണ്ടായിരത്തോളം നഴ്സുമാർ സമരത്തിൽ പങ്കെടുത്തു. 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമ്പൂർണ പണിമുടക്ക് ആരംഭിച്ചത്. മൂന്നുദിവസമായി സമരം തുടരുന്നുണ്ടെങ്കിലും തിങ്കളാഴ്ച പൂർണമായി പണിമുടക്കുകയായിരുന്നു. തങ്ങളുടെ ആവശ്യം നടപ്പാകും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് നഴ്സുമാർ പറയുന്നു. ശമ്പള വർധനയിൽ യു.എൻ.എയുമായി ധാരണയിൽ എത്താത്ത എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം നടക്കുന്നത്. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ കൂടുതൽ തുക മാനേജ്മെന്റ് നൽകാമെന്ന് അറിയിച്ചതോടെയാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിൻവലിച്ചത്.

അടിച്ചമർത്താൻ മാനേജ്മെന്റുകൾ

നഴ്സുമാർ സമരവുമായി രംഗത്തെത്തിയതോടെ അവരെ അടിച്ചമർത്താനുള്ള നീക്കവുമായി മാനേജ്മെന്റ് പ്രതിനിധികളും രംഗത്തെത്തി. ഇതിനെതിരെ പ്രതിഷേധം ആളിക്കത്തി. ബേബി മെമ്മോറിയൽ ആശുപത്രിയിൽ അധികൃതരും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. രണ്ട് കരാർ നഴ്സുമാരെ പിരിച്ചു വിടുകയും കൂടുതൽ പേർക്ക് നോട്ടീസ് നൽകുകയും ചെയ്തതോടെയാണ് സമരക്കാർ പ്രതിഷേധവുമായെത്തിയത്. തുടർന്ന് നഴ്സുമാരെ പിരിച്ചുവിട്ട നടപടി മരവിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. രാവിലെ കളക്ടറേറ്റിൽ നഴ്സുമാരുടെ സമരം ആരംഭിച്ചതു മുതൽ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. സമരത്തിനിറങ്ങിയ നഴ്സുമാരെ തടഞ്ഞുവെന്നും കെെയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും നഴ്സുമാർ പരാതിപ്പെട്ടു. പുതുതായി ജോലിക്ക് കയറിയ 25ഓളം നഴ്സുമാരെ അധികൃതർ ക്ലാസ് ഉണ്ടെന്നും പറഞ്ഞ് വിളിച്ചുവരുത്തുകയും പൂട്ടിയിടുകയും ചെയ്തെന്നായിരുന്നു ആരോപണം. ഇതിനെ തുടർന്ന് രാവിലെ ആശുപത്രിയിൽ നഴ്സുമാർ പ്രതിഷേധം നടത്തിയിരുന്നു.

സ്തംഭിച്ച് ആശുപത്രികൾ

രണ്ട് ദിവസമായി ജോലികൾ നിറുത്തിവെച്ച് നഴ്സുമാർ രംഗത്തെത്തിയതോടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ പ്രതിസന്ധിയിലായി. നിരവധി രോഗികൾ ചികിത്സ കിട്ടാതെ വലഞ്ഞു. അത്യാഹിത വിഭാഗം, ഐ.സി.യു എന്നിവയെ ബാധിച്ചതോടെ കിടത്തി ചികിത്സ, ശസ്ത്രക്രിയകൾ എന്നിവയെല്ലാം പ്രതിസന്ധിയിലായി. നൂറുകണക്കിന് രോഗികൾക്ക് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നു. മിംസ്, ബേബി മെമ്മോറിയൽ, മേയ്ത്ര, ഇഖ്‌റ, മലബാർ, ശാന്തി, ഫാത്തിമ തുടങ്ങി ജില്ലയിലെ പ്രധാന ആശുപത്രികളിലെ നഴ്സുമാരെല്ലാം സമരത്തിനിറങ്ങിയിരുന്നു. ചെറിയ ആശുപത്രികളുടെ പ്രവർത്തനവും അവതാളത്തിലാണ്.

രോഗികളുടെ ജീവൻ വെച്ചുള്ള വിലപേശൽ അവസാനിപ്പിച്ച്, അവകാശങ്ങൾ നേടിയെടുക്കാൻ സക്രിയമായ സമര മുറകളിലേക്ക് നഴ്സുമാർ മാറണമെന്നാണ് രോഗികൾ പറയുന്നത്.

നഴ്സുമാരുടെ സമരം വെറും തൊഴിലാളി സമരമെന്നതിലുപരി ആരോഗ്യരംഗത്തിലെ ഒരു വലിയ ചർച്ചയായി മാറുകയാണ്. അവരുടെ ശബ്ദം കേൾക്കപ്പെടണം, പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം എന്നതാണ് സമൂഹത്തിന്റെ പ്രതീക്ഷ. ആരോഗ്യരംഗത്തിന്റെ ഹൃദയമിടിപ്പായ നഴ്സുമാരുടെ സേവനത്തെ ആദരിക്കുകയും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമ്പോഴാണ് ആരോഗ്യസംരക്ഷണ സംവിധാനം കൂടുതൽ ശക്തമാകുന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY