SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

സ്നേഹത്തിന്റെ പെരുന്നാൾ

s

ശവ്വാൽ മാസപ്പിറവി വിശ്വാസി സമൂഹത്തിന് ചെറിയ പെരുന്നാൾ ആഘോഷവേളയാണ്. മാനത്തെ ചന്ദ്രകിരണത്തെപ്പോലെ ലോകമൊട്ടാകെ സ്‌നേഹം സ്ഫുരിപ്പിക്കുകയെന്ന ദൗത്യമാണ് വിശ്വാസിക്ക് ശവ്വാൽ മാസത്തിൽ നിർവഹിക്കാനുള്ളത്. ആഘോഷദിനങ്ങൾ സൗഹാർദ്ദങ്ങളുടെയും കൂട്ടായ്മകളുടെയും ഉത്സവമാക്കണം. ചെറിയപെരുന്നാൾ ദിനത്തിൽ മാനവ ഐക്യത്തിനായി പ്രാർത്ഥിക്കുകയും അതിനായി പ്രവർത്തിക്കുകയും വേണം. വിശ്വാസിയുടെ വചനങ്ങളും പ്രവർത്തനങ്ങളും മാത്രമല്ല, ചിന്തകൾ പോലും മാനവ ഐക്യത്തിന്റെ ഉണർത്തുപാട്ടാകണം.

ലോകനന്മയ്ക്കായും സമാധാനത്തിനായും നമ്മൾ പ്രതിജ്ഞ പുതുക്കണം. ദുരിതജീവിതം നയിക്കുന്നവർക്കും പ്രയാസം അനുഭവിക്കുന്നവർക്കും സാന്ത്വനമാകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും മുന്നോട്ടുവന്നാണ് അനുഗൃഹീതമായ റമസാൻ മാസത്തിനും പെരുന്നാൾ ദിനത്തിനും സ്രഷ്ടാവിനോട് നന്ദി കാണിക്കേണ്ടത്. വ്രതാനുഷ്ഠാനത്തിലൂടെ ഓരോ വിശ്വാസിയും ആത്മീയമായും ശാരീരികമായും ശുദ്ധി നേടിക്കഴിഞ്ഞു. നേടിയെടുത്ത വിശുദ്ധി കാത്തുസൂക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് ഇനി ഓരോ വിശ്വാസിക്കും മുന്നിലുള്ളത്.

സർവവും സ്രഷ്ടാവിലേക്കു സമർപ്പിച്ച്, കളങ്കരഹിതമായി ജീവിച്ച ഒരുമാസത്തിന്റെ പൂർത്തീകരണമാണ് ചെറിയപെരുന്നാൾ. അലസമായും അശ്രദ്ധമായും ജീവിച്ചിരുന്ന പതിനൊന്ന് മാസങ്ങൾക്കു ശേഷം കൂടുതൽ സൂക്ഷ്മമായി സമയം ചെലവഴിച്ച ഒരുമാസമാണ് കടന്നുപോയത്. റമസാനിൽ നേടിയെടുത്ത വിശുദ്ധിയുടെ ആഘോഷമാണിത്. പെരുന്നാൾ നിസ്‌കാരവും ഫിത്വർ സകാത്തുമാണ് ഈ ദിവസത്തിന്റെ പ്രത്യേകത. പെരുന്നാൾ നിസ്‌കാരത്തിന് പള്ളിയിലേക്കു പോകുന്ന വിശ്വാസികളെ വരവേൽക്കാൻ വഴിയിൽ ഇരുവശവും അല്ലാഹുവിന്റെ മാലാഖമാർ കാത്തിരിക്കും. അവരോട്,​ തന്റെ പ്രീതി ലക്ഷ്യമിട്ട് നോമ്പനുഷ്ഠിച്ചവരെക്കുറിച്ച് അല്ലാഹു സന്തോഷം പങ്കുവയ്ക്കുമെന്നാണ് നബി വചനം.

ഒരുമാസം അന്നപാനീയങ്ങൾ ഉപേക്ഷിച്ച് പട്ടിണി അനുഭവിച്ചവർക്ക് സുഭിക്ഷത ഉറപ്പു വരുത്തേണ്ട ദിവസം കൂടിയാണ് ചെറിയ പെരുന്നാൾ. പെരുന്നാൾ ആഘോഷിക്കുന്ന ഒരാളും വിശന്നിരിക്കരുതെന്നാണ് മതം പഠിപ്പിക്കുന്നത്. അതിനായി വിഭാവനം ചെയ്തിട്ടുള്ളതാണ് ഫിത്വർ സക്കാത്ത്. പുതുവസ്ത്രങ്ങൾ ധരിക്കുന്നതും,​സുഗന്ധലേപനങ്ങൾ പുരട്ടുന്നതും നല്ല ഭക്ഷണം കഴിക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണ്. എന്നാൽ സാമൂഹികമായ വിപ്ലവമാണ് റമസാനിന്റെയും ഈദിന്റെയും അകംപൊരുൾ.


മതത്തിനും ദേശത്തിനും ജാതിക്കും നിറത്തിനും അപ്പുറം എല്ലാവരെയും മനുഷ്യരായി കാണാനും നെഞ്ചോടു ചേർക്കാനും കൂടുതൽ ഉത്തരവാദിത്വം ഈ വിശേഷദിനത്തിൽ നമുക്കുണ്ട്. ആത്മസമർപ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെ സന്തോഷ പ്രഖ്യാപനമായ ചെറിയ പെരുന്നാൾ ദിനത്തിൽ സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്ന് നോക്കാനുള്ള അവസരം കൂടിയാണ് സംജാതമായിരിക്കുന്നത്. നമ്മിൽ നിന്ന് കുടുംബത്തിലേക്കും അതുവഴി സമൂഹത്തിലേക്കും ശാന്തിയും സമാധാനവും ഒഴുകണം.


നമ്മുടെ സഹോദര രാജ്യങ്ങൾ പലതും യുദ്ധങ്ങളാൽ പ്രയാസപ്പെടുകയാണ്. നമ്മുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അതിന്റെ കെടുതികൾ അനുഭവിക്കുന്നുണ്ട്. അവരുടെ പ്രതിസന്ധികൾ മറികടക്കാനും അവരുടെ കുടുംബാംഗങ്ങൾക്ക് സമാധാനം നൽകാനും നാം പ്രാർത്ഥിക്കണം. യുദ്ധങ്ങൾക്കും അക്രമങ്ങൾക്കുമെതിരെ നിലകൊള്ളുമെന്ന് ഈ ദിനത്തിൽ പ്രതിജ്ഞ പുതുക്കുകയും വേണം.


മുമ്പുള്ള ജനതയെ സംബന്ധിച്ചിടത്തോളം അല്പായുസുകാരാണ് നാം. ഈ ചെറിയ കാലയളവിൽ കേവലം സ്വാർത്ഥ ചിന്തകളിൽ രമിക്കാതെ മനുഷ്യാവകാശം നിഷേധിക്കപ്പെടുന്ന അനേകം കോടി ജനങ്ങളുടെ വേദനകളിൽ നാം പങ്കുകാരാവണം. അത്തരം വേദനകളും തേങ്ങലുകളും ഇല്ലാതാക്കാൻ കഴിയാവുന്ന കാര്യങ്ങൾ പൂർത്തീകരിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. റമസാനിൽ നേടിയെടുത്ത ഈമാനിന്റെ കരുത്താണ് ഇത്തരം പ്രവർത്തനങ്ങൾക്ക് കൈമുതലാകേണ്ടത്.


അല്ലാഹു കനിഞ്ഞനുഗ്രഹിച്ച ആഘോഷനാളിൽ ദൈവത്തിന്റെ കാരുണ്യവും മാപ്പാക്കലും അതിലൂടെ സ്വർഗീയ ആനന്ദത്തിലേക്ക് ഉയർത്തപ്പെടലും കാംക്ഷിച്ച് പ്രാർത്ഥനയോടെ സന്മാർഗത്തിലൂടെയാണ് ആഘോഷം പൂർത്തീകരിക്കേണ്ടത്. വിദ്വേഷരാഹിത്യവും സഹവർത്തിത്വവും സമഭാവനയും മാനവരാശിയുടെ സമത്വവും ഉദ്‌ഘോഷിക്കുന്ന പെരുന്നാൾ അതേ അർത്ഥത്തിൽ ആഘോഷിക്കാൻ നമുക്ക് കഴിയണം. കേവലം ആചാരത്തിനപ്പുറം പ്രാർത്ഥനാനിർഭരമായ പ്രതിജ്ഞ പുതുക്കലാക്കണം. എല്ലാവർക്കും ഹൃദ്യമായ ഈദുൽഫിത്വർ ആശംസകൾ.

(മുസ്ളിം ലീഗ് സംസ്ഥാന പ്രസിഡന്റും ആത്മീയാചാര്യനുമാണ് ലേഖകൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY