SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.46 AM IST

ഡിജിറ്റൽ ലഹരിയ്ക്ക് നിയന്ത്രണമോ ജാഗ്രതയോ?

s

കുട്ടികളുടെ ഡിജിറ്റൽ ഉപയോഗം നിയന്ത്രിക്കേണ്ടതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. അടുത്തിടെ കർണാടക സർക്കാർ 16 വയസിനു താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത് ദേശീയതലത്തിൽ വലിയ ചർച്ചയായി. സി.ബി.എസ്.ഇയുടെ ദേശീയ കൗൺസിൽ നടത്തിയ സർവ്വേ പ്രകാരം 14-16 പ്രായപരിധിയിലുള്ള കുട്ടികളിൽ 82.2 ശതമാനവും സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവരാണ്. ഇതിൽ 57 ശതമാനം പേർ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും 43 ശതമാനം കുട്ടികൾ സോഷ്യൽ മീഡിയയ്ക്ക് വേണ്ടിയുമാണ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത്.

12 വയസിൽ താഴെയുള്ള കുട്ടികളിൽ 74 ശതമാനത്തോളം പേർ ദിവസേന രണ്ട് മുതൽ നാല് മണിക്കൂർ വരെ സ്മാർട്ട്‌ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും മുന്നിൽ ചെലവഴിക്കുന്നു എന്നത് ഗൗരവകരമായ സാഹചര്യമാണ്. ഓൺലൈൻ ഗെയിമിംഗ്,​ യൂട്യൂബ് തുടങ്ങി തങ്ങളുടെ പ്രായത്തിന് യോജിക്കാത്ത ഡിജിറ്റൽ ഉള്ളടക്കങ്ങൾ കാണുന്ന ശീലവും വർദ്ധിച്ചുവരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷിതമായ ഡിജിറ്റൽ ശീലങ്ങൾക്കായി കർശനമായ മാർഗനിർദ്ദേശങ്ങൾ രൂപീകരിക്കേണ്ടത് അനിവാര്യമായിരിക്കുന്നത്.

വഴിതുറന്നത് ഇന്റർനെറ്റിലൂടെ
മനുഷ്യസംസ്‌കാരത്തിന്റെ ഗതിയെ മാറ്റിമറിച്ച വിപ്ലവമാണ് ഇൻറർനെറ്റ്. ഇന്റർനെറ്റിലൂടെ ലോകമെമ്പാടുമുള്ളവർ ഒരു വലിയ വലക്കണ്ണികളിലെന്ന പോലെ പരസ്പരം ബന്ധിക്കപ്പെടുകയും ആഗോള ഗ്രാമമെന്ന സങ്കല്പം യാഥാർത്ഥ്യമാവുകയും ചെയ്തു. ഇതോടെ പരമ്പരാഗതമായ ബഹുജനസമ്പർക്ക മാദ്ധ്യമങ്ങൾ സോഷ്യൽ മീഡിയയ്ക്കും നിർമ്മിത ബുദ്ധിക്കും വഴിമാറി.

ഡിജിറ്റൽ ആസക്തി
ഡിജിറ്റൽ വ്യാപ്തി വികസിക്കുന്തോറും സമൂഹത്തിൽ കുട്ടികളുടെ സുരക്ഷിതത്വവും മാനസികാരോഗ്യവും വലിയ ഭീഷണി നേരിടുകയാണ്. ഉറക്കക്കുറവ്, ഏകാഗ്രതയില്ലായ്മ, പെരുമാറ്റ വൈകല്യങ്ങൾ, ആശങ്ക, മാനസിക സമ്മർദ്ദം, സാമൂഹിക ഒറ്റപ്പെടൽ, വിഷാദം എന്നിവ ഇതിന്റെ പാർശ്വഫലങ്ങളായി മനഃശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാട്ടുന്നു. 'ഡിജിറ്റൽ നാർസിസിസം' അഥവാ സ്വാത്മ പ്രേമം ഇതിന്റെ മറ്റൊരു ഭീകരമായ വശമാണ്. ഡിജിറ്റൽ നാർസിസിസത്തിന്റെ വികൃതമായ ഒരു രൂപമാണ് ''ഹൈപ്പർ വിസിബിലിറ്റി'' - സ്വയം പരസ്യപ്പെടുത്തി പൊതുശ്രദ്ധ നേടാനുള്ള അമിതമായ ആഗ്രഹം. സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടാനായി മറ്റുള്ളവരെ അപമാനിക്കാനും അവഹേളിക്കാനുമുള്ള ഉന്മാദകരമായ പ്രവണതയാണിത്. 'സൈബർ സ്റ്റോക്കിംഗ്,​ 'സൈബർ ബുള്ളിയിംഗ്,​ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വെച്ച് നടത്തുന്ന വ്യാജ സൗഹൃദങ്ങളിലൂടെയുള്ള 'സൈബർ ഗ്രൂമിംഗ്', ചിത്രങ്ങൾ മോർഫിംഗ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിക്കുന്ന രീതികൾ എന്നിവ ഗുരുതരമായ സാമൂഹിക വിപത്തുകളാണ്. ഡിജിറ്റൽ ലോകത്തു തന്നെ വ്യാപാരിക്കുവാനുള്ള അനിയന്ത്രിതമായ മാനസികാവസ്ഥയാണ് ഡിജിറ്റൽ ആസക്തി. ഇതിൽ അകപ്പെട്ടുകഴിഞ്ഞാൽ, ചെറിയൊരു നിയന്ത്രണമോ വിലക്കോ പോലും പലർക്കും താങ്ങാനാകാതെവരും. അതിരുവിട്ടരീതിയിൽ അവർ പ്രതികരിക്കുകയും ചെയ്യുന്നു. ഈ 'തലവേദനയിൽ' നിന്ന് എങ്ങനെ രക്ഷനേടാം എന്നതാണ് എല്ലാവരുടെയും ഉത്കണ്ഠ.

ജാഗ്രതയും നിയന്ത്രണവും
എല്ലാത്തിനും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ ഇതിൽ നിന്ന് അകറ്റി നിർത്തുക സാദ്ധ്യമല്ല. ഡിജിറ്റൽ സാക്ഷരതയും ബോധവത്ക്കരണവും അനിവാര്യമാണ്. അൽഗോരിതങ്ങൾ എങ്ങനെ നമ്മെ സ്വാധീനിക്കുന്നുവെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ മനഃശാസ്ത്രപരമായ കെണികൾ എന്താണെന്നും കുട്ടികളെ ബോദ്ധ്യപ്പെടുത്തണം. 'ഡിജിറ്റൽ ഉപവാസം' അഥവാ നിശ്ചിത സമയങ്ങളിൽ ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ശീലം വളർത്തിയെടുക്കുവാൻ ശ്രദ്ധിക്കണം. ഡിജിറ്റൽ ആസക്തിയുടെ ചുഴിയിൽപ്പെട്ടുപോയവർക്ക് മൃദു സമീപനങ്ങൾ പോരാതെ വരാം. പ്രത്യേകിച്ചും, കുട്ടികൾക്ക്. കൂടാതെ മുറികളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുവാൻ ഇക്കൂട്ടരെ അനുവദിക്കാതിരിക്കുക, നിശ്ചിത സമയങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുവദിക്കുക തുടങ്ങി ഈ അവസ്ഥയിൽ നിന്നും കരകയറുന്നതിനായി പല മാർഗങ്ങളും വിദ്യാഭ്യാസ പ്രവർത്തകരും മനഃശാസ്ത്ര വിദഗ്ദ്ധരും നിർദേശിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY