SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

മഹാഗുരുവിന്റെ ആദ്യ പ്രതിമ ശതാബ്ദിയിലേക്ക്

d

1888ൽ ശ്രീനാരായണഗുരു അരുവിപ്പുറത്ത് നിർവഹിച്ച ശിവ പ്രതിഷ്ഠ ഭാരതീയ സാമൂഹിക പരിഷ്‌കരണ ചരിത്രത്തിലെ വിപ്ലവാത്മക സംഭവമാണ്. സമൂഹത്തെയാകെ നവോത്ഥാനത്തിലേക്ക് നയിച്ച ശ്രീനാരായണഗുരു, താഴ്ന്ന ജാതിക്കാർ എന്ന് കണക്കാക്കപ്പെട്ടിരുന്നവർക്കുൾപ്പെടെ ദൈവാരാധന നടത്താനായി കേരളത്തിലും കർണാടകത്തിലും തമിഴ്നാട്ടിലുമായി 45ഓളം ക്ഷേത്രങ്ങൾ സ്ഥാപിക്കുകയുണ്ടായി. ഈ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയതാണ് തലശേരിയിലെ ശിവ ക്ഷേത്രമായ ശ്രീജഗന്നാഥ ക്ഷേത്രം.

ജാതീയ കോമരങ്ങളുടെ വാഴ്ച അവസാനിപ്പിക്കാനായി 1908 ഫെബ്രുവരി 13നാണ് ഗുരു ഈ ക്ഷേത്രത്തിൽ ശിവ പ്രതിഷ്ഠ നടത്തിയത്. ശ്രീജഗന്നാഥ ക്ഷേത്രം എന്ന് നാമകരണം ചെയ്തതും ഗുരുതന്നെ. ക്ഷേത്ര ഭരണവും ആചാരാനുഷ്ഠാന സമ്പ്രദായങ്ങളും വർക്കല ശിവഗിരി മഠത്തിന്റെ കീഴിൽ നിക്ഷിപ്തമാക്കുകയും ചെയ്തു. ക്ഷേത്രത്തിന് ചരിത്ര പെരുമയേകുന്ന മറ്റൊരു സവിശേഷത കൂടിയുണ്ട്. ഗുരുവിന്റെ ആദ്യ പ്രതിമ ഗുരു ജീവിച്ചിരുന്നപ്പോൾ തന്നെ സ്ഥാപിച്ചത് ജഗന്നാഥ ക്ഷേത്രത്തിലാണ്. ഗുരുവിന്റെ സമാധിക്ക് ഒന്നരവർഷം മുമ്പ് 1927 മാർച്ച് 13നാണ് ക്ഷേത്ര പരിസരത്ത് ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിച്ചത്.

കേരളത്തിന്റെ സാമൂഹ്യ ചരിത്രം വളരെ നിർണായകമായ പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ഗുരുവിനെ ഏറെ അടുത്തറിഞ്ഞ, ഗുരുദർശനവും മൊഴികളും ഹൃദയത്തിലേറ്റിയ മലബാറിലെ ഗൃഹസ്ഥ ശിഷ്യനായിരുന്ന മൂർക്കോത്ത് കുമാരനാണ് ഇതിന് മുൻകൈയെടുത്തത്. ഗുരു പ്രതിഷ്ഠാകർമ്മം നടത്തിയ ജഗന്നാഥ ക്ഷേത്ര പരിസരത്ത് 1908ൽ തന്നെ ഗുരുവിന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആഗ്രഹം മൂർക്കോത്തിനുണ്ടായി. ഇക്കാര്യത്തിൽ ഗുരുവിന് എന്തെങ്കിലും അനിഷ്ടം ഉണ്ടാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഗുരുവിന് അക്കാര്യത്തിൽ അപ്രിയമൊന്നും ഉണ്ടായില്ല. ലോക രക്ഷാർത്ഥം നിഷ്‌ക്കാമ കർമ്മം ചെയ്യുന്ന ഒരു ജ്ഞാനയോഗിയുടെ ഓർമ്മയ്ക്കായി ഒരു പ്രതിമ സ്ഥാപിക്കാമെന്നതായിരുന്നു മൂർക്കോത്തിന്റെ ലക്ഷ്യം.

1926 ജനുവരി 31ന് തിരുവങ്ങാട് മുണ്ടങ്ങാടൻ ഗോവിന്ദന്റെ വസതിയിൽ ചേർന്ന തൊഴിലാളി സംഘത്തിന്റെ യോഗത്തിൽ വച്ചാണ് മൂർക്കോത്ത് തന്റെ ആഗ്രഹം അറിയിച്ചത്. പ്രസംഗം

കഴിഞ്ഞയുടൻ ഒരാൾ എഴുന്നേറ്റ് ' ആ ഫണ്ടിലേക്ക് എന്റെ വകയായി ഇത് സ്വീകരിക്കണം' എന്ന് പറഞ്ഞ് ഒരു ഉറുപ്പിക മൂർക്കോത്തിന്റെ കൈയിൽ കൊടുത്തു. അതിനു തുടർച്ചയായി അവിടെക്കൂടിയ പലരും സംഭാവന ചെയ്തു. ആ ചെറിയ സഭയിൽ വച്ച് 70 രൂപ രൊക്കം പിരിയുകയും 170 രൂപ പലരും വാഗ്ദാനം നൽകുകയും ചെയ്തു. ഇതുണ്ടാക്കിയ ആവേശം വലുതായിരുന്നു.

ബോധാനന്ദസ്വാമികൾ അദ്ധ്യക്ഷനും ചൈതന്യ സ്വാമികൾ ഉപാദ്ധ്യക്ഷനും മൂർക്കോത്ത് കുമാരൻ സെക്രട്ടറിയും മുണ്ടങ്ങാടൻ ഗോവിന്ദൻ ഖജാൻജിയുമായി ഒരു കമ്മിറ്റി രൂപീകരിച്ചു. സംഭാവന നൽകിയവരിൽ അധികവും തൊഴിലാളികളായിരുന്നു. അവർ ഓരോ ഉറുപ്പിക നൽകിയിട്ട് ഇങ്ങനെ പത്തുമാസം ഓരോ ഉറുപ്പിക വീതം തന്നുകൊള്ളാമെന്ന് സമ്മതിച്ചു.

'ഒരു ധനികനിൽ നിന്ന് ആയിരം ഉറുപ്പിക ലഭിക്കുന്നതിലും നല്ലത് ആയിരം പേരിൽനിന്ന് ഓരോ ഉറുപ്പിക ലഭിക്കുന്നതായിരിക്കും ഉത്തമം' എന്നാണ് മൂർക്കോത്ത് പറഞ്ഞത്.

പ്രതിമ സ്ഥാപിക്കാനാവശ്യമായ തുക 14 മാസംകൊണ്ട് സമാഹരിച്ചു. ഇനി പ്രതിമ ആര് നിർമ്മിക്കുമെന്നതായി ചിന്ത. കേരള ശില്പകല ഏറെയൊന്നും വികസിച്ചിട്ടില്ലാത്ത കാലമായിരുന്നു അന്ന്. പണം വാങ്ങി ശില്പനിർമ്മാണം നടത്തുന്ന ശില്പിസമൂഹവും അന്നുണ്ടായിരുന്നില്ല.

ധനസമാഹരണത്തിനായി പലയിടത്തും യാത്ര ചെയ്തതിന്റെ ഭാഗമായി മൂർക്കോത്ത് കുമാരൻ സിലോണിലും (ഇന്നത്തെ ശ്രീലങ്ക) പോയിരുന്നു. അവിടെ വച്ച് ഇറ്റാലിയൻ ശില്പിയായ പ്രൊഫ.സി. താവർലിയെ കണ്ടുമുട്ടി. സിലോണിൽ താമസിച്ച് ബുദ്ധശില്പങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയായിരുന്ന അദ്ദേഹം, ഒരു സന്യാസിയുടെ പ്രതിമ ആയതിനാൽ 5,000 ഉറുപ്പികയ്ക്ക് നിർമ്മിക്കാമെന്ന് സമ്മതിച്ചു.

ഗുരുവിന്റെ ചിത്രങ്ങൾ

പ്രതിമ നിർമ്മാണത്തിനായി ഗുരുവിന്റെ വിവിധ പോസുകളിലുള്ള ചിത്രങ്ങൾ വേണമായിരുന്നു. ചിത്രങ്ങൾ എടുക്കാനായി തലശേരി സ്വദേശിയായ പി.ശേഖറിനെ ചുമതലപ്പെടുത്തി. ശിവഗിരി ശാരദാമഠത്തിന് സമീപമുളള വൃക്ഷത്തണലിൽ വിശ്രമിക്കുകയായിരുന്ന ഗുരുവിനടുത്തെത്തിയ ശേഖറിനോട് ഗുരു വിവരങ്ങൾ ആരാഞ്ഞു. എങ്ങനെയാണ് ഫോട്ടോ എടുക്കാനാഗ്രഹിക്കുന്നതെന്നും ഒരു വശം തിരിഞ്ഞിരിക്കുന്ന ഫോട്ടോ ആണോ വേണ്ടതെന്നും ചോദിച്ചു. ശേഖർ പകർത്തിയ ഗുരുവിന്റെ വിവിധ വശങ്ങളിൽ നിന്നുള്ള ഫോട്ടോകളാണ് പ്രതിമ നിർമ്മാണത്തിന് പ്രൊഫ.താവർലി മാതൃകയാക്കിയത്. 14 മാസം എടുത്താണ് പഞ്ചലോഹ പ്രതിമ നിർമ്മാണം പൂർത്തിയാക്കിയത്.

അക്കാലത്ത് സിലോണിലെത്തിയ ഗുരു പ്രതിമ നേരിട്ടു കണ്ട് തൃപ്തിപ്പെട്ടു.'ഒത്തു പോയല്ലോ, ഇത് വളരെക്കാലം ജീവിച്ചു കൊള്ളും. അതിന് ആഹാരവും വേണ്ടല്ലോ' എന്നായിരുന്നു ഗുരുവിന്റെ നർമ്മം കലർന്ന പ്രതികരണം. ശില്പത്തിന്റെ ജോലികൾ പൂർത്തീകരിച്ച് കൊളംബോ വഴി കേരളത്തിലെത്തിച്ചു.1927 മാർച്ച് 13ന് ഗുരുവിന്റെ പഞ്ചലോഹ പ്രതിമ തലശേരി ജഗന്നാഥ ക്ഷേത്രവളപ്പിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി ഗുരു ശിഷ്യനായ ബോധാനന്ദ

സ്വാമികളാണ് അനാവരണം ചെയ്തത്. നാനാജാതി മതസ്ഥരായവർ ചടങ്ങിൽ സംബന്ധിച്ചു.

പ്രതിമ അനാവരണത്തിന്റെ ചരിത്ര പ്രസക്തി ചൂണ്ടിക്കാട്ടി സ്വാഗത പ്രസംഗം നടത്തിയ മൂർക്കോത്ത് കുമാരൻ പറഞ്ഞത് ബലി ചെയ്യുന്ന ഒരു മഹാത്മാവിനോട് കൃതജ്ഞത കാട്ടാനും അവിടത്തെ പാവനമായ ആദർശങ്ങൾ മേലിൽ അനുസരിക്കാനിരിക്കുന്ന ഇനിയത്തെ തലമുറകൾക്ക് അവിടത്തെ ശരിയായ രൂപംകണ്ട് ബഹുമാനിക്കാൻ സഹായമായിത്തീരണമെന്ന ഉദ്ദേശ്യത്തോടെയും സ്ഥാപിച്ചിരിക്കുന്നതാണ് പ്രതിമ എന്നായിരുന്നു. അനാവരണത്തിനു ശേഷം പുലയ സമുദായാംഗങ്ങളായ കുറച്ചുപേർ ഗുരുവിന്റെ ചിത്രവും വഹിച്ച് ഗുരുവിനെ സ്തുതിച്ചു പാട്ടുകൾ പാടി. വിദൂര ദേശങ്ങളിൽ നിന്നുപോലും ഗുരു പ്രതിമ ദർശിക്കാനും പ്രണാമം അർപ്പിക്കാനും ഭക്ത്യാദരവോടെ ആളുകൾ ഇന്നും എത്തിക്കൊണ്ടിരിക്കുന്നു.

ഗുരു മന്ദിരങ്ങൾ

ഗുരു പ്രതിമകൾ

മഹാഗുരുവിന്റെ ആദ്യ പ്രതിമാ സ്ഥാപന ശതാബ്ദി വർഷമാണ് വരാൻ പോകുന്നത്. 1927 മുതൽ ഇന്നുവരെയുള്ള കാലഘട്ടത്തിൽ കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിന് ഗുരു മന്ദിരങ്ങളും ഗുരു പ്രതിമകളുമുണ്ടായിട്ടുണ്ട്. എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗ​ത്തി​ലും​ ​വി​വി​ധ​ ​യൂ​ണി​യ​നു​ക​ളി​ലും​ ​ശാ​ഖ​ക​ളി​ലു​മാ​യി​ 1400​ലേ​റെ​ ​ഗു​രു​ക്ഷേ​ത്ര​ങ്ങ​ളും​ ​ഗു​രു​ ​മ​ന്ദി​ര​ങ്ങ​ളു​മു​ൾ​പ്പെ​ടെ​യു​ണ്ട്.

കൂടാതെ ശിവഗിരി മഠത്തിന്റെ ശാഖകൾ, ഗുരുകുലം എന്നിവിടങ്ങളിലും ഗുരു മന്ദിരങ്ങളുണ്ട്. അതിമനോഹരവും വിശാലവുമായ ധ്യാനമന്ദിരങ്ങളോട് കൂടിയ ഗുരു മന്ദിരങ്ങൾ ഏറെയുണ്ട്. സ്വകാര്യ വ്യക്തികൾ നിർമ്മിച്ചവയുമുണ്ട്. ഇന്ന് ഗുരുക്ഷേത്രങ്ങളായാണ് ഇവയെല്ലാം അറിയപ്പെടുന്നത്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ വർക്കല ശിവഗിരിക്കുന്നിലെ മഹാസമാധി മന്ദിരവും ഗുരുദേവ പ്രതിമയും അദൃശ്യമായ ഊർജവും ചൈതന്യവും പ്രസരിപ്പിക്കുന്ന പുണ്യഭൂമിയാണ്. ഗുരു മന്ദിരങ്ങൾ സന്ദർശിക്കുന്നതും ഗുരു പ്രതിമയിൽ മനമർപ്പിച്ച് ഉള്ളഴിഞ്ഞ് പ്രാർത്ഥിക്കുന്നതും ഓരോ ഗുരുഭക്തന്റെയും ജീവിതചര്യയിലെ ധന്യ മുഹൂർത്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY