SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

ആലപ്പുഴയാകെ അലയടിച്ച് സുധാകരൻ ഫാക്ടർ

d

സി.പി.എമ്മിന് സംസ്ഥാനമാകെ തിരിച്ചടി നേരിട്ടപ്പോൾ വിപ്ലവ ഭൂമിയായ ആലപ്പുഴ ജില്ലയിൽ ഭരണവിരുദ്ധ വികാരത്തിലുപരി പാർട്ടിക്ക് തിരിച്ചടിയായത് ജി.സുധാകരൻ ഫാക്ടറാണ്. ഭരണം തിരിച്ചുപിടിച്ച യു.ഡി.എഫിന്റെ പുതിയ മന്ത്രിസഭയിൽ സുധാകരന് ഇടം കിട്ടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആലപ്പുഴ. ജില്ലയുടെ നെടുംതൂണായ കയർ വ്യവസായത്തെ തിരിച്ചുപിടിക്കുന്നതിന് സുധാകരനെ കയർ വകുപ്പ് മന്ത്രിയാക്കണമെന്ന തരത്തിൽ ആവശ്യങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിലാണ് സുധാകരൻ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി ജനവിധി തേടിയതെങ്കിലും, അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം സമീപ മണ്ഡലങ്ങളിലടക്കം സ്വാധീനം ചെലുത്തി. അടിയുറച്ച കമ്മ്യൂണിസ്റ്റ് കോട്ടകൾ പോലും ഇളകി. നിഷ്പക്ഷമതികൾ കൂട്ടത്തോടെ സുധാകരനെ പിന്തുണച്ചു. ചിതറിയ ഇടതു വോട്ടുകൾ ബി.ജെ.പിയിലേക്ക് പോകാതെ യു.ഡി.എഫ് അക്കൗണ്ടിൽ തന്നെ വന്ന് പതിച്ചു. ഇതോടെ പ്രതീക്ഷിച്ചതിലുപരി നേട്ടം വലതുമുന്നണി ജില്ലയിൽ കൊയ്തു. സി.പി.എമ്മിനോട് ചേർന്നു നിന്ന കാലയളവിലൊക്കെയും അരൂർ, കായംകുളം, ഹരിപ്പാട്, കുട്ടനാട് മണ്ഡലങ്ങളിൽ സുധാകരൻ ശക്തമായ സ്വാധീനമായി മാറിയിരുന്നു. ജില്ലയിൽ സുധാകരൻ ഫാക്ടർ കാര്യമായി ഏൽക്കാതെ പോയ ഏക മണ്ഡലം ചേർത്തലയാണ്. തണ്ണീർമുക്കം, മുഹമ്മ, കഞ്ഞിക്കുഴി എന്നീ മൂന്ന് സി.പി.എം കോട്ടകളാണ് മണ്ഡലത്തിൽ പി. പ്രസാദിനെ താങ്ങിനിറുത്തിയത്. മാവേലിക്കരയിലും സജി ചെറിയാൻ മത്സരിച്ച ചെങ്ങന്നൂരിലും സിറ്റിംഗ് എം.എൽ.എമാരുടെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. ഹരിപ്പാടാവട്ടെ സിറ്റിംഗ് എം.എൽ.എ രമേശ് ചെന്നിത്തലയുടെ ഭൂരിപക്ഷം റെക്കാഡ് നിലയിലേക്ക് ഉയർന്നു. സുധാകരൻ നേരിട്ട അവഗണനകളിൽ പ്രതിഷേധിച്ച്, അദ്ദേഹത്തിന് ഐക്യദാർഢ്യമായി വലിയ തോതിലെ പാർട്ടി വോട്ടുകളാണ് ഇവിടങ്ങളിലെല്ലാം യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പിക്ക് മുൻകാലങ്ങളേക്കാൾ വോട്ടു വിഹിതത്തിൽ ഇടിവുണ്ടായി.

തിരഞ്ഞെടുപ്പ് പ്രചരണ വേളകളിലടക്കം ജി.സുധാകരൻ നടത്തിയ പരസ്യ പ്രസ്താവനകൾ പലതും വിവാദമായിരുന്നു. എന്നാൽ ഇവയിലൊന്നു പോലും സുധാകരന് ദോഷം ചെയ്തില്ല. പകരം, പരസ്യ പ്രസ്താവനകളെല്ലാം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും സുധാകരന്റെ നിലപാടുകളും "പാർട്ടിഗ്രാമങ്ങൾ" എന്ന് വിളിക്കപ്പെടുന്ന സ്ഥലങ്ങളിൽ വരെ ചർച്ചയായി. സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച നാൾ മുതൽ സുധാകരനോട് പാർട്ടി വൈരാഗ്യ ബുദ്ധിയോടുള്ള തുറന്ന യുദ്ധമാണ് നടത്തിയത്. മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ താഴെ തട്ടിൽ വരെ പ്രവർത്തിക്കാൻ കേന്ദ്ര - സംസ്ഥാനകമ്മിറ്റിയംഗങ്ങൾ മണ്ഡലത്തിൽ ആഴ്ച്ചകളോളം ക്യാമ്പ് ചെയ്തു. സി.പി.എം ഒളിഞ്ഞും തെളിഞ്ഞും സുധാകരനെ ആക്രമിച്ചു. പക്ഷേ എല്ലാ ആക്രമണങ്ങളും ബൂമറാംഗ് പോലെ പാർട്ടിക്ക് തിരിച്ചടിയായി. നെഗറ്റീവ് പബ്ലിസിറ്റി പോലും സുധാകരന് വോട്ടായി മാറി. എല്ലാ വിമർശനങ്ങൾക്കും ചുട്ട മറുപടി പ്രയോഗങ്ങളുമായി കളം നിറഞ്ഞുനിന്ന് സുധാകര ശൈലിയാണ് സമീപ മണ്ഡലങ്ങളിലെ പാർട്ടി ഗ്രാമങ്ങളെ പോലും ഇളക്കിയത്. പാർട്ടിക്ക് മേൽക്കൈയുള്ള പഞ്ചാത്തുകളിൽ പോലും ഇടതുമുന്നണി പിന്നിലായിപ്പോയി. എൽ.ഡി.എഫ് സ്ഥാനാർത്ഥി പരാജപ്പെട്ടുനിൽക്കവേ പാർട്ടി ഗ്രാമമായ അമ്പലപ്പുഴ കട്ടക്കുഴിയിൽ പടക്കം പൊട്ടിയത് യാദൃശ്ചികമായി കാണാനാവില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY