SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

വാക്കിലൊതുങ്ങിയ സിനിമാ നിയമം

a

  • ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ മൂന്ന് കാര്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ആദ്യം സിനിമാ കോൺക്ലേവ് ചേരും. തുടർന്ന് സിനിമാ നയം രൂപീകരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ നിയമം നിർമ്മിക്കും. ഹൈക്കോടതിയിലും ഇതാണ് അറിയിച്ചിരുന്നത്. ആദ്യ രണ്ടു ഘട്ടങ്ങൾ വൈകിയ വേളയിൽ പൂർത്തിയായെങ്കിലും സിനിമാ നിയമം വാക്കു മാത്രമായി തുടരുകയാണ്. ഇതിനിടയിലാണ് ചലച്ചിത്ര മേഖലയെ വീണ്ടും പിടിച്ചുകുലുക്കി, പുതിയ ലൈംഗികപവാദവും പ്രമുഖ ചലച്ചിത്രകാരൻ രഞ്ജിത്തിന്റെ അറസ്റ്റും ഉണ്ടായിരിക്കുന്നത്.

സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അവർ നേരിടുന്ന വിവേചനം അവസാനിപ്പിക്കുന്നതിനുമുള്ള ശുപാർശകൾ ഉൾപ്പെടുത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചില ഭാഗങ്ങളെങ്കിലും സർക്കാർ പുറത്തുവിട്ടത് നാലര വർഷം ഇത് പൂഴ്ത്തിവച്ച ശേഷമാണ്. എല്ലാ സിനിമാ സെറ്റുകളിലും പരാതി പരിഹാര സമിതി തുടങ്ങിയ ചില ശുപാർശകൾ തുടർന്ന് നടപ്പാക്കി. എന്നാൽ സിനിമയിൽ സ്ത്രീകൾക്ക് തുല്യാവസരങ്ങളും തൊഴിൽ സുരക്ഷയും ലക്ഷ്യമിട്ട് സമഗ്ര പരിഷ്കാരങ്ങളാണ് സർക്കാർ വാക്കുനൽകിയത്. ഇതിന് മുന്നോടിയായി നിശ്ചയിച്ചിരുന്ന കോൺക്ലേവും നയരൂപീകരണവും സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ പൂർത്തിയാക്കി. എന്നാൽ നിയമ നിർമ്മാണത്തിനായി നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ നടപടികൾ പുരോഗമിച്ചില്ല. സിനിമാ നിയമം പാസാക്കാൻ ഒന്നോ രണ്ടോ സഭാ സമ്മേളനങ്ങൾ മതിയാകുമെന്നാണ് 2022ൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സർക്കാരിന്റെ കാലാവധി തന്നെ പൂർത്തിയാവുകയാണ്. സിനിമാ സെറ്രുകളിലെ സ്ത്രീ സുരക്ഷ ഇപ്പോഴും സങ്കൽപ്പം മാത്രമാണെന്നാണ് രഞ്ജിത്ത് കേസിലൂടെ വെളിപ്പെടുന്നത്.

കോടതിയിലെ ഉറപ്പുകൾ

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ തുടർ നടപടികൾ വിലയിരുത്തുന്നതിന് ഹൈക്കോടതി പ്രത്യേക ഡിവിഷൻ ബെഞ്ച് രൂപീകരിച്ചിരുന്നു. സിനിമാ നിയമത്തിന്റെ കരട് നവംബറിൽ മന്ത്രിസഭ പരിഗണിക്കുമെന്നാണ് കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ കോടതിയെ അറിയിച്ചത്. ബന്ധപ്പെട്ട കക്ഷികളുമായുള്ള നയരൂപീകരണ ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിശദീകരിച്ചു. ചർച്ചകളിലെ തീരുമാനം അറിയിക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ തുടർ നടപടികളുണ്ടായതായി വിവരമില്ല. അതിന് മുമ്പേ നിലവിൽ വരേണ്ട സിനിമാ നയത്തിന് തിരഞ്ഞെടുപ്പ് പ്രഖ്യാപന വേളയിലാണ് സർക്കാർ അംഗീകാരം നൽകിയത്.
തദ്ദേശ സ്വയംഭരണവകുപ്പ്, ജി.എസ്.ടി. കൗൺസിൽ എന്നിവയുമായി കൂടിയാലോചിച്ച് സിനിമാ ടിക്കറ്റിന്റെ വിനോദനികുതി പൂർണമായും ഒഴിവാക്കാൻ സർക്കാർ അംഗീകരിച്ച സിനിമാനയത്തിൽ ശുപാർശയുണ്ട്. ജി.എസ്.ടി. വിഹിതം തദ്ദേശസ്ഥാപനങ്ങൾക്ക് നേരിട്ടുനൽകി ഇരട്ടനികുതി ഒഴിവാക്കണം.
വിവിധ കമ്മിറ്റികളിൽ കുറഞ്ഞത് 30 ശതമാനം സ്ത്രീ പ്രാതിനിധ്യവും ഔദ്യോഗികസ്ഥാനത്തിന് ലിംഗഭേദമില്ലാത്ത പദം ഉപയോഗിക്കുകയും വേണം. പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തരസമിതി എല്ലാ നിർമാണയൂണിറ്റിലും വേണം. തൊഴിൽ തർക്ക പരിഹാരത്തിന് സംസ്ഥാനതലത്തിൽ ട്രൈബ്യൂണലും വേണം.

സിനിമാ വ്യവസായത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നതതല കൗൺസിൽ സ്ഥാപിക്കുക, സ്‌കൂൾ പാഠ്യപദ്ധതിയിൽ ചലച്ചിത്ര പഠനം ഉൾപ്പെടുത്തുക, സിനിമയ്ക്കുള്ള സുരക്ഷാ പ്രോട്ടോക്കോൾ വെബ് സീരീസുകൾക്കും ടെലിവിഷൻ സീരിയലുകൾക്കും ബാധകമാക്കുക തുടങ്ങിയ ശുപാർശകളും സർക്കാർ അംഗീകരിച്ചു. ജസ്റ്റിസ് ഹേമാ കമ്മിറ്റി നൽകിയ ശുപാർശകളും സിനിമയിലെ വനിതാ പ്രവർത്തകരുടെ സുരക്ഷിതയാത്രയും താമസസൗകര്യവും നിർമാതാവിന്റെ ഉത്തരവാദിത്വമാണെന്നു നയം വ്യക്തമാക്കുന്നു. വനിതകളുടെയും പട്ടികജാതി-വർഗ വിഭാഗങ്ങളുടെയും സിനിമാ നിർമ്മാണത്തിന് പൊതുസബ്‌സിഡി വിഹിതത്തിന്റെ 20 ശതമാനം നീക്കിവെക്കണമെന്നും സിനിമാ നയത്തിൽ പറയുന്നു. എന്നാൽ നയം മാത്രം പോരാ, നിയമം തന്നെ വേണമെന്നാണ് തുടരുന്ന അനിഷ്ട സംഭവങ്ങൾ വിളിച്ചോതുന്നത്.

നെല്ലും പതിരും തിരിച്ചറിയാൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാരംഗത്തെ വനിതകൾ നടത്തിയ വെളിപ്പെടുത്തലുകളിൽ നാലു ഡസൻ കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തത്. താരങ്ങളും താരസംഘടനയുമടക്കം വിരണ്ടു. പ്രമുഖരും പ്രതിസ്ഥാനത്തായി. അവർ നാറിയതല്ലാതെ കേസുകൾ മുന്നോട്ടു പോയില്ല. ചില പരാതിയിൽ കോടതികൾ സംശയം പ്രകടിപ്പിച്ചു. അന്വേഷങ്ങളും നിലച്ചു. ലൊക്കേഷനുകളിൽ മാസങ്ങളോളം പൊതുവായ ഒരു മര്യാദ പ്രകടമായിരുന്നു. അതിനാണിപ്പോൾ ഭംഗമുണ്ടായിരിക്കുന്നത്. സംവിധായകൻ രഞ്ജിത്ത് കാരവനിൽ വച്ച് കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. അതിന് മുമ്പ് യുവ സംവിധായകൻ ചിദംബരത്തിനെതിരേ മറ്റാരു നടി പരാതി നൽകിയിരുന്നു. അപ്പാർട്ട്മെൻ്റിൽ വച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചെന്നാണ് ആരോപണം. ചിദംബരത്തിന് തുടക്കത്തിലേ ജാമ്യം ലഭിച്ചെങ്കിൽ, വേറെയും കേസുകളുള്ള രഞ്ജിത്തിന് റിമാൻഡിൽ പോകേണ്ടി വന്നു. കള്ളക്കേസുകളാണെന്നാണ് ഇരുവരും പറയുന്നത്. അതിനാൽ നെല്ലേത് പതിരേതെന്ന് മനസിലാക്കാൻ കഴിയണം. സ്ത്രീയെ ഒരു പ്രദർശന വസ്തുവായി കാണുന്ന സിനിമകളും സിനിമാക്കാരും ഏറെയുണ്ടായിരുന്നു. കാലം മാറുന്നതിനൊപ്പം കാഴ്ചപ്പാടുകളും മാറി. സ്ത്രീയുടെ വ്യക്തിത്വം മാനിക്കുന്നവരാണ് സമൂഹത്തിലെ വലിയൊരു വിഭാഗം. ക്രിമിനൽ നിയമങ്ങളുടെ കാർക്കശ്യം വനിതകൾക്ക് കരുതലാകുന്നുണ്ട്. അതുകൊണ്ടുതന്നെ അത് ദുരുപയോഗം ചെയ്യുന്ന ഒറ്റപ്പെട്ട സംഭവങ്ങളുമുണ്ട്. ഇങ്ങനെ ചുരുക്കാം. സിനിമയിലെ ആൺകോയ്മ അവസാനിച്ചെന്ന് മാടമ്പിത്തരം കാട്ടുന്നവർ തിരിച്ചറിയണം. പണത്തിനും പ്രതികാരത്തിനുമായി ഏതു കള്ളക്കേസും നൽകുന്നവരെ വെളിച്ചത്തു കൊണ്ടുവരികയും വേണം. അതിനാൽ സിനിമാ നിയമം പുതിയ സർക്കാർ നടപ്പാക്കണം. ആദ്യ അജൻഡയായിത്തന്നെ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY