SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

കൊല്ലത്ത് വിരിഞ്ഞ താമര

a

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ താമര വിരിയിച്ച ബി.ബി. ഗോപകുമാർ നടന്നു കയറിയത് കൊല്ലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്ക്. സംസ്ഥാനത്താകെ വീശിയടിച്ച യു.ഡി.എഫ് തരംഗവും ഇടതുകോട്ടയും തകർത്ത് ചാത്തന്നൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായ ഗോപകുമാർ താമര വിരിയിച്ച് വിസ്മയം സൃഷ്ടിച്ചു. പൊതുവെ വീശിയടിച്ച ഇടതു വിരുദ്ധ തരംഗവും ഗോപകുമാറിന്റെ സ്വീകാര്യതയും എൻ.ഡി.എക്ക് അനുകൂലമായി മാറിയപ്പോൾ മേയ് 4 ന് സംസ്ഥാനത്ത് ആദ്യം വിരിഞ്ഞ താമര ചാത്തന്നൂരിന് സ്വന്തമായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മത്സരിച്ച നേമത്ത് പോലും പിന്നീടാണ് താമര വിരിഞ്ഞതായ സ്ഥിരീകരണം വന്നത്. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ ബി.ബി. ഗോപകുമാർ ജയിച്ചു കയറുമെന്ന ട്രെൻഡ് രൂപപ്പെട്ടെങ്കിലും വിവിധ എക്സിറ്റ് പോൾ പ്രവചനങ്ങളിലും ചാത്തന്നൂരിൽ താമര വിരിയുമെന്ന് ഉറപ്പിച്ച് പറയാതിരുന്നതിനാൽ അപ്രതീക്ഷിതമായെത്തിയ വിജയം എൻ.ഡി.എ കേന്ദ്രങ്ങളിൽ ആവേശം സൃഷ്ടിച്ചു. 2016 ലും 2021ലും രണ്ടാം സ്ഥാനത്തെത്തിയിരുന്ന ഗോപകുമാർ മൂന്നാമൂഴത്തിൽ വിജയതിലകമണിഞ്ഞ് ബി.ജെ.പിയുടെ ശബ്ദമാകാൻ രാജീവ് ചന്ദ്രശേഖറിനും വി.മുരളീധരനും ഒപ്പം ഇനി നിയമസഭയിലുണ്ടാകും. ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ ഇടം നേടിയ ചാത്തന്നൂരിൽ കഴിഞ്ഞ കുറെ കാലമായി മണ്ഡലത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞു പ്രവർത്തിക്കുകയായിരുന്നു ഗോപകുമാർ. എൽ.ഡി.എഫിന്റെ ശക്തി ദുർഗമായ ചാത്തന്നൂരിലെ മിക്ക വിഭാഗം ജനങ്ങളുടെയും മനം കവരാൻ കഴിഞ്ഞുവെങ്കിലും ക്രിസ്ത്യൻ, മുസ്ലിം വോട്ടുകൾ എൽ.ഡി.എഫിലേക്കും യു.ഡി.എഫിലേക്കും കൂട്ടത്തോടെ ഒഴുകിയപ്പോൾ വിവിധ മുന്നാക്ക, പിന്നാക്ക വിഭാഗം ഹിന്ദുക്കളുടെ വോട്ടുകൾ ഇത്തവണ അധികമായി ബി.ജെ.പിക്ക് ലഭിച്ചു. ഇടത് സ്ഥാനാർത്ഥി സി.പി.ഐയിലെ ആർ. രാജേന്ദ്രന് 47,525 വോട്ടും യു. ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ സൂരജ് രവിക്ക് 35,726 വോട്ടും ലഭിച്ചപ്പോൾ ബി.ബി. ഗോപകുമാറിന് 51,923 വോട്ട് ലഭിച്ചു. ഭൂരിപക്ഷം: 4398. അദ്ധ്യാപകനായിരുന്ന ഗോപകുമാർ ദീർഘകാലമായി എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റാണ്.

കാലങ്ങളായി കാത്ത ചെങ്കോട്ട തകർന്നു

ഏറെക്കാലമായി ഇടതുകോട്ടയായി നിലനിന്ന കൊല്ലം ഇക്കുറി യു.ഡി.എഫ് തരംഗത്തിൽ തകർന്നടിഞ്ഞു. കണ്ണൂർ കഴിഞ്ഞാൽ ഇടതു മുന്നണിയുടെ ഉരുക്ക് കോട്ടയായി അറിയപ്പെടുന്ന കൊല്ലത്ത് 2001 ൽ നേടിയ 9 സീറ്റിനു ശേഷം ഇതാദ്യമായാണ് യു.ഡി.എഫ് 8 സീറ്റിൽ വിജയിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയെക്കാൾ വലിയ ആഘാതമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കൊല്ലത്തുണ്ടായത്. 11 നിയമസഭാ സീറ്റും 2016 ൽ എൽ.ഡി.എഫ് തൂത്തുവാരിയെങ്കിൽ 2021 ൽ 9 സീറ്റാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്. ഇക്കുറി 8 സീറ്റുകൾ യു.ഡി.എഫ് തൂക്കിയപ്പോൾ എൽ.ഡി.എഫിന് ലഭിച്ചത് 2 സീറ്റുകൾ ! ഒരു സീറ്റ് എൻ.ഡി.എ നേടി. കൊട്ടാരക്കരയിൽ സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ പി. ഐഷാപോറ്റിയോട് ഏറ്റുമുട്ടി സി.പി.എമ്മിലെ കെ.എൻ. ബാലഗോപാൽ 1012 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കഷ്ടിച്ചാണ് കടന്നു കൂടിയത്. എൽ.ഡി.എഫിന് രണ്ടാമത്തെ സീറ്റ് ലഭിച്ചത് പുനലൂരിൽ. ഇവിടെ സി.പി.ഐയിലെ സി. അജയപ്രസാദ് 21,529 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതാണ് ഏക ആശ്വാസം. ഏത് രാഷ്ട്രീയ പ്രതിസന്ധിയിലും തുടർച്ചയായി എൽ.ഡി.എഫ് വിജയിച്ചു വരുന്ന കുന്നത്തൂരിലും ഇരവിപുരത്തും അടിപതറിയത് വലിയ ആഘാതമായി. കഴിഞ്ഞ 5 തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി എൽ.ഡി.എഫ് ജയിച്ചു വന്ന ചാത്തന്നൂരിൽ എൻ.ഡി.എയുടെ അട്ടിമറി ജയവും എൽ.ഡി.എഫിന് കനത്ത ആഘാതമായി.

മൂന്നിൽ രണ്ട് മന്ത്രിമാരും തോറ്റു

മൂന്ന് മന്ത്രിമാരുണ്ടായിരുന്ന ജില്ലയിൽ രണ്ട് പേരും തോറ്റു. പത്തനാപുരത്ത് മന്ത്രി കെ.ബി ഗണേശ് കുമാറും ചടയമംഗലത്ത് ജെ. ചിഞ്ചുറാണിയും തോറ്റപ്പോൾ തുച്ഛമായ വോട്ടിനെങ്കിലും ജയിച്ചത് കൊട്ടാരക്കരയിൽ മന്ത്രി കെ.എൻ. ബാലഗോപാലാണ്. നിരവധി ആരോപണങ്ങൾ നേരിട്ട കെ.ബി. ഗണേശ് കുമാറിനെ ഇക്കുറി 8310 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത് കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാലയാണ്. 2021ൽ പത്തനാപുരത്ത് പരാജയപ്പെട്ടത് മുതൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു ജ്യോതി കുമാർ. 2001 മുതൽ പത്തനാപുരത്ത് ആദ്യം യു.ഡി.എഫിലും പിന്നീട് എൽ.ഡി.എഫ് എം.എൽ.എ ആയും തുടർന്നു വന്ന ഗണേശ് കുമാറിന്റെ ആറാം മത്സര വിജയത്തിനാണ് ജ്യോതികുമാർ ചാമക്കാല തടയിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പത്തനാപുരത്ത് നേടിയ മുന്നേറ്റത്തിന്റെ തുടർച്ചയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പെട്ടതിനു പിന്നാലെ എൻ.എസ്.എസിന്റെ പത്മകഫെ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ അഴിമതി ആരോപണവും തുടർന്ന് പത്തനാപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്തായതും കെ.ബി. ഗണേശ് കുമാറിന് തിരിച്ചടിയായി.


ഇടതു മുന്നണിയുടെ സംസ്ഥാനത്തെ ശക്തി കേന്ദ്രങ്ങളിലൊന്നായ ചടയമംഗലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ എം.എം. നസീറാണ് മന്ത്രി ജെ. ചിഞ്ചുറാണിയെ പരാജയപ്പെടുത്തിയത്. ഇടതുകോട്ടയിൽ സീറ്റ് കൈവിട്ടത് സി.പി.ഐക്കും ഇടതു മുന്നണിക്കും വലിയ നാണക്കേടായി. പുനലൂരിന് പകരം ചടയമംഗലം സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത് മുന്നണിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതിനാൽ കോൺഗ്രസിന്റെ അവസാന ഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് എം.എം. നസീറിന് സീറ്റ് ലഭിച്ചത്. കരുനാഗപ്പള്ളിയിലും ചാത്തന്നൂരിലും ചടയമംഗലത്തും പുനലൂരിലും മത്സരിച്ച സി.പി.ഐ ക്ക് പുനലൂരിൽ മാത്രമാണ് ജയിക്കാനായത്. കുണ്ടറയിലും ചവറയിലും കൊല്ലത്തും ഇരവിപുരത്തും കൊട്ടാരക്കരയിലും മത്സരിച്ച സി.പി.എമ്മിന് കൊട്ടാരക്കര നേരിയ ഭൂരിപക്ഷത്തിൽ നില നിർത്താനായത് മാത്രമാണ് ഏക ആശ്വാസം. ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് കുണ്ടറയിൽ വിജയിച്ച പി.സി. വിഷ്ണുനാഥിനാണ്. 2021 ലെ 4523 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 32,564 വോട്ടായി ഉയർന്നു. സി.പി.എമ്മിലെ എസ്.എൽ. സജി കുമാറായിരുന്നു ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.

ഉയിർത്തെഴുന്നേറ്റ് ആർ.എസ്.പി

കഴിഞ്ഞ 10 വർഷമായി നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതിരുന്ന ആർ.എസ്.പി ഇ ക്കുറി മത്സരിച്ച നാലിൽ മൂന്ന് സീറ്റിലും വിജയിച്ച് ഉയിർത്തെഴുന്നേറ്റു. എൽ.ഡി.എഫ് ഘടക കക്ഷിയായിരുന്ന ആർ.എസ്.പി 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്നാണ് എൽ.ഡി.എഫിനോട് വിട പറഞ്ഞ് യു.ഡി.എഫിലെത്തിയത്. 2014, 2019, 2024 പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ എൻ.കെ. പ്രേമ ചന്ദ്രൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച് പാർലമെന്റിലേക്ക് പോയെങ്കിലും 2016 ലും 2021 ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആർ.എസ്.പി സംപൂജ്യരായി തുടർന്നു. എന്നാൽ ഇക്കുറി മത്സരിച്ച കുന്നത്തൂരിലും ചവറയിലും ഇരവിപുരത്തും വിജയിച്ച പാർട്ടിക്ക് ജീവശ്വാസം ലഭിച്ചതു പോലെയായി. ചവറയിൽ ഷിബു ബേബി ജോണും കുന്നത്തൂരിൽ ഉല്ലാസ് കോവൂരും ഇരവിപുരത്ത് വിഷ്ണു മോഹനും വിജയിച്ചു. ഷിബു ബേബി ജോണിന് മന്ത്രി സ്ഥാനവും ലഭിച്ചേക്കും. തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് ഷിബു ബേബിജോൺ ചവറ തിരിച്ചു പിടിച്ചത്. 18573 വോട്ടിനാണ് ഷിബു ബേബിജോൺ സിറ്റിംഗ് എം.എൽ.എ ആയ ഡോ. സുജിത് വിജയൻ പിള്ളയെ പരാജയപ്പെടുത്തിയത്. ഷിബു ബേബിജോണിനെക്കൂടാതെ കോൺഗ്രസിൽ നിന്ന് പി.സി. വിഷ്ണുനാഥും ബിന്ദു കൃഷണയും കൊല്ലത്തെ പ്രതിനിധീകരിച്ച് മന്ത്രിമാരായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY