SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

പ്രതീക്ഷ നല്കുന്ന ഒരു കൂടിക്കാഴ്ച

s

നിയമസഭാ തിരഞ്ഞെടുപ്പിൽ, പിന്നാക്ക സമുദായ സ്ഥാനാർത്ഥികളെ വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കണമെന്ന ശിവഗിരി മഠത്തിന്റെ ആവശ്യം അംഗീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാട് ജനാധിപത്യ കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്. തിരഞ്ഞെടുപ്പു വിജയമാണ് എല്ലാ പാർട്ടികളുടെയും ലക്ഷ്യമെന്നതിനാൽ ശിവഗിരി മഠം മുന്നോട്ടുവച്ച വിഷയങ്ങൾ എല്ലാ പാർട്ടികളുടെയും പരിഗണനയ്ക്ക് വിധേയമാകുമെന്ന് ഉറപ്പാണ്. സോദരത്വേന വാഴണമെങ്കിൽ ഭൗതിക പുരോഗതി കൂടി ഉണ്ടാവണമെന്നും,​ അതിന് സംഘടനയിലൂടെ ശക്തി നേടണമെന്നുമാണ് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞത്. ശക്തി എന്നാൽ അധികാരമാണെന്ന് ആർക്കും മനസിലാകത്തക്ക വിധമാണ് ഗുരു ഉപദേശിച്ചത്.

ജനാധിപത്യത്തെ ശാസ്ത്രീയമായി മുൻകൂട്ടി വിശകലനം ചെയ്ത സന്യാസിവര്യനായിരുന്നു ഗുരു. ഈ സന്ദേശങ്ങളെ ഇന്ധനമായി സ്വീകരിച്ച ശിഷ്യപരമ്പരയിലെ ഉന്നതസ്ഥാനീയനാണ് സാമി സച്ചിദാനന്ദ. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: 'എല്ലാ പാർട്ടികളും പിന്നാക്കക്കാരെ അവഗണിക്കുന്നു. വീണ്ടും പഴയ സ്ഥിതിയിലേക്ക് ചവിട്ടിത്താഴ്ത്താൻ ബോധപൂർവം ശ്രമിക്കുന്നു." എല്ലാ പാർട്ടികൾക്കും ജനാധിപത്യ ബോധം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഇതിലൂടെ സ്വാമിജി പറയുന്നത്. 65 ശതമാനം വരുന്ന പിന്നാക്കക്കാരെ മൂലയ്ക്കിരുത്തി ജനാധിപത്യ ഭരണക്രമത്തെ നിയന്ത്രിക്കാൻ ചില ശക്തികൾക്ക് കഴിയുന്നുവെങ്കിൽ അതിനെ ജനാധിപത്യം എന്ന് വിശേഷിപ്പിക്കാനാവുമോ?​

പിന്നാക്ക വിഭാഗങ്ങൾ എന്തുകൊണ്ട് ജനാധിപത്യ പ്രക്രിയയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു?​ പിന്നാക്ക ഭൂരിപക്ഷ മണ്ഡലങ്ങളിൽ മറ്റു വിഭാഗ സ്ഥാനാർഥികൾ വരുമ്പോൾ എന്തുകൊണ്ട് അവർ വിജയിക്കുന്നു?​ കണ്ടു മടുത്തിട്ടാണ് ശിവഗിരി മഠം ഇത് പറയുന്നതെന്നും സ്വാമിജി വ്യക്തമാക്കി. പിന്നാക്ക ഭൂരിപക്ഷമുള്ള സീറ്റുകളിൽ സംഘടിത താത്പര്യക്കാരെ നിർത്തി വിജയിപ്പിക്കുമ്പോൾ വിജയസാദ്ധ്യതയില്ലാത്ത സീറ്റുകൾ പിന്നാക്കക്കാർക്കു നൽകി,​ പരിഗണിച്ചു എന്ന് വരുത്തിത്തീർക്കുന്നതിനെ ജനാധിപത്യം എന്ന് വിശേഷിപ്പിക്കാനാവില്ല.

എ.കെ. ആന്റണി മൂന്നു പ്രാവശ്യവും ഉമ്മൻചാണ്ടി രണ്ടു പ്രാവശ്യവും മുഖ്യമന്ത്രിമാരായി. എന്തുകൊണ്ട് ഒരു തവണപോലും വയലാർ രവിക്ക് അവസരം നൽകിയില്ല?​ ആദർശമൊക്കെ പാഴ്‌‌വാക്കായ സമൂഹത്തിൽ പിന്നാക്ക വിഭാഗങ്ങൾ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചില്ലെങ്കിൽ എക്കാലവും പിന്നാക്കമായിത്തന്നെ നിൽക്കുമെന്ന സൂചനയാണ് സ്വാമിജി നൽകുന്നത്. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ഭൗതിക പുരോഗതിക്കു വേണ്ടിയാണ് മുഖ്യധാരാ രാഷ്ട്രീയത്തെക്കുറിച്ച് സ്വാമിജി സൂചിപ്പിക്കുന്നത്. സന്യാസിമാർക്ക് രാഷ്ട്രീയത്തിൽ ഇടപെടാമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. കാരണം,​ ഗുരുവിന്റെ കർമ്മകാണ്ഡം മുഴുവൻ രാഷ്ട്രീയ ഇടപെടലുകൾ ആയിരുന്നു. അതുകൊണ്ടാണ് മഹാരാജാക്കന്മാർ പോലും ഗുരുവിന്റെ പ്രവർത്തനങ്ങളെ ആദരവോടെ വീക്ഷിച്ചത്.

സാമി സച്ചിദാനന്ദയുടെ പ്രതികരണങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ്. അതുപോലെ,​ 'സാമൂഹികനീതി അവകാശമാണെ"ന്ന കേരളകൗമുദിയുടെ അവസരോചിതമായ എഡിറ്റോറിയലും പിന്നാക്ക വിഭാഗങ്ങളുടെ ജനാധിപത്യ നഷ്ടങ്ങളെ ശക്തമായി ഓർമിപ്പിക്കുന്നു. കേരള ചരിത്രത്തിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഒരിക്കൽ മാത്രമാണ് കോൺഗ്രസിന് ലഭിച്ചിട്ടുള്ളത്. അത് ആർ. ശങ്കർ എന്ന കെ.പി.സി.സി പ്രസിഡന്റ് സമ്മാനിച്ചതാണ്. പക്ഷേ ആർ. ശങ്കർ ചേർത്തുപിടിച്ചവരെയെല്ലാം പിന്നീട് കോൺഗ്രസിൽ നിന്ന് ഒഴിവാക്കുന്ന നയമാണ് ചില നേതാക്കൾ സ്വീകരിച്ചത്. കോൺഗ്രസിനുണ്ടായ ഈ അപചയത്തിലേക്കാണ് സ്വാമികൾ ശ്രദ്ധ ക്ഷണിച്ചത്.

(ആർ. ശങ്കർ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY