SignIn
Kerala Kaumudi Online
Sunday, 17 May 2026 1.27 AM IST

പശ്ചിമേഷ്യൻ യുദ്ധവും കേരളവും

k

മൂവായിരത്തിലധികം കിലോമീറ്റർ ദൂരത്താണ് അമേരിക്ക- ഇറാൻ യുദ്ധം നടക്കുന്നതെങ്കിലും, പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയുടെ മേൽ വർഷിച്ചിരിക്കുന്നത് ഒരു യുദ്ധകാല സമ്പദ് വ്യവസ്ഥയെയാണ്. പ്രതിസന്ധി നേരിടാൻ സർക്കാരിന്റെ പരിഹാരക്രിയകൾ മാത്രം മതിയാകില്ലെന്നും രാജ്യവാസികൾ സ്വന്തം നിലയിൽ നിർവഹിക്കേണ്ട ഏഴു കർമ്മങ്ങൾ നിർദ്ദേശിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ മുന്നോട്ടുവന്നത്, യുദ്ധം രാജ്യത്തിന് ഏല്പിക്കുന്ന ധനക്കെടുതികളുടെ കാഠിന്യം വെളിവാക്കുന്നു. അതുപോലെതന്നെ, അദ്ദേഹം അഭ്യർത്ഥിച്ച മാർഗനിർദ്ദേശങ്ങളിൽ ഒരു വർഷംവരെ നീളുന്ന രക്ഷാകവചങ്ങളും ഉൾപ്പെടുന്നുവെന്നത് സംഘർഷം നീണ്ടുപോയേക്കാവുന്ന സാദ്ധ്യതയെ സൂചിപ്പിക്കുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുകൂടി പടർന്നുകയറിയ ഇപ്പോഴത്തെ യുദ്ധത്തിന്റെ സാമൂഹിക, സാമ്പത്തിക ആഘാതങ്ങൾ ഇന്ത്യയിലേറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനമാണ് കേരളം.

ഗൾഫ് നാടുകളുമായി അത്രയ്ക്ക് സാന്ദ്രമായൊരു വിളക്കിച്ചേർക്കലാണ് കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളിൽ കേരളത്തിന് സംഭവിച്ചിട്ടുള്ളത്. ഏകദേശം 25 ലക്ഷം മലയാളികൾ അവിടെ ജീവിക്കുകയും പണിയെടുക്കുകയുമാണ്. ഇത് സംസ്ഥാന ജനസംഖ്യയുടെ ഉദ്ദേശം 7ശതമാനമേ ആകുന്നുള്ളൂവെങ്കിലും കേരളത്തിന്റെ മൊത്തം തൊഴിൽ ശക്തിയുടെ (workforce) 17-18 ശതമാനമാണിത്. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 2024-25ൽ ഇന്ത്യയിലേക്ക് വന്നു ചേർന്ന മൊത്തം പ്രവാസിപ്പണമായ 12,500 കോടി ഡോളറിന്റെ മൂന്നിലൊന്നും വന്നുചേർന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു. ഇതിൽ 2000 കോടി ഡോളറിലധികമുള്ള സംഖ്യ അയച്ചത് ഗൾഫ് രാജ്യങ്ങളിലെ നമ്മുടെ പ്രവാസികളാണ്. ഈ കണക്കുകളെല്ലാം വിരൽചൂണ്ടുന്നത്, സംഘർഷം മൂലം ഗൾഫിലെ സമ്പദ്ഘടനകൾക്ക് ഉണ്ടാവുന്ന നഷ്ടങ്ങളുടെ ഭാരം കേരളത്തിലേക്കും സംക്രമിക്കപ്പെടുമെന്നാണ്.

ഗൾഫിന്റെ നഷ്ടങ്ങൾ

ഇറാന്റെ ആക്രമണങ്ങൾ ഗൾഫ് നാടുകളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഏല്പിച്ചത് വലിയ ക്ഷതങ്ങളെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനകംതന്നെ സാമ്പത്തികമായ ഉത്പാദന മേഖലകളിൽ മൊത്തം 20,000 കോടി ഡോളറിന്റ നഷ്ടമുണ്ടായതായി തിട്ടപ്പെടുത്തിയിരിക്കുന്നു. ഗൾഫ് മേഖലയിൽ നിന്നും ദിനംപ്രതി 10 ദശലക്ഷം വീപ്പയുടെ എണ്ണ കടന്നുപൊയ്‌ക്കൊണ്ടിരുന്ന ഹോർമുസ് കടലിടുക്ക് ഒറ്റ ദിനം കൊണ്ടു തന്നെ തടയപ്പെട്ടു. ഈ വ്യാപാര നഷ്ടത്തിന് പുറമേ, 80 ഓളം എണ്ണ ഉത്പാദന,​ സംഭരണ സൗകര്യങ്ങൾ തകർക്കപ്പെട്ടത് വഴി 5,800 കോടി ഡോളറിന്റെ നഷ്ടവുമുണ്ടായി. വിനോദസഞ്ചാര മേഖല താറുമാറായി. ദിനംപ്രതി ടൂറിസ്റ്റ് വരുമാനത്തിൽ ഉണ്ടായ നഷ്ടം 600 ദശലക്ഷം ഡോളർ വരുമെന്നാണ് കണക്ക്. ആഗോള നിക്ഷേപത്തിന്റെ സുരക്ഷിത സ്വർഗമെന്ന് കരുതിപ്പോന്നിരുന്ന ദുബായ് പോലുള്ള പ്രദേശങ്ങളിലെ ധനവിപണി ആടിയുലഞ്ഞു. പ്രോജക്ടുകൾ മാറ്റിവയ്ക്കപ്പെടുകയോ നിറുത്തലാക്കുകയോ ചെയ്തു. റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖല എന്നിവ മുരടിപ്പിലായി. ഐ.എം.എഫിന്റെയും മറ്റ് സ്ഥാപനങ്ങളുടെയും റിപ്പോർട്ടുകളിൽ ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക വളർച്ചയിൽ ഉണ്ടാകുന്ന നഷ്ടം പ്രവചിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഖത്തറിന് വളർച്ചയിൽ 14.7 ശതമാനത്തിന്റെയും കുവൈറ്റിന് 4.2 ശതമാനത്തിന്റെയും ബഹ്റൈന് 3.8 ശതമാനത്തിന്റെയും യു.എ.ഇക്ക് 1.9 ശതമാനത്തിന്റെയും സൗദി അറേബ്യക്ക് 1.4 ശതമാനത്തിന്റെയും കുറവുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.

കേരളത്തിന്റെ നഷ്ടങ്ങൾ

കേരളത്തിലെ പ്രവാസികൾ പണിയെടുക്കുന്ന പല മേഖലകളെയും യുദ്ധം മന്ദീഭവിപ്പിച്ചിരിക്കുന്നതിനാൽ പിരിച്ചുവിടൽ, വേതനമില്ലാത്ത അവധി, ശമ്പളം വെട്ടിക്കുറയ്ക്കൽ എന്നിങ്ങനെയുള്ള പ്രയാസങ്ങൾക്ക് അവർ പാത്രമാകാം. യുദ്ധം നീണ്ടുപോയാൽ പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന സംഖ്യയിൽ 20% കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. തൊഴിൽ നഷ്ടമുണ്ടായാൽ നാട്ടിലേക്ക് മടങ്ങി വരുന്നവരെ ഉൾക്കൊള്ളാൻ പാകത്തിലല്ല നമ്മുടെ തൊഴിൽ മേഖല. തൊഴിലില്ലായ്മ നിരക്ക് ഇതിനകം തന്നെ ഉയർന്ന തോതിലായ പ്രദേശമാണ് സംസ്ഥാനം. പാചകവാതക ക്ഷാമം ഇതിനകം തന്നെ കുടുംബങ്ങളെയും ഹോട്ടലുകളെയും റെസ്റ്റോറന്റുകളേയും ബാധിച്ചിട്ടുണ്ട്. നാട്ടിലെ വിലക്കയറ്റത്തിനും യുദ്ധം കാരണമായിട്ടുണ്ട്.

വിനോദസഞ്ചാര രംഗം

ഗുരുതരമായി പരിക്കേറ്റ മറ്റൊരു മേഖലയാണ് വിനോദസഞ്ചാര രംഗം. ഈ മേഖല കൊവിഡ് മഹാമാരിക്ക് ശേഷം വളർച്ചയുടെ പാതയിൽ ആയിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞവർഷം 8,21,999 വിദേശ വിനോദസഞ്ചാരികൾ കേരളം സന്ദർശിച്ചിരുന്നു. മുൻ വർഷത്തേക്കാൾ 11 ശതമാനം ഉയർന്നതാണിത്. എന്നാൽ,​ വിനോദസഞ്ചാര സീസൺ തുടങ്ങുന്ന ഈ അവസരത്തിൽ അഞ്ചിൽ ഒന്ന് ടൂറിസ്റ്റുകൾ അവരുടെ ഇവിടത്തേക്കുള്ള യാത്ര മാറ്റിവയ്ക്കുകയോ റദ്ദു ചെയ്യുകയോ ചെയ്തിട്ടുണ്ട്. അവരിൽ കൂടുതലും ഗൾഫ് രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നും ഉള്ളവരായിരുന്നു. ചുരുക്കത്തിൽ, ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യങ്ങളിൽ യുദ്ധം കേരളത്തിനുമേൽ അടിച്ചേല്പിക്കുന്ന ആഘാതങ്ങൾ കണ്ടെത്തി അവയെ നേരിടാൻ പാകത്തിലുള്ള സവിശേഷമായ കർമ്മ പദ്ധതികളും സുരക്ഷിതത്വവലയങ്ങളും സജ്ജമാക്കുന്നത് പുതിയ സർക്കാരിന്റെ അടിയന്തര അജണ്ടകളിൽ ഒന്നാകുമെന്ന് പ്രതീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY