SignIn
Kerala Kaumudi Online
Friday, 15 May 2026 5.51 PM IST

"ഉദയസൂര്യന് " ഗ്രഹണകാലം

d

തമിഴകത്തെ വീരപാണ്ഡ്യ കട്ടബ്ബൊമ്മൻ എന്നു മലയാളികളടക്കം കരുതിയിരുന്ന എം.കെ. സ്റ്റാലിനെ 'വിസിലടിയിൽ' വീഴ്ത്തി സിനിമാക്കാരൻ പയ്യൻ ജോസഫ് വിജയ് മുഖ്യമന്ത്രിയായതു കണ്ട് ഇന്ത്യാമഹാരാജ്യം മൊത്തത്തിൽ ഞെട്ടി. ദ്രാവിഡ പാർട്ടിയെ മൂലയ്ക്കിരുത്തി, ഇന്നലത്തെ മഴയിൽ കുരുത്ത തമിഴ് വെട്രി കഴകം (ടി.വി.കെ) പാട്ടുംപാടി ജയിച്ചു. ബൈക്കിൽ വരുന്ന നായകൻ, വില്ലൻ കയറിയ പാണ്ടി ലോറിയെ പിന്തുടർന്ന് ഒറ്റത്തട്ടിന് ഇലക്ട്രിക് ലൈനിനു മുകളിലൂടെ പറപ്പിക്കുന്ന തമിഴ് സിനിമയിലെ അതേ ക്ലൈമാക്‌സ്. വലിയ ഡെക്കറേഷൻ ഇല്ലാതെ പറഞ്ഞാൽ, ഉദയസൂര്യന്റെ കൊടി തമിഴ്മക്കളുടെ വിസിലടിയിൽ കടപുഴകി. പാർട്ടിക്ക് ഉദയസൂര്യന്റെ ചിഹ്നമുണ്ടായിട്ടും, സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായിരുന്ന ഉദയനിധിയെ ഗ്രഹണം ബാധിച്ചു. വിജയ് മറ്റൊരു എം.ജി.ആർ ആയാൽ ഉദയനിധിയെ കാത്തിരിക്കുന്നത് 'അസ്തമയവിധി'. രാവണക്കോട്ടയിൽ മൂളിപ്പാട്ടും മൂളി ഒരു ഈച്ച കയറിയതായേ സ്റ്റാലിൻ ഇതിനെ കാണുന്നുള്ളൂ. പക്ഷേ, സ്റ്റാലിൻ 'ഈച്ച' സിനിമ കാണുന്നത് നല്ലതാണെന്ന് പലരും ഓർമ്മിപ്പിക്കുന്നു. ബാഹുബലി സിനിമയിലെ ഭല്ലാലദേവന്റെ അവസ്ഥയാകുമോ എന്ന ആശങ്കയും പാർട്ടിക്കാർക്കുണ്ട്. ചെറിയൊരു ട്വിസ്റ്റുണ്ടെന്നു മാത്രം. അമരേന്ദ്ര ബാഹുബലിയും മഹേന്ദ്രബാഹുബലിയും കട്ടപ്പയും ഐക്യമുന്നണിയായി. തമിഴക ബാഹുബലി വിജയ്ക്ക് കരുത്തായി ഡൽഹി ബാഹുബലി രാഹുൽജിയും, എ.ഐ.എ.ഡി.എം.കെയിലെ എസ്.പി. വേലുമണിയുമാണ് കൈകോർക്കുന്നത്. വേലുവിന്റെ മണികിലുക്കം പാർട്ടി നേതാവും മുൻ മുഖ്യനുമായ എടപ്പാടി പളനി സ്വാമി മുൻകൂട്ടി കണ്ടെങ്കിലും കാര്യമുണ്ടായില്ല.
വിജയ് ബ്രോയുടെ സത്യപ്രതിജ്ഞയ്ക്ക് ഡൽഹി ബാഹുബലി സ്വന്തം ചെലവിൽ ഓടിയെത്തിയാണ് പരിവാറുകാരെയും 'ദ്രാവിഡന്മാരെയും' സഖാക്കളെയും ഞെട്ടിച്ചത്. ത്രീ ഇൻ 'വൺ ആക്‌ഷൻ" എന്നും വിശേഷിപ്പിക്കാം. അഞ്ച് എം.എൽ.എമാരുള്ള കോൺഗ്രസിന്റെ പിന്തുണ പുറപ്പെടും മുൻപേ പ്രഖ്യാപിക്കാനും മറന്നില്ല. അഞ്ചുപേരിൽ ചിലർ മന്ത്രിസ്ഥാനം ഉറപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ സഹായത്തോടെ കിട്ടിയ എം.എൽ.എമാരെ രാഹുൽജി സംഭാവനയായി നൽകിയതിൽ വിജയ്‌ബ്രോ പ്രത്യേകം നന്ദി അറിയിച്ചു. മതേതര-പുരോഗമന മൂല്യങ്ങൾ സംരക്ഷിക്കാനാണ് ഈ ത്യാഗം ചെയ്തതെന്ന് രാഹുൽജി വ്യക്തമാക്കിയിട്ടുണ്ട്.
രാഹുൽജി എന്തോ പാതകം ചെയ്‌തെന്ന മട്ടിൽ പിണങ്ങിയിരിക്കുകയാണ് ഡി.എം.കെ. കോൺഗ്രസുമായുള്ള ദീർഘകാല സഖ്യം അവസാനിപ്പിച്ച് ലോക്‌സഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്ന് സ്റ്റാലിന്റെ സഹോദരി കനിമൊഴി പ്രഖ്യാപിച്ചതോടെ ഇന്ത്യ മുന്നണി വീണ്ടും ദുർബലമായി. കവയിത്രിയായ കനിമൊഴി ഈ ചതിയെക്കുറിച്ച് ഉടനൊരു കവിതയെഴുതി പാർലമെന്റിൽ ആലപിക്കുമെന്നു പ്രതീക്ഷിക്കാം. വലിയൊരു ത്യാഗം ചെയ്തിട്ടും സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽജിക്ക് അർഹമായ ബഹുമാനം കിട്ടിയില്ലെന്നൊരു പരാതി കോൺഗ്രസുകാർക്കുണ്ട്. വിജയ്‌ബ്രോ ഇടയ്ക്കൊന്നു കെട്ടിപ്പിടിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്യാനെത്തിയവർ രാഹുൽജിയെ തൊഴുകയോ നമസ്‌കരിക്കുകയോ ചെയ്തില്ലെന്നു മാത്രമല്ല, കണ്ടതായും നടിച്ചില്ല.
തമിഴ്‌നാടിനേക്കാൾ മുൻപ് കേരളത്തിൽ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടത്തണമെന്നായിരുന്നു രാഹുൽജിയുടെ ആഗ്രഹമെങ്കിലും 'ഐക്യമുന്നണിയായതിനാൽ' നീണ്ടുപോയി. ജനാധിപത്യ വ്യവസ്ഥയിൽ അങ്ങനെയാണ്.

വിജയ്യെ കൂടെക്കൂട്ടാൻ പരിവാറുകാർ കുറേ പരിശ്രമിച്ചെങ്കിലും നടന്നില്ല. ടി.വി.കെയും ബി.ജെ.പിയും തമ്മിൽ ദോശയും സാമ്പാറും, ചപ്പാത്തിയും പരിപ്പുകറിയും തമ്മിലുള്ള വ്യത്യാസമുണ്ട്. തണുത്തുപോയാലും ദോശയ്‌ക്കൊരു മയമുണ്ട്. ചപ്പാത്തി ഉണങ്ങിയാൽ ചക്രായുധവും. ഈ സത്യം വിജയ് മനസിലാക്കി. ദോശയെയും ചപ്പാത്തിയെയും ഇറ്റാലിയൻ പിസയെയും ഒരു പോലെ കാണുന്ന ഒരേയൊരു നേതാവേ ഇന്ത്യയിലുള്ളൂ.

ഉദിക്കുമോ,

പുതിയ എം.ജി.ആർ

സിനിമയിൽ നിന്ന് പരമ്പരാഗത പാതയിലൂടെ രാഷ്ട്രീയത്തിലെത്തിയ ഉദയനിധിയും സിനിമയിൽ വെടിയുണ്ടകളെ അരിയുണ്ടകളാക്കി അമ്മാനമാടി കടിച്ചുപൊട്ടിക്കുന്ന വിജയും തമ്മിൽ ഏറ്റുമുട്ടിയാൽ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ വ്യക്തമായി. ദ്രാവിഡ രാഷ്ട്രീയത്തിലെ വലിയൊരു കഷണമായിരുന്ന എ.ഐ.ഡി.എം.കെയുടെ നടുത്തുണ്ടം വിജയുടെ പാത്രത്തിലായി. ജയലളിതയുടെ ശിഷ്യനും മുൻമുഖ്യമന്ത്രിയുമായ പനീർശെൽവം ആദ്യമേ ഡി.എം.കെയിലേക്കു ചാടിയതിനാൽ രക്ഷപ്പെട്ടു. ഇപ്പോഴത്തെ നേതാവ് എടപ്പാടിയുടെ കാര്യമാണ് കഷ്ടം. പാർട്ടിയുടെ 47 എം.എൽ.എമാരിൽ 30 പേരും കൊങ്കു മേഖലയിൽ നിന്നുള്ള വിമതനേതാവ് വേലുമണിയുടെ കൂടെയാണെന്നാണ് സൂചന. ബാക്കിയുള്ളവരുടെ കൂടെ അഞ്ചുകൊല്ലം കടിച്ചുപിടിച്ചുനിന്നിട്ട് കാര്യമില്ല. ഒന്നും കിട്ടിപ്പോരില്ല. ദ്രാവിഡ പാർട്ടികൾ ഒരുമിച്ചു നിന്ന് വിജയെ തോൽപ്പിക്കണമെന്ന് പലരും ആഗ്രഹിച്ചിരുന്നെങ്കിലും സ്റ്റാലിൻ താത്പര്യം കാട്ടിയില്ലെന്നാണ് വിവരം. എം.ജി.ആർ നേതൃത്വം നൽകിയ എ.ഐ.എ.ഡി.എം.കെ അപ്രസക്തമായപ്പോൾ, പുതിയൊരു എം.ജി.ആർ പുതിയൊരു പാർട്ടിയിലൂടെ രംഗത്തെത്തുകയാണെന്ന് നിരീക്ഷകർ പറയുന്നു. ചരിത്രം ആവർത്തിച്ചാൽ, അച്ഛന്റെ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്ന ഉദയനിധി തമിഴകത്തെ ആസ്ഥാന പ്രതിപക്ഷ നേതാവായേക്കാം.

ഓർമ്മകൾ മരിക്കുമോ!
സ്റ്റാലിനെ ഓർക്കാപ്പുറത്ത് പിന്നിൽനിന്നു കുത്തിയ കോൺഗ്രസിനെ നിശിതമായി വിമർശിക്കാൻ ആദ്യം മുന്നോട്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. പത്തുവർഷത്തെ യു.പി.എ ഭരണകാലത്ത് കോൺഗ്രസിന് ഏറ്റവും പിന്തുണ നൽകിയത് ഡി.എം.കെയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാലിൻ പ്രതികരിച്ചില്ലെങ്കിലും, പാർലമെന്റിൽ കോൺഗ്രസുകാരിൽ നിന്നു മാറിയിരിക്കാൻ തീരുമാനിച്ചു.

98ൽ അടൽബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മന്ത്രിസഭയിൽ ഉണ്ടായിരുന്ന എ.ഐ.എ.ഡി.എം.കെയുടെ നേതാവ് ജയലളിത, ഡി.എം.കെ സർക്കാരിനെ പിരിച്ചുവിടാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വാജ്‌പേയി തയ്യാറായില്ല. ജയലളിത പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ലോക്‌സഭയിൽ വിശ്വാസവോട്ടെടുപ്പിൽ വെറും ഒരു വോട്ടിന് സർക്കാർ പരാജയപ്പെട്ടു. ഇക്കാര്യങ്ങളലേയ്‌ക്കൊന്നും മോദി കടന്നില്ല. കോൺഗ്രസ് മറുകണ്ടം ചാടിയെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ചില പദ്ധതികളെക്കുറിച്ച് സഹോദരി കനിമൊഴിയുമായി സ്റ്റാലിൻ ചർച്ച ചെയ്‌തെന്നാണ് സൂചന. രാമനും രാവണനും ശത്രുക്കളായിരുന്നില്ലത്രേ. രാമായണം സൂക്ഷ്മമായി പഠിച്ചവർ പറയുന്നതാണ്. തമിഴകത്തെ വെട്ടിമുറിച്ച് നാമക്കൽ, ഈറോഡ്, കോയമ്പത്തൂർ, സേലം, മധുര തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന കൊങ്കുനാട് രൂപീകരിക്കാൻ പരിവാറുകാർ ശ്രമിക്കുകയാണെന്ന പരാതി ഇപ്പോൾ ഡി.എം.കെയ്ക്ക് ഇല്ല. ബി.ജെ.പി നേതാവ് അണ്ണാമലൈ പഴയപോലെ സ്റ്റാലിനെ വിമർശിക്കുന്നുമില്ല. മുരുകയുഗത്തിൽ അദ്ഭുതങ്ങൾ സംഭവിക്കാമെന്നാണ് തമിഴകത്തെ ആചാര്യന്മാരുടെ പ്രവചനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY